അമിതമായ ഭക്ഷണാസക്തിയും വേറിട്ട ജീവിതവുമായി ലോകമലയാളി മനസ്സുകളിൽ കൗതുകമായി മാറിയ തീറ്ററപ്പായിയും വെള്ളിത്തിരയിലേക്ക്. തെന്നിന്ത്യൻ സിനിമയുടെ അഭിനയ പ്രതിഭ, മലയാളികളുടെ പ്രിയ നടൻ കലാഭവൻ മണിയുടെ സഹോദരൻ കണ്ണനാണ് (ആർ.എൽ.വി. രാമകൃഷ്ണൻ) റപ്പായിയുടെ കഥാപാത്രത്തിന് ജീവൻ പകരുന്നത്.
കാക്കിയുടുപ്പും തോൾസഞ്ചിയും കാലൻകുടയുമായി നടക്കുന്ന തൃശ്ശൂരുകാരുടെ സ്വന്തം തീറ്ററപ്പായിയുടെ രൂപഭാവങ്ങളാണ് സിനിമയിൽ കേന്ദ്രകഥാപാത്രത്തിനുള്ളതെങ്കിലും ഈ ചിത്രം പൂർണ്ണമായും തീറ്ററപ്പായിയുടെ കഥ മാത്രമല്ലെന്നും സിനിമയുടെ സംവിധായികൻ വിനു രാമകൃഷ്ണൻ പറഞ്ഞു. ആക്ഷനും കോമഡിയും ഗാനങ്ങളുമൊക്കെയുള്ള ഒരു കുടുംബ ചിത്രമാണ് ഈ സിനിമയെന്ന് സംവിധായകൻ ചൂണ്ടിക്കാട്ടുന്നു. സംവിധായകൻ വിനയന്റെ സഹായിയായി പ്രവർത്തിച്ചുവന്ന വിനു രാമകൃഷ്ണന്റെ പ്രഥമ സംവിധാന സംരംഭമാണ് തീറ്ററപ്പായി.
കെ.ബി.എം ക്രിയേഷൻസിന്റെ ബാനറിൽ കെ.കെ വിക്രമനാണ് നിർമ്മാതാവ്. വിനു രാമകൃഷ്ണന്റെ കഥയ്ക്ക് പത്രപ്രവർത്തകനായ സി.എൻ സജീവൻ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ഈ ചിത്രത്തിൽ മലയാളം-തമിഴ് സിനിമകളിലെ പ്രമുഖ താരങ്ങളുടെ വലിയ താരനിര തന്നെ അണിനിരക്കുന്നു.
ക്യാമറ-അജയൻ വിൻസെൻ്റ്, ഗനരചന- റഫീക് അഹമ്മദ്, സംഗീതം-അൻവർ അമൻ, കല- ലാൽജിത്ത് കെപി, മേക്കപ്പ്-മനോജ് അങ്കമാലി, വസ്ത്രാലങ്കാരം- സുനിൽ റഹ്മാൻ, പ്രൊഡക്ഷൻ കൺട്രോളർ -അനിൽ മാത്യു, സ്റ്റിൽസ് -രാം ദാസ് മാത്തൂർ, കൊയിയോഗ്രാഫർ- കൂൾ ജയന്ത്, സംഘട്ടനം- ജോളി ബാസ്റ്റിൻ, ലൈൻ പ്രോഡ്യൂസർ- അനിരുദ്ധ് മനക്കലാത്ത്, ഡിസൈൻ- ഷിരാജ് ഹരിത, പിആർഒ- പിആർ സുമേരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തീകരിക്കുന്ന തീറ്ററപ്പായി കെബിഎം റിലീസ് തീയേറ്ററുകളിൽ എത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: