ആകാശത്തിലെ പറവകള്‍ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല. കളപ്പുരകള്‍ നിറയ്ക്കുന്നില്ല എന്നാണ് ബൈബിള്‍ വചനം. ഇതുപോലെ ജീവിക്കാനായിരുന്നല്ലോയേശുക്രിസ്തു അനുയായികളെ ഉപദേശിച്ചത്. എന്നാല്‍ ഈ വഴിക്കല്ല ക്രൈസ്തവസഭകള്‍ പലതും സഞ്ചരിച്ചത്. സമ്പത്ത് കുന്നുകൂടുന്നതിലും അനുഭവിക്കുന്നതിലുമാണ് സഭകളെ നയിക്കുന്നവര്‍ ആനന്ദം കണ്ടെത്തിയത്. വട്ടിപ്പലിശക്കാരേയും ചൂതുകളിക്കാരേയും തന്റെ ദേവാലയത്തില്‍നിന്ന് ആട്ടിപ്പുറത്താക്കുകയാണ് യേശു ചെയയ്തെങ്കില്, ഇത്തരക്കാരുടെ സങ്കേതമായി ദേവാലയങ്ങളെ മാറ്റുകയായിരുന്നു കുഞ്ഞാടുകളെ നേര്‍വഴിക്ക് നയിക്കേണ്ട പല നല്ല ഇടയന്മാരും. സമ്പത്തിന്റെ ധാരാളിത്വത്തിനു പുറമെ അധികാരത്തിന്റെ പിന്‍ബലവും ലഭിച്ചപ്പോള്‍ എന്തിനുംപോന്നവരായി മാറി ഈ ഇടയന്മാര്. ഇക്കൂട്ടത്തില്‍ ഒരു വലിയ ഇടയനാണ് ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്.
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട കേസില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി ഏറ്റവും സ്വാഗതാര്‍ഹമാണ്. എറണാകുളം ജില്ലയിലെ കാലടിക്കടുത്ത് മറ്റൂരില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനുള്ള തീരുമാനമാണ് അതിരൂപതയെ ഭൂമിവിവാദത്തില്‍ അകപ്പെടുത്തിയത്. മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് 23 ഏക്കര്‍ വസ്തു വാങ്ങിയത് 60 കോടി രൂപ വായ്പയെടുത്തായിരുന്നു. ഇതിന് വര്‍ഷംതോറും ആറ് കോടി രൂപ പലിശയിനത്തില്‍ ബാങ്കില്‍ അടയ്ക്കേണ്ടതുണ്ടായിരുന്നു. വരന്തരപ്പള്ളിയിലെ ഭൂമി വിറ്റ് വായ്പാതുക തിരിച്ചടയ്ക്കാനായിരുന്നു പദ്ധതിയെങ്കിലും വില്‍പ്പന നടക്കാതെ വന്നതിനെത്തുടര്‍ന്ന് സഭയുടെ കൈവശമുള്ള മറ്റ് ചില വസ്തുക്കള്‍ വില്ക്കാന് തീരുമാനിച്ചു. ഈ ഇടപാട് വന്നഷ്ടത്തില് കലാശിച്ചതാണ് വിവാദത്തിന് തുടക്കം. 29 കോടി രൂപയ്ക്ക് വില്ക്കാന് ധാരണയായെങ്കിലും ഒന്‍പത് കോടി മാത്രമാണ് സഭയ്ക്ക് കിട്ടിയത്. സ്വാഭാവികമായും സഭാംഗങ്ങളില്‍നിന്ന് ഇതിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. കോടതിയില്‍ ഹര്‍ജിയുമെത്തി.
ക്രമക്കേട് വ്യക്തമായിട്ടും സഭയുടെ സ്വത്തിന്റെ കാര്യത്തില്‍ കോടതിക്ക് ഇടപെടാന്‍ അധികാരമില്ലെന്നും, കര്‍ദ്ദിനാള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കേണ്ടത് പോപ്പാണെന്നും മാര്‍ ആലഞ്ചേരിക്കുവേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു. കര്‍ദ്ദിനാള്‍ രാജാവാണോ എന്നാണ് കോടതി ഇതിനോട് ്രപതികരിച്ചത്. പതിറ്റാണ്ടുകളായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന മൗലികമായ പ്രശ്നമാണിത്. സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായ ഭാരതത്തില്‍ ക്രൈസ്തസഭകളുടെ സ്വത്തിന്റെ അവകാശി വത്തിക്കാന്‍ എന്ന വിദേശരാജ്യവും, അതിന്റെ ഭരണാധികാരിയായ പോപ്പുമാണെന്ന നിലപാടാണ് സഭാധികൃതര്‍ സ്വീകരിച്ചുപോരുന്നത്.
ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള ഭരണപരിഷ്കാര കമ്മീഷന് ഇതിനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും വര്‍ഗീയ പ്രീണനം മുഖമുദ്രയാക്കിയ ഇടതു-വലതു മുന്നണി സര്‍ക്കാരുകള്‍ക്ക് അത് സ്വീകാര്യമായില്ല. ക്രൈസ്തവ പണ്ഡിതനായ ജോസഫ് പുലിക്കുന്നേല്‍ തന്റെ മരണംവരെ ഇതിനുവേണ്ടി പോരാടുകയുണ്ടായി. ഇപ്പോള്‍ സഭയുടെ സ്വത്ത് നോക്കി നടത്താനുള്ള അധികാരം മാത്രമാണ് കര്ദ്ദിനാളിനുള്ളതെന്ന് വ്യക്തമാക്കിയ കോടതിവിധി ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടതിലൂടെ മതത്തിന്റെ പേരില്‍ ആരും നിയമത്തിന് അതീതരാവാന്‍ നോക്കണ്ട എന്ന മുന്നറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: