സംവിധാന മോഹവുമായി സിനിമയിലെത്തുന്നവര്‍ ഏറെയാണ്. സൂപ്പര്‍താരങ്ങളെ വച്ച് സിനിമയെടുത്ത് അത് വാണിജ്യപരമായി വിജയിപ്പിക്കുക എന്നത് തന്നെയാവും ഒട്ടുമിക്ക സിനിമാ സംവിധായകരുടെ സ്വപ്നവും. തെരഞ്ഞെടുക്കുന്ന പ്രമേയത്തിലെ വാണിജ്യസാധ്യതയാണ് ബഹുഭൂരിപക്ഷം സംവിധായകരും ലക്ഷ്യം വയ്ക്കുന്നതും. ഇതില്‍ നിന്നും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന സംവിധായകര്‍ സിനിമാലോകത്ത് വിരളമാണ്. സംവിധാനം ചെയ്ത ഏഴ് സിനിമകളില്‍ ആറും സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങള്‍. എന്‍ജിനീയറിംഗ് പഠനശേഷം നിര്‍മാതാവിന്റെയും വിതരണക്കാരന്റെയും വേഷമണിഞ്ഞശേഷം സംവിധായകനായി മാറിയ എം.എ.നിഷാദ് എന്ന ചെറുപ്പക്കാരന് പ്രേക്ഷകര്‍ക്ക് മുന്നില്‍ വച്ച പ്രമേയങ്ങള്‍ ഓരോന്നും സമൂഹം ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നവയായിരുന്നു. തന്റെ പുതിയ ചിത്രമായ ‘കിണറി’ലും എം.എ.നിഷാദ് പതിവ് തെറ്റിച്ചില്ല. ജലദൗര്‍ലഭ്യം പ്രമേയമാക്കി എടുത്ത ‘കിണര്‍’ മലയാളികള്‍ക്ക് ഭാവിയിലേക്കുള്ള മുന്നറിയിപ്പുകൂടിയാണ്.
എം.എ.നിഷാദിന്റെ മനസ്സിലേക്ക് സിനിമ എത്തുന്നത് ആലപ്പുഴ ലിയോ 13 ഹൈസ്കൂളില്‍ വച്ചാണ്. സ്കൂള്‍ പഠനശേഷം തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ പ്രീഡിഗ്രി പഠനം. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകന്. ഒപ്പം ഭരത്ഗോപിയെയും തിലകനെയും ജഗതി ശ്രീകുമാറിനെയും നെഞ്ചിലേറ്റി നടന്നു. പത്മരാജന്റെയും കെ.ജി.ജോര്‍ജ്ജിന്റെയും ഭരതന്റെയും സിനിമകള്‍ പിന്തുടര്‍ന്ന യൗവനം. പ്രീഡിഗ്രിക്ക് ശേഷം കൊല്ലം ടികെഎം എന്‍ജിനീയറിംഗ് കോളേജില്‍ എത്തിയെങ്കിലും നിഷാദ് സിനിമയുടെ സ്വപ്നലോകത്തുതന്നെ സഞ്ചരിച്ചു. പഠനം പൂര്‍ത്തിയായതോടെ സംവിധാനം അടുത്തറിയാന്‍ പുതിയൊരുവേഷം കെട്ടി. നിര്‍മ്മാതാവിന്റെ വേഷം. മമ്മൂട്ടി നായകനായ സത്യന് അന്തിക്കാടിന്റെ ‘ഒരാള്‍ മാത്രം’ എന്ന ചിത്രം. തുടര്‍ന്ന് ‘ഡ്രീംസ്’ , ‘തില്ലാന തില്ലാന’ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു.
നിഷാദിന്റെ സംവിധാന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയതിനു പിന്നില്‍ അന്തരിച്ച സംഗീത സംവിധായകന് എം.ജി.രാധാകൃഷ്ണനായിരുന്നു. എം.ജി.രാധാകൃഷ്ണന് പ്രസിഡന്റായ ഒരു സംഘടനയുടെ സെക്രട്ടറിയായിരുന്നു നിഷാദ്. നിഷാദിന്റെ താല്പര്യമറിഞ്ഞ എം.ജി.രാധാകൃഷ്ണനാണ് മല്ലികാസുകുമാരനെ നിഷാദിന് പരിചയപ്പെടുത്തുന്നത്. അതോടെ നിഷാദിന്റെ ‘പകല്‍’ എന്ന ആദ്യചിത്രത്തില്‍ പൃഥ്വിരാജ് നായകനായി. വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യകളും മറ്റും ചര്‍ച്ച ചെയ്യപ്പെട്ട കാലഘട്ടത്തില്‍ കര്‍ഷകനെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പ്രമേയമാക്കാനായിരുന്നു നിഷാദ് ധൈര്യം കാണിച്ചത്.
രണ്ടാമത്തെ ചിത്രമായ ‘നഗരം’ മാലിന്യങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ഒരുഗ്രാമത്തിലെ ആളുകളുടെ ചെറുത്തുനില്‍പ്പിന്റെ കഥപറഞ്ഞു. മൂന്നാമത്തെ ചിത്രമായ ‘ആയുധം’ സാമ്രാജ്യത്വശക്തികളുടെ ആയുധങ്ങളായി പ്രവര്‍ത്തിക്കുന്നവരെ തുറന്നുകാട്ടി. ഇതിനിടെ ‘ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം’ എന്ന ഹ്രസ്വചിത്രവും ചെയ്തു. ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ച ഹ്രസ്വചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. നമ്മുടെ പെണ്മക്കള് സുരക്ഷിതരാണോ എന്ന ചോദ്യം അവശേഷിപ്പിച്ച നിഷാദിന്റെ അടുത്ത ചിത്രമായ ‘വൈരം’ സിനിമാലോകം ഏറെ ചര്‍ച്ച ചെയ്തു.
‘വൈര’ത്തിന് ശേഷം ‘ബെസ്റ്റ് ഓഫ് ലക്ക്’ എന്ന വാണിജ്യസിനിമ സംവിധാനം ചെയ്തു. ‘നമ്പര്‍ 66 മധുര ബസ്സി’ലൂടെ ജയില്‍ പുള്ളികള്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ തുറന്നുകാട്ടി.
തന്റെ പുതിയ ചിത്രമായ ‘കിണറി’ലൂടെ അതിര്‍ത്തി വിഭജനം വന്നപ്പോള്‍ ഒരു കിണര്‍ രണ്ട് അതിര്‍ത്തിയിലുള്ള ജനങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് കാട്ടിത്തരുന്നു. പ്രാണവായുപോലെ വേണ്ടപ്പെട്ടതാണ് ജീവജലവും എന്ന് സമൂഹം ഓര്‍ക്കണമെന്ന് നിഷാദ് പറയുന്നു. ”ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നാം മൂന്നുനേരം കുളിക്കുമ്പോള്‍ അതിര്‍ത്തിക്കപ്പുറത്ത് ആഴ്ചയിലൊരിക്കല്‍ ലഭിക്കുന്ന കുടിവെള്ളത്തിനുവേണ്ടി ഓടിയലയുന്ന മനുഷ്യരുണ്ട്. 25 വര്‍ഷം മുന്‍പ് നമ്മള് കുടിവെള്ളം കാശുകൊടുത്ത് വാങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. ഇപ്പോള്‍ സൗത്ത് ആഫ്രിക്കയിലെ കേപ്ടൗണില്‍ വെള്ളത്തിനായി ആഭ്യന്തരയുദ്ധംപോലും നടക്കുന്ന സാഹചര്യമാണ്. വെള്ളം റേഷനായാണ് അവിടെ ലഭിക്കുക. ജലസ്രോതസ്സുകള്‍ ഏറെയുള്ള നമ്മുടെ നാട്ടില്‍ ജലസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് മലയാളികള്‍ക്കുള്ള ഒരു മുന്നറിയിപ്പുകൂടിയാണ് ‘കിണര്‍’. ജലദൗര്‍ലഭ്യത്തിന്റെ ദുരിതം തമിഴ്നാട്ടുകാര്‍ അനുഭവിക്കുന്നുണ്ട്. മലയാളികളും ഇന്ന് അനുഭവിച്ച് തുടങ്ങി. പുനലൂര്‍, ചെങ്കോട്ട, ആര്യങ്കാവ് പ്രദേശങ്ങളില്‍ കുടവുമായി ക്യൂ നില്ക്കുന്ന സ്ത്രീകള്‍ പതിവ് കാഴ്ചയാണ്. വൈപ്പിനിലെ കുടിവെള്ള വിഷയവും നമുക്ക് മുന്നിലുണ്ട്.” നിഷാദ് പറയുന്നു.
ജയപ്രദ, രേവതി, അര്‍ച്ചന തുടങ്ങിയവര്‍ ‘കിണറില്‍’ കേന്ദ്രകഥാപാത്രങ്ങളായതിനെക്കുറിച്ചും എം.എ.നിഷാദിന് പറയാനുണ്ട്. ”ജലദൗര്‍ലഭ്യം ഏറെ ബാധിക്കുക വീട്ടമ്മമാരായ സ്ത്രീകളെയാണ്. അതുകൊണ്ട് തന്നെ സ്ത്രീകളുടെ ചെറുത്തുനില്പും സമരവും സിനിമയുടെ പ്രമേയമാവുന്നുണ്ട്. പ്രായമുള്ള, ശക്തമായ കഥാപാത്രമാണ് ‘കിണറി’ല്‍ വേണ്ടിയിരുന്നത്. ജയപ്രദ തന്നെയായിരുന്നു അതിന് ഉചിതം. തിരുനെല്‍വേലി കളക്ടറുടെ വേഷമാണ് രേവതിക്ക്. സുഹാസിനിയെയായിരുന്നു ആദ്യം ഈ വേഷത്തിന് പരിഗണിച്ചത്. തമിഴ്കഥാപാത്രമായാണ് അര്‍ച്ചനയെത്തുന്നത്. അതവര് ഭംഗിയാക്കി.”
എം.എ.നിഷാദിന്റെ സിനിമകളിലെ സ്ഥിരസാന്നിധ്യമായ തമിഴ് നടന് പശുപതി ‘കിണറി’ലും ഉണ്ട്. പശുപതിയും നിഷാദുമായുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ”ഞങ്ങള്‍ തമ്മിലൊരു ആത്മബന്ധമുണ്ട്, സൗഹൃദവും. എനിക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റുന്ന കംഫര്‍ട്ടബിളായ, നൂറുശതമാനം സമര്‍പ്പണമുള്ള നടനാണ് പശുപതി. ചിത്രത്തില്‍ തമിഴ്നാട്ടിലെ ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ വേഷമാണ് പശുപതിക്ക്.
സിനിമാചരിത്രത്തില്‍ 27 വര്‍ഷങ്ങള്‍ക്കുശേഷം യേശുദാസും എസ്.പി.ബാലസുബ്രഹ്മണ്യവും ഒരുമിച്ചുപാടുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ഇരുവരെയും ഒരുമിച്ചഭിനയിപ്പിച്ചു എന്ന ക്രെഡിറ്റും ഇനി നിഷാദിന് സ്വന്തം. ”രണ്ട് നാടിന്റെ അതിര്‍ത്തിയിലെ ഒരു സംഘര്‍ഷ വിഷയത്തിന്റെ കഥ പറയുമ്പോള്‍ വിവാദങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇരു നാടിന്റെയും സൗഹൃദം ഉള്‍ക്കൊള്ളുന്ന ഒരു ടൈറ്റില്‍സോംഗ് വേണമെന്ന ആശയമാണ് യേശുദാസിനെയും എസ്പിബിയെയും സമീപിക്കാനിടയാക്കിയത്. പാടിക്കഴിഞ്ഞ ശേഷം എസ്
പിബി പറയുമ്പോഴാണ് ഞാനറിയുന്നത് ഇരുവരും 27 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരുമിച്ച് പാടുന്നതെന്ന്.”
തമിഴില്‍ കേണി എന്ന പേരില്‍ ‘കിണര്‍’ റിലീസ് ചെയ്തുകഴിഞ്ഞു. തമിഴ്ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് നിഷാദ് തന്നെയാണ്. ജയപ്രദയ്ക്കും രേവതിക്കുമൊപ്പം പാര്ത്ഥിപന്, നാസര്‍, അനുഹാസന്‍, രേഖ, തലൈവാസല്‍ വിജയ് തുടങ്ങിയവരും’കേണി’യില്‍ വേഷമിട്ടു.
സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ഈ സംവിധായകന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ”ഒരു സാധാരണ സിനിമ ചെയ്യാന്‍ ആര്‍ക്കും പറ്റും. ചുറ്റും നടക്കുന്ന വിഷയങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ എനിക്ക് പറ്റില്ല. മലയാള സിനിമയുടെ സുവര്‍ണകാലമായ 80 കളിലെയും 90 കളിലെയും ചിത്രങ്ങള്‍ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. പ്രേക്ഷകര്‍ ഇപ്പോള്‍ ഒരുപാട് മാറിയിരിക്കുന്നു.”
സിനിമയില്‍ ഇടംനേടിക്കൊടുത്ത നിര്‍മാതാവിന്റെ വേഷത്തോട് ഇദ്ദേഹത്തിന് ഇപ്പോള്‍ താല്പര്യമില്ല. ”നിര്‍മാണം നമുക്ക് പറ്റിയ പണിയല്ല. ലോകത്ത് മുതലാളി തൊഴിലാളിയാവുന്ന ഒരേ ഒരു ബിസിനസേ ഉള്ളൂ, അത് സിനിമാ നിര്‍മാണ മേഖലയാണ്. ഞാന്‍ സിനിമ നിര്‍മ്മിച്ച കാലമല്ല ഇപ്പോഴത്തെ കാലം. ടെന്‍ഷന്‍ പിടിച്ച പണി ഏറ്റെടുക്കാനില്ല.’ നിഷാദ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: