കൊച്ചി: അപ്പോള്‍ കലാ നിരൂപകന് ജോണി. എം.എല്‍ ചെയ്തതോ? അതും ഫാന്‍സിഡ്രസ് ആയിരുന്നോ? എന്നു ചോദിച്ചാല്‍ വിമര്‍ശകര്‍ക്ക് ഒച്ചയടയും.
വനവാസിയായ മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്നപ്പോള്‍ കലാ സാഹിത്യ പ്രവര്‍ത്തകരും സാംസ്കാരിക നായകരും മിണ്ടാതിരുന്നു. ആദ്യം പ്രതികരിച്ചത് ദല്ഹികേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജോണി. എം.എല്‍ ആയിരുന്നു. മേല്‍വസ്ത്രം മാത്രം ധരിച്ച് കൈകള്‍ തുണികൊണ്ട് കെട്ടി ഒരു മരത്തിനു പിന്നില്‍, കൊല്ലപ്പെട്ട മധുവിന്റെ രൂപത്തലും ദൈന്യ ഭാവത്തിലും നിന്ന് ചിത്രമെടുത്ത് ജോണി ഫേസ്ബുക്കില്‍ ചേര്‍ത്തു.
ജോണിയുടെ തൂലികാ നാമമായ ‘അക്ഷര്‍ ആനന്ദ’ എന്ന പേരിലുള്ള ഫേസ്ബുക്കില്‍ വന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിലെ ചിലര്‍ പങ്കുവെച്ചതോടെ വ്യാപകമായി പ്രചരിച്ചു. 15,000 ല്‍ പരം പേരാണ് അതു കണ്ടതും അതിനോട് പ്രതികരിച്ചതും. പക്ഷേ ആരും ജോണിയെ വിമര്‍ശിച്ചില്ല. ‘അക്ഷര്‍ ആനന്ദ’ എന്ന പേരിലായിട്ടും.
മധുവിനെ മര്‍ദ്ദിച്ചു കൊന്ന വാര്‍ത്ത വന്നതിന്റെ പിന്നേറ്റ്, ഫെബ്രുവരി 23 ന് കാലത്ത് പത്തേകാല് മണിക്കായിരുന്നു ജോണി സ്വന്തം ചിത്രം പ്രചരിപ്പിച്ചത്.
അന്നുതന്നെ, രാത്രി എട്ടേകാല്‍ മണിക്കാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് വനവാസികളോടുള്ള ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച്, മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്, വിഷയത്തില്‍ ജനശ്രദ്ധയാകര്‍ഷിക്കാന്‍ കൈകള്‍ ബന്ധിച്ച് മധുവിനെ പോലെ നില്ക്കുന്ന ചിത്രം ട്വിറ്ററില്‍ പ്രചരിപ്പിച്ചത്. ഇതും വന്‍തോതില്‍ പ്രചാരണത്തിലായി. നിമിഷ നേരംകൊണ്ട് ലോകമെമ്പാടും പ്രചരിച്ചു.
ദളിത് സംരക്ഷകരായി അഭിനയിക്കുന്നവരും സംരക്ഷിക്കേണ്ട ഭരണക്കാരും നോക്കി നില്‍ക്കെ കുമ്മനം സ്വയം ഇറങ്ങിത്തിരിച്ചതോടെ ചിലര്‍ കുമ്മനത്തിനെതിരേ തിരിഞ്ഞു. കുമ്മനം വനവാസിയുടെ കൊലപാതകത്തെ ലഘൂകരിച്ചു, തമാശക്കളിയാക്കി, ഗൗരവം കളഞ്ഞുവെന്ന വിമര്‍ശനവും കുമ്മനം ഫാന്‍സ് ഡ്രസ് കളിച്ചുവെന്ന പരിഹാസവും നടത്തിയവരില്‍ പ്രമുഖരുമുണ്ടായിരുന്നു. എന്നാല്‍ അവരാരും കലാകാരന് ജോണി. എം.എല്‍ നടത്തിയ സമാനമായ പ്രതിഷേധത്തെ വിമര്‍ശിച്ചില്ല, പ്രതികരിച്ചതുമില്ല.
കുമ്മനം രാജശേഖരനെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പരിഹസിച്ചവരും വിമര്‍ശിച്ചവരും കുമ്മനത്തിന്റെ വനവാസി ജീവിതങ്ങളോടുള്ള കടപ്പാടും ആത്മാര്‍ത്ഥതയും അറിയാത്തവരാണ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷനായതുകൊണ്ടു മാത്രമല്ല, കുമ്മനം അട്ടപ്പാടിയിലേക്ക് ഓടിയതെന്നതാണ് വാസ്തവം.
- മൂന്നു പതിറ്റാണ്ടുമുമ്പ് നിലയ്ക്കലെ അൃപപത്തോട് വനവാസി കോളനിയില്‍ പോലീസ് തേര്‍വാഴ്ച നടത്തിയപ്പോള്‍ ക്രിസ്ത്യന്‍ മതവെറിക്കാരുടെ ഗുണ്ടകള്‍ അഴിഞ്ഞാടിയപ്പോള്‍ അവിടെ കുമ്മനം എത്തിയിരുന്നു. അവരോടൊപ്പം മാസങ്ങള്‍ താമസിച്ച് അവരുടെ ജീവിത ദുഃഖങ്ങള്‍ അറിഞ്ഞിരുന്നു.
- ആറന്മുളയില് ആകാശവാഹനം ഇറക്കാനെന്ന പേരില്‍ വനവാസി-പിന്നാക്ക വിഭാഗങ്ങളുടെ ഭൂമി തട്ടാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ ഒറ്റയാളായി പോരാട്ടം തുടങ്ങിവെച്ചത് കുമ്മനമായിരുന്നു.
- ചെങ്ങറയിലും അരിപ്പയിലും വനവാസി അവകാശങ്ങള്‍ക്ക് പോരാടിയവര്‍ക്കൊപ്പം നില്ക്കാന് കുമ്മനമേ ഉണ്ടായിരുന്നുള്ളു.
- സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്ക വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക് വേണ്ടി ശബരീ ബാലാശ്രമം നടത്തി മേല്‍നോട്ടം വഹിച്ചതും കുമ്മനത്തിന്റെ അനുഭവമാണ്. ബിജെപി അദ്ധ്യക്ഷനായപ്പോഴും കുമ്മനം മറ്റുള്ളവര്‍ അവഗണിക്കുന്നവര്ക്കൊപ്പം നില്ക്കുന്നു.
കുപ്പായം ചുളുങ്ങാതെ നോക്കുന്ന, പാര്‍ട്ടി സമ്മേളനത്തിനിടെ വാനവാസിയുെട ജഡം കാണുന്നത് ശകുനമായി കാണുന്ന നേതാക്കള്‍ക്കിടയിലെ അപവാദമായ കുമ്മനത്തെ അപവാദം കൊണ്ട് ആക്ഷേപിച്ചവര്‍ക്ക് ലക്ഷ്യം മറ്റു പലതുമായിരുന്നിരിക്കണം.
കാരണം അവര്‍ ‘സിനിമാ നടന് തുണിയുരിഞ്ഞാടിയ’പ്പോഴും, തെരുവില്‍ രതിക്രീഡയ്ക്ക് പിന്തുണ നല്കി ചിലര്‍ ചുംബന സമരം നടത്തിയപ്പോഴും കലയും ആവിഷ്കാര സ്വാതന്ത്ര്യവും പറഞ്ഞ് പിന്തുച്ചവരായിരുന്നു അവരില്‍ പലരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: