നീലക്കുറുക്കന്റെ കഥയ്ക്ക് എന്നും അങ്കണവാടി പ്രായമാണ്. അധികാരക്കസേരയില്‍ ഉണ്ടുറങ്ങി വാഴുന്നതിനിടെ അഴിമതിക്കുറുക്കന്മാര് ഓരിയിടുന്ന കാലം വരെയുള്ള ആയുസ്സാണ് നീലക്കുറുക്കന് പറഞ്ഞിട്ടുള്ളത്. കഥയിലും വിദ്വാന് ഒരു അത്ഭുതപ്പിറവിയായിരുന്നല്ലോ. കാട് വാഴാന്‍ ഉടയതമ്പുരാന് ഒപ്പുവെച്ച അപ്പോയിന്റ്മെന്റ് ഓര്ഡറുമായിട്ടാണല്ലോ അദ്ദേഹവും പ്രത്യക്ഷപ്പെട്ടത്. ദല്‍ഹിയില്‍ ആപ്പ് നേതാവ് കേജ്രിവാളിന്റെ രംഗപ്രവേശത്തിന് നീലക്കുറുക്കന് കഥയുടെ പരിണാമഗുപ്തി ഉണ്ടാവുന്നെങ്കില്‍ അത് ഒട്ടും യാദൃച്ഛികമല്ല, പുള്ളിക്കാരന്റെ കയ്യിലിരുപ്പ് കൊണ്ടാണെന്ന് സാരം.
സോണിയയും മക്കളും മരുമകനും പിന്നെ ഇറ്റലിയിലുള്ള കുടുംബക്കാരുമെല്ലാം കൂടി നയിച്ച യുപിഎ എന്ന കോര്‍പ്പറേറ്റ് കുംഭകോണ മുന്നണിയുടെ ഭരണത്തിന്റെ വിസര്‍ജ്യമാണ് ഒരര്‍ത്ഥത്തില്‍ അരവിന്ദ് കേജ്രിവാളിന്റെ ആപ്പ്. അഴിമതിയുടെ അഴുക്കുകള്‍ കുമിഞ്ഞുകൂടി രാജ്യം ദുര്‍ഗന്ധത്തില്‍ വീര്‍പ്പുമുട്ടിയപ്പോള്‍ രൂപം കൊണ്ട അഴിമതിവിരുദ്ധപ്രക്ഷോഭത്തില് നുഴഞ്ഞുകയറിയാണ് കേജ്രിവാള് തന്റെ അതിമോഹങ്ങള്‍ക്ക് നിറം പകര്‍ന്നത്. മഹാരാഷ്ട്രയിലെ റാലെ ഗണ സിന്ധിയില്‍ നിന്ന് ദല്‍ഹിയിലേക്ക് അഴിമതിക്കെതിരായ പോരാട്ടവുമായി അണ്ണാ ഹസാരെ നീങ്ങിയ കാലമായിരുന്നു അത്. ഹസാരെയുടെ സമരപ്പന്തലിലേക്കാണ് അഴിമതിവിരുദ്ധപോരാട്ടത്തിന്റെ വെള്ളത്തൊപ്പിയുമിട്ട് കേജ്രിവാള് കടന്നുചെന്നത്.
അഴിമതിക്കെതിരെ ഇന്ത്യ എന്നെഴുതിയ വെള്ളത്തൊപ്പിയില്‍ കേജ്രിവാളിന്റെ അത്യാഗ്രഹം ആപ്പ് ആയി കുടിയേറി. അഴിമതിവിരുദ്ധപോരാളിയെന്ന കുപ്പായവുമണിഞ്ഞ് നിരത്തിലിറങ്ങിയപ്പോള്‍ ജനങ്ങള്‍ അമ്പരന്നു. റവന്യൂ സര്‍വീസില്‍ ഇന്‍കം ടാക്സ് ജോയിന്റ് കമ്മീഷണറായിരുന്ന ഒരുവന് അഴിമതിക്കെതിരെ രാഷ്ട്രീയപോരാട്ടം നടത്തുന്നുവെന്നായിരുന്നു ഖ്യാതി. നീലക്കുറുക്കനെ കണ്ട് അന്തംവിട്ടുപോയ കൂട്ടരെപ്പോലെ കേജ്രിവാള് ആംആദ്മിയുടെ രക്ഷകനാകുമെന്ന് അവര്‍ പാടി നടന്നു.
അതുവരെ നാട്ടിലെങ്ങും കാണാന്‍ കിട്ടാത്ത ഒരിനം രാഷ്ട്രീയ പാര്‍ട്ടിയെ ദല്‍ഹിക്കാര്‍ വരവേറ്റത് വല്ലാത്ത ആവേശത്തോടെയായിരുന്നു. ആകെയുള്ള എഴുപതില്‍ അറുപത്തേഴ് സീറ്റും വെള്ളിത്തളികയിലാക്കി അവര്‍ ആപ്പന്മാര്‍ക്ക് കാണിക്ക വെച്ചു. ഉദ്യോഗസ്ഥപ്രഭുക്കന്മാര്‍ ആംആദ്മിയുടെ വേഷമിട്ട് ഭരണം തുടങ്ങി. കസേരയില്‍ അമര്ന്നിരിക്കാന് അവസരം കിട്ടിയതോടെ ആപ്പ് നേതാക്കന്മാര് അല്പന്മാരാണെന്ന് ജനം തിരിച്ചറിഞ്ഞുതുടങ്ങി. പലരും ഒരുളുപ്പുമില്ലാതെ അര്‍ധരാത്രിയില്‍ കുട പിടിച്ചു.
നിയമമന്ത്രിയായി നിയോഗിക്കപ്പെട്ട വിദ്വാന് ഒരുദിവസം ജഡ്ജിമാരുടെ സമ്മേളനം വിളിക്കാനായിരുന്നു പൂതി. കേജരിവാളന്‍ വാളുമെടുത്ത് പുറപ്പെട്ടത് ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ. ജനലോക്പാല്ബിലും വെള്ളത്തിന്റെയും വൈദ്യുതിയുടെയും ചാര്‍ജ് കുത്തനെ കുറയ്ക്കുമെന്ന വാഗ്ദാനവുമടക്കം പറഞ്ഞത് മിക്കതും വെള്ളത്തില്‍ വരച്ച വരയായി.
ദല്‍ഹിയിലെ ആംആദ്മി വാഹനപ്പെരുക്കത്തിന്റെ പുകമഞ്ഞില്‍ കിടന്ന് ശ്വാസം മുട്ടി. കള്ളന്മാരും പിടിച്ചുപറിക്കാരും പീഡനവീരന്മാരും ‘ആപ്പ് സര്‍ക്കാര്‍ ഞങ്ങടെ സര്‍ക്കാര്‍’ എന്ന് മുദ്രാവാക്യം വിളിച്ചു. ‘എന്താ ഇങ്ങനെ?’ എന്ന് ചോദിച്ചവരോട് മോദിയുടെ പടം ചൂണ്ടിക്കാട്ടി കൈമലര്‍ത്തി. ഇന്‍കംടാക്സിലെ ജോയിന്റ് കമ്മീഷണറുദ്യോഗത്തിലെന്ന പോലെ മുഖ്യമന്ത്രി പദത്തിലും ജോലി ചെയ്യാതെ ശമ്പളം വാങ്ങാനുള്ള സൂത്രപ്പണികളായിരുന്നു ആശാനെ ശ്രദ്ധേയനാക്കിയത്. അഴിമതി വിരുദ്ധ സമരപ്പന്തലില്‍ നിന്ന് രാഷ്ട്രീയപാര്‍ട്ടിയുടെ കൊടിയും പിടിച്ച് ഇറങ്ങിയപ്പോഴേ അണ്ണാ ഹസാരെ വിളിച്ചുപറഞ്ഞതാണ് ‘കള്ളന് കള്ളന്’ എന്ന്. അതേറ്റ് വിളിച്ച് ഓടിയ ആള്‍ക്കൂട്ടത്തിന്റെ മുന്നില്‍ കയറി കൊടിപിടിച്ചോടുകയായിരുന്നു കേജ്രിവാള് എന്ന് ഇന്ന് എല്ലാവര്ക്കും തിരിഞ്ഞിട്ടുണ്ട്.
നരേന്ദ്രമോദിയുടെ പ്രഭാവത്തില്‍ ഭാരതമൊട്ടാകെ താമരക്കാലമാകുന്നതില് വിറളി പിടിച്ചിരുന്നവരുടെ മുന്നിലേക്കാണ് ഹസാരെയുടെ സമരപ്പന്തലില്‍ വീണ് തൊപ്പി തലയില്‍ കയറിയ ആപ്പന്റെ വരവ്. പിന്നെന്തായിരുന്നു വാഴ്ത്തലുകള്‍. ദല്‍ഹി തെരഞ്ഞെടുപ്പിലെ അന്തം വിട്ട വിജയം കൂടിയായപ്പോള്‍ ആപ്പന് നമ്മുടെ പിണറായി വിജയന്റെ പാര്‍ട്ടിക്കാര്‍ക്ക് പോലും ആവേശമായി.
ദല്‍ഹിയില്‍ നിന്ന് ആംആദ്മിയുടെ കൊടിയും പിടിച്ച് ഗോവയിലും പഞ്ചാബിലും യുപിയിലും ഗുജറാത്തിലും മഹാരാഷ്ട്രയിലുമൊക്കെ കറങ്ങിയടിച്ചെങ്കിലും ജനം ആ ഓരിയിടല്‍ കേട്ടുതുടങ്ങിയിരുന്നു. നല്ലൊരു മഴയത്ത് ഒലിച്ചുപോകാവുന്ന നിറമേ ആപ്പ് നേതാവിന്റെ അഴിമതി വിരുദ്ധതയ്ക്ക് ഉള്ളൂ എന്നതാണ് ഈ തെരഞ്ഞെടുപ്പുകളെല്ലാം കാട്ടിത്തന്നത്. അഴിമതിയുടെ ആള്‍രൂപങ്ങളായി ഓടി നടന്ന് നാട് കട്ടുമുടിച്ച എല്ലാ വേന്ദ്രന്മാരും കേജരിവാളിലാണ് പിന്നെ ആശ്രയം കണ്ടത്. ആപ്പും എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസും ലാലുവിന്റെ കാലിത്തീറ്റ പാര്‍ട്ടിയും എല്ലാം കൂടി കെട്ടിപ്പിടിച്ചാണ് ഇപ്പോള്‍ നില്പ്. ആപ്പ് അഴിമതിക്കെതിരെ പറഞ്ഞാല്‍ നാട്ടുകാര്‍ ചിഹ്നമെടുത്ത് വീക്കുന്ന പരുവമാണിപ്പോള്‍.
അഖില ലോക മോദി വിരുദ്ധരുടെ ആശാകേന്ദ്രവും ആവേശവുമായിരുന്ന ആപ്പ് മുഖ്യന് ഇപ്പോള്‍ മാപ്പ് പറയുന്ന തിരക്കിലാണ്. സര്‍ക്കാര്‍ പരിപാടികള്‍ക്ക് പോലും സമയം കിട്ടുന്നില്ല. കൂലിക്ക് ആളിനെ വെച്ച് മാപ്പ് എഴുതലാണ് ഇപ്പോഴത്തെ പണി. ആറക്കശമ്പളം അണാ പൈസ കുറയാതെ എണ്ണിവാങ്ങി പോക്കറ്റിലാക്കി അതിന്റെ തിളക്കത്തില്‍ ഏമ്പക്കവും വിട്ട് നടക്കുന്ന കുറേ അണ്ണന്മാരാണ് രാജ്യത്തെ ആം ആദ്മികളെന്ന് കണ്ടെത്തിയ ആളാണ് ഇപ്പോള്‍ ഓടി നടന്ന് ഏത്തമിടുന്നത്.
ഇതിനകം മാപ്പെണ്ണം അഞ്ച് തികഞ്ഞു. ഇനിയും വരുന്നുണ്ട് പത്ത് മുപ്പത്തഞ്ച് കേസുകള്‍. മാപ്പ് ഇന്‍സ്റ്റാള്‍മെന്റായി പറഞ്ഞാല്‍ മതിയോ എന്ന അന്വേഷണത്തിലാണ് ആപ്പിന്റെ പാണന്മാര്. ആര്‍എസ്എസും ഗാന്ധിവധവും ലഹരിയാക്കിയ പപ്പുമോന് പറഞ്ഞതിനേക്കാള്‍ എമണ്ടന്‍ മാപ്പുകളാണ് കേജ്രിവാളിന്റെ വകയായി വന്നുകൊണ്ടിരിക്കുന്നത്. എന്നുപറഞ്ഞാല്‍ അമ്മാതിരി കള്ളങ്ങളാണല്ലോ അഴിമതിവിരുദ്ധ സത്യവാന് മൊഴിഞ്ഞുകൊണ്ടിരുന്നത്.
നാട്ടിലൊരുവിധം കൊള്ളാവുന്ന എല്ലാവരെക്കുറിച്ചും ആപ്പ് മുഖ്യന് പച്ചക്കള്ളം തട്ടിവിട്ടിട്ടുണ്ട്. ഗഡ്കരിയും കപില്‍ സിബലും അരുണ്‍ ജെറ്റ്ലിയും മുതല്‍ നരേന്ദ്രമോദി വരെയുള്ളവര്‍ക്കെതിരെ നട്ടാല്‍ കിളിര്‍ക്കാത്ത കള്ളം ഒരുളുപ്പുമില്ലാതെ പറയുകയായിരുന്നു വീണുകിട്ടിയ അധികാരക്കസേര മുതലാക്കി ഇയാള്‍ ഇത്ര കാലം ചെയ്തത്. ഓരോ കള്ളത്തിനും ഒന്നാം പേജില്‍ മുഴുത്ത ഇടം നല്കി ആഘോഷിച്ചവരാണ് രാജ്യത്തെ മോദി വിരുദ്ധ മാധ്യമപ്പട. പറയുന്നവന്റെ വിശ്വാസ്യത എന്തെന്ന് പോലും നോക്കാതെയായിരുന്നു അത്തരം പ്രചാരണം നാട്ടിലെമ്പാടും നടന്നത്.
താനൊരാള്‍ മാത്രം വിശുദ്ധനാണെന്നും മറ്റുള്ളോരെല്ലാം കള്ളന്മാരുമാണെന്നായിരുന്നു കേജ്രിവാളിന്റെ തള്ള്. ഇപ്പോള്‍ എന്തായാലും തള്ളിനിത്തിരി കുറവുണ്ട്. ഒപ്പമുണ്ടായിരുന്ന അറുപത്തേഴില്‍ പകുതിയെണ്ണത്തിന്റെയും ചീട്ടുകീറിയതോടെ പലനാള്‍ കള്ളന് ഒരു നാള് പിടിയില്‍ എന്ന പഴഞ്ചൊല്ലിലെങ്കിലും പതിരില്ലെന്ന് തെളിഞ്ഞു. മാര്‍ക്ക് ലിസ്റ്റ് തിരുത്തലും പീഡനവും കോളനി കയറി അതിക്രമവുമടക്കമുള്ള വിഷയങ്ങളില്‍ ബിരുദവും ബിരുദാനന്തരബിരുദവുമുള്ള ഉരുപ്പടികളെ കൂട്ടി സാധാരണക്കാരന്റെ പാര്‍ട്ടിയെന്ന് പേരുമിട്ട് നാട്ടുകാരെ വെറുപ്പിക്കാന്‍ സാധാരണ തൊലിക്കട്ടിയൊന്നും പോരായെന്ന് മനസ്സിലാക്കാന്‍ കേജ്രിവാളിനെ കണ്ടാല്‍ മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: