ഭാരതീയ ഭാഷകളെയും ലിപികളെയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉണ്ടാവണമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ ആവശ്യപ്പെട്ടിരിക്കുന്നത് തികച്ചും സ്വാഗതാര്‍ഹമാണ്. നാഗ്പൂരില്‍ സമാപിച്ച പ്രതിനിധി സഭ ഏറെ ഗൗരവത്തോടെയാണ് ഇതു സംബന്ധിച്ച പ്രമേയം പാസ്സാക്കിയിട്ടുള്ളത്. നാടിന്റെ സ്പന്ദനവും വികാരവും സംസ്കാരവും ഇഴ പിരിയാതെ കിടക്കുന്നത് അതിന്റെ ഭാഷയിലും ജനങ്ങളുടെ ജീവിത രീതിയിലുമാണ്. ഒരു രാജ്യത്തിന്റെ വളര്‍ച്ചയില്‍ അവിഭാജ്യ ഘടകമാണ് അവയൊക്കെയും. മാതൃഭാഷ, മാതാവ്, മാതൃസംസ്കാരം, ദേശപ്പെരുമ എന്നിവ വഴിയാണ് സംസ്കാര സമൃദ്ധമായ ഒരു ഭൂമികയുണ്ടാവുന്നത്. അത്തരം ഭൂമികയില്‍ നിലയുറപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനത്തിനേ ജീവല്‍ഗന്ധിയായ സംസ്കാരത്തെ പ്രസ്ഫുരിപ്പിക്കാന് കഴിയൂ.
മനുഷ്യ സംസ്കാരം പുഷ്കലപ്പെടുന്ന അനേക വഴികളില്‍ പരമ പ്രധാനമായതാണ് മാതൃഭാഷയും ലിപിയും. അതിലൂടെ കരഗതമാകുന്ന ഏതറിവും അവന്റെ മുന്നോട്ടുള്ള യാത്രയില്‍ അദമ്യമായ കരുത്തും കരുതിവെയ്പ്പും നല്‍കും. മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം വേണമെന്ന് നിഷ്കര്‍ഷിക്കുന്നതും അതുകൊണ്ടു തന്നെയാണ്. സാങ്കേതികമായ ഒട്ടേറെ പ്രശ്നങ്ങള്‍ ചെറിയ തടസ്സങ്ങള്‍ ഉണ്ടാക്കുമെങ്കിലും മാതൃഭാഷയിലൂടെ പകര്‍ന്നുകിട്ടുന്ന അറിവ് അവന്റെ മൊത്തം സ്വഭാവ വിശേഷമായിത്തീരുകയാണ്. എത്ര കഠിന വിഷയങ്ങളും മാതൃഭാഷയിലൂടെ പഠിക്കുകയാണെങ്കില്‍ എളുപ്പത്തില്‍ സ്വാംശീകരിച്ചെടുക്കാന്‍ കഴിയുമെന്നതില്‍ തര്‍ക്കമില്ല. ഭാഷാ ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും അത് ശരിവെയ്ക്കുന്നുണ്ട്. കാരണം ഏതു വിഷയമായാലും ഒരാള്‍ക്ക് അത് മനസ്സിലാവുന്നത് മാതൃഭാഷയിലൂടെ പകര്ന്നുകിട്ടുമ്പോഴാണ്. അവിടെയൊരു ജൈവിക രാസപ്രവര്‍ത്തനം നടക്കുന്നുണ്ട്; തികച്ചും സ്വാഭാവികമായി. ഇംഗ്ലീഷ് വിദ്യാഭ്യാസമുള്പ്പെടെയുള്ളവയിലൂടെ കിട്ടുന്ന അറിവും ഒരാളില്‍ പരുവപ്പെടുന്നത് മാതൃഭാഷയിലൂടെയാണെന്നതാണ് നാം മനസ്സിലാക്കേണ്ട കാര്യം. അതുകൊണ്ടുതന്നെ മാതൃഭാഷയിലൂടെയുള്ള പഠനം ഏറെ ആയാസരഹിതമാകുന്നു.
രാജ്യത്തിന്റെ വൈഭവവും പുരോഗതിയും മാത്രം ലക്ഷ്യം വെയ്ക്കുന്ന ആര്‍എസ്എസിനെ സംബന്ധിച്ചിടത്തോളം ഈ വഴിക്കുള്ള ചിന്തകള്‍ പരമപ്രധാനമാണ്. വിവിധ സമയങ്ങളില്‍ മാതൃഭാഷയെയും വിദ്യാഭ്യാസത്തെയും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത സംഘടന ഊന്നിപ്പറയാറുണ്ട്. അതിന്റെ പരമോന്നത സഭയില്‍ ഇതു സംബന്ധിച്ച് സുപ്രധാന പ്രമേയം പാസ്സാക്കിയതോടെ ആ സമര്‍പ്പണത്തിന് കൂടുതല്‍ ഗതിവേഗം കിട്ടുകയാണ്. പ്രാഥമിക പഠനം മാതൃഭാഷയില്‍ മാത്രമാക്കുക, അതിനായി രക്ഷിതാക്കളും സര്‍ക്കാരും ഇച്ഛാശക്തിയോടെ മുന്നോട്ടു വരിക, ഉന്നത വിദ്യാഭ്യാസരംഗത്തെ പഠന സാമഗ്രികള്‍ ഭാരതീയഭാഷയില്‍ രൂപപ്പെടുത്തുക, സര്‍ക്കാര്‍-ജുഡീഷ്യല്‍ സര്‍വീസുകളില്‍ ഭാരതീയ ഭാഷകള്‍ക്ക് മുന്‍ഗണന നല്‍കുക, ജനങ്ങള്‍ മാതൃഭാഷയില്‍ സംസാരിക്കുന്നതിന് പ്രാധാന്യം നല്‍കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഭാരതീയ ഭാഷകള്‍ സംരക്ഷിക്കുന്നതിനും വളര്‍ത്തുന്നതിനും യുക്തമായ എല്ലാ നടപടികളും സ്വീകരിക്കുക എന്നിങ്ങനെ പ്രമേയത്തില്‍ പ്രത്യേകമായി മാതൃഭാഷയ്ക്ക് ഊന്നല്‍ നല്‍കാനുള്ള നടപടികള്‍ എടുത്തുപറയുന്നുണ്ട്.
ലോകത്തെ ഏറ്റവും വലിയ സംഘടന ഒരു രാജ്യത്തിന്റെ ഭാവിഭാഗധേയം നിശ്ചയിക്കുന്ന കാര്യത്തില്‍ ആ നാടിന്റെ തനിമയെ എങ്ങനെ നെഞ്ചോടുചേര്‍ത്തു വെയ്ക്കുന്നു എന്നതിന്റെ ഉജ്ജ്വല മാതൃകയാവുന്നു അഖിലഭാരതീയ പ്രതിനിധിസഭയുടെ പ്രമേയം. ആര്‍എസ്എസിന്റെ സ്വത്വാത്മക സംസ്കാരത്തിന്റെ ഊര്‍ജം കൈമുതലായുള്ള ഒരു ഭരണക്രമം കേന്ദ്രത്തിലുള്ളപ്പോള്‍ ഈ പ്രമേയത്തിന് അതിന്റേതായ മൂല്യം നിശ്ചയമായും നല്‍കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. ആശാവഹമായ തുടര്‍ നടപടികള്‍ അധികാരകേന്ദ്രത്തില്‍ നിന്നുണ്ടായാല്‍ അത് ഭാരതീയ ഭാഷകള്‍ക്കും അതിന്റെ ലിപിക്കും സംസ്കാരത്തിനും നല്കുന്ന സംഭാവനകള്‍ വിലമതിക്കാനാവാത്തതാവും. അത്യുജ്ജ്വലമായ ഒരു തലം തന്നെ അവയ്ക്ക് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: