സുഡാനി ഫ്രം നൈജീരിയയില്‍ അഭിനയിച്ചതിന് തനിക്ക് തന്ന പ്രതിഫലം 180,000 രൂപ മാത്രമെന്ന് വെളിപ്പെടുത്തി സാമുവല്‍ അബിയോള റോബിന്‍സണ്‍. വിമാന യാത്രയടക്കമുള്ള ചിലവ കഴിച്ച് ഒരു ലക്ഷം രൂപയാണ് അടിസഥാന ശമ്പളമായി നല്‍കിയതെന്നും സാമുവല്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
വളരെ കുറഞ്ഞ ബജറ്റില്‍ നിര്‍മിക്കുന്ന ചെറിയ ചിത്രമാണെന്ന് കരുതിയാണ് താന്‍ സുഡാനിയില്‍ കുറഞ്ഞ പ്രതിഫലം വാങ്ങി അഭിനയിച്ചത്.കേരളത്തില്‍ മാത്രം റിലീസ് ചെയ്യുന്ന ചിത്രമാണെന്നാണ് കരുതിയത്. എന്നാല്‍ കുഴപ്പമല്ലാത്ത ബജറ്റില്‍ നിര്‍മിച്ച് ആഫ്രിക്ക, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലടക്കം റിലീസ് ചെയ്യാന്‍ പോകുന്ന സിനിമയാണെന്ന് അറിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
സിനിമ വിജയമായാല്‍ കൂടുതല്‍ പണം നല്‍കാമെന്ന് നിര്‍മാതാക്കള്‍ എന്നോട് പറഞ്ഞിരുന്നു. താങ്കളെ സന്തോഷവാനാക്കിയെ ഞങ്ങള്‍ നൈജീരിയയ്ക്ക് അയയ്ക്കൂ എന്നാണ് അവര്‍ എന്നോട് പറഞ്ഞത്. ഞാനിപ്പോള്‍ നൈജീരിയയില്‍ തിരിച്ചെത്തി. പക്ഷെ എനിക്ക് പണം ലഭിച്ചില്ല. എനിക്ക് നാണക്കേടും ലജ്ജയും തോന്നുന്നു. ഇതു വംശീയ വിവേചനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അല്ലെങ്കില്‍ മലയാളത്തിലെ മറ്റു യുവതാരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലം എന്തു കൊണ്ട് എനിക്ക് ലഭിച്ചില്ല ‘ സാമുവല്‍ ചോദിക്കുന്നു.
ചിത്രം വിജയമായാല്‍ പ്രതിഫലം കൂട്ടിത്തരാമെന്നു പറഞ്ഞ നിര്‍മാതാക്കള്‍ പിന്നീട് അതെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അങ്ങനെയൊന്ന് അറിഞ്ഞിട്ടേ ഇല്ലെന്ന ഭാവത്തിലായിരുന്നു അവര്‍. ഞാനീ സിനിമയെ സ്നേഹിക്കുന്നു. ഇതിന്റെ ഷൂട്ടിങ്ങിനും പ്രമോഷനുമായി ഒരുപാട് പരിശ്രമിച്ചു. പക്ഷേ എനിക്ക് കുറച്ചു കൂടി കൂടുതല്‍ പ്രതിഫലത്തിന് അര്‍ഹതയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിര്‍മാതാക്കള്‍ അവരുടെ വാക്ക് പാലിക്കുമെന്നാണ് കരുതുന്നത്.അവരോട് ഇതെകുറിച്ച് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ പ്രതികരിച്ചില്ല. അതുകൊണ്ടാണ് പൊതുസ്ഥലത്ത് ഇങ്ങനെ പറയേണ്ടി വന്നതെന്നും’ സാമുവല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: