മുംബൈ: റോയൽ എൻഫീൽഡ് തണ്ടർ ബേർഡ് സീരിസിന്റെ ഏറ്റവും പുതിയ രണ്ട് മോഡലുകൾ അവതരിപ്പിച്ചു. തണ്ടർ ബേർഡ് 350 എക്സ്, 500 എക്സ് എന്നീ രണ്ട് കിടിലൻ ബൈക്കുകളാണ് റോയൽ എൻഫീൽഡ് പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം രൂപകൽപ്പന ചെയ്ത ഇ മോഡലുകൾ കമ്പനി ഇപ്പോഴാണ് പുറത്ത് അവതരിപ്പിക്കുന്നത്.
തണ്ടർ ബേർഡ് സ്റ്റാൻഡേർഡിന്റെ അതേ എഞ്ചിൻ തന്നെയാണ് ഈ രണ്ട് മോഡലുകൾക്കും. എന്നാൽ നോട്ടത്തിൽ യുവാക്കളെ ഹരം കൊള്ളിക്കുന്ന ആകർഷണീയത ഈ രണ്ട് മോഡലുകൾക്കുമുണ്ട്. ഹാൻഡിൽ ബാർ, സീറ്റ് എന്നിവ രണ്ടിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്. ട്യൂബ് ലെസ് ടയറുകൾക്കൊപ്പം ബ്ലാക്ക് അലോയ് വീലുകളാണ് പുതിയ തണ്ടർബേർഡിനുള്ളത്. പുകക്കുഴൽ, സസ്പെൻഷൻ, എഞ്ചിൻ ഭാഗങ്ങൾക്കും കറുത്ത നിറം നൽകിയിരിക്കുന്നത് കൂടുതൽ ആകർഷണമാണ്.
ഇരു മോഡലുകൾക്കും എൽഇഡി ടെയിൽ ലാമ്പുകളാണുള്ളത്.സീറ്റുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. രണ്ട് സീറ്റുകൾക്ക് പകരം ഈ മോഡലുകളിൽ ഒറ്റ സീറ്റാണ് ഘടിപ്പിച്ചിരിക്കുന്നത്. ചുവപ്പ്, വെള്ള, ഇളം നീല, മഞ്ഞ തുടങ്ങിയ നിറങ്ങളിൽ എക്സ് മോഡലുകൾ ലഭ്യമാണ്. 350 എക്സിന് 1.56 ലക്ഷവും 500 എക്സിന് 1.98 ലക്ഷവുമാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: