സംസ്ഥാനത്തെ കാലാവസ്ഥയും മണ്ണിന്റെ ഘടനയ്ക്കും അനുസരിച്ച് വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാന്‍ സാധിക്കുന്ന പച്ചക്കറിയിനമാണ് പയര്‍. തെങ്ങുകള്‍ കൂടുതലായി കൃഷിചെയ്യുന്ന പാലക്കാട് ജില്ലയില്‍ ഒരു അടിത്തട്ട് വിളയായും, മരച്ചീനിത്തോട്ടത്തില്‍ ഒരു ഇടവിളയായും പയര്‍ കൃഷി ചെയ്യാം. നെല്‍ക്കൃഷിചെയ്യുന്ന പാടശേഖരങ്ങളിലും ബണ്ടുകളിലും കൃഷിചെയ്യാന്‍ സാധിക്കുന്ന വിളയെന്ന പ്രത്യേകതയും പയറിനുണ്ട്. മാര്‍ക്കറ്റില്‍ എപ്പോഴും മികച്ച വില ലഭിക്കുന്ന പച്ചക്കറിയിനം കൂടിയാണ്. കൃത്യമായ പരിചരണം നല്കിയാല് നല്ല വരുമാനം പയര്‍ കൃഷിയിലൂടെ നേടാന്‍ സാധിക്കും.
മണ്ണ് പാകമാക്കല്‍, കൃഷിയിറക്കല്‍
കൃഷിയിടം രണ്ടോ മൂന്നോ തവണ നന്നായി ഉഴുതിളക്കി കട്ടയും കളയും മാറ്റി വൃത്തിയാക്കുക. കൃഷിയിടത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ടി 30 സെ.മീ വീതിയിലും 15 സെ.മീ താഴ്ചയിലും രണ്ട് മീറ്റര്‍ അകലം നല്കി ചാലുകള്‍ നിര്‍മ്മിക്കുന്നത് കൃഷിക്ക് ഉത്തമമാണ്. വിത്തിന് വേണ്ടി വളര്‍ത്തുന്ന ഇനങ്ങള്‍ക്കും, വിത്തിനും പച്ചക്കറിക്കും വേണ്ടി വളര്‍ത്തുന്ന ഇനങ്ങള്‍ക്കും വരികള്‍ തമ്മില്‍ 25 സെ.മി ചെടികള്‍ തമ്മില്‍ 15 സെ.മി അകലം നല്‍കണം. ഒരു കുഴിയില്‍ രണ്ടു വിത്തുവീതം പാകാം. കുറ്റിപ്പയറിന് വരികള്‍ തമ്മില്‍ 30 സെ.മിയും ചെടികള്‍ തമ്മില്‍ 15 സെ.മിയും അകലത്തില്‍ നടുന്നതാണ് ഉത്തമം.
കൃഷിക്കാലം
ഏതുകാലത്തും നാടന്‍പയര്‍ വളര്‍ത്താന്‍ സാധിക്കും. മഴയെ ആശ്രയിച്ചുളള കൃഷിക്ക്, ജൂണ്‍ മാസത്തില്‍ വിത്ത് പാകാം. കൃത്യമായി പറഞ്ഞാല്‍ ജൂണിലെ ആദ്യ ആഴ്ചയ്ക്ക് ശേഷം. സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെ നെല്പാടത്തിന്റെ ബണ്ടുകളില്‍ ഒരു അതിരുവിളയായി ബണ്ടുകളില്‍ പയര്പാകി വളര്‍ത്താം. ഞാറ് പറിച്ചു നടുന്ന അതേ ദിവസം തന്നെ ബണ്ടിന്റെ ഇരുവശത്തും വിത്തു വിതയ്ക്കാം. നെല്‍പ്പാടങ്ങളില്‍ വിളവെടുപ്പിനു ശേഷം വേനല്‍ക്കാലത്ത് തരിശിടുന്ന വേളയില്‍ പയര്‍ ഒരു തനിവിളയായും കര്‍ഷകര്‍ക്ക് കൃഷി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും.
പ്രധാന പയറിനങ്ങള്‍
കുറ്റിപ്പയര്‍ ഭാഗ്യലക്ഷ്മി,
പൂസ ബര്‍സാത്തി,
പൂസ കോമള്‍
പകുതി പടരുന്ന സ്വഭാവമുളളവ: കൈരളി, വരുണ്‍, അനശ്വര, കനകമണി, അര്‍ക്ക് ഗരിമ.
പടര്‍പ്പന്‍ ഇനങ്ങള്‍: ശാരിക, മാലിക, കെ. എം. വി വണ്‍, ലോല, വൈജയന്തി, മഞ്ചേരി ലോക്കല്‍, വയലത്തൂര്‍ ലോക്കല്‍, കുരുത്തോലപ്പയര്‍.
വിത്തിന് ഉപയോഗിക്കുന്നവ: സി 152, എസ് 488, പൂസ ഫല്‍ഗുനി, പി 118,
പൂസദോ ഫസിലി, കൃഷ്ണമണി, അംബ (തരിശിടുന്ന നെല്പാടങ്ങള്ക്ക്).
പച്ചക്കറിക്കും വിത്തിനും ഉപയോഗിക്കുന്നവ: കനകമണി, ന്യൂ ഈറ
മരച്ചീനിത്തോട്ടത്തിലെ ചങ്ങാതി വിള: വി 26
തെങ്ങിന്‍തോപ്പിലെ അടിത്തട്ട് വിള: ഗുജറാത്ത് വി 118, കൗപീ 2
പ്രതികരിക്കാൻ ഇവിടെ എഴുതുക: