പാറായി ജയരാജന് കീഴാറ്റൂരിലെത്തി പറഞ്ഞത് വികസനത്തിന്റെ വഴിയേ നാട് നീങ്ങണമെന്നാണ്. തളിപ്പറമ്പിലെ റോഡ് വികസിക്കണമെങ്കില്‍ ടൗണിലെ കടകള്‍ നീക്കണമെന്നും, കമ്പോളത്തില്‍ തൊട്ടാല്‍ പാര്‍ട്ടിയുടെ സാമ്പത്തികശേഷിക്ക് ഇടിവുതട്ടുമെന്നും, അങ്ങനെയുണ്ടായാല്‍ താനടക്കമുള്ള നേതാക്കള്‍ക്ക് ‘വികസനം’ എന്നത് കീറാമുട്ടിയാകും. ഇത് അറിയുന്നതു കൊണ്ടാകണം ചെങ്കതിര് വയലിലേക്ക് വച്ചു പിടിച്ചത്.
ദേശീയപാത അതോറിറ്റിക്ക് മതിയായ സ്ഥലം കാട്ടിക്കൊടുക്കണം. ആ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കണം. അത് ജനങ്ങളെ ബോധ്യപ്പെടുത്തണം. തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിന്റെ അസഹ്യമായ അപ്രമാദിത്തംകൊണ്ട് തൊഴില്‍ നിലച്ച് തരിശായിപ്പോയ ഏക്കറുകണക്കിന് നിലങ്ങള്‍ കേരളത്തിലുണ്ട്. എന്നാല്‍ കീഴാറ്റൂരിലേത് അങ്ങനെയല്ല. അവിടെ കൃഷിയുണ്ട്. കൃഷിയെ സ്നേഹിക്കുന്നവരുണ്ട്. നാലര കിലോമീറ്റര്‍ നീളത്തില്‍ 90മീറ്റര്‍ വീതിയില്‍ ആ പാടശേഖരത്തില്‍ കൂടി റോഡ് പണിയണമെന്നാണ് പാറായി ജയരാജനും പിണറായി വിജയനും ചേര്‍ന്ന് നയിക്കുന്ന കേരളത്തിലെ സര്‍ക്കാര്‍ പറയുന്നത്.
തളിപ്പറമ്പ് ടൗണില്‍ നിന്ന് നൂറ്റിഅന്‍പത് അടി താഴ്ചയുള്ള പ്രദേശം. എപ്പോഴും നീരൊഴുക്കുള്ള വയല്‍. അതിലൂടെ ഒരു ദേശീയ പാതയെന്നത് സാധാരണഗതിയില്‍ നടപ്പുള്ള കാര്യമല്ല. എന്നിട്ടും എന്തിനാണ് ഈ സ്ഥലംതന്നെ വേണമെന്ന് കണ്ണൂരിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരും പിടിവാശി കാട്ടുന്നത് എന്നാണ് നമ്പാറടത്ത് ജാനകിയെപ്പോലുള്ള കര്‍ഷകര്‍ ചോദിക്കുന്നത്. ആ ചോദ്യത്തിന് പാറായിയും കൂട്ടരും നല്കുന്ന ഉത്തരം ജാനകി പരിസ്ഥിതി തീവ്രവാദിയാണെന്നതാണ്. അത്തരം തീവ്രവാദികളെ നേരിടാന്‍ പിണറായി വിജയന് നല്കിയ ക്വട്ടേഷന്‍ ഏറ്റെടുത്ത് നടപ്പാക്കുകയാണ് പാറായിയുടെ നേതൃത്വത്തില്‍ കീഴാറ്റൂരിലെ പാര്‍ട്ടി ഗുണ്ടകള്‍.
ഇവിടെ പ്രശ്നം കീഴാറ്റൂരിലെ വയലിന് നടുവിലൂടെ ദേശീയപാത പോകണോ വേണ്ടയോ എന്നതല്ല. ഭരണകൂടവും ഉദ്യോഗസ്ഥവൃന്ദവും കൂടി കൈകാര്യം ചെയ്യണ്ട ഒരു വിഷയത്തില്‍ പോലീസിന്റെ വേഷം കൈകാര്യം ചെയ്യാന്‍ കണ്ണൂരിസ്റ്റ് പാര്‍ട്ടിയെ ആരാണ് ഏല്‍പിച്ചതെന്നതാണ്. വികസനത്തിന് വേണ്ടി വയല്‍ക്കിളികള്‍ കൂടൊഴിയണമെന്ന് ആജ്ഞാപിക്കാന്‍ ആരാണ് ഈ പാറായി എന്ന് കേരളം ചോദിക്കേണ്ടതാണ്. ആ ചോദ്യം ഇപ്പോള്‍ ഉയരുന്നില്ലെങ്കില്‍ കേരളത്തിലെ പല ഊരുകളിലും മുണ്ടഴിച്ച് തലയില്‍ കെട്ടി ഇത്തരം പാറായികള്‍ രംഗത്തുവരും. അവര്‍ പോലീസ് സ്റ്റേഷന് ഭരിക്കും. പാര്‍ട്ടിയുടെ കോടതികള്‍ സൃഷ്ടിക്കും. വിചാരണ നടത്തും. ശിക്ഷ വിധിക്കും. നടപ്പാക്കാന്‍ കൊടി സുനിമാരെ പരോളില്‍ ഇറക്കിവിടും.
കേരളത്തിലെ സിപിഎം അണികള്‍ ഇപ്പോഴും മൂഢസ്വര്‍ഗത്തിലാണ്. കര്‍ഷകന്റെയും പാവപ്പെട്ടവന്റെയും പാര്‍ട്ടിയാണ് ഈ സാധനമെന്ന് കരുതിയാണ് പാവങ്ങള്‍ ജാഥയില്‍ കൊടിപിടിക്കാന്‍ പോകുന്നത്. പാര്‍ട്ടി എന്നത് ആട് തേക്ക് മാഞ്ചിയംപോലെ ഒരു എമണ്ടന്‍ തട്ടിപ്പാണെന്ന് ലോകത്തിനാകെ തിരിഞ്ഞിട്ടും മാര്‍ക്സിസ്റ്റ് മലയാളീസിന് മനസ്സിലാകാത്തതാണ് ദുര്യോഗം.
നമ്പാറടത്ത് ജാനകിയും കീഴാറ്റൂരിലെ സുരേഷുമൊക്കെ പാര്‍ട്ടിഗ്രാമത്തിലെ വികസനമാണ് വികസനമെന്ന് കരുതി കൊടിപിടിച്ച് തുടങ്ങിയതാണ്. അങ്ങനെയാണ് പാര്‍ട്ടിശരീരത്തിന് പുറത്തിറങ്ങി കീഴാറ്റൂര്‍ വയലില്‍ അവര്‍ കിടപ്പാരംഭിച്ചത്. ചെങ്കൊടി പിടിച്ച് വളര്‍ന്നവര്‍ വയലിലും കുത്തിയത് ചെങ്കൊടി തന്നെ. പാര്‍ട്ടിശരീരം സമ്പന്നന്റെ പട്ടുമെത്തയില്‍ കിടന്ന് അശ്ലീലമായിപ്പോയ ഒന്നാണെന്ന് കീഴാറ്റൂരുകാര്‍ ഇത്രകാലം വിശ്വസിച്ചിട്ടില്ല. അഴുക്ക് പുരളാത്ത വെളുത്ത ഷര്‍ട്ടും വെളുത്ത മുണ്ടും വെളുത്ത ഷൂവും ധരിച്ച് വിപ്ലവം കീഴാറ്റൂരിലെ വയലിലും വന്നിറങ്ങുമെന്നായിരുന്നു പാവങ്ങളുടെ ധാരണ. വയലില്‍ ചെങ്കൊടി കുത്തി വലിച്ചുയര്‍ത്തിയ പന്തല്‍ കത്തിച്ചുകളയാന്‍ ഒരു തരി കനലുമായിട്ടാണ് പക്ഷേ പാര്ട്ടിക്കാര് വന്നത്. വെളുത്ത ഷൂവിട്ട് വരുന്ന വിപ്ലവത്തെ ആ പ്രദേശത്തേക്ക് കണ്ടതുമില്ല. അദ്ദേഹം മഹാരാഷ്ട്രയില്‍ നടന്ന ലോങ് മാര്‍ച്ചിന്റെ ആലസ്യത്തില്‍ കുന്നിന് മീതേ പറക്കാന്‍ ഒരു അവസരം കിടച്ചെങ്കിലോ എന്ന് സ്വപ്നം കാണുന്ന തിരക്കിലായതിനാല്‍ കീഴാറ്റൂരിലേക്ക് എത്തിയില്ല എന്നതാണ് സത്യം. ചന്ദ്രബാബു നായിഡുവും മമതാബാനര്‍ജിയും മുതല്‍ പാമ്പും കീരിയും പഴുതാരയും തുടങ്ങി എല്ലാ കൃമികീടങ്ങളും കൂടി ജോയിന്റായ സ്ഥിതിക്ക് വന്ന് ഇത്തിരി ബൊറോട്ടേം പോത്തിറച്ചീം കൂടി തട്ടീട്ട് പോവാന്‍ രായമാണിക്യം മോഡലില്‍ ഒരു ക്ഷണം തരപ്പെട്ടാലോ എന്ന അതിമോഹത്തിലാണ് പിണറായിയും പാറായിയും. എങ്ങാനും ബിരിയാണി വിളമ്പുന്നുണ്ടേലോ എന്ന മട്ടിലാണ് ഓട്ടം.
ബിജെപിക്കാരന് ഭരിക്കുന്നിടത്ത് കര്‍ഷകര്‍ മാര്‍ച്ച് നടത്തിയാല്‍ അതെല്ലാം ഞങ്ങളുടെ വിപ്ലവമാര്‍ച്ചെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. കൂടെ ഓരിയിടാന്‍ കേരളത്തിലെ മാധ്യമച്ചെമ്പടയും ചേരുമ്പോള്‍ കാര്യം ഉഷാറാകും. അതേ സമരത്തിന് കീഴാറ്റൂരില്‍ പന്തല്‍ കെട്ടിയാല്‍ കനലൊരു തരി മതിയെന്നാണ് കൊടി സുനിമാരുടെ നേതാവിന്റെ ഗര്‍ജനം.
ഇന്നലെ വരെ വിതച്ചും കൊയ്തും സ്വന്തമെന്ന് കരുതി വളര്‍ന്ന പാടത്തിന് നടുവില്‍ ചെങ്കൊടി പിടിച്ച് സമരം ചെയ്യാനിറങ്ങിയ നമ്പാറാടത്ത് ജാനകിയെ തട്ടിക്കളയുമെന്നായിരുന്നു ഭീഷണി. സിംഗൂരിലും നന്ദിഗ്രാമിലും കര്‍ഷകരെ കൊന്നുതള്ളിയ പാര്‍ട്ടിയുടെ ഭീഷണിയെ വകവെയ്ക്കാതെയാണ് കീഴാറ്റൂരില്‍ സമരം തുടങ്ങിയത്. നാല് പേര്‍ക്ക് വേണ്ടിയാണ് സമരമെന്നാണ് ജയരാജന് ഇപ്പോള്‍ പുച്ഛിക്കുന്നത്. മറ്റുള്ളവരെല്ലാം റോഡിനു വേണ്ടി പാടമൊഴിയാന്‍ വിനീതവിധേയരായി സമ്മതിച്ചത്രെ. പാറായി ജയരാജന് പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന് ആജ്ഞാപിക്കുമ്പോള്‍ അനുസരിച്ചില്ലെങ്കില്‍ ഉണ്ടാകാവുന്നതെന്താണെന്ന് അറിയാത്തവരല്ലല്ലോ കീഴാറ്റൂരുകാര്‍. അവശേഷിക്കുന്നവര്‍ പിടിച്ച കൊടിക്ക് പഴേ ചെങ്കൊടിയുടെ വീര്യമുണ്ടെന്ന് തെറ്റിദ്ധരിച്ചുപോയവരാണ്.
അവസരത്തിനൊത്ത് നേതാക്കള്‍ കളം മാറിയിട്ടും വിശ്വാസികള്‍ ചതി മനസ്സിലാക്കിയില്ല. സോഷ്യലിസവും സഹവര്‍ത്തിത്വവും പ്രസംഗിച്ചവര്‍ വടകര കുന്നുമ്മല്‍ പഞ്ചായത്തിലെ വിനീത ടീച്ചര്‍ക്ക് ഊരുവിലക്കേര്‍പ്പെടുത്തിയ കഥയ്ക്ക് കീഴാറ്റൂര്‍ മേഖലയില്‍ വേറെയായിരുന്നു വ്യാഖ്യാനം. പാതിരപ്പറ്റ നാഷണല്‍ സ്കൂളിലെ പ്രധാനാധ്യാപകനും മുതിര്‍ന്ന കമ്മ്യൂണിസ്റ്റുമായ കൃഷ്ണന് മാസ്റ്ററുടെ മകള്‍ വിനീത കോട്ടായി മാര്‍ക്സിസ്റ്റ് മാടമ്പിത്തത്തോട് പോരാടിയ കഥ അത്ര പഴയതല്ല. ഏഴ് വര്‍ഷം വിനീതയുടെ അഞ്ചേക്കര്‍ പറമ്പില്‍ കൃഷി നടത്താന്‍ അനുവദിച്ചില്ല. അടര്‍ന്നുവീഴുന്ന അടയ്ക്കയും തേങ്ങയും എടുക്കാന്‍ അനുവദിച്ചില്ല. കൊടുംവനമായിത്തീര്‍ന്ന പറമ്പിനുള്ളിലെ വീട്ടില്‍ ഊരുവിലക്കപ്പെട്ട് വിനീത ടീച്ചര്‍ കഴിഞ്ഞു.
ജീവിക്കാന്‍ ഓട്ടോ ഓടിക്കാനിറങ്ങിയ ചിത്രലേഖയ്ക്ക് പൊതുനിരത്തില്‍ സ്വന്തം വണ്ടിയിറക്കുന്നതിന് കളക്ട്രേറ്റ് പടിക്കലും സെക്രട്ടറിയേറ്റിനുമുന്നിലും സമരമിരിക്കേണ്ടിവരുന്നതും ഈ കാലത്താണ്. കുട്ടനാടന്‍ ചാണ്ടിമാരടക്കമുള്ള കയ്യേറ്റക്കാരുടെ ചെലവില്‍ വാഴുന്ന സര്‍ക്കാരിനെന്ത് വയല്‍? എന്ത് കായല്‍? തങ്ങളുടെ ശരികള്‍ക്കൊപ്പം നില്ക്കാത്തവരെയെല്ലാം ബൂര്‍ഷ്വാ ആക്കി പരസ്യവിചാരണ നടത്തി കഴുവേറ്റുന്നതാണ് പാര്‍ട്ടി മുറ. ബീഡിത്തൊഴിലാളിയുടെയും കര്‍ഷകന്റെയും ബക്കറ്റ് പിരിവ് കൊണ്ട് പുതിയകാലത്ത് മാര്‍ക്സിസം ഗതിപിടിക്കില്ലെന്ന് പിണറായി വിജയനും കൂട്ടര്‍ക്കുമറിയാം. നന്ദിഗ്രാമിലെ മാര്‍ക്സിസ്റ്റ് ഭീകരതയ്ക്ക് കീഴാറ്റൂരിലെ സമരപ്പന്തല്‍ കത്തിച്ച് വാര്‍ഷികമാഘോഷിക്കാനുള്ള പാറായി ബുദ്ധി എന്തായാലും സമ്മതിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: