ഇന്നലെ അന്തരിച്ച കഥാകാരന് എം. സുകുമാരനെക്കുറിച്ച് വിവിധ വ്യക്തികള്‍ പ്രതികരിക്കുന്നു. അദ്ധ്യാപകനും ചിന്തകനും കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് വ്യതിയാനങ്ങളെ എന്നും വിമര്‍ശിക്കുകയും ചെയ്യുന്ന ഡോ. ആസാദ് എഴുതുന്നു:
” കഥയില്‍ എം. സുകുമാരന്‍ പിന്തുടര്ച്ചക്കാരില്ല. ആ വഴിയേ ഇറങ്ങിപ്പുറപ്പെട്ടവര്‍ ചതിക്കപ്പെട്ട വിപ്ലവത്തിന്റെ ചരിവുകളില്‍ വഴുതിപ്പോയി. ദര്‍ശനങ്ങളെ വഞ്ചിക്കാം അതിന്റെ പുറംചട്ടകളേ ഞങ്ങള്‍ക്കു വേണ്ടൂ എന്ന് എളുപ്പം തീര്ച്ചപ്പെടുത്തിയവരാണവര്. അവര്‍ക്ക് പദവികളുണ്ടായി. സുകുമാരന്‍ ഒറ്റയ്ക്കായിരുന്നു. ആര്‍ക്കും മുഖം കൊടുത്തില്ല. പലപോസിലുള്ള ഫോട്ടോകള്‍ നല്‍കിയില്ല. നിരന്തരം ഒച്ചവച്ചുമില്ല.
കഥകൊണ്ടു ‘കുലം കുത്തി’യവനെ മരണാനന്തരം വിശുദ്ധനാക്കാം. അയാള്‍ വെറുത്ത ഉപചാരങ്ങള്‍ കൊണ്ട് അയാള്‍ക്ക് ശേഷക്രിയകളാവാം. വേദികളിലും അക്കാദമികളിലും ആനയിക്കപ്പെട്ടിട്ടില്ലാത്തവനെ ഇനി ഫ്ളക്സുകളും തോരണങ്ങളുമാക്കി അലങ്കരിക്കാം.
സുകുമാരന്റെ കഥകളുടെ ഊര്‍ജ്ജം മാര്‍ക്സിസമെന്ന മനുഷ്യ വിമോചനത്തിന്റെ പ്രത്യയശാസ്ത്രമായിരുന്നു. ദര്‍ശനത്തിന്റെ തെറ്റായ വ്യാഖ്യാനവും പ്രയോഗവും തിരുത്താന്‍ ഓരോ വിപ്ലവകാരിക്കും ബാധ്യതയുണ്ടെന്ന് സുകുമാരന്‍ കരുതിയിരിക്കണം. സ്വന്തം പാര്‍ട്ടിയുടെ തെറ്റുകളെ സാധൂകരിച്ചുകൊണ്ട് അധികാരത്തിന്റെ ചരിവുകളില്‍ കാറ്റുകൊള്ളാനിറങ്ങുന്ന ഒരാള്‍ക്കും ആ ഓര്‍മ്മയില്‍ റീത്തുവയ്ക്കാന്‍ അര്‍ഹതയില്ല. ഒടുങ്ങാത്ത കലഹവീര്യത്തിന്റെ സൗമ്യസ്രോതസ്സ് വിടവാങ്ങിയിരിക്കുന്നു. ഒറ്റപ്പെട്ടവരുടെയും പുറംതള്ളപ്പെട്ടവരുടെയും ബലഹസ്തമേ, കുലംകുത്തികളുടെ വംശനായകാ വിട. അന്ത്യാഭിവാദ്യം.”
‘താന്‍ പാര്‍ട്ടി ഭരണഘടന വായിച്ചിട്ടുണ്ടോ?’
എം. സുകുമാരന്റെ ‘ശേഷക്രിയ’ എന്ന നോവലിന് (ഡിസി ബുക്സ് പതിപ്പ്) പ്രശസ്ത നിരൂപകന് പി.കെ. പോക്കര് എഴുതിയ അവതാരികയില്‍ പറയുന്നു: ”
മുതലാളിത്തയുക്തിയെ ചോദ്യം ചെയ്യുന്ന ‘ആശ്രിതരുടെ ആകാശം’പോലുള്ള നോവലുകളും ചെറുകഥകളും രചിച്ച എം. സുകുമാരന്‍തന്നെയാണ് കമ്യൂണിസ്റ്റ്പാര്‍ട്ടിയെ വിമര്‍ശിക്കുന്ന, ‘ശേഷക്രിയ’യും രചിച്ചിട്ടുള്ളത്. മുതലാളിത്തത്തിന്റെ അദൃശ്യമായ ഇടപെടലിന്റെ ഇരകളായിത്തീരുന്ന മനുഷ്യരെയാണ് ആശ്രിതരുടെ ആകാശം വരച്ചുകാണിക്കുന്നത്.മുതലാളിത്തത്തിന്റെ വികാസത്തോടൊപ്പം സഞ്ചരിക്കുകയും വഴിമദ്ധ്യേ അടിപതറി വീഴുകയും ചെയ്ത കഥാപാത്രത്തിലൂടെ മുതലാളിത്തവികാസത്തിന്റെ യുക്തിയെയാണ് കഥാകാരന് ആശ്രിതരുടെ ആകാശത്തില്‍ ചോദ്യം ചെയ്യുന്നത്. കമ്പോളത്തിന്റെ വികാസവും ഉത്പാദനവിതരണക്രമത്തിലുണ്ടാവുന്ന മാറ്റവും
ശേഷക്രിയ
എങ്ങനെ മനുഷ്യനെ നിസ്സഹായനാക്കിത്തീര്‍ക്കുന്നു എന്നതാണ് ഇവിടെ അന്വേഷണവിഷയം. എന്നാല്‍ പാര്‍ലിമെന്ററി ജനാധിപത്യത്തെ പരിഹസിക്കുന്ന നോവലാണ് ‘കുഞ്ഞാപ്പുവിന്റെ ദുഃസ്വപ്നങ്ങള്‍’. കുഞ്ഞാപ്പു മുഖ്യധാരയില്‍നിന്നും അകന്നും വേറിട്ടും ജീവിക്കുന്ന ഒരു പാവം മനുഷ്യനാണ്. ‘എഡേയ്, നെന്റെ വയറു നെറയണേല്‍ ചവറുകൂനതന്നെ തപ്പണം. ആരു ജയിച്ചാലും നമുക്കൊന്നും രക്ഷയില്ലഡേ’ (കുഞ്ഞാപ്പുവിന്റെ ദുഃസ്വപ്നങ്ങള്‍). രൂപപരമായ ജനാധിപത്യത്തിന്റെ (ഫോര്‍മല്‍ ഡെമോക്രസി) പൊള്ളത്തരം അനാവരണം ചെയ്യുമ്പോള്‍തന്നെ ജനാധിപത്യത്തിന്റെ സാദ്ധ്യതയെ പാടേ അവഗണിക്കുകയാണ് കഥാകാരന്.
… എങ്കിലും പുതിയ പ്രഭാതത്തെ സംബന്ധിക്കുന്ന പ്രതീക്ഷകള്‍തന്നെയാണ് കഥാകാരനെ നിയന്ത്രിക്കുന്നത്.’ഇവിടെ സമത്വത്തിന്റെ വസന്തം വിടരുമെന്നും ജനതയുടെ ശത്രുവായ ഭരണകൂടം മങ്ങിമങ്ങി ഇല്ലാതാവുമെന്നും ഞാന്‍ ആത്മാര്‍ത്ഥമായി ആശിച്ച നാളുകള്‍. ആ പഴയ കാലം എനിക്കു നഷ്ടപ്പെട്ടുവെങ്കിലും ആ പഴയ ചിന്ത ഇന്നും എന്നില്‍ ആഴം തേടുന്നു. പാറയില്‍ കുത്തിത്തുളച്ചതിനാല്‍ വേരുകളുടെ മുന ഒടിഞ്ഞിട്ടുണ്ടാവുമോ? ഞാന്‍ സമാശ്വസിച്ചു. പഴയതിന്റെ മുന ഒടിയുമ്പോള്‍ പുതിയവ കൂര്‍ത്തുവരും. ഉണങ്ങിവരണ്ട ഉദരങ്ങളെച്ചൊല്ലി ഞാനിന്നും വിഹ്വലസ്വപ്നങ്ങള്‍ കാണുന്നു. കാലവും സാഹചര്യവും എന്നെ എന്തില്‍നിന്നെല്ലാമോ അകറ്റി. പക്ഷേ, ഞാനിപ്പോഴും ആ വസന്തഗര്‍ജ്ജനത്തിനായി ചെവിയോര്‍ത്തിരിക്കയാണ്. പുഷ്പങ്ങളില്‍നിന്നും വെടിമരുന്നിന്റെ ഗന്ധം പരക്കും. കുയിലുകള്‍ രാപകല്‍ ഭേദമെന്യേ സൗഹൃദഗീതങ്ങള്‍ പാടും. വന്യമൃഗങ്ങള്‍ക്ക് ചുണ്ടെലിയുടെ നേര്‍ത്ത ശബ്ദംപോലും പുറപ്പെടുവിക്കാന്‍ കഴിയാതെ വരും. അന്ന്.’ (ചക്കുകാള).
കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന മാസികയുടെ പത്രാധിപരും തൊഴിലാളിസഖാവായ കുഞ്ഞയ്യപ്പനും തമ്മില്‍ തെറ്റിപ്പിരിയുകയും പാര്‍ട്ടിയില്‍നിന്ന് കുഞ്ഞാപ്പുവിന് നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന കഥയാണ് ‘ശേഷക്രിയ’യില്‍ എം. സുകുമാരന്‍ അവതരിപ്പിക്കുന്നത്. പത്രാധിപരോട് ഏറ്റുമുട്ടി പരാജയപ്പെടുന്ന ഏഴാമത്തെ വ്യക്തിയാണ് കുഞ്ഞയ്യപ്പന്. പത്രാധിപരുടെ ആധിപത്യത്തോടുള്ള വിമര്‍ശനം മാത്രമല്ല കഥാകാരന് നമ്മോടു പറയുന്നത്. പാര്‍ട്ടിഭരണഘടനയോടുള്ള പുച്ഛവും കഥാകാരന് പ്രകടിപ്പിക്കുന്നുണ്ട്.
‘കുഞ്ഞയ്യപ്പന് നിസ്സാരഭാവത്തില്‍ രാമനാഥനോട് ചോദിച്ചു: ‘താന്‍ പാര്‍ട്ടി ഭരണഘടന വായിച്ചിട്ടുണ്ടോ?’
പെട്ടെന്നായിരുന്നു അതിനുള്ള രാമനാഥന്റെ മറുപടി:’ ‘അതെഴുതിയുണ്ടാക്കിയവര്‍ക്കുപോലും അപരിചിതമാണല്ലോ അതിലെ വരികള്‍’ (ശേഷക്രിയ).’
കുഞ്ഞയ്യപ്പനെ ഉപദേശിക്കുന്ന ഭാര്യയുടെ വാക്കുകളും രചയിതാവിന്റെ ആകുലത ബാധിച്ച ബോധഘടനയില്‍നിന്നുതന്നെ ബഹിര്‍ഗമിക്കുന്നതാണ്. ‘കുന്നും കുഴിയുമുള്ള ഈ ഭൂമിയിലെന്നപോലെ മനുഷ്യര്‍ക്കിടയിലും ഉയര്‍ച്ചതാഴ്ചകളുണ്ട്. നിങ്ങളല്ല, ദൈവം വിചാരിച്ചാല്‍പോലും അതു നികത്താനാവില്ല. സമത്വമെന്ന മിഥ്യയില്‍ നിങ്ങള്‍ ഒരുനാള്‍ സ്വയം ഹോമിക്കപ്പെടും. തീര്‍ച്ച.’ (ശേഷക്രിയ). സോഷ്യലിസ്റ്റ് വ്യവസ്ഥയെ സംബന്ധിക്കുന്ന സന്ദേഹമാണ് ഇവിടെ രചയിതാവ് പ്രകാശിപ്പിക്കുന്നത്.
‘ഈ കാലത്താണ്, തികച്ചും അപ്രതീക്ഷിതമായി പാര്‍ട്ടിപത്രത്തില്‍ വന്ന ഒരു വാര്‍ത്ത കുഞ്ഞയ്യപ്പന് കണ്ടത്. തീവ്രവാദവിഭാഗവുമായി കൂട്ടുകൂടിയതിന് കിട്ടുണ്ണിയെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയിരിക്കുന്നു. അതേ പത്രത്തില്‍ നാലാംപുറത്ത് മറ്റൊരു വാര്‍ത്തയും കുഞ്ഞയ്യപ്പന് കണ്ടു. ഒരു ഭൂവുടമയെ സംഘം ചേര്‍ന്ന് ആക്രമിച്ചുകൊല്ലാന്‍ തുനിഞ്ഞതിന്റെ പേരില്‍ കിട്ടുണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ആ രാത്രിയില്‍ കുഞ്ഞയ്യപ്പന് ഉറങ്ങിയില്ല’ (ശേഷക്രിയ). മാവോയിസ്റ്റുകള്‍ രൂപംകൊടുത്ത തീവ്രവിപ്ലവപ്രസ്ഥാനത്തിന്റെ ആവിര്‍ഭാവകാലമാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്. തീര്‍ച്ചയായും വിപ്ലവപ്രസ്ഥാനങ്ങളുടെ അകത്തളങ്ങളില്‍ നടക്കുന്ന അനീതിയും ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തിലേക്കുള്ള പാര്‍ട്ടിയുടെ വഴുതലും ചെറുക്കപ്പെടേണ്ടതാണ്. ‘ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തിന്റെ കൂടാരങ്ങളില്‍നിന്നും പാര്‍ട്ടിയെ രക്ഷിച്ചേ മതിയാവൂ'(ശേഷക്രിയ).
‘പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍, പ്രത്യേകിച്ചും പാര്‍ട്ടിസ്ഥാപനങ്ങളില്‍, എല്ലാവരും ബാദ്ധ്യതയുള്ള അംഗങ്ങളായിരിക്കേ, സാമ്പത്തിക അസമത്വം അവര്‍ക്കിടയില്‍ സ്വാഭാവികമായും അതൃപ്തിയുളവാക്കും’ (ശേഷക്രിയ). എല്ലാ അസംതൃപ്തിക്കും പരിഹാരമായി കുഞ്ഞയ്യപ്പന് ആത്മഹത്യയാണ് തിരഞ്ഞെടുക്കുന്നത്. എന്തുകൊണ്ട് കുഞ്ഞയ്യപ്പന് സ്വന്തം പാര്‍ട്ടി വിട്ട് പുതുതായി രൂപംകൊണ്ട കിട്ടുണ്ണിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നില്ല. വേണമെങ്കില്‍ കിട്ടുണ്ണിക്ക് അങ്ങനെ ചെയ്യാമായിരുന്നു. സമത്വസുന്ദരമായ ഒരു പ്രഭാതം പുലരുന്നതുവരെ പ്രവര്‍ത്തിക്കാനല്ല കുഞ്ഞയ്യപ്പന് തീരുമാനിച്ചത്. മറിച്ച് ആത്മഹത്യയിലൂടെ രക്ഷനേടാനാണ്. ഇവിടെയാണ് രചയിതാവിന്റെ പ്രത്യയശാസ്ത്രപരിസരം രചയിതാവിന്റെ ഇച്ഛയെപ്പോലും മറികടക്കുന്ന സന്ദര്‍ഭം പ്രത്യക്ഷപ്പെടുന്നത്. സുകുമാരന്റെ താത്പര്യമാണ് ഇവിടെ പ്രകടിപ്പിക്കപ്പെടുന്നത്. രചയിതാവിന് ഏറ്റവും പ്രിയപ്പെട്ട തത്ത്വചിന്ത ഏതാണെന്ന് തിരിച്ചറിയുമ്പോള്‍ രചനയില്‍ നിഗൂഹനം ചെയ്യപ്പെട്ട സന്ദിഗ്ദ്ധതയുടെ സൂക്ഷ്മപാരായണത്തിലേക്ക് അല്പം വെളിച്ചം ലഭിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: