”ഭാഷ അറിയാത്ത തലമുറ എന്നെ മറന്നു പൊയ്‌ക്കൊള്ളട്ടെ” എന്ന് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരവും മലയാണ്മയുടെ പൂക്കാലവുമായ ഒരു കവി വിലപിക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ സഹൃദയലോകം ഞെട്ടുകയാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന കവി കണ്ടറിഞ്ഞതും കൊടുത്തറിഞ്ഞതും അടുത്തറിഞ്ഞതുമായ സാംസ്‌കാരികധാരയുടെ ഒഴുക്ക് തടസ്സപ്പെടുത്താന്‍ പാകത്തില്‍ ഒരു തലമുറ വളര്‍ന്നുവരികയാണ്. അതില്‍ മനംനൊന്ത് അദ്ദേഹം അപേക്ഷാപൂര്‍വം മലയാളികളുടെ മുമ്പില്‍ തൊഴുകൈയോടെ പ്രാര്‍ത്ഥിക്കുകയാണ്. ”എന്റെ കവിതകള്‍ സ്‌കൂളിലും കോളജിലും സര്‍വകലാശാലകളിലും പഠിപ്പിക്കരുത്.” ഇത് മലയാളത്തെ ശ്രേഷ്ഠഭാഷയാക്കാന്‍ നിസ്തന്ദ്രം പ്രവര്‍ത്തിച്ചിരുന്ന, പ്രവര്‍ത്തിക്കുന്നവരുടെ നെഞ്ചില്‍ കനല്‍കോരിയിടുന്ന പ്രതീതിയാണുളവാക്കുന്നത്.
ഭാഷയുടെ ആത്മാവും വികാരവും എന്തെന്നറിയുന്ന, കടന്നുകാണുന്നവന്റെ ഈ രോദനത്തിന് ഇടവെച്ചതാരാണ്? ആംഗലേയ ഭാഷയെ സ്വര്‍ഗതുല്യം കരുതുകയും അതിലെ ഒരക്ഷരത്തെറ്റുപോലും ലോകം ഇടിഞ്ഞുപൊളിഞ്ഞു വീഴുന്ന പ്രതീതിയുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്ന ആധുനിക ധ്വരമാര്‍ മലയാണ്‍മയുടെ അഭിമാനത്തെ നിരന്തരം വസ്ത്രാക്ഷേപം നടത്തുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ്. അല്ലെങ്കില്‍ നിസ്സാരമായി കാണുകയാണ്. മലയാളഭാഷയും സാഹിത്യവും പഠിച്ച് ഗവേഷണം നടത്തുന്നവര്‍ പോലും അക്ഷരത്തെറ്റില്ലാതെ ഒരു വാക്യം എഴുതുന്നില്ലെന്ന് വരുന്നത് എന്തൊരു ദുരന്തമാണ്.
പഠന വൈകല്യത്തിന് തന്റെ കവിത പാത്രീഭവിക്കരുതെന്ന തികച്ചും ന്യായമായ ഒരാവശ്യമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് മുമ്പോട്ടുവെയ്‌ക്കുന്നത്. ഈയടുത്ത് ഒരു കോളജിലെ പരിപാടിയില്‍ പങ്കെടുക്കവെ ബിരുദാനന്തരവിദ്യാര്‍ത്ഥി ഒരു പ്രത്യേക കവിത ചൊല്ലണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കുറിപ്പ് കണ്ടപ്പോഴാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന് വിഷമം തോന്നിയത്. ജാതി, മത, രാഷ്‌ട്രീയ താല്‍പ്പര്യങ്ങളിലൂടെ അധ്യാപകരാവുന്നവര്‍ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ഗുരുതരമായ പിഴവാണ് വരുത്തുന്നതെന്ന് അദ്ദേഹം വേദനയോടെ ചൂണ്ടിക്കാട്ടുന്നു. ഇതുവരെ ഒരവാര്‍ഡിനും വശംവദനാവാത്ത ഈ കവി തന്റെ നിസ്സഹായത വെളിപ്പെടുത്തുമ്പോള്‍ ആരാണ് യഥാര്‍ത്ഥ കവിയെന്ന് സമൂഹത്തിന് മനസ്സിലാവുകയാണ്.
അക്ഷരം നന്നായി പഠിച്ചതിനുശേഷം മാത്രം തന്റെ കവിത പഠിപ്പിച്ചാല്‍ മതിയെന്നാണ് ബാലചന്ദ്രന്‍ പറയുന്നത്. 80 കളില്‍ എറണാകുളം മഹാരാജാസ് കോളജിലെ ഇടനാഴികളില്‍ മുഴങ്ങിയ ക്ഷുഭിത യൗവനത്തിന്റെ കനലാട്ടം ഇപ്പോഴും ആ വ്യക്തിത്വത്തില്‍ വജ്രശോഭയോടെ നിലനില്‍ക്കുന്നു എന്നു കാണാം. ”പകുതി ഹൃത്തിനാല്‍ വെറുക്കുമ്പോള്‍ നിങ്ങള്‍ പകുതി ഹൃത്തിനാല്‍ പൊറുത്തുകൊള്ളുക” എന്ന് ബാലചന്ദ്രന്‍ വളരെ മുമ്പേ തന്നെ പറഞ്ഞിട്ടുണ്ട്. ഇന്നത്തെ അസ്വസ്ഥ വിദ്യാഭ്യാസത്തിന്റെ ഉമ്മറത്തേക്ക് നോക്കി ”എന്റെ കവിത പഠിപ്പിക്കേണ്ട” എന്നു പറയുമ്പോഴും അതേ വികാരം തന്നെയാണ് അദ്ദേഹം മുന്നോട്ടുവെയ്‌ക്കുന്നത്.
കവി കരയുമ്പോള്‍ കാലത്തിന് മുറിവേല്‍ക്കും; ആ മുറിവില്‍ നിന്നുള്ള ചോര നിലയ്‌ക്കാതെ ഒഴുകിക്കൊണ്ടിരിക്കും. അത്തരമൊരു ഗതികേട് വരുത്താതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തരമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസ വിദഗ്ധരുള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ ഗൗരവത്തോടെ ഇടപെടണമെന്നാണ് ഞങ്ങളുടെ ആത്മാര്‍ത്ഥമായ അഭ്യര്‍ത്ഥന. ബാലചന്ദ്രന്റെ കവിത തലമുറകളോളം വായിക്കപ്പെടണം. ഇല്ലെങ്കില്‍ ഒരനുഭവസാമ്രാജ്യമാണ് നഷ്ടപ്പെടുക. ‘മാ നിഷാദ’ എന്നു പറയാന്‍ ഒരു കവിക്കേ കഴിയൂ എന്ന് നാം മനസ്സിലാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: