നടന് മുരളിയുടെ മരണം വലിയ നഷ്ടംതന്നെയായിരുന്നു. സിനിമ, നാടകം, വായന, സാംസ്കാരിക പ്രവര്‍ത്തനം… സിനിമാ വൃത്താന്തങ്ങള്‍ പ്രേക്ഷകരെ ആദ്യം അറിയിക്കുന്ന ചലച്ചിത്ര പിആര്‍ഒ: എ.എസ്. ദിനേശ് ഓര്‍മ്മിക്കുന്നു, തികച്ചും വ്യത്യസ്തമായ വിശേഷങ്ങളുമായി….
”കണ്ണൂരില്‍ പ്രിയനന്ദനന്റെ പുലിജന്മത്തിന്റെ ലോക്കേഷനിലാണ് നടന് മുരളിയെ കാണുന്നത്. കനലിന്റെ തിളക്കമായിരുന്നു. പരിചയപ്പെടാന്‍ പേടി സമ്മതിച്ചില്ല. അടങ്ങിയൊതുങ്ങി മൂലയിലിരിക്കുന്ന അപരിചിതനായ എന്നെ കണ്ടപ്പോള്‍ മേക്കപ്പ്മാന് പട്ടണം ഷാ യോട് എന്നെ കുറിച്ച് ചോദിച്ചതറിഞ്ഞതായി പിന്നീട് ഞാനറിഞ്ഞു. എന്നാലും അന്ന് തമ്മില്‍ സംസാരിച്ചില്ല.
പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം പാലക്കാട്ട്, ദിലീപിന്റെ വിനോദ യാത്രയുടെ ലോക്കേഷനിലാണ് മുരളിയെ കാണുന്നത്.
അതൊരു സംഭവമായിരുന്നു. വജ്രത്തിളക്കമുള്ള അന്നത്തെ സംസാരം എന്റെ മുന്‍വിധിയെ തകര്‍ത്ത് എന്റെ ജീവിതത്തില്‍ മാര്‍ഗ്ഗ ദീപമായി ഇപ്പോഴും നിലനില്ക്കുകയും ചെയ്യുന്നു.
എന്റെ നാല്പത്തിനാലാമത്തെ വയസ്സിലാണ് അഹങ്കാരത്തിന്റെ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് മനസ്സിലും മസ്തിഷ്കത്തിലും വന്‍ സ്ഫോടനമുണ്ടായത്.
ആര്‍ട്ട് ഓഫ് ലിവിംഗ് യോഗയിലെ ബേസിക് കോഴ്സാണ് അതിനു കാരണമെങ്കിലും അതൊരു പ്രവാഹമാക്കി മാറ്റിയത് ഒരു പുസ്തകമായിരുന്നു. ഏതാണ്ട് അതേ സമയത്ത് ഒരു സാധാരണക്കാരന് ചോദിക്കാതെ തന്നെ ഇതൊന്ന് വായിക്കൂ ഗുണമുണ്ടാകുമെന്നു പറഞ്ഞു തന്ന ആ പുസ്തകം ഇന്നും എനിക്ക് അത്ഭുതമാണ്.
പരമഹംസ യോഗാനന്ദയുടെ ‘ഒരു യോഗിയുടെ ആത്മകഥ’ എന്ന ആ പുസ്തകം ജീവിതത്തിന്റെ മറ്റൊരു അത്ഭുത ലോകത്തേയ്ക്കാണ് എന്നെ കൂട്ടികൊണ്ടു പോയത്. അതൊരു മാറ്റത്തിന്റെ ഉജ്ജ്വല തുടക്കമായിരുന്നു.
അതിനു ശേഷം മറ്റുള്ളവരോട് ഈ പുസ്തകത്തെ കുറിച്ച് പറയുകയും കുറെ പേര്‍ക്ക് വാങ്ങി കൊടുക്കുകയും ചെയ്തിരുന്നു.
വിനോദ യാത്രയുടെ ലോക്കേഷനിലുണ്ടായിരുന്ന നടി മീരാജാസിനും നേരത്തെ ഈ പുസ്തകം കൊടുത്തിരുന്നു. എന്നെ കണ്ടതോടെ ആ പുസ്തകത്തെകുറിച്ച് വളരെ ഗഹനമായി സംസാരിക്കുകയും ഒരു കോപ്പി കൂടി വാങ്ങി തരണമെന്ന് പറഞ്ഞ് പണം തരുകയും ചെയതു.
ഞങ്ങളുടെ ഈ സംസാരം കേട്ടിട്ടാണെന്നു തോന്നുന്നു ,പിന്നീട് മുരളി എന്റെ അടുത്തെത്തി നിങ്ങള്‍ ഏതു പുസ്തകത്തെക്കുറിച്ചാണ് സംസാരിച്ചതെന്നു ചോദിച്ചു. ഞാന്‍ വളരെ നിസ്സംഗഭാവത്തില്‍ ബുക്കിന്റെ പേരു പറഞ്ഞു. പുരോഗമന-ഇടതുപക്ഷ രാഷ്ട്രീയ ചിന്തകനായ നടനും എഴുത്തുക്കാരനുമായ മുരളി ഇത്തരം വിഷയത്തോട് പുച്ഛമായിരിക്കുമെന്നു കരുതിയാണ് ഞാന്‍ അശ്രദ്ധമായി സംസാരിച്ചത്. പക്ഷേ പുസ്തകത്തെക്കുറിച്ചു കേട്ട നിമിഷം തന്നെ മുരളിയുടെ മുഖം പ്രകാശമാനമായി. പിന്നെ ആ പുസ്തകത്തക്കുറിച്ചു മാത്രമല്ല, പരമഹംസ യോഗാനന്ദയുടെ മറ്റു പുസ്തകത്തെക്കുറിച്ചും വിശദമായി സംസാരിച്ചു. ഇത്തരം വിഷയത്തിലുള്ള അദ്ദേഹത്തിന്റെ അറിവും താല്‍പ്പര്യവും എന്നെ അത്ഭുതപ്പെടുത്തി. ഞങ്ങളുടെ ആദ്യ സംസാരമായിരുന്നെങ്കിലും
ദീര്‍ഘകാല പരിചിതരെ പ്പോലെയാണ് അനുഭവപ്പെട്ടത്. ഇത്രയുമായപ്പോള്‍ ഞാന്‍ ചോദിച്ചു.
‘എന്തു കൊണ്ടാണ് ഈ പുസ്തകത്തെ ക്കുറിച്ച് ഇത്രയും നാളായിട്ട് ഞാന്‍ അറിയാതിരുന്നത്?’
‘അതിന് ഒരു സമയമുണ്ട്. ദിനേശിന് അത് ഉള്‍ക്കൊള്ളാന്‍ പാകമായപ്പോഴാണ് പുസ്തകം മുന്നിലെത്തിയത്. അതിനു മുമ്പായിരുന്നങ്കില്‍ അതിനെ പുച്ഛിച്ച് അവഗണിച്ചേനേ’..
പിന്നെ സമയത്തെ കുറിച്ചു സംസാരിച്ചു. മുരളിയെകുറിച്ചുള്ള എന്റെ ധാരണകളെല്ലാം തകിടം മറിഞ്ഞു.
പിന്നെ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടില്ല.
മതി,അത്രയും മതി….
അതൊരു പാഠമാണ്.
ആളെ അറിയാന്‍ അടുത്തറിയണം
പുറമല്ല കാര്യം,
അകമാണ്.
അകമറിഞ്ഞാല് ആരും
അകലെയല്ല….
(‘നമസ്ക്കാരം ദിനേശാണ്, പിആര്‍ഓ’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ എഴുതുന്ന പരമ്പര)
പ്രതികരിക്കാൻ ഇവിടെ എഴുതുക: