ഭാര്യ മന്ദാകിനിയുമൊത്ത് നടക്കാനിറങ്ങിയപ്പോഴാണ് പ്രകാശ് ആ കാഴ്ചകണ്ടത്. ആദിവാസികള്‍ വലിയൊരു ചുമടുമായി വരുന്നു. ഒരു ചത്ത കുരങ്ങ്. ഉള്‍ക്കാട്ടില്‍ നിന്ന് തല്ലിക്കൊന്ന് കൊണ്ടുവരികയാണ്. പട്ടിണിപ്പാവങ്ങളുടെ അത്താഴത്തിനുള്ള ഇരയാണത്. പക്ഷേ മറ്റൊരു ദൃശ്യത്തിലാണ് പ്രകാശിന്റെ കണ്ണുടക്കിയത്. വിറങ്ങലിച്ച കുരങ്ങിന്റെ ശരീരത്തില്‍ ഒട്ടിച്ചേര്‍ന്ന് മുലകുടിക്കാന്‍ ശ്രമിക്കുന്ന ഒരു കുട്ടിക്കുരങ്ങന്. പ്രകാശിന്റെ കണ്ണുകള്‍ നിറഞ്ഞു.
അദ്ദേഹം ആദിവാസികളെ സമീപിച്ചു. കുട്ടിക്കുരങ്ങന്റെ ജീവനുവേണ്ടി യാചിച്ചു. ‘മദിയ ഗോണ്ട്’ വര്‍ഗക്കാരായ വേട്ട സംഘം തുടക്കത്തില്‍ വിസമ്മതിച്ചു. തങ്ങളുടെ ആഹാരമാണിത്. കുരങ്ങിനെ തന്നാല്‍ ആവശ്യത്തിന് ആഹാരവും വസ്ത്രവും നല്കാമെന്നായി പ്രകാശ്. അങ്ങനെ അവര്‍ തങ്ങളുടെ പ്രിയ ഡോക്ടറുടെ ആവശ്യത്തിന് സമ്മതംമൂളി. കുട്ടിക്കുരങ്ങന് പ്രകാശിന്റെ കുടുംബാംഗമായി. അവന് നല്കിയ പേര് ബാബ്ലി. മദിയ ഗോണ്ടുകളുടെ മലദൈവത്തിന്റെ അതേ പേര്.
അതൊരു തുടക്കമായിരുന്നു. പ്രകാശ്, മന്ദാകിനി എന്നീ ഡോക്ടര്‍ ദമ്പതികളുടെ ജീവിതം മാറ്റിമറിച്ച സംഭവം. ഡോ. പ്രകാശ് ആംതെ ആദിവാസികളെ തന്റെ ആനന്ദവനത്തിലേക്ക് സ്വാഗതം ചെയ്തു. അവരോട് സ്നേഹത്തെക്കുറിച്ചും ദയ, പ്രകൃതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും ഒരുപാട് പറഞ്ഞു. പക്ഷേ ആ പട്ടിണിപ്പാവങ്ങള്‍ മൃഗങ്ങളെ കൊല്ലുന്നത് ആഘോഷത്തിനല്ല. അത്താഴത്തിനാണ്. ഒടുവില്‍ പ്രകാശ് അവരുമായി ഒരു കരാറുണ്ടാക്കി. മുറിവേറ്റ മൃഗങ്ങളെയും കൊല്ലപ്പെടുന്ന മൃഗങ്ങളുടെ കുഞ്ഞുങ്ങളെയും തനിക്ക് തരണം. പകരം ആവശ്യത്തിന് ആഹാരവും വസ്ത്രവും നല്‍കാം.
1970 ല്‍ തുടങ്ങിയ ആ കരാര്‍ പ്രകാരം ആനന്ദ വനത്തില്‍ അഭയം തേടിയെത്തിയത് നൂറ് കണക്കിന് വന്യമൃഗങ്ങള്‍. കരടി, പുലി, കഴുതപ്പുലി, മരപ്പട്ടി, ഈനാംപേച്ചി, പെരുമ്പാമ്പ്, മുതല, മുള്ളന്‍പന്നി, കഴുകന്, മയില്‍, മൂങ്ങ, അണലി തുടങ്ങി എത്രയോ മൃഗങ്ങള്‍. ഡോക്ടര്‍ ദമ്പതികള്‍ അവരെ മക്കളെപ്പോലെ സ്നേഹിച്ചു. ചിലതിനെ ഉള്‍ക്കാടുകളില്‍ തുറന്നുവിട്ടു. ഡോക്ടര്‍ ദമ്പതികള്‍ക്കു പുറമെ മകന് ഡോ. ദിഗന്തും കൊച്ചുമക്കളും ആ പരിചരണത്തില്‍ പങ്കാളികളായി.
ആനന്ദവനത്തിലെ ആദ്യ അതിഥി ബാബ്ലി കുരങ്ങനായിരുന്നു പ്രകാശിന്റെ വളര്‍ത്തുപട്ടിയുടെ മുതുകത്തായിരുന്നു അവന്റെ സഞ്ചാരം. ആദ്യമെത്തിയ ‘ക്രൂരമൃഗം’ റാണി എന്ന കരടി. പ്രകാശിനൊപ്പം കുളിക്കടവിലേക്ക് നടക്കാന്‍ പോകുന്നതായിരുന്നു റാണിയുടെ വിനോദം. പ്രകാശ് വായിക്കാനിരുന്നാല്‍ മടിയില്‍ കിടന്ന് വിരല്‍ നക്കിത്തോര്‍ത്തും. നെഗല്‍ എന്ന പുലിക്കുട്ടിയെ കൂട്ടിലടച്ചിരുന്നതുപോലുമില്ല. മുന്നപുലിയാവട്ടെ, പ്രകാശിന്റെ മകള്‍ ആരതിക്കൊപ്പം സ്കൂളില്‍ ചെന്നു കയറി വല്ലാത്ത കോലാഹലം തന്നെ സൃഷ്ടിച്ചു. നാഗ്പൂരില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ ഗാച്ചിരോളിയിലെ ഭണ്ഡാരായണ വനത്തോട് ചേര്‍ന്ന കുഗ്രാമമായ ഹേമല്‍കാസയില്‍ സ്ഥിതിചെയ്യുന്ന ആനന്ദവനത്തിലും അതിന്റെ നേതൃത്വത്തിലുള്ള ‘ലോക് ബിരാധാരി പ്രകല്‍പി’ലും എപ്പോഴും സന്തോഷം നിറഞ്ഞുനിന്നില്ല. മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും പ്രകാശിന്റെ മൃഗസ്നേഹത്തെ തെല്ലും സന്തോഷത്തോടെയല്ല കണ്ടത്. കാട്ടുമൃഗങ്ങളെ കൂട്ടിലടക്കാതെ വളര്‍ത്തുന്ന പ്രകാശിന് അവര്‍ വിലക്കുകള്‍ കല്പിക്കാന് ശ്രമിച്ചു. സ്നേഹക്കൂടുകളിലല്ല വന്യമൃഗങ്ങള്‍ വളരേണ്ടതെന്ന് നിയമപുസ്തകങ്ങള്‍ നോക്കി വിശദീകരിച്ചു.
പക്ഷേ വൈദ്യുതി പോലുമെത്താത്ത, നല്ലൊരു വഴിപോലുമില്ലാത്ത കാട്ടുഗ്രാമത്തില്‍ ഗിരിവര്‍ഗക്കാര്‍ക്കും വന്യമൃഗങ്ങള്‍ക്കുമായി ഉഴിഞ്ഞുവച്ച പ്രകാശിനെ തേടി ഒരുപാട് അംഗീകാരങ്ങളെത്തി. 2002 ല്‍ പത്മശ്രീ ബഹുമതി 2008 ല്‍ മാഗ്സസെ പുരസ്കാരം. ആദിവാസികളെ സ്നേഹിച്ച് എംഎസ് ബിരുദം പാതിവഴിയില്‍ വിട്ട് കാട്ടിലെത്തിയ ഡോക്ടര്‍ പ്രതിവര്‍ഷം ചികിത്സിക്കുന്നത് അരലക്ഷം രോഗികളെ. പട്ടിണിപ്പാവങ്ങള്‍ക്കായി നടത്തുന്ന വിദ്യാലയത്തില്‍ പഠിക്കുന്നത് 600 ല്‍ പരം കുട്ടികള്‍. തൊട്ടുതലോടി ജീവിതത്തിലേക്ക് എടുത്തുയര്‍ത്തുന്ന കാട്ടുമൃഗങ്ങള്‍ ആയിരക്കണക്കിന്. പ്രകാശിന്റെ പ്രകൃതി പ്രേമത്തില്‍ മനസ്സുമാറി വേട്ട ഉപേക്ഷിച്ച ഗോത്രവര്‍ഗക്കാര്‍ നിരവധി. കാരണം…
കാരണം, ഈ ഡോക്ടര്‍ ‘അച്ഛന്റെ മകനാണ്’ മനുഷ്യ സ്നേഹത്തിന്റെ പ്രതീകമായ ഒരു അച്ഛന്റെ മകന്. ലോകപ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകര്‍ ബാബാ ആംപ്തെയുടെ മകന് പ്രകാശ് ആംപ്തേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: