ആലപ്പുഴ: പട്ടികവര്‍ഗക്കാരായ വിദ്യാര്‍ഥികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ല ഭരണകൂടം നടപ്പാക്കുന്ന ഒപ്പം പദ്ധതിയുടെ വെബ്സൈറ്റ് പ്രകാശനം ചെയ്തു. ജില്ലയില്‍ വിവിധ ക്ലാസുകളിലായി അഞ്ഞൂറോളം വിദ്യാര്‍ഥികളാണ് ഈ വിഭാഗത്തില്‍ നിന്നുള്ളത്.
ഇതില്‍ തന്നെ പത്താം ക്ലാസുകാര്‍ നൂറില്‍ താഴെയും. ഇവരെ പഠനത്തില്‍ സഹായിക്കുകയെന്നതിനപ്പുറം ജീവിതത്തില്‍ ഒപ്പമുണ്ടാവുകയെന്നതാണ് ഒപ്പത്തിന്റെ സന്ദേശം. ജില്ല പട്ടികവര്‍ഗ വികസന വകുപ്പിന്റെ പുതിയ ഈ സംരംഭത്തിന് ജില്ല ഭരണകൂടവും ഒപ്പമാകുകയാണ്. ജില്ല കളക്ടര്‍ ടി.വി. അനുപമ വെബ്സൈറ്റ് പ്രകാശനം ചെയ്തു.
വിദ്യാഭ്യാസപരമായി മുന്നോട്ടുനയിക്കുന്നതിനും ദിശാബോധം നല്‍കുന്നതിനും ജീവിതവിജയത്തിലേക്കു ചുവടുറപ്പിക്കുന്നതിനും മാനസികമായ പിന്തുണ നല്‍കുന്ന തരത്തിലുള്ള ഇടപെടലാണ് ഒപ്പത്തിന്റെ ലക്ഷ്യം. മാധ്യമപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, സമൂഹപ്രവര്‍ത്തകര്‍, രാഷ്‌ട്രീയപ്രവര്‍ത്തകര്‍, വനിത-ശിശു അവകാശ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തകര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ ഉപദേശകരാകാന്‍ എത്തി.
ഇവര്‍ക്കായുള്ള പ്രത്യേക ക്യാമ്പ് ഏപ്രില്‍ – മെയ് മാസങ്ങളിലായി സംഘടിപ്പിക്കും. ആദ്യഘട്ടത്തില്‍ കായംകുളത്താണ് പദ്ധതിക്കു തുടക്കമിടുന്നതെങ്കിലും അടുത്ത അദ്ധ്യയനവര്‍ഷം തുടങ്ങുന്നതോടെ ജില്ല മുഴുവന്‍ വ്യാപിപ്പിക്കും.
കുസാറ്റിലെ ഒരു പറ്റം വിദ്യാര്‍ത്ഥികളാണ് ഒപ്പത്തിന്റെ വെബ്സൈറ്റ് സൗജന്യമായി രൂപകല്‍പ്പന ചെയ്തുനല്‍കിയത്. ഇവരുടെ സ്റ്റാര്‍ട്ട്അപ്പ് സംരംഭമായ അബസൊല്യൂട്ട് ടെക്നോളജിയാണ് സൈറ്റിനു പിന്നില്‍.
















