പി.ജെ. ആന്റണിയുടേയും തിലകന്റേയും നാടകങ്ങളിലെ പ്രഗത്ഭ നടി. വര്‍ഷങ്ങള്‍ക്കിപ്പുറം സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. ഈ.മ.യൗ, ഒറ്റമുറി വെളിച്ചം എന്നീ സിനിമകളിലെ അഭിനയത്തിനാണ് അവാര്‍ഡ് ലഭിച്ചത്. പുരസ്കാര നിറവിലും പൗളി വത്സന്റെ ജീവിതരീതിയില്‍ മാറ്റം വന്നിട്ടില്ല. അവാര്‍ഡൊക്കെ കിട്ടിയതല്ലേ ഇനി സ്റ്റൈലായി നടക്കണമെന്നാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഉപദേശം. എങ്കിലും പുതുവൈപ്പിലെ വളപ്പ് സ്വദേശിനിയായ പൗളി ഇപ്പോഴും പഴയ പൗളി വത്സന് തന്നെ. അഭിനയം ദിനചര്യയാക്കിയ പ്രതിഭ.
നാടകത്തിലേയ്ക്കുള്ള വഴി
ഓര്‍മ്മവെച്ച നാള് മുതല്‍, നാടകം കണ്ടുതുടങ്ങിയ കാലം മുതല്‍ മനസ്സില്‍ നാടകം ഉണ്ടായിരുന്നു. എന്ത് കിട്ടിയാലും നാടക സംഭാഷണമാക്കി പറഞ്ഞുനോക്കുകയെന്നത് ശീലമായിരുന്നു. ഓച്ചംതുരുത്ത് കോണ്‍വെന്റ് സ്കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത്, ടീച്ചര്‍ ക്ലാസില്‍ ‘ബുദ്ധന്’ എന്ന നാടകം പഠിപ്പിക്കുന്നു. അതിനിടയ്ക്ക് ഞാന്‍ എന്റെ ശൈലിയില്‍ വായിച്ചു, വായിക്കുന്നത് കേട്ട് ടീച്ചറിന്റേയും കുട്ടികളുടേയും ശ്രദ്ധ എന്നിലേക്കായി, അങ്ങനെയാണ് ഡയലോഗ് പറയാനുള്ള എന്റെ കഴിവ് തിരിച്ചറിഞ്ഞത്. പിന്നീട് സ്കൂളില്‍ എന്ത് പരിപാടി നടന്നാലും എന്റെ നാടകം ഉണ്ടാകും. പാട്ട് പാടാനായാലും സ്കിറ്റ് അവതരിപ്പിക്കാനായാലും സജ്ജീവമായിരുന്നു. അന്ന് തുടങ്ങിയ നാടകത്തോടുള്ള താല്‍പ്പര്യം ഇന്നും ഊണിലും ഉറക്കത്തിലും എന്റെയൊപ്പമുണ്ട്.
യുപി സ്കൂളില്‍ നിന്ന് ഹൈസ്കൂളിലേയ്ക്ക് മാറിയപ്പോഴും അതുപോലെതെന്ന. യുവജനോത്സവ വേദികളില്‍ നാടകത്തിന് ധാരാളം സമ്മാനവും കിട്ടിയിട്ടുണ്ട്. സ്കൂളിലെ നാടകങ്ങള്‍ കാണാന്‍ വന്നവരില്‍ പലരും നാടകത്തിലേക്ക് വിളിച്ചു. അന്നൊന്നും അപ്പച്ചന് വിട്ടില്ല. പിന്നെ 1975 ല്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു നാടകത്തിലെ ആര്‍ട്ടിസ്റ്റിന് പകരക്കാരിയായാണ് ഞാന്‍ ആദ്യമായി പ്രൊഫഷണല്‍ നാടക വേദിയിലെത്തിയത്. അപ്പച്ചന് നാടകം കണ്ടുകഴിഞ്ഞപ്പോഴാണ് എനിക്ക് അഭിനയിക്കാന്‍ കഴിവുണ്ടെന്ന് മനസ്സിലായത്. പിന്നീട് എതിര്‍ത്തിട്ടില്ല.
പറവൂരിലുള്ള കമല ചേച്ചിയാണ് പി.ജെ. ആന്റണിയുടെ സമിതിയില്‍ എത്തിച്ചത്. ‘ഫണ്ടമെന്റല്‍’ എന്ന നാടകമാണ് ആദ്യം ചെയ്തത്. പെണ്ണോ മണമോ, നീലക്കടല്‍, പാപികള്‍ അങ്ങനെ തുടര്‍ച്ചയായി നാടകങ്ങള്‍ ചെയ്തു. എത്ര വേദികളെന്ന് ഓര്‍മ്മയില്ല. 1975 ല്‍ തന്നെ വൈഎഫ്എ എന്ന ക്ലബിന്റെ അമച്ച്വര്‍ നാടകമായ ‘സബര്‍മതി’യില്‍ മമ്മൂക്കയുടെ സഹോദരിയായി അഭിനനയിച്ചു.
സിനിമയിലേയ്ക്ക്
2011 ലാണ് സിനിമയിലേയ്ക്ക് എത്തിയത്. സിനിമ എന്നത് സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല. അത്രയേറെ നാടകങ്ങളുണ്ടായിരുന്നു. വീട്ടിലെത്തി കുട്ടികളെ നോക്കണം അതിനിടയ്ക്ക് ദിവസേനയുള്ള നാടകങ്ങളും. പിന്നെ അന്നൊന്നും സിനിമയിലേയ്ക്ക് ശുപാര്‍ശ ചെയ്യാന്‍ ആരും ഉണ്ടായിരുന്നില്ല. പി.ജെ. ആന്റണി ചേട്ടന്റെ നാടകങ്ങളില്‍ ഞാനും തിലകന് ചേട്ടനും നെടുമുടിവേണുവും ഒക്കെ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. തിലകന് ചേട്ടനുമായി അഞ്ച് വര്‍ഷം ഓരേ സമിതിയില്‍ പ്രവര്‍ത്തിച്ചു. അദ്ദേഹത്തെ സിനിമയിലേയ്ക്ക് എത്തിച്ചത് പി.ജെ. ആന്റണിയാണ്. മമ്മൂട്ടിയുടെ അണ്ണന് തമ്പി എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ സിനിമാരംഗത്തേയ്ക്ക് എത്തിയത്.
മമ്മൂട്ടിയുടെ ആദ്യ അഭിനന്ദനം
അണ്ണന് തമ്പി എന്ന ചിത്രത്തില്‍ ഒരു ആംബുലന്‍സില്‍ മൃതദേഹത്തിനൊപ്പം ഇരുന്ന് കരയുന്ന ഒരു സ്ത്രീ, അതായിരുന്നു എന്റെ കഥാപാത്രം. അത് നന്നായി ചെയ്തുവെന്നാണ് വിശ്വാസം, എന്റെ അഭിനയം കണ്ടിട്ട് അത് ആരാണെന്ന്് മമ്മൂക്ക സിദ്ധിഖിനോട് അന്വേഷിച്ചു. അത് പ്രൊഫഷണല്‍ നാടകം ചെയ്തുകൊണ്ടിരിക്കുന്ന പൗളിയാണെന്ന് അദ്ദേഹം പറഞ്ഞു. ഉടന്‍ എന്നെ വിളിച്ചു. വിശേഷങ്ങള്‍ തിരക്കി, ഒപ്പം നന്നായി ചെയ്തു, പ്രൊഫഷണല്‍ ടച്ച് ഉണ്ടെന്ന് അഭിനന്ദിച്ചു.
മമ്മൂക്കയെ അന്ന് ആദ്യം സെറ്റില്‍വെച്ച് കണ്ടപ്പോള്‍ പഴയ പരിചയം പുതുക്കണമെന്നുണ്ടായിരുന്നു. എന്നാലും സൂപ്പര്‍ സ്റ്റാറായ മമ്മൂട്ടി പഴയ നാടകത്തില്‍ അഭിനയിച്ച നടിയെ ഓര്‍ക്കാന്‍ ഇടയില്ലെന്ന് കരുതിയാണ് ഞാന്‍ അങ്ങോട്ട് ചെന്ന് സംസാരിക്കാതിരുന്നത്. അപ്പോഴാണ് ഷൂട്ട് കഴിഞ്ഞപ്പോള്‍ , ഞാന്‍ ആരാണെന്ന് അന്വേഷിച്ച് എന്റെടുത്ത് വന്ന് അദ്ദേഹം സംസാരിച്ചു. സംസാരിച്ചു തുടങ്ങിയപ്പോള്‍ വൈപ്പിന്‍ പ്രദേശത്ത് മമ്മൂക്കയ്ക്ക് അറിയാവുന്ന എല്ലാവരെയുംകുറിച്ച് അന്വേഷിച്ചു. മമ്മൂക്കയുടെ നിര്‍ദ്ദേശപ്രകാരമാണ് ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’, മംഗ്ലീഷ് എന്ന സിനിമയിലും ചെറിയൊരു വേഷം കിട്ടിയത്. സിനിമയിലേയ്ക്ക് വന്നതിനുശേഷവും നാടകം ചെയ്തിട്ടുണ്ട്. പിന്നെ കുറച്ച് നാടകങ്ങള്‍ മാത്രമുള്ള സമിതിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. സിനിമയുടെ ഇടയ്ക്ക് നാടകത്തിന് പോകാന്‍ പറ്റാതെ വന്നതോടെ നിറുത്തി. ഇപ്പോള്‍ നാടകം ചെയ്യുന്നില്ല.
ചെയ്ത വേഷങ്ങളില്‍ സന്തുഷ്ട
ചെറുതാണേലും വലുതാണേലും ചെയ്ത വേഷങ്ങള്‍ എന്നും ആത്മാര്‍ത്ഥതയോടെ ചെയ്തിട്ടുള്ളൂ. അതുകൊണ്ട് അതില്‍ സന്തുഷ്ടയാണ്. മുഴുനീള കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ലിജോ പെല്ലിശ്ശേരിയുടെ ഈ.മ.യൗവില്‍ മുഴുനീള കഥാപാത്രമാണ്. ഇനിയും ആരെങ്കിലും അതുപോലെ വിളിച്ചാല്‍ ചെയ്യും. ചെറിയവേഷമാണെന്ന് പറഞ്ഞ് തള്ളിക്കളയുകയുമില്ല. കാരണം ഇതാണ് എന്റെ ചോറ്. ഇപ്പോള്‍ ഒരു സിനിമയിലേക്ക് വിളിച്ചിട്ടുണ്ട്. രണ്ട് ദിവസം മാത്രമേ ഷൂട്ട് ഉണ്ടാകൂ. ആസിഫ് അലിയുടെ സിനിമയാണ്. സംവിധാനം ആരെന്ന് അറിയില്ല. അത് ചെയ്യും.
ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ക്കൊക്കെ ഡബ് ചെയ്യാന്‍ കഴിഞ്ഞതും എന്റെ ഭാഗ്യമാണ്. അതുകൊണ്ട് എല്ലാവര്ക്കും എന്റെ ശബ്ദം തിരിച്ചറിയാനായി. 2011 ല്‍ സിനിമയില്‍ എത്തിയശേഷം ചെറിയ വേഷങ്ങളെങ്കിലും ഇരുപതോളം സിനിമകള്‍ ചെയ്തിട്ടുണ്ട്.
എല്ലാവരോടും നന്ദി
വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടകം ചെയ്യാന്‍ സഹായിച്ച അദ്ധ്യാപകരോടും പിന്നീട് സ്കൂള്‍ കലാഘട്ടത്തില്‍ തന്നെ പ്രൊഫഷണല്‍ നാടകത്തിലേയ്ക്ക് ആദ്യം ക്ഷണിച്ച സമിതിയോടും എല്ലാത്തിനും ഒപ്പംനിന്ന കുടുംബത്തോടും. കൂടാതെ നാടകത്തില്‍നിന്ന് സിനിമയിലേയ്ക്ക് ആദ്യം ക്ഷണിച്ച സംവിധായകനോടും. പിന്നീട് ചെറിയ കഥാപാത്രങ്ങളായാലും എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ച സംവിധായകരോടും അങ്ങനെ അങ്ങനെ ഒരുപാട് പേരോട് നന്ദി പറയാനുണ്ട്.
അഭിനന്ദന പ്രവാഹം
അവാര്‍ഡ് പ്രഖ്യാപിച്ച അന്ന് കൊച്ചുമോന്റെ ബര്‍ത്ത്ഡേയായിരുന്നു. ബര്‍ത്ത്ഡേ ആഘോഷത്തിന്റെയിടയ്ക്കാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. അവാര്‍ഡ് ആഘോഷത്തിന്റെ മാറ്റുകൂട്ടി. അന്ന് വീട്ടില്‍ വന്ന് അഭിനന്ദിച്ചത് ആരെക്കെയെന്ന് ഒരറിവുമില്ല, അത്രത്തോളം ആളുകള്‍ വീട്ടില്‍ എത്തിയിരുന്നു. പണ്ട് നാടകങ്ങള്‍ ചെയ്തപ്പോള്‍ ഒപ്പം അഭിനയിച്ച എല്ലാവരും വിളിച്ചു, എന്തിന് ഏറെ പറയുന്നു, നാടകം ബുക്ക് ചെയ്യുന്ന ഏജന്റുമാര്വരെ വിളിച്ച് അഭിനന്ദിച്ചു. കെപിഎസി ലളിത, മമ്മൂട്ടി, സിദ്ധിഖ്, സലിംകുമാര്‍ അങ്ങനെ വിളിച്ചവരുടെ നിര കുറെയുണ്ട്.
നാടകവും സിനിമയും തമ്മില്‍
വലിയ വ്യത്യാസം തോന്നിയിട്ടില്ല. സിനിമയില്‍ കട്ട് പറയുമ്പോള്‍ അഭിനയം നിര്‍ത്തുന്നത് മാത്രമാണ് എനിക്ക് തോന്നിട്ടുള്ള വ്യത്യാസം. പിന്നെ ഡയലോഗ് കാണാതെ പറയുന്നതും. കോബിനേഷന്‍ സീന്‍ വരുമ്പോള്‍ ഡയലോഗുകള്‍ കാണാതെ പഠിച്ച് പറയുന്നത് തന്നെയാണ് നല്ലത്. അത് ഇപ്പോള്‍ സിനിമയിലും കണ്ടുവരുന്നുണ്ട്. നാടകത്തില്‍ നിന്ന് വന്നതുകൊണ്ട് ഡയലോഗ് പഠിക്കാനുള്ള ബുദ്ധിമുട്ടില്ല.
മിനിസ്ക്രീനില്‍
ബാബു പള്ളാശ്ശേരിയുടെ ഒരു സീരിയല്‍ മാത്രമാണ് ചെയ്തിട്ടുള്ളത്. പിന്നെയും കുറെയാളുകള്‍ സീരിയലിനുവേണ്ടി വിളിച്ചു, അപ്പോഴൊക്കെ വേണ്ടെന്ന് പറഞ്ഞ് മാറ്റി. കാരണം, സീരിയലിന്റെ കോസ്റ്റ്യൂം ഉള്‍പ്പെടെയുള്ള സാധാനങ്ങളുമായി തിരുവനന്തപുരത്തേയ്ക്ക് പോകണം. അതിനിടയ്ക്ക് വേറെയൊന്ന് ചെയ്യാനാകില്ല. പിന്നെ അവരുടെ അഭിനയവും എന്റെ അഭിനയവും തമ്മില്‍ ചേരില്ല. എനിക്ക് സാധാരണപോലെ ചെയ്യാനെ അറിയൂ. സീരിയല്‍ ചെയ്യുന്നതിനോട് താല്‍പ്പര്യം തോന്നിയിട്ടില്ല. പക്ഷേ രണ്ട് മൂന്ന് സീരിയലുകള്‍ കാണാറുണ്ട്.
പുരസ്കാരങ്ങള്‍
നിരവധി ചെറുതും വലുതുമായ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കിട്ടിയതൊക്കെ എന്നെ സംബന്ധിച്ച് വലിയ പുരസ്കാരങ്ങള്‍ തന്നെയാണ്.
അഭിനയം മാറ്റിനിര്‍ത്തിയാല്‍
മറ്റൊന്നുമില്ല. അഭിനയം അത് മാത്രമാണ് ജീവിതം. അഭിനയ രംഗത്തേയ്ക്ക് എത്തി 45 വര്‍ഷത്തിനിടെ 6 മാസം മാത്രമാണ് അഭിനയം ഇല്ലാതെ ജീവിച്ചിട്ടുള്ളൂ. അത് ഒരു സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലായത് കൊണ്ടുമാത്രം. എങ്കിലും ആറുമാസം തികയുന്ന അന്നുതന്നെ നാടകം ചെയ്തു. അപ്പോള്‍ ശബ്ദം പോലും ഉയര്‍ന്നില്ല. എങ്കിലും ചെയ്തു.
കുടുംബം
ഭര്‍ത്താവ് വത്സന്. രണ്ട് മക്കള്‍. യേശുദാസ് പ്രസ് ജീവനക്കാരനാണ്, ആദര്‍ശ് സംഗീത അദ്ധ്യാപകനും. പുതുവൈപ്പിലെ വളപ്പ് എന്ന സ്ഥലത്താണ് താമസം. ഒരു സഹോദരന് മരിച്ചു. അഞ്ച് സഹോദരിമാരുണ്ട്. അവരൊക്കെ കുടുംബമായി കഴിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: