പണ്ട് എല്ലാ നാട്ടുരാജ്യങ്ങളുടെയും പ്രധാന വരുമാന സ്രോതസ്സായിരുന്നു വനങ്ങള്‍. തിരുവിതാംകൂറിന്റെ കാര്യവും മറിച്ചായിരുന്നില്ല. റോഡ് വെട്ടാനും തോട് കുത്താനും ശമ്പളം നല്‍കാനുമൊക്കെ അധികാരികള്‍ ആശ്രയിച്ചത് വനങ്ങളെ. അങ്ങനെ കാടായകാടുകളൊക്കെ വെട്ടിത്തകര്‍ത്തു. മരമായ മരമൊക്കെ മുറിച്ചുതള്ളി. അതിലൊന്നായിരുന്നു പാലോടിനടുത്ത് പേരയം വനഭൂമി. പക്ഷേ കാട് മുടിഞ്ഞാല് പരിസ്ഥിതി തകരുമെന്നും ജനജീവിതം വഴിമുട്ടുമെന്നും കണ്ടറിഞ്ഞ ഒരു ദിവാന് നമുക്കുണ്ടായിരുന്നു.
പ്ലാവുകളെക്കൊണ്ട് വനവും പരിസരവും നിറയ്ക്കുകയെന്നതായിരുന്നു അതിനദ്ദേഹം കണ്ടെത്തിയ മറുമരുന്ന്. അങ്ങനെ തോരാമഴ പെയ്യുന്ന കാലവര്‍ഷ നാളുകളില്‍ ഫ്ളൈയിങ് ക്ലബ്ബിന്റെ ചെറുവിമാനങ്ങള്‍ പേരയം പ്രദേശത്ത് ചാക്ക് കണക്കിന് ചക്കക്കുരു വര്‍ഷിച്ചു. അവ വന്യ പരിസ്ഥിതിയില്‍ തളിര്‍ത്തു; വനശൂന്യത നികത്തി. നാട്ടുകാരുടെ പശിയകറ്റി. സര് സി.പി. രാമസ്വാമി അയ്യര്‍ എന്ന ദിവാന്റെ ശാസ്ത്രബോധത്തിനു മുന്നില്‍ നാം നമിക്കുക. സംസ്ഥാന ഫലമായി ചക്കയെ പ്രഖ്യാപിച്ചതോര്‍ത്ത് ആവേശം കൊള്ളുമ്പോള്‍ ഈ പഴങ്കഥ നാം ഓര്‍ക്കുക. കാരണം പ്ലാവിന്റെയും ചക്കയുടെയും മഹത്വം അറിഞ്ഞാദരിച്ച ഭരണാധികാരികല്‍ പണ്ടുമുണ്ടായിരുന്നു!
ചക്കയും പ്ലാവും കേരള സംസ്കാരത്തിന്റെ അവിഭാജ്യ ഭാഗമാണ്. അതുകൊണ്ടാണ് അവ നമ്മുടെ വരമൊഴിയിലും പഴഞ്ചൊല്ലുകളിലും നിറഞ്ഞുനില്ക്കുന്നത്. ‘വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും’ എന്നറിയാത്ത ആരുമില്ല ഭൂമി മലയാളത്തില്‍. ആളുകളെ മണ്ടനാക്കുന്ന ഏര്‍പ്പാടിന് ‘ചക്ക തീറ്റിക്കുക’ എന്ന പ്രയോഗം ഓണംകേറാ മൂലകളില്‍ ഇന്നും നിലനില്ക്കുന്നു. ആകെ കുഴഞ്ഞു മറിഞ്ഞ അവസ്ഥയെ ‘ചക്കച്ചവിണിപോലെ കിടക്കുന്ന’ എന്ന വിശേഷിപ്പിക്കാനാണ് നമുക്കിഷ്ടം. ചക്ക ഏറെ തിന്നുണ്ടാകുന്ന അസ്കിതയ്ക്ക് ചുക്കാണ് മരുന്നെന്ന് നാട്ടറിവ് ഓര്‍മിപ്പിക്കുന്നു. അങ്ങനെയാണ് ‘ചക്കയ്ക്ക് ചുക്ക്’ എന്ന പ്രയോഗം വ്യാപിക്കുന്നത്. ഒരു വ്യക്തിയുടെ സ്വഭാവം ആഴത്തിലറിയുന്ന കാര്യം വരുമ്പോള്‍ ‘ചക്കയാണോ, ചൂഴ്ന്നു നോക്കാന്‍’ എന്നാണല്ലോ നാം പറയുക.
പക്ഷേ ഇവിടെ വിഷയം ചക്കയ്ക്ക് സര്‍ക്കാര്‍ കല്പിച്ചു നല്കിയ പദവിയാണ്. അതെന്തിനെന്നറിയണമെങ്കില്‍ ചക്കയുടെ ഉള്ളറിയണം. നൂറ് ഗ്രാം ചക്കച്ചുളയില്‍ 95 കിലോ കാലറി ഊര്‍ജമാണത്രെ അടങ്ങിയിരിക്കുന്നത്. കാര്‍ബോ ഹൈഡ്രേറ്റ്, പഞ്ചസാര, നാരുകള്‍, കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവകൊണ്ട് സമൃദ്ധമാണ് ചക്ക. കൊളസ്ട്രോള്‍ തീരെയില്ല. വിറ്റാമിനുകളുടെ സമൃദ്ധി പറഞ്ഞറിയിക്കാന്‍ വയ്യ. വിറ്റാമിന്‍ എ (ബീറ്റാ കരോട്ടിന്‍ തുടങ്ങിയവയും), തയമിന്‍ (ബി-1), റൈബോപ്ലാവി(ബി-2), നിയാസിന്(ബി-3), പാന്റോതെനിക് ആസിഡ് (ബി-5), വിറ്റമിന്‍ ബി-6, ഫോളേറ്റ് (ബി-9), വിറ്റമിന്‍-സി, വിറ്റമിന്‍-ഇ അങ്ങനെയാണ് ചക്കയുടെ പ്രതാപത്തിന്റെ പട്ടിക.
കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക് തുടങ്ങിയ മൂലകങ്ങളും ഈ വമ്പന്‍ ഫലത്തിനുള്ളില്‍ പതിയിരിക്കുന്നു. ചക്കക്കുരുവിലും ഏതാണ്ടിത്ര ഗുണങ്ങളൊക്കെയുണ്ട്. ഫൈബര്‍ അഥവാ നാരുകളുടെ മഹാശേഖരമാണ് ചുളയും കുരുവും. തലച്ചോറ്, ഹൃദയം, കുടല്, ദഹനവ്യവസ്ഥ എന്നിവയ്ക്കൊക്കെ അത് കരുത്തുപകരുന്നു. തൈറോയ്ഡ്, ഹൃദയം എന്നിവയെ ബാധിക്കുന്ന രോഗങ്ങള്‍ക്കെതിരെ ചെറുത്തുനില്‍പ്പിന് ചക്ക സഹായിക്കും. നിശാന്ധത, രക്തത്തിലെ പഞ്ചസാര, കുടലിലുണ്ടാകുന്ന അള്‍സറുകള്‍, ദഹനവ്യവസ്ഥയിലെ ക്യാന്‍സര്‍, അതിരക്ത സമ്മര്‍ദം, ആസ്ത്മ എന്നിവയെ ചെറുക്കാനും ചക്കയ്ക്ക് കരുത്തുണ്ട്. അസ്ഥിക്ക് കരുത്ത് പകരുന്ന കാത്സ്യവും ആവശ്യത്തിനുണ്ട്. ദഹനം സുഗമമാക്കുന്നതില്‍ കേമനാണ് ചക്ക എന്ന് പഴമക്കാര്‍ പറയുന്നു. എന്നിട്ടുമെന്തേ ചക്കയെ ആദരിക്കാന്‍ നാം മറക്കുന്നു. കാരണം ലളിതം. പണ്ട് ചക്കയ്ക്ക് വിലയില്ലായിരുന്നു. വെറുതെ കിട്ടുന്നതിനെ അംഗീകരിക്കാന്‍ കേരളീയര്‍ക്ക് മടിയാണെന്നത് ആര്‍ക്കുമറിയാവുന്ന സത്യവും. കാലംമാറി. ചക്കയുടെ മഹത്വം ലോകമറിഞ്ഞു. പ്ലാവുകള്‍ കുറഞ്ഞതോടെ ചക്കയുടെ വില കുതിച്ചുകയറി. കീടനാശിനി വിഷം തൊടാത്ത ഏക ഫലമെന്ന ഖ്യാതി ചക്ക കൈവരിച്ചു. അതോടെ മാന്യതയുടെ റേറ്റിങ്ങില്‍ ചക്ക കുതിച്ചു കയറി.
മരത്തിന്റെ കാര്യത്തിലും മേന്മ പ്ലാവിനു തന്നെ. തടിപ്പണികള്‍ക്കും ഫര്‍ണിച്ചറിനും ഒന്നാംതരം. വീണയും മൃദംഗവും തിമിലയും ഗഞ്ചിറയും മുതല്‍ ആചാര്യനിരിക്കാനുള്ള ആവണിപ്പലക വരെ നിര്‍മിക്കാന്‍ അത്യുത്തമം. വിയറ്റ്നാമില്‍ ബുദ്ധവിഗ്രഹങ്ങള്‍ തീര്‍ക്കുന്നതിനുള്ള കുത്തക പ്ലാവിനാണത്രെ. പ്രായാമാവുംതോറും കാതലിന് കരുത്ത് വര്‍ധിക്കുമെന്നത് മറ്റൊരു പ്രത്യേകത. ഹോമകുണ്ഡങ്ങളില്‍ അഗ്നി ജ്വലിപ്പിക്കുന്നതിനു വേണ്ടതും പ്ലാവിന്റെ വിറകുതന്നെ.
പാലുപോലുള്ള തൊലിയിലും കായിലുമൊക്കെ നിറഞ്ഞുനില്‍ക്കുന്നതിനാലാണത്രെ ചക്കമരത്തിന് പ്ലാവ് എന്ന പേരുവന്നത്. മലയാളത്തിലെ ചക്ക പോര്‍ട്ടുഗീസ് ഭാഷയില്‍ ജക്കയാവുകയും ആയത് ഇംഗ്ലീഷില്‍ ‘ജാക്ക് ഫ്രൂട്ടാ’യി പരിണമിക്കുകയുമാണത്രെ ഉണ്ടായത്. കായും തടിയും പോലെ മഹത്വമുള്ളതാണ് പ്ലാവിന്റെ ഇലയും. പഴുത്ത പ്ലാവില ഈര്‍ക്കില്‍ കുത്തി കഞ്ഞികുടിക്കുന്നത് മലയാള നാട്ടുകാരുടെ പഴയൊരു ശീലമായിരുന്നു. വായിലെയും ഉദരത്തിലെയും അള്‍സറുകള്‍ക്കെതിരെ നല്ലൊരു പ്രതിരോധമായിരുന്നുവത്രെ ഈ പ്ലാവില കഞ്ഞികുടി. പച്ച പ്ലാവില ആടിന്റെ ഇഷ്ടഭക്ഷണമാണ്. പ്ലാവില കഴിക്കുന്ന ആടിന്റെ പാലിന് ഔഷധ ഗുണമേറുമെന്നാണ് നാട്ടറിവ്. ഉണങ്ങിയ പ്ലാവില കത്തിച്ചുണ്ടാക്കുന്ന ചാരം വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടിയാല്‍ ഏത് മുറിവും ഉണങ്ങുമെന്ന് വീട്ടറിവ്.
നമുക്ക് നാട്ടിന്‍പുറത്ത് പ്രധാനമായും രണ്ടിനം ചക്കകളാണുള്ളത്. വരിക്കയും കൂഴയും. രണ്ടിനും അവയുടെതായ ഗുണങ്ങളുണ്ട്. പച്ചച്ചക്കയും പൊട്ടുചക്കയും. ഇടിച്ചക്കയുമൊക്കെ സ്വാദിന്റെ ലോകത്തെ കേമന്മാരാണ്. ചക്കയുടെ തൊണ്ടും തോലും ചകിണിയും കൂഞ്ഞിലും കുരുവിന്റെ മേലുള്ള തൊലിയും വരെ അക്കാര്യത്തില്‍ പിന്നിലല്ല. ചക്കയുടെ അരക്കുകൊണ്ടുപോലുമുണ്ട് ഉപയോഗം. വിഷുക്കണിക്ക് ഉരുളിയില്‍ ചെറിയൊരു ചക്ക കൂടിയുണ്ടെങ്കില്‍ എന്നാഗ്രഹിക്കുന്നവരാണ് വീട്ടമ്മമാര്‍.
വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്നൊരു പഴഞ്ചൊല്ലുണ്ട്. മണ്ണിനടിയിലേക്കു പോയ പ്ലാവിന് വേരില്‍ ചിലപ്പോള്‍ ചക്കപിടിക്കാറുണ്ട്. ചക്ക വലുതാകുന്നതനുസരിച്ച് മണ്ണ് ഉയര്‍ന്നുയര്‍ന്നുവരും. മണ്ണിനടിയില്‍ കായ്ക്കുന്ന ഇത്തരം ചക്കകള്‍ക്ക് രുചിയും കൂടും; ഗുണവും കൂടും. ഒപ്പം ഔഷധ ഗുണവും ഏറുമെന്ന് പഴമക്കാര്‍ പറയും.
ഇനി ആലോചിക്കുക. യഥാര്‍ത്ഥ കല്പവൃക്ഷം ഏതാണ്… ആ പദവി തെങ്ങിനുമാത്രമായി സംവരണം ചെയ്യുന്നത് ശരിയാണോ… എന്തുകൊണ്ട് പ്ലാവിനെ കൂടി കല്‍പവൃക്ഷമെന്ന് നമുക്ക് വിളിച്ചുകൂടാ…!
പ്രതികരിക്കാൻ ഇവിടെ എഴുതുക: