കഴിഞ്ഞ ദിവസം കാസര്‍കോട് കുമ്പളയില്‍നിന്നും വി. രവീന്ദ്രന് വിളിച്ചിരുന്നു. 11-ാംതീയതി ആലുവയില്‍ ചേര്‍ന്ന അടിയന്തരാവസ്ഥാ പീഡിതരുടെ കണ്‍വെന്‍ഷനില്‍ കാണാത്തതിന്റെ കാര്യം അന്വേഷിച്ചായിരുന്നു വിളി. കാര്യദര്‍ശി രാജശേഖരപ്പണിക്കര്‍ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും എന്റെ പ്രായോഗിക വൈഷമ്യത്തെപ്പറ്റി ധരിപ്പിച്ചതാണ്. കണ്‍വെന്‍ഷനുശേഷം അവിടത്തെ നടപടികള്‍ അദ്ദേഹം ധരിപ്പിക്കയും ചെയ്തിരുന്നു.
രവീന്ദ്രന് ഒട്ടേറെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന സഹപ്രവര്‍ത്തകനാണ്. അടിയന്തരാവസ്ഥയുടെ പീഡനം ദേഹദണ്ഡമായി കുറച്ചേ അനുഭവിച്ചിരുന്നുള്ളൂ എന്നു തോന്നുന്നു. 1975 ജൂലൈ രണ്ടിന് കോഴിക്കോട്ടെ ജനസംഘം കാര്യാലയം കയ്യേറി പിടികൂടിയവരില്പെട്ട ആളായിരുന്നു രവീന്ദ്രന്. കിടക്കപ്പായില്‍ നിന്ന് ഉടുമുണ്ടുപോലും എടുക്കാന്‍ അനുവദിക്കാതെ അണ്ടര്‍വെയറും ബനിയനും മാത്രമായാണ് പോലീസുകാര്‍ അദ്ദേഹത്തെ പിടികൂടിയത്. കാര്യാലയത്തില്‍ നിന്നെടുത്ത തോര്‍ത്തുകൊണ്ടു കണ്ണുകെട്ടി. മറ്റെന്തോ കൊണ്ട് കയ്കളും പിന്നില്‍ കെട്ടിയാണ്, മറ്റു പലരോടുമൊപ്പം നാലാം നിലയില്‍നിന്ന് താഴെക്ക് പടികളിറക്കിക്കൊണ്ടുവന്നത്. ആ വഴിയ്ക്ക് ഒന്നുരണ്ടു വല്ലതും കിട്ടിയിട്ടുണ്ടാവണം. കാര്യാലയത്തില്‍ രാത്രി ഉറങ്ങിക്കിടന്നവരുടെയെല്ലാം സ്ഥിതി ഇതായിരുന്നു. അവിടത്തെ ഫോണും മറ്റുപകരണങ്ങളുമൊക്കെ നാനാവിധമാക്കിയിട്ടിട്ടാണ് പോലീസ് പോയത്.
രവീന്ദ്രനും ഞാനും സംഘകാര്യാലയത്തില്നിന്ന് കസ്റ്റഡിയിലെടുക്കപ്പെട്ട പ്രചാരകന് കെ. പെരച്ചനും ഒരേ സി.ഐ.ആര് കള്ള കേസിലാണ് കുറ്റം ചുമത്തപ്പെട്ടത്. ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടത് കടല്‍ത്തീരത്തിനടുത്തു അലങ്കാര്‍ ലോഡ്ജില്‍ നിന്നായിരുന്നു. അതായത് മൂന്നുസ്ഥലങ്ങളില്‍ പിടികൂടപ്പെട്ട ഞങ്ങള്‍ ”രാത്രി രണ്ടുമണിക്കു ഹെഡ്പോസ്റ്റോഫീസിന്റെ മതിലിന്മേല് ഇന്ദിരാഗാന്ധിക്കെതിരെ മുദ്രാവാക്യം എഴുതിവെക്കുമ്പോഴാണത്രെ പിടിയിലായത്. രണ്ടുദിവസം കഴിഞ്ഞാണ് ഞങ്ങളെ സി.ജെ.എം ആന്റണിയുടെ വസതിയില്‍ ഹാജരാക്കിയത്. അപ്പോഴും രവീന്ദ്രന് അണ്ടര്‍വെയറും ബനിയനും വേഷത്തിലായിരുന്നു. ആ വിവരം ഞങ്ങള്‍ മജിസ്ട്രേറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പണിമുഴുമിക്കാത്ത മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലെ നനവു മാറാത്ത സിമന്റു തറയില്‍ അത്രയും സമയം കഴിയേണ്ടിവന്നു. ജയിലിലെത്തി രണ്ടുമൂന്നു നാളുകള്ക്കുശേഷമേ രവീന്ദ്രന് കൂടുതല്‍ വസ്ത്രങ്ങള്‍ ലഭിക്കാന്‍ അവസരമുണ്ടായുള്ളൂ.
ജയില്‍വാസത്തിനിടെ ഒട്ടേറെ മറക്കാന്‍ കഴിയാത്ത അനുഭവങ്ങളും ഉണ്ടായി. ഒരു കേസവധിക്ക് കോടതി നടപടികള്‍ തീര്‍ന്നിട്ടും ഞങ്ങളെ ജയിലിലെത്തിക്കാന്‍ വേണ്ട വാഹനം വന്നില്ല. അകമ്പടിപ്പോലീസുകാര്ക്ക് വേവലാതിയായി. ഞങ്ങള്‍ നടന്നുപോകാന്‍ തയ്യാറാണെന്നറിയിച്ചപ്പോള്‍ അവര്‍ വൈമനസ്യത്തോടെ സമ്മതിച്ചു. അങ്ങനെ ഞാനും രവീന്ദ്രനും ഒരു വിലങ്ങിലും, പെരച്ചന് ഒറ്റയ്ക്കുമായി കോഴിക്കോട്ടു നഗരത്തിലൂടെ കോടതി മുതല്‍ ജയില്‍ വരെ നടന്നു.
രവീന്ദ്രന് കുമ്പളയിലെ ജനസംഘ പ്രവര്‍ത്തനത്തിന്റെ മുന്നണി പടയാളിയായിരുന്നു. കൂത്തുപറമ്പില്‍ നിന്നും അവിടേയ്ക്ക് വന്ന് ‘വീ ടു’ ഹോട്ടല്‍ നടത്തിയ കുടുംബമാണവരുടേത്. അതിനാല്‍ ആദ്യമൊക്കെ അദ്ദേഹത്തെ വീട്ടു രവീന്ദ്രന് എന്നാണ് ഞങ്ങള്‍ വിളിച്ചത്. മാരാര്‍ജിയുടെ വലംകയ്യായി കുമ്പളയിലും കാസര്‍കോടിന്റെ മറ്റുഭാഗങ്ങളിലും പ്രവര്‍ത്തിച്ചു. കൂത്തുപറമ്പുകാര്‍ക്ക് സഹജമായ രാഷ്ട്രീയബോധം ഒട്ടും വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുന്ന സഹഭാവം തന്നെ അദ്ദേഹത്തില്‍ സൃഷ്ടിച്ചു. വീട്ടിലെ മറ്റംഗങ്ങള്‍ക്ക് പൊറുപ്പിക്കാനാവാത്ത നിലയില്‍ രവീന്ദ്രന്റെ രാഷ്ട്രീയം മൂര്‍ച്ഛിച്ചപ്പോള്‍ താമസം തന്നെ മാറി സ്വയം തൊഴിലെടുത്തു ജീവിക്കാന്‍ തുടങ്ങി.
കാസര്‍കോട് താലൂക്ക് സംഘദൃഷ്ടിയില്‍ കര്‍ണാടക പ്രാന്തിലായതിനാല് രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി ചില പ്രത്യേക സംവിധാനങ്ങള്‍ ആവശ്യമായി. അടിയന്തരാവസ്ഥക്കെതിരായ സംഘര്‍ഷത്തില്‍ കാസര്‍കോട് താലൂക്ക് മുന്‍പന്തിയിലായിരുന്നു. സത്യഗ്രഹ സമരത്തില്‍ രാജ്യമൊട്ടാകെയെടുത്താലും ഏറ്റവും കൂടുതല്‍ പേര് പങ്കെടുത്ത് ജയില്‍ ശിക്ഷ അനുഭവിച്ചത് അവിടെ നിന്നാകയാല്‍ കേന്ദ്രസര്‍ക്കാരിന്റെയും കേരള മുഖ്യമന്ത്രി സിപിഐ നേതാവ് അച്ച്യുതമേനോന്റെയും ആഭ്യന്തരമന്ത്രി കെ. കരുണാകരന്റെയും പ്രത്യേക ‘ദയാവായ്പ്’ ചെന്നെത്തി. അതിന്റെ അനുഗ്രഹം ലഭിച്ച പൈവളികെ എന്ന ഗ്രാമത്തിന്റെ അനുഭവങ്ങള്‍ ‘മരണത്തെ വെല്ലുവിളിച്ചവര്‍’ എന്ന കുരുക്ഷേത്ര പ്രസിദ്ധീകരണത്തില്‍ വായിക്കാം. ആ ഗ്രാമവും അവിടത്തെ ദുരിതങ്ങള്‍ ഇന്നും അവസാനിക്കാത്ത ഒട്ടേറെ സംഘപരിവാര്‍ പ്രവര്‍ത്തകരും അല്ലാത്തവരും ജീവച്ഛവങ്ങളായുണ്ട്.
രവീന്ദ്രന് ഏതാനും വര്‍ഷക്കാലം തെക്കന്‍ കര്‍ണാടകത്തിലെ പുത്തൂരിലായിരുന്നു. മക്കളുടെ വിദ്യാഭ്യാസം, ജോലി തേടല്‍, കൂടെ ബിജെപി പ്രവര്‍ത്തനവും. കര്‍ണാടകത്തിലെ അന്യസംസ്ഥാനക്കാരായ ബിജെപിക്കാരുടെ ചുമതലയാണദ്ദേഹം വഹിച്ചതെന്ന് ഇടയ്ക്ക് വിളിച്ചറിയിക്കുമായിരുന്നു. മക്കളുടെ ജീവിതം ഒരുവിധം ‘സെറ്റില്‍’ ആയപ്പോള്‍ കുമ്പളയ്ക്ക് മടങ്ങി പഴയ ചാലുകള്‍ തെളിച്ചെടുത്തു വരികയാണത്രെ.
അടിയന്തരാവസ്ഥാ പീഡിതരുടെ പുനരധിവാസത്തിനുള്ള പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമാക്കാനുള്ള ആവേശത്തിലാണിപ്പോള്‍. അന്‍പതുവര്‍ഷങ്ങള്‍ക്കുശേഷവും അതിന്റെ പീഡകള്‍ അവസാനിക്കാത്തവര്‍ക്ക് നീതി തേടിയുള്ള പോരാട്ടങ്ങള്‍ ഇനിയും മുന്നോട്ടുകൊണ്ടു പോകേണ്ടിയിരിക്കുന്നു. കേരളത്തിലെ പീഡിത സമിതിയുടെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ ഡോക്യുമെന്ററിക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാതിരുന്നത് മുടന്തന്‍ ന്യായം പറഞ്ഞായിരുന്നു. അതില്‍ കാട്ടുന്ന പീഡനമുറകള്‍ക്ക് ഓതന്റിക്കേഷന് ഇല്ലത്രെ. അവ അനുഭവിച്ച് ആയുസ്സാവാത്തതുകൊണ്ടുമാത്രം ഇന്നും ജീവിക്കുന്നവര്‍ നല്കുന്നതിനപ്പുറം എന്തോതന്റിക്കേഷനാണോ പോലും. ‘യസ് സാര്‍’ എന്നും ‘യുവര്‍ ഓണര്‍’ എന്നും ഓച്ഛാനിക്കുന്ന സെന്‍സര്‍ ബോര്ഡങ്ങള്ക്കു വേണ്ടത്?
അടിയന്തരാവസ്ഥക്കെതിരായി സംഘപരിവാര്‍ മുന്‍കയ്യെടുത്തു നടത്തിയ സംഘര്‍ഷത്തിന്റെ ഫലമായിട്ടായിരുന്നു പാര്‍ലമെന്റടക്കം, രാജ്യത്തെ മുഴുവന്‍ തടവറപോലെയാക്കിയ ഏകാധിപത്യ വാഴ്ചയ്ക്ക് അറുതിയുണ്ടായത്. വന്ധീകരിക്കപ്പെട്ട ജനായത്തത്തെയും ഭരണഘടനയെയും അതിന്റെ കരുത്തും അധികാരവും നല്കി വീര്യവത്താക്കിയതും ആ സമരത്തിന്റെ വിജയം മൂലമായിരുന്നു. അന്ന് പടക്കളത്തിലിറങ്ങിയ പരിവാര്‍ പ്രവര്‍ത്തകര്‍ മുഴുവനും തന്നെ, അതു തങ്ങളുടെ പവിത്രമായ കടമയാണ് എന്നു വിശ്വസിച്ചുകൊണ്ടായിരുന്നു; അതിന് ഒരു രാഷ്ട്രീയ സ്വാര്‍ത്ഥവും അവര്‍ക്കുണ്ടായിരുന്നുമില്ല. അതുകൊണ്ടുതന്നെ ആ സംഘര്‍ഷം രണ്ടാം സ്വാതന്ത്ര്യസമരമായിരുന്നു. അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ച ഏകാധിപത്യ ശക്തികളുടെ സന്തതി പരമ്പരകള്‍ ഇന്നും അവസരം പാര്ത്തുകഴിയുന്നുണ്ട്.
ബ്രിട്ടീഷ് ഭരണകാലത്ത് വിധി നടത്താനെത്തിയ പോലീസുകാരനെ പുഴയില്‍ തള്ളിയിട്ട് എറിഞ്ഞുകൊന്നതിനും, സ്വാതന്ത്ര്യം ഉറപ്പാവുകയും അധികാര കൈമാറ്റത്തിന്റെ ഭാഗമായി നെഹ്റുവിന്റെ നേതൃത്വത്തില്‍ ഇടക്കാല മന്ത്രിസഭ നിലവില്‍ വരികയും ചെയ്ത ശേഷം നടന്ന പുന്നപ്ര വയലാര്‍ വാരിക്കുന്ത വിപ്ലവത്തെയും ആയിരക്കണക്കിന് ഹിന്ദുക്കളെ കൂട്ട മതംമാറ്റത്തിനു വിധേയരാക്കുകയും കൂട്ടക്കൊല നടത്തുകയും ചെയ്ത മാപ്പിള ലഹളക്കാരുടെ പിന്മുറക്കാര്ക്കും മറ്റും സ്വാതന്ത്ര്യ സമര പെന്ഷന് അനുവദിച്ചു. ആ സാഹചര്യത്തില്‍ അടിയന്തരാവസ്ഥാ വിരുദ്ധ സമരത്തില്‍ പങ്കെടുത്തു പീഡനമനുഭവിച്ച് ഇന്നും ദുരിതം തീരാത്തവര്‍ക്ക് ജീവിതാന്ത്യകാലത്ത് ആശ്വാസമരുളേïത് ജനാധിപത്യപരമായ കടമയാണ്. ആറേഴു സംസ്ഥാനങ്ങള്‍ അതു നല്കുന്നുï്. മഹാരാഷ്ട്ര പ്രഖ്യാപിച്ചു കഴിഞ്ഞു. കേരളം ഏറ്റവും കൂടുതല്‍ പീഡനങ്ങളും അതിക്രമങ്ങളും നടന്ന സംസ്ഥാനമാകയാല്‍ അതിന് സര്‍ക്കാര്‍ തയ്യാറാവണമെന്നതാണ് ജനായത്തപരമായ കര്‍ത്തവ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: