സര്‍ക്കാരിന്റെയും വിവിധ കോര്‍പ്പറേഷനുകളിലേയും മറ്റും ഉദ്യോഗ ഒഴിവുകളിലേക്കുള്ള നിയമനം പിഎസ്സി വഴിയാണെന്നാണ് സങ്കല്‍പ്പം. ഒഴിവുവരുന്ന തസ്തികകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പിഎസ്സിക്ക് ലഭിക്കുകയും, അതിന് പബ്ലിക് സര്‍വീസ് കമ്മീഷന് പരീക്ഷ നടത്തി ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്ന് അഡൈ്വസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് 90 ദിവസത്തിനുള്ളില്‍ നിയമനം നല്‍കണമെന്നുമാണ് നിലവിലുള്ള നിയമം. ഇതല്ല കേരളത്തില്‍ നടക്കുന്നത്. പിഎസ്സിയെ നോക്കുകുത്തിയാക്കി സ്വന്തം ആള്‍ക്കാരെ തിരുകിക്കയറ്റാനുള്ള ഇടമായി സര്‍ക്കാര്‍ സര്‍വീസുകളെ മാറ്റിയെടുത്തിരിക്കുന്നു. നിയമനങ്ങളില്‍ അവസര സമത്വം ലഭിക്കുന്നതിനും, സംവരണം പാലിക്കുന്നതിനും കഴിവുള്ളവരെ തെരഞ്ഞെടുക്കുന്നതിനുമാണ് പബ്ലിക് സര്‍വീസ് കമ്മീഷനും പരീക്ഷയുമെല്ലാം.
മാറിമാറി വരുന്ന ഭരണാധികാരികളും രാഷ്ട്രീയ നേതൃത്വവും സമാന്തര റിക്രൂട്ടിങ് ഏജന്‍സികളായി പ്രവര്‍ത്തിച്ച് പിഎസ്സിയുടെ വിശ്വാസ്യത കളഞ്ഞുകുളിക്കുകയാണ്. ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ സ്വപ്നത്തിലും ജീവിതത്തിലും കരിവാരിത്തേച്ചുകൊണ്ടാണ് തലപ്പത്തുള്ളവര്‍ തന്നിഷ്ടത്തിന് നിയമനം നടത്തുന്നത്. കേരളത്തിലെ പിഎസ്സി റിസര്‍വ് കണ്ടക്ടര്‍ തസ്തികയില്‍ പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവരുടെ കാര്യത്തിലും സംഭവിച്ചത് ഇതുതന്നെ. മറ്റു നിരവധി വകുപ്പുകളിലും കോര്‍പ്പറേഷനുകളിലും സംഭവിക്കുന്നതുതന്നെ ഇവിടെയുമുണ്ടായി.
2010 ഡിസംബര്‍ 31 നാണ് പിഎസ്സി റിസര്‍വ് കണ്ടക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. 9378 ഒഴിവുകളാണ് അന്ന് പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 9378 ഒഴിവുകള്‍ക്ക് പകരം 3808 ഒഴിവുകള്‍ മാത്രമേ ഉള്ളൂ എന്ന് ഏഴു മാസത്തിനു ശേഷം കെഎസ്ആര്‍ടിസി പിഎസ്സിക്ക് കത്തയയ്ക്കുകയായിരുന്നു. കെഎസ്ആര്‍ടിസിയുടെ ഈ വാദം തെറ്റാണെന്ന് നിയമസഭാ രേഖകളും വിവരാവകാശ രേഖകളും തെളിയിക്കുന്നുണ്ട്. പിഎസ്സിയിലേക്ക് ഒഴിവുകളുണ്ടെന്ന് അറിയിച്ചതിനുശേഷം ഒഴിവുകള്‍ കുറച്ചുതരണം എന്നാവശ്യപ്പെട്ട് കത്തയയ്ക്കുന്നതിനിടെ 2198 താല്‍ക്കാലിക കണ്ടക്ടര്‍മാരെ സ്ഥിരപ്പെടുത്തുകയാണുണ്ടായത്.
9300 പേര്‍ക്ക് അഡൈ്വസ് മെമ്മോ അയച്ചിട്ടും 3808 പേര്‍ക്ക് മാത്രം നിയമനം നല്‍കിയതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ കെഎസ്ആര്‍ടിസിയുടെ വാദങ്ങള്‍ തള്ളി താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടും അഡൈ്വസ് മെമ്മോ നല്‍കിയവര്‍ക്ക് നിയമനം നല്‍കണമെന്ന് കോടതി ഉത്തരവായി. ഈ നിയമനം നല്കിയതിനുശേഷമുണ്ടായ 4051 ഒഴിവുകളിലേക്ക് പിഎസ്സി അഡൈ്വസ് മെമ്മോ അയച്ചു. 2016 ഡിസംബര്‍ 31 ന് അഡൈ്വസ് മെമ്മോ അയച്ച ഒരാള്‍ക്കുപോലും കെഎസ്ആര്‍ടിസി ഇതുവരെ ജോലി നല്‍കിയിട്ടില്ല. 4263 താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുമ്പോഴാണ് നിയമാനുസൃതം തെരഞ്ഞെടുക്കപ്പെട്ട ഉദ്യാഗാര്‍ത്ഥികള്‍ പെരുവഴിയിലായിരിക്കുന്നത്.
സാമ്പത്തിക നഷ്ടമാണ് നിയമനം നല്‍കുന്നതിന് കെഎസ്ആര്‍ടിസി തടസ്സമായി ചൂണ്ടിക്കാണിക്കുന്നതെങ്കിലും വിവിധ തസ്തികകളിലായി 3420 ഓളം താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി കോര്പ്പറേഷന് റെക്കോര്‍ഡ് സൃഷ്ടിക്കുകയും ചെയ്തു. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോള്‍ തരപ്പെടുത്താന്‍ കഴിയുന്ന പണത്തിന്റെ അളവ് എത്രയാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. സംഘടിത തൊഴിലാളി യൂണിയന് നേതാക്കളും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥവൃന്ദവും കൂടിച്ചേര്‍ന്ന മാഫിയാസംഘമാണ് നിയമനങ്ങളെ നിയന്ത്രിക്കുന്നത്. പരീക്ഷയും പാസ്സാകലും എല്ലാം ഒരു വഴിപാട് മാത്രമാകുന്നു. സ്വജനപക്ഷപാതത്തിന്റെ അരങ്ങുവാഴ്ചയാണ് നടക്കുന്നത്.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം നടന്ന താല്‍ക്കാലിക നിയമനങ്ങളെക്കുറിച്ച് മാത്രമുള്ള കണക്കെടുത്താല്‍ ഞെട്ടിപ്പോകും. ഭരണമൊഴിയുന്നതിന് മുമ്പ് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി പിഎസ്സി എന്ന ഔദ്യോഗിക സംവിധാനത്തെ അട്ടിമറിക്കുകയാണ് കേരളത്തില്‍. വിപ്ലവ വീര്യത്തിന്റെ കാര്യത്തില്‍ ഊറ്റം കൊള്ളുന്ന യുവജന സംഘടനകള്‍ രാഷ്ട്രീയ മേലാളന്മാരുടെ പാദസേവ ചെയ്ത് മൗനം ദീക്ഷിക്കുകയാണ്. ഉദ്യോഗസ്ഥ നിയമന മേഖലയില്‍ നടമാടുന്ന അഴിമതിയെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി നിയമന രീതികള്‍ സുതാര്യമാക്കാന്‍ യുവജന പോരാട്ടത്തിന് കഴിയണം. പരസ്പരം വീതംവെച്ച് സര്‍ക്കാര്‍ നിയമനങ്ങള്‍ സ്വന്തമാക്കുന്നവരെ കണ്ടെത്താന്‍ നീതിന്യായ പീഠങ്ങളെങ്കിലും മുന്നോട്ടുവരേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: