കല്ലായി എഫ്എമ്മിൽ നിധിൻ വലിയാത്ര
കല്ലുമ്മല് ടീം ഹാപ്പിയാണ്, അവരുടെ കൂട്ടത്തിലെ പ്രധാനി സിനിമാനടന് ആയിരിക്കുന്നു. മമ്മൂക്കക്കും ലാലേട്ടനും വേണ്ടി എത്രയോ തവണ തങ്ങള്‍ സിനിമാക്കൊട്ടകയില്‍ പോയി ആര്ത്തുവിളിച്ചിരിക്കുന്നു. അതേ ബിഗ് സ്ക്രീനില്‍ തങ്ങളുടെ കണ്ണനെ കണ്ടപ്പോള്‍ കല്ലുമ്മല് ടീം കയ്യടിക്കാന്‍ മറന്നുപോയി. സന്തോഷം കൊണ്ട് അവരുടെ കണ്ണുനിറഞ്ഞൊഴുകുകയായിരുന്നു.
മലപ്പുറം നഗരത്തിന് സമീപം ഉമ്മത്തൂര്‍ എന്ന ഗ്രാമം. അവിടെ റോഡരികില്‍ ഒരു വൈദ്യുതപോസ്റ്റ് ഇരിക്കാനായി ഇട്ടിട്ടുണ്ട്. നാട്ടുകാര്‍ എല്ലാവരും അതില്‍ ഇരിക്കാറുണ്ടെങ്കിലും അതൊരു പൊതുസ്വത്തല്ല. എട്ട് അംഗങ്ങളുള്ള കല്ലുമ്മല് ടീമാണ് അതിന്റെ ഉടമകള്‍. ഉറ്റ ചങ്ങാതിമാരായ അവര്‍ എന്നും ഒത്തുകൂടുന്നത് ഇവിടെയാണ്. കല്ലിന്മേല് ഇരിക്കാറുള്ള അവരെ എല്ലാവരും കല്ലുമ്മല് ടീം എന്ന് വിളിച്ചു.
അടുത്തിടെ പുറത്തിറങ്ങിയ കല്ലായി എഫ്എം എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത നിധിന് വലിയാത്ര കല്ലുമ്മല് ടീമിലെ പ്രധാനിയാണ്. ഉമ്മത്തൂര്‍ വലിയാത്രയില് രാമചന്ദ്രന്റെയും വിലാസിനിയുടെയും ഇളയപുത്രനായ നിധിന്റെ സിനിമാപ്രവേശനം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ജന്മനാട്. നാട്ടുകാര്‍ക്കൊപ്പം സഹോദരങ്ങളായ ജിതിനും നിരഞ്ജനയും നല്കുന്ന പ്രോത്സാഹനമാണ് തന്റെ ഊര്‍ജ്ജമെന്ന് നിധിന് പറയുന്നു.
സിനിമാലോകത്തേക്ക്
അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പറഞ്ഞുതന്ന പ്രിയപ്പെട്ട അദ്ധ്യാപകന് സന്തോഷ് ഇരുമ്പുഴിയാണ് കല്ലായി എഫ്എമ്മിലേക്കുള്ള വഴിയും തുറന്നത്. സ്കൂള്‍ കാലഘട്ടത്തില്‍ നാടകങ്ങളില്‍ സജീവമായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തില്‍ അഭിനയിക്കുന്നത്. ‘സൃഷ്ടി’യെന്ന സംസ്കൃത നാടകമായിരുന്നു അത്. മലപ്പുറം എംഎസ്പി സ്കൂളിലായിരുന്നു ഹൈസ്കൂള്‍ വിദ്യാഭ്യാസം. 2010 ല്‍ നിധിനും സംഘവും അവതരിപ്പിച്ച ‘ഊശാന്താടി രാജാവ്’ എന്ന നാടകം ജില്ലാ കലോത്സവത്തില്‍ രണ്ടാംസ്ഥാനം നേടി. നാടകം രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും ബെസ്റ്റ് ആക്ടറായി തിരഞ്ഞെടുക്കപ്പെട്ടത് നിധിന് വലിയാത്രയായിരുന്നു. അവനിലെ അഭിനേതാവിനെ തിരിച്ചറിഞ്ഞ അദ്ധ്യാപകന് സന്തോഷ്, പ്ലസ്ടുവിന് ശേഷം മറ്റൊരു കോഴ്സിനും പോകേണ്ടന്ന് കര്‍ശനമായി പറഞ്ഞു.
എഞ്ചിനീയറിംങ് സ്വപ്നം കണ്ടു നടന്ന അവനെ തൃശ്ശൂര്‍ ജോണ്‍ മത്തായി സെന്ററിലെ സ്കൂള്‍ ഓഫ് ഡ്രാമയിലെത്തിച്ചത് സന്തോഷ് മാഷിന്റെ സ്നേഹോപദേശമായിരുന്നു. ബാച്ചിലര്‍ ഓഫ് തീയറ്റര്‍ ആര്‍ട്സില്‍ ബിരുദമെടുത്ത് അതേ വിഷയത്തില്‍ പിജിക്ക് ശ്രമിക്കുമ്പോഴാണ് സന്തോഷ് മാഷിന്റെ ഫോണ്‍ വരുന്നത്. ഒരു സിനിമയുടെ ഓഡീഷന് കോഴിക്കോട് നടക്കുന്നുണ്ടെന്നും അതില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു. മാഷിന്റെയും സുഹൃത്തായ അഖില്‍ വിശ്വനാഥിന്റെയും നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഓഡീഷന് പോയത്. മാനാഞ്ചിറ ടവറില്‍ അവനെത്തിയപ്പോഴേക്കും ഓഡീഷന് അവസാനിപ്പിച്ച് എല്ലാവരും ചായ കുടിക്കുന്ന തിരക്കിലായിരുന്നു. പക്ഷേ നിധിനേയും കൂടിയൊന്ന് പരീക്ഷിച്ച് നോക്കാന്‍ കല്ലായി എഫ്എമ്മിന്റെ അണിയറക്കാര്‍ തയ്യാറായി. അവസാനമെത്തിയവന് അങ്ങനെ ഒന്നാമനായി സിനിമയില്‍ ഇടം നേടി.
കല്ലായി എഫ്എം
ഇന്ത്യന്‍ ചലച്ചിത്രഗാനരംഗത്തെ ചക്രവര്‍ത്തിയായിരുന്ന മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായ കല്ലായിക്കാരന് സിലോണ്‍ ബാപ്പുവിന്റെ കഥയാണിത്. താന്‍ സ്നേഹിക്കുന്ന റഫിസാബിന്റെ പാട്ടുകള്‍ കല്ലായിക്കാരെല്ലാം കേള്‍ക്കണമെന്ന ആഗ്രഹമാണ് ശ്രീനിവാസന് അവതരിപ്പിക്കുന്ന സിലോണ്‍ ബാപ്പുവിനെകൊണ്ട് കല്ലായി എഫ്എം എന്ന റേഡിയോ ചാനല്‍ തുടങ്ങാന്‍ കാരണം. കല്ലായി എഫ്എമ്മിലെ പാട്ടുകള്‍ കേട്ടാണ് സിനിമ തുടങ്ങുന്നതും കല്ലായിക്കാരുടെ ദിവസം തുടങ്ങുന്നതും. സിലോണ്‍ ബാപ്പുവിനെ ബഹുമാനിക്കുന്നവരും ബാപ്പുവിന് അല്പം വട്ടുണ്ടെന്ന് കരുതുന്നവരും നാട്ടിലുണ്ട്. റഫിയുടെ പാട്ടുകളുള്ള സിലോണ്‍ ചാനലിന്റെ ആരാധകനായതിനാലാണ് ബാപ്പുവിന് മുന്നില്‍ സിലോണ്‍ എന്ന പേര് നാട്ടുകാര്‍ ചാര്‍ത്തി നല്‍കിയത്.
സിലോണ്‍ ബാപ്പുവിന്റെ ചെറുപ്പകാലമാണ് നിധിന് അവതരിപ്പിച്ചിരിക്കുന്നത്. മുഹമ്മദ് റഫിയുടെ പാട്ട് ആദ്യമായി കേള്‍ക്കുന്നതും പിന്നീട് അദ്ദേഹത്തോടുള്ള സ്നേഹം വൈകാരികമായ തലത്തിലേക്ക് വളരുന്നുതും തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ നിധിന് കഴിഞ്ഞിട്ടുണ്ട്. ഒരു തുടക്കക്കാരന് ലഭിക്കാവുന്നതിലും അധികം സീനുകള്‍ കല്ലായി എഫ്എമ്മില്‍ നിധിന് കിട്ടി. കോഴിക്കോട് പരിപാടിക്കെത്തിയ റഫിയെ കാണാന്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് അകത്ത് കടക്കുന്നതും വേദിയില്‍ കയറി അദ്ദേഹത്തെ ആലിംഗനം ചെയ്യുന്നതുമായ ഒരു രംഗം സിനിമയിലുണ്ട്. റഫിയായി അഭിനയിച്ചത് അദ്ദേഹത്തിന്റെ മകന് ഷാഹിദ് റഫിയാണ്. സംഗീതകുലപതിയുടെ മകനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണെന്ന് നിധിന് പറയുന്നു.
‘തീക്കുളിക്കും പച്ചൈമരം’ എന്ന ആദ്യ തമിഴ്ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ വിനീഷ് മില്ലേനിയമാണ് ചിത്രത്തിന്റെ സംവിധായകന്. മുഹമ്മദ് റഫിയുടെ സംഗീതം വിഷയമാകുന്ന സിനിമയില്‍ അദ്ദേഹത്തിന്റെ രണ്ടുഗാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് രണ്ട് ഗാനങ്ങള്‍ കൂടി ചിത്രത്തിലുണ്ട്. ഈ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ്, സുനീര്‍ ഹംസ എന്നിവരാണ്. ഗോപിസുന്ദറാണ് സംഗീതം.
ഇനിയും അഭിനയിക്കണം
അഭിനയം തന്നെയാണ് മോഹമെന്ന് നിധിന് പറയുന്നു. നല്ല അവസരങ്ങള്‍ ഇനിയും തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കൊച്ചുകലാകാരന്. സ്കൂള്‍ ഓഫ് ഡ്രാമയില്‍ തീയറ്റര്‍ ആര്‍ട്സില്‍ പിജി ചെയ്യുന്നതിനൊപ്പം സുഹൃത്തുക്കള്‍ അണിയിച്ചൊരുക്കുന്ന ഒരു സിനിമയുടെ അണിയറയിലും പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍.. ഗുരുക്കന്മാരുടെയും നാട്ടുകാരുടെയും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണയുള്ളപ്പോള് മലയാള ചലച്ചിത്രലോകത്ത് തന്റേതായൊരു സ്ഥാനം ഉറപ്പിക്കാനാകുമെന്ന് ആത്മവിശ്വാസത്തിലാണ് നിധിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: