Categories: Special Article

കേരളോല്‍പ്പത്തി; മിത്തും യാഥാര്‍ത്ഥ്യവും

Published by

കേരളം എന്ന പരശുരാമ ക്ഷേത്രം

മഞ്ചേശ്വരം തൊട്ട് പാറശാല വരെയാണു സാങ്കേതികമായി പറഞ്ഞാല്‍ ഇന്നത്തെ കേരളം. എന്നാല്‍ പ്രാചീന പരശുരാമ ക്ഷേത്രമെന്ന സങ്കല്‍പ്പത്തില്‍ കേരളം ഗോകര്‍ണ്ണം തൊട്ട് കന്യാകുമാരി വരെയാണു. കിഴക്ക് സഹ്യപര്‍വ്വതവും, തെക്ക് ഇന്ത്യന്‍ മഹാസമുദ്രവും, പടിഞ്ഞാറും പടിഞ്ഞാറ് അറബിക്കടലും അതിരിടുന്ന ഭൂപ്രദേശം. വെയിലും മഴയും കൃത്യമായി ആറുമാസം കിട്ടുന്ന സമശീതോഷ്ണ മേഖല. സഹ്യപര്‍വ്വതത്തിന്റെ ചുവട്ടില്‍ നിന്ന് കിഴക്ക് പടിഞ്ഞാറ് ദിശയില്‍ കടല്‍ തീരത്തേക്ക് ഏറിയും കുറഞ്ഞുമെല്ലാമിരിക്കുമെങ്കിലും ശരാശരി അന്‍പത് കിലോമീറ്റര്‍ വീതി ഏതാണ്ട് എല്ലായിടത്തും കാണാം എന്നതും ഈ ഭൂവിഭാഗത്തിന്റെ പൊതു സ്വഭാവമാണു.

കേരവൃക്ഷങ്ങളുടെ നാട് എന്നതില്‍ നിന്നാണ് കേരളത്തിനു ഈ പേര് വന്നത് എന്നത് പൊതുവെ ഉള്ള ഒരു അഭിപ്രായമാണു. എന്നാല്‍ ഈ വാദത്തിനു അത്ര കഴമ്പില്ല എന്ന് കേരള പാണിനി എന്ന് അറിയപ്പെട്ട പ്രശസ്ത ഭാഷാ പണ്ഡിതന്‍ എ.ആര്‍ രാജരാജ വര്‍മ്മ അദ്ദേഹത്തിന്റെ വിഖ്യാത ഗ്രന്ഥമായ ‘കേരള പാണിനീയ’ത്തില്‍ അഭിപ്രായപ്പെടുന്നുണ്ട്. ആദ്യകാലത്ത് ‘മലനാട്’ എന്നും പിന്നീട് ‘മലയാണ്മ’*1എന്ന പ്രാദേശിക ഭാഷ സംസാരിച്ചിരുന്നവര്‍ പാര്‍ക്കുന്ന ദേശം എന്ന അര്‍ത്ഥത്തില്‍ ‘മലയാള ദേശം’ എന്ന് ഈ നാടിനു പേര് വന്നുവെന്നും രാജരാജവര്‍മ്മ കേരള പാണിനീയത്തില്‍ അഭിപ്രായപ്പെടുന്നുണ്ട്. പിന്നീട് ആര്യന്മാര്‍ ഇവിടെ വന്ന ശേഷമാണു കേരളം എന്ന പേര് വന്നതെന്നും അദ്ദേഹം പറയുന്നു. ആദ്യം അത് ‘ചേരള’ മെന്നായിരുന്നെന്നും അത് പില്‍ക്കാലത്ത് കേരളമായി മാറിയതാകാമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.

അറബികള്‍ കേരളത്തില്‍ വന്ന് വ്യാപാരം തുടങ്ങിയ കാലത്ത് ഈ പ്രദേശത്തിനു ‘മലബാര്‍’ എന്നായിരുന്നു പേര്. അറബ് മേഖലയില്‍ ശ്രേഷ്ഠം, വിശേഷപ്പെട്ടത് എന്നെല്ലാം അര്‍ത്ഥമുള്ള ‘മല്‍’ എന്ന വാക്കും തീരം എന്ന് അര്‍ത്ഥമുള്ള ‘ബാര്‍’ എന്ന വാക്കും ചേര്‍ന്നാണു ‘മലബാര്‍’ എന്ന വാക്ക് രൂപപെട്ടത്. എന്തായാലും ശ്രേഷ്ഠമായ തീരം*2 എന്ന അര്‍ത്ഥത്തില്‍ ഈ ഒരു പ്രദേശത്തെ സൂചിപ്പിക്കാന്‍ അറബികള്‍ വിളിച്ച പേരാണ് മലബാര്‍ എന്നത്. എന്നാല്‍ ബ്രിട്ടീഷുകാരുടെ ഭരണ കാലത്ത് വടക്കന്‍ കേരളത്തെ മാത്രം സൂചിപ്പിക്കുന്നതിനുള്ള ഒരു പേരായി മാറി ഇത്.

പരശുരാമ കഥ മിത്തും യാഥാര്‍ത്ഥ്യവും

മാതൃഹത്യാ പാപവും, ക്ഷത്രിയ ഹത്യാ പാപവും കഴുകിക്കളയുവാന്‍ വരുണനെ പ്രസാദിപ്പിച്ച് ഇന്നത്തെ ഗോകര്‍ണ്ണത്ത് നിന്ന് കടലിലേക്ക് മഴുവെറിഞ്ഞ് പെട്ടെന്നൊരുനാള്‍ പരശുരാമന്‍ സൃഷ്ടിച്ച 160കാതം ഭൂമി ഉത്തര ദേശത്ത് നിന്ന് കൊണ്ടുവന്ന ബ്രാഹ്മണര്‍ക്ക് ദാനം ചെയ്ത് ഈ പ്രദേശത്ത് അവരെ അധിവസിപ്പിച്ചുവെന്നാണു കേരളോല്‍പ്പത്തിയെക്കുറിച്ചുള്ള പുരാവൃത്തം. ഈ പുരാവൃത്തത്തെപ്പിടിച്ചാണു കേരള ചരിത്രം ആരംഭിക്കുന്നത് തന്നെ. അത്‌കൊണ്ട് പരശുരാമ കഥയെ തീര്‍ത്തും നിരാകരിച്ച് കൊണ്ട് കേരള ചരിതം അവലോകനം ചെയ്യുക സാധ്യമല്ല. എന്നാല്‍ സാമാന്യ യുക്തിക്ക് തീരെ നിരക്കാത്ത ഒരു സങ്കല്‍പ്പമാണു ഇത് എന്നതിലും സംശയമില്ല. പക്ഷെ ഇത്തരം പുരാവൃത്തങ്ങളില്‍ സഹജമായി ഒരു ചരിത്ര ബോധം പലപ്പോഴും ഒളിഞ്ഞിരിക്കാറുണ്ട് എന്നത് അവഗണിക്കാനാകാത്ത സത്യമാണ്. അത് കൊണ്ട് തന്നെ കേരളോല്‍പ്പത്തിയിലെ പുരാവൃത്തത്തെ ഒഴിവാക്കി അതിലെ ചരിത്ര ബോധത്തെ തിരയുകയാണു ഉപായം.

പരശുരാമന്റെ മഴു വീണിട്ടായാലും അല്ലെങ്കിലും കേരളം ഒരുനാള്‍ കടലിനടിയില്‍ ആയിരുന്ന പ്രദേശമാണു എന്ന കാര്യത്തില്‍ ഭൗമശാസ്ത്രജ്ഞര്‍ ആരും വിയോജിപ്പ് പ്രകടിപ്പിക്കുന്നില്ല. സഹ്യപര്‍വ്വത നിരകള്‍ക്ക് തൊട്ട് താഴെ വരെ കടലിനാല്‍ മൂടപ്പെട്ട് കിടന്നിരുന്ന ഒരു പ്രദേശത്ത് എന്നോ ഒരുനാള്‍ ഒരു ഭൗമ പ്രതിഭാസത്തെ തുടര്‍ന്ന് കടല്‍ ഉള്‍വലിഞ്ഞ് ഉണ്ടായ കരഭാഗമാണു കേരളം എന്ന് ഭൗമശാസ്ത്രജ്ഞര്‍ ഏറെക്കുറെ അഭിപ്രായപ്പെടുന്നുണ്ട്. സഹ്യപര്‍വ്വതത്തിനു പണ്ടുകാലത്ത് ‘കടലടിക്കോടന്‍ മല’ എന്നുമൊരു പേരുണ്ടായിരുന്നത്രേ. പൂര്‍വ്വകാലത്ത് സഹ്യപര്‍വ്വതത്തിനു തോട്ടു താഴെ വരെ സമുദ്രമായിരുന്നുവെന്നും, കടല്‍ തിരമാലകള്‍ ആ മലയില്‍ ആഞ്ഞടിക്കാറുണ്ടായിരുന്നു എന്നും, അതിനാലാണു കടലടിക്കോടന്‍ മലയെന്ന് അതിന്‍പേരു വന്നതെന്നും പറയപ്പെടുന്നു.

എന്തായാലും കൃസ്തുവിനും രണ്ടായിരം വര്‍ഷം മുമ്പ് ഉണ്ടായ ഒരു ഭൗമ പ്രതിഭാസമായിരിക്കാം കേരളമെന്ന കര രൂപപ്പെടുവാന്‍ കാരണം എന്ന് അനുമാനിക്കാം. പക്ഷെ ഈ ഭൂമിയിലേക്ക് എന്ന് മുതല്‍ക്കാണു മനുഷ്യവാസം തുടങ്ങിയത് എന്നും, ഇവിടുത്തെ ആദിമ നിവാസികളായ മനുഷ്യര്‍ ആരായിരുന്നു എന്നത് സംബന്ധിച്ചും കൃത്യമായ ധാരണയൊന്നും ഇല്ല എന്നതാണ് സത്യം. മഹാശിലായുഗ കാലത്ത് തന്നെ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു എന്നതിനു തെളിവുകള്‍ ഉണ്ട്. എന്നാല്‍ എത്രമാത്രം സംഘടിതമായ മനുഷ്യവാസം അന്ന് ഉണ്ടായിരുന്നു എന്ന കാര്യത്തിലും വ്യക്തത ഇല്ല. അപ്പോള്‍ കേരളത്തില്‍ എത്തിയ ആദ്യത്തെ മനുഷ്യര്‍ പരശുരാമന്‍ കൊണ്ടുവന്ന ബ്രാഹ്മണരാണെന്ന വാദം സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല എന്ന് വരുന്നു.

പരശുരാമനൊപ്പം കേരളത്തിലെത്തിയ ആദ്യ സംഘം ബ്രാഹ്മണര്‍ ഇവിടെ ഉണ്ടായിരുന്ന നാഗങ്ങളുടെ ശല്യം നിമിത്തം തിരിച്ച് പോയി എന്നും, അതിനു ശേഷം പരശുരാമന്‍ രണ്ടാമത് കൊണ്ടുവന്ന സംഘമാണു ഇവിടെ വാസമുറപ്പിച്ചത് എന്നും കേരളോല്‍പ്പത്തി എന്ന കൃതിയില്‍ പറയുന്നുണ്ട്. ഈ നാഗങ്ങളുടെ ശല്യം ഒഴിവാക്കാനാണു കേരളത്തിലെമ്പാടും സര്‍പ്പാരാധന തുടങ്ങിയത് എന്നും സര്‍പ്പക്കാവുകള്‍ നിര്‍മ്മിച്ചത് എന്നും കേരളോല്‍പ്പത്തി പറയുന്നു. ചിലര്‍ ഇതിനെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിച്ച് കണ്ടിട്ടുണ്ട്. നാഗങ്ങള്‍ അല്ല നാഗന്മാര്‍ ആണ് ഇവിടെ വന്ന ആദ്യ ബ്രാഹ്മണ സംഘങ്ങളെ ഉപദ്രവിച്ചത് എന്നും ഈ നാഗന്മാരുടെ പിന്‍ തലമുറയാണു നായന്മാര്‍ എന്നും ആണ് ഇക്കൂട്ടരുടെ വാദം. പക്ഷെ അങ്ങിനെയെങ്കില്‍ ഈ വിഭാഗം എങ്ങിനെയാണു പിന്നീട് വന്ന രണ്ടാമത്തെ ബ്രാഹ്മണ സംഘത്തിന്റെ ദാസന്മാരായി എന്നത് ഉത്തരമില്ലാത്ത ചോദ്യമാണു.

കേരളത്തില്‍ എത്തിയ ആദ്യ മനുഷ്യര്‍ പരശുരാമന്‍ കൊണ്ടുവന്ന ബ്രാഹ്മണര്‍ അല്ലെങ്കില്‍ കേരളത്തിന്റെ പിതൃസ്ഥാനം എങ്ങിനെ പരശുരാമനില്‍ വന്നു എന്നത് മറ്റൊരു തര്‍ക്ക വിഷയമാണ്. പരശുരാമന്‍ എന്നൊരു മഹാമുനി തന്റെ ആയുധമായ മഴു നീട്ടി എറിഞ്ഞപ്പോള്‍ കടലില്‍ മുളച്ച് പൊന്തിയ ഒരു ഭൂമി അദ്ദേഹം തന്നെ ആര്യ വംശജര്‍ക്ക് ദാനം ചെയ്യുന്നു. ആര്യ ബ്രാഹ്മണരെ പിന്തുടര്‍ന്ന് ഇതര ജന വിഭാഗങ്ങളും ഇവിടെയെത്തുന്നു, അവര്‍ക്കെല്ലാം പരശുരാമനാല്‍ സ്ഥാനമാനങ്ങളും, കുലത്തൊഴിലുകളും നിര്‍ണ്ണയിക്കപ്പെടുന്നു. പാടി പതിഞ്ഞ കേരളോല്‍പ്പത്തി കഥയുടെ സംക്ഷിപ്തം ഇതാണ്. സാമാന്യ യുക്തിയില്‍ ചിന്തിച്ചാല്‍ അസാധ്യം എന്നും കെട്ടു കഥ എന്നും വിലയിരുത്താനേ സാധിക്കൂ. പരശുരാമനെന്ന മഹര്‍ഷിയുടെ, മഹാവിഷ്ണുവിന്റെ അവതാരം എന്ന കല്‍പ്പനയുടെ അമാനുഷികമായ ഈ പ്രവര്‍ത്തി ഒരു ദേശത്തിന്റെ ഉല്പത്തി കഥയുമായി ബന്ധപ്പെടുത്തുമ്പോള്‍ സംഭവിക്കുന്ന ഒരു പ്രശ്‌നമാണിത്. അതിശയോക്തി നിറഞ്ഞ ഒരു മഴുപ്രയോഗം ആണ് ഇവിടെ പ്രശ്‌നം.

ഇനി ഈ മിത്തിനെ യാഥാര്‍ത്ഥ്യ ബോധത്തോടെയും, സാമന്യ യുക്തിയോടെയും ഒന്ന് പരിശോധിച്ച് നോക്കാം. പരശുരാമന്‍ എന്ന അവതാര പുരുഷനെ, മഹാമുനിയെ ആ പരിവേഷമെല്ലാം ഒഴിവാക്കി ഒരു സാധാരണ മനുഷ്യനായി സങ്കല്‍പ്പിച്ച് നോക്കാം. അദ്ദേഹം ഒരു സാഹസീകനായ സഞ്ചാരിയെന്ന് കൂടി സങ്കല്‍പ്പിക്കുക. എന്നിട്ട് കൊളംബസ് അമേരിക്ക കണ്ടെത്തിയത് പോലെ അത്രകാലവും ഉത്തര ദേശത്തെ ജനങ്ങള്‍ക്ക് അത്ര സുപരിചിതമായിരുന്നില്ലാത്ത ഒരു ദേശം കണ്ടെത്തുകയും അവിടെ മനുഷ്യവാസ യോഗ്യമാണെന്ന് മനസിലാക്കി വലിയൊരു സംഘവുമായി ഇവിടേക്ക് കുടിയേറിയെന്നും സങ്കല്‍പ്പിക്കുക. അങ്ങിനെയൊരാളുണ്ടെങ്കില്‍, അദ്ദേഹത്തിന്റെ അനുയായികള്‍, പിന്മുറക്കാര്‍ എല്ലാം അദ്ദേഹത്തിന്റെ അപദാനങ്ങള്‍ പാടി പുകഴ്‌ത്തിയിട്ടുണ്ടാകം. വീരാരാധന അന്യമല്ലാത്ത നമ്മുടെ ദേശത്ത് പില്‍ക്കാല കൈമാറ്റങ്ങളില്‍ ഈ വാഴ്‌ത്ത് പാട്ടുകള്‍ക്ക് പുതിയ നിറവും, രൂപവും, കൈവന്നിരിക്കാം. അത് പതുക്കെ ദൈവീക പരിവേഷത്തിലേക്ക് പരിവര്‍ത്തനപ്പെട്ടിരിക്കാം. കേരളമെന്ന ദേശത്തെ കണ്ടെത്തിയ ആ വ്യക്തി മഹാവിഷ്ണുവിന്റെ അവതാരമായി പുരാണങ്ങളില്‍ പറയുന്ന പരശുരാമന്‍ തന്നെയാക്കണമെന്നില്ല. ഒരു പക്ഷേ ആ പേരുള്ള മറ്റൊരാളാകാം. ചിലപ്പോള്‍ ഭാര്‍ഗ്ഗവ ഗോത്രത്തില്‍ പെട്ട ആരെങ്കിലും ആവാം. ചിലപ്പോള്‍ അതൊരു വലിയ സംഘമാവാം. പരശുരാമന്‍ ആ സംഘത്തിന്റെ തലവന്‍ ആയിരിക്കാം. എന്തായാലും അദ്ദേഹത്തിനെ അനുയായിവൃന്ദം അദ്ദേഹത്തിനോടുള്ള ആദര സൂചകമായി അദ്ദേഹം കണ്ടെത്തിയ ഭൂമിയുടെ പിതൃത്വവും അദ്ദേഹത്തിനു നല്‍കിയിരിക്കാം. പരശുരാമന്‍ മഴു ഉപയോഗിച്ചിട്ടുണ്ടാകാം. അത് പക്ഷെ കടലിലേക്കായിരുന്നിരിക്കില്ല, പകരം കാട് മൂടിക്കിടന്ന ഒരു പ്രദേശത്തെ മനുഷ്യവാസയോഗ്യമാക്കാന്‍ ആയിരിക്കാം. സാധാരണ മഴു ഉപയോഗിക്കുന്നത് കാടുവെട്ടാന്‍ ആണെന്ന*4 യുക്തി കൂടി ഇവിടെ പ്രയോഗിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.

ഏതോ ഒരു പൂര്‍വ്വ സങ്കേതത്തില്‍ നിന്ന് എന്തെല്ലാമോ കാരണങ്ങളാല്‍ സ്വന്തം നാടും, സര്‍വ്വവും ഉപേക്ഷിച്ച് അന്യദേശത്തേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരായ ഒരു ജനവിഭാഗമാണു ഇവിടേക്ക് അന്ന് എത്തിയ ബ്രാഹ്മണര്‍ എങ്കില്‍ അവരുടെ നായകനു വീര പരിവേഷം വേണ്ടുവോളം നല്‍കും എന്നതില്‍ സംശയമേതും ഇല്ല. പിന്നീട് വന്ന ഓരോ സംഘവും ഇത് ഏറ്റുപിടിച്ചിട്ടുണ്ടാകാം. തലമുറ തലമുറ കൈമാറുന്തോറും ആ വാഴ്‌ത്ത് പാട്ടുകള്‍ക്ക് പുതിയ രൂപവും ഭാവവും കൈവന്നിരിക്കാം. ഓരോരുത്തരും അവരവരുടെ ഭാവകല്‍പ്പനകള്‍ കൂടി അതിലേക്ക് ചേര്‍ത്തിരിക്കാം.യഥാര്‍ത്ഥ വസ്തുതകള്‍ കഥയായും, കെട്ടുകഥയായും, ഐതിഹ്യമായും എല്ലാം പരിണമിച്ചിരിക്കാം.

എല്ലാ ഐതിഹ്യങ്ങളും സൃഷ്ടിക്കപ്പെടുന്നത് ഇങ്ങിനെയാണു. വീരാരാധനയുടെ ഭാഗമായി മറ്റൊരു ദുരുദ്ദേശവുമില്ലാതെ അന്ന് പാടിയ അപദാനങ്ങള്‍ക്ക് തലമുറകള്‍ പിന്നിടുമ്പോള്‍ ഐതിഹ്യപരത കൈവരുന്നു. അത്തരത്തില്‍ നാടന്‍ ശൈലിയില്‍ വാമൊഴിയായി പ്രചരിച്ച ഈ കേരളോല്‍പ്പത്തി കഥ പിന്നീടൊരുനാള്‍ ആരോ അതിനെ വരമൊഴിയിലേക്ക് (എഴുത്ത് രൂപം) പരിവര്‍ത്തനപ്പെടുത്തിയിട്ടുണ്ടാകാം.കാലക്രമേണ ഇതാണ് കേരളത്തിന്റെ ചരിത്രമെന്ന് ആരോ പുനരവതരിപ്പിച്ചിരിക്കാം. എന്തായാലും കേവലം ഒരു പുരാവൃത്തമാണെങ്കില്‍ കൂടിയും നമുക്ക് മുന്നിലുള്ള ഐതിഹ്യത്തെ ഈ വിധത്തില്‍ സമീപിച്ച് അതിലെ നെല്ലും പതിരും വേര്‍തിരിച്ചാല്‍ അതിലൊളിഞ്ഞിരിക്കുന്ന ചരിത്ര ബോധത്തെ നമുക്ക് കണ്ടെത്തുവാനാകും. തൊണ്ണൂറ് ശതമാനവും തള്ളിക്കളയേണ്ടവയായിരിക്കാം. എങ്കില്‍ കൂടിയും നേരിയ ഒരു ശതമാനമെങ്കിലും നമുക്ക് ഉള്‍ക്കൊള്ളാവുന്നവയുണ്ടാവും. മറ്റൊരു ഉപാധിയുമില്ലാത്തിടത്ത് ഒരു പക്ഷെ ചരിത്രത്തിന്റെ അടിവേരു ഈ പറഞ്ഞ ഒരു ശതമാനത്തില്‍ ആയിരിക്കും.

(തുടരും)

അടുത്തഭാഗം ഇവിടെ വായിക്കാം

കേരളത്തിലെ ബ്രാഹ്മണ കുടിയേറ്റം: നിഷേധിക്കാനാകാത്ത പരശുരാമ സങ്കല്പം

ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം

മുന്നുര

മുന്നൊരുക്കങ്ങള്‍

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts