മലയാളികള്‍ ഏറെ മുന്നിലാണ്. സഭ്യതയില്‍, സംസ്കാരത്തില്‍, വിദ്യാഭ്യാസത്തില്‍, ആരോഗ്യമേഖലയില്‍ എന്നിങ്ങനെ പോകുന്നു അവകാശ വാദങ്ങള്‍. ഇതിനെക്കാള്‍ ശ്രദ്ധേയമാകുന്നത് മദ്യ ഉപഭോഗത്തിലാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മദ്യംഉപയോഗിക്കുന്ന ജനത അധിവസിക്കുന്നത് കേരളത്തിലാണെന്നാണ് കണക്ക്. സന്തോഷമായാലും സങ്കടമായാലും ഉത്സവമായാലും കല്യാണമായാലും മദ്യം ഒഴിവാക്കാന്‍ പറ്റാത്ത സ്ഥിതി. മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്ന് കോടികള്‍ പരസ്യം നല്കുന്ന സര്‍ക്കാറുകള്‍ തന്നെ മദ്യത്തിന്റെ ലഭ്യത സര്‍വ്വ വ്യാപകമാക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുക്കുന്നു. ഈ ഇരട്ടത്താപ്പ് കേരളത്തിന്റെ സര്‍വ്വമാന പുരോഗതികളെയും തകിടം മറിക്കുകയാണ്. സര്‍ക്കാറുകള്‍ ഇടതായാലും വലതായാലും മദ്യത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിലും മലയാളികളെ മയക്കിക്കിടത്തുന്നതിലും മടിയൊന്നും കാണിക്കാറില്ല. യുഡിഎഫ് സര്‍ക്കാര്‍ കോടതിവിധികളുടെ പശ്ചാത്തലത്തില്‍ ബാര്ഹോട്ടലുകള്ക്കുള്ള അനുമതിയില്‍ നിയന്ത്രണം വരുത്താന്‍ നിര്‍ബന്ധിതമായെങ്കിലും കോടതിവിധികളെ മറികടന്ന് മദ്യഷാപ്പുകള്‍ വ്യാപകമാക്കാനുള്ള തന്ത്രങ്ങളാണ് ഇടതുസര്‍ക്കാര്‍ മെനഞ്ഞത്.
ഇടത് സര്‍ക്കാര്‍ മദ്യ നയത്തില്‍ നിര്‍ലജ്ജം കള്ളക്കളികളാണ് നടത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മദ്യവ്യാപാരികളുടെ പിന്തുണ ഉറപ്പാക്കിയത് വന്‍ വാഗ്ദാനങ്ങള്‍ നല്‍കിയാണ്. പൂട്ടിയ ബാറുകള്‍ തുറക്കാനുള്ള സാഹചര്യങ്ങളുണ്ടാക്കാമെന്ന് ഉറപ്പുനല്‍കിയതായി ബാര്‍ ഉടമാ സംഘടനാനേതാക്കള്‍ തന്നെ അവകാശപ്പെട്ടിരുന്നു. ബാര്‍ ഉടമകള്‍ക്ക് നല്കിയ ഉറപ്പുപാലിക്കാന്‍ വാശിയോടെയാണ് ഇടത് സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പ്രകടന പത്രികയിലൂടെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കിയ ഉറപ്പുണ്ട്. മദ്യവര്‍ജ്ജനം എന്ന പ്രഖ്യാപിത നയം നടപ്പാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കും എന്നതായിരുന്നു അത്. എന്നാല്‍ അത് പാടേ വിസ്മരിച്ചിരിക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമായി വിദേശമദ്യ വില്‍പ്പന പരിമിതപ്പെടുത്തിയതിനെ ഇടത് സര്‍ക്കാര്‍ കാറ്റില്‍ പറത്തുന്നു. പഞ്ചനക്ഷത്രമില്ലാതെയും മദ്യം വിളമ്പാനുള്ള സൗകര്യമാണ് ഇപ്പോള്‍ ഒരുക്കുന്നത്. രണ്ടും മൂന്നും നക്ഷത്രപദവിയുള്ള ഹോട്ടലുകള്‍ക്ക് പദവി ഉയര്‍ത്തിക്കിട്ടാന്‍ തട്ടിക്കൂട്ട് പദ്ധതികള്‍ക്ക് അനുമതി നല്കി. ദൂരപരിധിയും ലഘൂകരിച്ചു. എങ്ങിനെയൊക്കെ മദ്യംവര്ജ്ജിക്കാമെന്നല്ല, വില്‍പ്പന വ്യാപിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ ചിന്തിച്ചത്.
മദ്യപാനം സാമൂഹ്യവിപത്താണെന്ന് സര്‍വ്വരും സമ്മതിക്കുന്നു. അതിന്റെ നിരോധനം ഫലപ്രദമല്ലെന്ന് ഉദയഭാനു കമ്മീഷനടക്കം വിലയിരുത്തിയെങ്കിലും മദ്യവര്‍ജ്ജനം പ്രോത്സാഹിപ്പിക്കാനാണ് മുഖ്യമായും നിര്‍ദ്ദേശിച്ചത്. അതിനെ ഇടത് സര്‍ക്കാര്‍ പിന്തുണക്കുമെന്ന് പറയുമ്പോഴും മദ്യലഭ്യത ഉദാരമാക്കുന്നതോടെ ലക്ഷ്യം പാളുകയാണ്. പ്രായമോ സാമ്പത്തിക പരിമിതിയോ നോക്കാതെ മദ്യഉപയോഗം വ്യാപകമാകുമ്പോള്‍ കുടുംബം മാത്രമല്ല സാമൂഹ്യ ഭദ്രതപോലും അലങ്കോലമാകുന്നു. ആത്മഹത്യകളും അപകടങ്ങളും സംഘര്‍ഷങ്ങളും വര്‍ധിക്കുന്നതിന്റെ പിന്നാമ്പുറം തേടിയാല്‍ മദ്യത്തിന്റെ സാന്നിധ്യം പകല്‍പോലെ വ്യക്തമാണ്. അതുകൊണ്ടുതന്നെയാണ് മത-സാമൂഹ്യസംഘടനകളും മദ്യലഭ്യത ഉദാരമാക്കാനുള്ള തീരുമാനത്തെ ശക്തമായി അപലപിക്കുന്നത്.
എന്നാല്‍ മദ്യവിപത്തിനെതിരെ ശബ്ദിക്കുന്ന ക്രൈസ്തവ സഭകള്‍ക്കെതിരെ ഭീഷണിയുമായി മന്ത്രിമാരും നേതാക്കളും മുന്നിട്ടിറങ്ങുമ്പോള്‍ ആശങ്കയാണ് ഉയര്‍ത്തുന്നത്. സര്‍ക്കാര്‍ ഖജനാവിനെ സമ്പന്നമാക്കാന്‍ മദ്യവില്‍പ്പനയെ ആശ്രയിക്കുമ്പോള്‍, ഇത് സാമൂഹ്യഭദ്രതയെയും കുടുംബബന്ധങ്ങളെയും തകിടും മറിക്കുമെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ വിസ്മരിക്കുന്നത് സങ്കടകരമാണ്. നഗരപരിധിയുടെ മാനദണ്ഡങ്ങള്‍ പോലും ലംഘിച്ച് മദ്യമൊഴുക്കാനുള്ള ഇടതുസര്‍ക്കാര്‍ തീരുമാനം മനുഷ്യസ്നേഹികള്‍ക്ക് അംഗീകരിക്കാനാവില്ല. മലയാളികളെ മദ്യത്തില്‍ മുക്കാനുള്ള നിലപാട് പിന്‍വലിക്കുകതന്നെ വേണം. അതിനായി ജനകീയ പ്രതിരോധം രൂപപ്പെടുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: