കൊളംബോ: വിദേശമണ്ണില്‍ വിജയക്കൊടി നാട്ടിയ ഇന്ത്യ പുത്തന്‍ താരങ്ങളുമായി നിദഹാസ് ത്രിരാഷ്ട്ര ട്വന്റി 20 ടൂര്‍ണമെന്റിനിറങ്ങുന്നു. ദക്ഷിണാഫ്രക്കയില്‍ ഇരട്ട പരമ്പര നേടി ചരിത്രമെഴുതിയ ഇന്ത്യ ഇന്ന് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്കയുമായി മാറ്റുരയ്ക്കും. രാത്രി ഏഴിന് മത്സരം ആരംഭിക്കും. ബംഗ്ലാദേശാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്ന മൂന്നാം ടീം.
ദക്ഷിണാഫ്രിക്കയില്‍ വിജയക്കൊടി നാട്ടിയ നായകന് വിരാട് കോഹ് ലി, പരിചയ സമ്പന്നനായ മഹേന്ദ്രസിംങ് ധോണി, പേസര്‍ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ , കുല്‍ദീപ് യാദവ് ,ഹാര്‍ദിക് പാണ്ഡ്യ എന്നിവരെ കൂടാതെയാണ് ഇന്ത്യ ശ്രീലങ്കയില്‍ ത്രി രാഷ്ട്ര പരമ്പരയില്‍ കളിക്കാനിറങ്ങുന്നത്
വിരാട് കോഹ് ലിക്ക് പകരം ഓപ്പണര്‍ രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുന്നത്. യുവ താരങ്ങളായ വാഷിങ്ടണ്‍ സുന്ദര്‍, വിജയ് ശങ്കര്‍, ഋഷഭ് പന്ത്, ദീപക്ക് ഹൂഡ, മുഹമ്മദ് സിറാജ് തുടങ്ങിയവര്‍ ടീമിലുണ്ട്. ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ യുവതാരങ്ങള്‍ക്ക് കിട്ടുന്ന അവസരമാണിത്.
അതേസമയം, ആതിഥേയര്‍ പരിക്കിന്റെ പിടിയിലാണ്. അസ്ലെ ഗുണരത്ന, എ്സ്. മധുശങ്ക, ഏയ്ഞ്ചലോ മാത്യൂസ് തുടങ്ങിയവര്‍ പരിക്ക് മൂലം ടൂര്‍ണമെന്റില്‍ കളിക്കില്ല. മാത്യൂസിന് പകരം ടീമിനെ നയിക്കുന്ന ദിനേശ് ചാണ്ഡിമല്‍, ഉപുല്‍ തരംഗ, തിസ്ര പെരേര, സുരംഗ ലക്മല്‍ എന്നിവരിലാണ് ശ്രീലങ്കയുടെ പ്രതീക്ഷ. പരിക്കിനെ തുടര്‍ന്ന് ബംഗ്ലാദേശിനെതിരായ ട്വന്റി 20 മത്സരത്തില്‍ നിന്ന് വിട്ടുനിന്ന കുശാല്‍ പെരേര തിരിച്ചെത്തിയത് ശ്രീലങ്കയുടെ ആത്മ വിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: