ഒന്നിലധികം കഥകള്‍, പല ജീവിതങ്ങള്‍, ഇരകള്‍, ഒടുവില്‍ എല്ലാം ഒരു ബിന്ദുവിലെത്തുന്നു. ഇരയാണോ വേട്ടക്കാരനാണോ എന്ന ആശയക്കുഴപ്പം പ്രേക്ഷകനില്‍ അവസാനം വരെ സൃഷ്ടിക്കാനാവുന്നതാണ് ഉണ്ണിമുകുന്ദന് നായകനായ ‘ഇര’ എന്ന ചിത്രത്തിന്റെ വിജയം.
സംവിധായകന് വൈശാഖിനൊപ്പം സഹസംവിധായകനായി ഏറെക്കാലം പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തുമായാണ് സംവിധായകന് എസ്.എസ്.സൈജുവിന്റെ വരവെന്ന് ചിത്രം സാക്ഷ്യപ്പെടുത്തുന്നു. ഒരു പുതുമുഖസംവിധായകന്റെ അങ്കലാപ്പുകളൊന്നുമില്ലാതെ നിവിന്ജോണിന്റെ തിരക്കഥയ്ക്ക് ദൃശ്യഭാഷ്യമൊരുക്കാന്‍ സൈജുവിനായി.
മന്ത്രി ചാണ്ടിയുടെ (അലന്‍സിയര്‍) മരണവുമായി ബന്ധപ്പെട്ടാണ് ചിത്രം തുടങ്ങുന്നത്. കേസില്‍ പ്രതിയാക്കപ്പെടുന്ന ഡോ.ആര്യന്റെ (ഗോകുല്‍ സുരേഷ്) നിരപരാധിത്വത്തിന്റെ സൂചനകള്‍ നല്‍കിയാണ് ചിത്രം മുന്നേറുന്നത്. കേസന്വേഷണത്തിനെത്തുന്ന കേന്ദ്രഉദ്യോഗസ്ഥനായ രാജീവ് (ഉണ്ണിമുകുന്ദന്) ഡോ.ആര്യന്റെ പിന്നാമ്പുറങ്ങള്‍ തേടിപ്പോകുന്നതോടെ ചിത്രം അതിവേഗം മുന്നോട്ടുനീങ്ങും. ഉണ്ണിമുകുന്ദനൊപ്പമെത്തുന്ന പാഷാണം ഷാജിയുടെ കോമഡികളും ആര്യന്റെ പ്രണയവും ആദ്യപകുതിയില്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തും.
ഡോ.ആര്യന്റെ പുറകെ സഞ്ചരിച്ച പ്രേക്ഷകരെ രണ്ടാംപകുതിയില്‍ സംവിധായകന് വഴിതിരിച്ചുവിടും. രാജീവിന്റെ പിന്നാലെയാണ് പിന്നീട് യാത്ര. ആദ്യപകുതിയില്‍ നിരഞ്ന ഗോകുല്സുരേഷിന്റെ നായികയായപ്പോള്‍ രണ്ടാംപകുതിയില്‍ ഉണ്ണിമുകുന്ദന്റെ നായികയായെത്തിയ മിയ തിളങ്ങി. പ്രണയവും രാഷ്ട്രീയവും പ്രതികാരവും അഴിമതിയുമൊക്കെ ചര്‍ച്ച ചെയ്യുന്ന ‘ഇര’ സസ്പെന്സുകള് കൊണ്ട് പ്രേക്ഷകരെ അമ്പരിപ്പിക്കും. പ്രേക്ഷകനൊരിക്കലും ചിത്രത്തിന്റെ ക്ളൈമാക്സ് സങ്കല്പിക്കാന് അവസരം നല്‍കാതെയാണ് ചിത്രത്തിന്റെ ഒഴുക്ക്.
ഗോപീസുന്ദറിന്റെ പശ്ചാത്തലസംഗീതം ‘ഇര’ എന്ന സസ്പെന്‍സ് ത്രില്ലര്‍ ചിത്രത്തിന് ശരിക്കും മുതല്‍ക്കൂട്ടാവുന്നുണ്ട്. രണ്ടാം പകുതിയില്‍ പൂയംകുട്ടി വനമേഖലയുടെ സൗന്ദര്യം ഒപ്പിയെടുത്ത് ഛായാഗ്രാഹകന്‍ സുധീര്‍ സുരേന്ദ്രനും എഡിറ്റിംഗ് നിര്‍വ്വഹിച്ച ജോണ്‍കുട്ടിയും മികവുതെളിയിച്ചു. അലന്‍സിയറും ശങ്കര്‍രാമകൃഷ്ണനും കൈലാഷും ലെനയും തങ്ങളുടെ കഥാപാത്രങ്ങളെ കൈയ്യടക്കത്തോടെ അവതരിപ്പിച്ചു. സംവിധായകന് വൈശാഖും എഴുത്തുകാരന് ഉദയകൃഷ്ണനും ചേര്‍ന്ന് നിര്‍മ്മിച്ച ‘ഇര’ പ്രേക്ഷകനെ എന്തായാലും തീയേറ്ററില്‍ പിടിച്ചിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: