ഡ്യൂനഡിന്‍: റോസ് ടെയ്ലറുടെ അടിപൊളി സെഞ്ചുറിയില്‍ ന്യൂസിലന്‍ഡിന് വിജയം. നാലാം ഏകദിനത്തില്‍ അവര്‍ അഞ്ചു വിക്കറ്റിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. പരിക്കിനെ തുടര്‍ന്ന് മൂന്നാം മത്സരത്തില്‍ നിന്ന് വിട്ടുനിന്ന ടെയ്ലര് 147 പന്തില്‍ 17 ഫോറും ആറു സിക്സറും അടിച്ച് 181 റണ്‍സുമായി പുറത്താകാതെ നിന്നു. ഏകദിന മത്സരങ്ങളില്‍ ജന്മദിനത്തിന്റെ തലേന്ന് സെഞ്ചുറി നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനാണ് ടെയ്ലര്. ജന്മദിനത്തലേന്ന് സെഞ്ചുറി നേടിയ ആദ്യ ബാ്റ്റ്സ്മാന്‍ ഇന്ത്യയുടെ സൗരവ് ഗാംഗുലിയാണ്.
ടെയ്ലര് സെഞ്ചുറിയുമായി പൊരുതി നിന്നതോടെ കിവീസ് മൂന്ന് പന്ത് ശേഷിക്കെ അഞ്ചുവിക്കറ്റിന് 339 റണ്‍സ് നേടി വിജയം പിടിച്ചടക്കി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ബെയര്‍സ്റ്റോ, റൂട്ട് എന്നിവരുടെ സെഞ്ചുറികളില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 335 റണ്‍സ് നേടി. ബെയര്‍സ്റ്റോ 106 പന്തില്‍ 14 ഫോറും ഏഴു സിക്സറും അടക്കം 138 റണ്‍സ് എടുത്തു. റൂട്ട് 101 പന്തില്‍ 102 റണ്‍സ് എടുത്തു. ആറു ഫോറും രണ്ട് സിക്സറും അടിച്ചു.
വിജയം ലക്ഷ്യമിട്ടിറങ്ങിയ ന്യൂസിലന്‍ഡിന് 86 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ടെയ്ലറും ലാത്തമും നാലാം വിക്കറ്റില്‍ 187 റണ്‍സ് എടുത്തതോടെ ന്യൂസിലന്‍ഡ് വിജയത്തിലേക്ക് നീങ്ങി. ലാത്തം 71 റണ്‍സ് നേടി. ക്യാപറ്റന് വില്ല്യംസണ് 45 റണ്‍സ് എടുത്തു. ടെയ്ലറാണ് മാന്‍ ഓഫ് ദ മാച്ച്. നാലാം ഏകദിനം ന്യൂസിലന്‍ഡ് നേടിയതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം 2-2 നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: