കൊളംബോ: നിദാഹസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി 20 ടൂര്‍ണമെന്റിലെ അവസാന ലീഗ് മത്സരത്തില്‍ ശ്രീലങ്കയുടെ തിസ്ര പെരേരയുമായി തര്‍ക്കത്തിലേര്‍പ്പെട്ട ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനും പരക്കാരനായ ഫീല്‍ഡര്‍ നൂറുള്‍ ഹസനും മത്സരത്തുകയുടെ 25 ശതമാനം പിഴ. ഇരു കളിക്കാര്‍ക്കും ഓരോ ഡീമെറിറ്റ് പോയിന്റും നല്കി.
അവസാന ഓവറില്‍ മത്സരം സംഘര്‍ഷഭരിതമായി. കളിക്കാരെ തിരിച്ചുവിളിക്കുമെന്ന് ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഭീഷണി മുഴക്കി. കളിക്കളത്തിലേക്ക് ഇറങ്ങിവന്ന നൂറുള്‍ ഹസന് ശ്രീലങ്കന്‍ താരങ്ങളുമായി വാക്കുതര്‍ക്കമുണ്ടാക്കി.
അവസാന ഓവറിലെ രണ്ടാം പന്തില്‍ ബംഗ്ലാദേശ് ബാറ്റ്സ്മാന് മുസ്താഫിസുര്‍ റഹ് മാന്‍ റണ്ഔട്ടായതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. രണ്ടാം പന്ത് ബൗണ്സറായിരുന്നെന്നും അമ്പയര്‍ നോബോള്‍ വിളിച്ചില്ലെന്നും ബംഗ്ലാദേശ് കളിക്കാര്‍ ആരോപിച്ചു. തുടര്‍ന്ന് കളി്ക്കാര് തമ്മില്‍ തര്‍ക്കമായി. ബൗണ്ടറി ലൈനിനടുത്തുനിന്ന ബംഗ്ലാദേശ് ക്യാപ്റ്റന്‍ തന്റെ കളിക്കാരോട് കളിക്കളം വിടാന്‍ ആവശ്യപ്പെട്ടു.
സംഭവത്തിനുശേഷം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മാച്ച് റഫറി കളിക്കാര്‍ക്ക് പിഴ വിധിച്ചത്. മത്സരത്തില്‍ ശ്രീലങ്കയെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ച് ബംഗ്ലാദേശ് ഫൈനലില്‍ കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: