അടുത്തകാലത്തൊന്നും ഇത്തരമൊരു സിനിമകണ്ട് അതായിത്തീര്ന്നിട്ടില്ല. ചിലപ്പോള്‍ അങ്ങനെയാണ് നമ്മള് സിനിമയായി മാറും. ജംഗിള്‍ എന്ന സിനിമ കഴിഞ്ഞദിവസമാണ് കണ്ടത്. കൊളംബിയയില്‍നിന്നും ആമസോണ്‍ കാടുകളിലേക്കു യാത്രപോകുന്ന നാലുപേരുടെ അതിജീവനത്തിന്റെ കഥയാണ് ചിത്രം. പേരുപോലെ തന്നെ ആദ്യാവസാനം കാടു തന്നെ. മനുഷ്യനെ ഒരുപോലെ മോഹിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത് കാടിന്റെ സ്വാഭാവികത തന്നെയെങ്കിലും അതേല്പ്പിക്കുന്ന ആശങ്കകളുടെ പരശതം വെടിമരുന്നു കതിനകളുടെ ഉഗ്രസ്ഫോടനം നിശബ്ദമായി അനുഭവിക്കാന്‍ ചിത്രത്തിലൂടെ കഴിയുന്നുണ്ട്.
പിന്നാലെ കത്തിയുമായി വരുന്നവനില്നിന്നും പ്രാണരക്ഷാര്‍ഥം കാടിനകത്തേക്കു ഓടിക്കേറുന്നവനേ യഥാര്‍ഥ കാടിന്നകം കാണാനാകൂവെന്ന് അമേരിക്കന്‍ ചിന്തകനായ ഹെന്‍ട്രി ഡേവിഡ് തോറോ പറഞ്ഞിട്ടുണ്ട്. വനത്തിന്േയും പരിസ്ഥിതിയുടേയും ഇതിഹാസ പുസ്തകമെന്നു ലോകം പുകഴ്ത്തുന്ന തോറോയുടെ വാള്ഡനിലേതാണ് ഈ വാചകം. ചിത്രം കാണുമ്പോള്‍ പലപ്പോഴും വാള്ഡന് വായിച്ച ഓര്മ തികട്ടിവരും.
നാടകിയത, ജീവചരിത്രം, സാഹസികത, അതിജീവനം തുടങ്ങിയ ജനുസില്‍പ്പെട്ട ചിത്രം ഇത്തരം സ്വഭാവങ്ങളുടെ തന്നെ പരിചിത ഭാവങ്ങളിലൂടെ ഒരു അപരിചിത റിഥം നല്‍കുന്നുണ്ട്. കാട് ഒന്നുംകാട്ടി മനുഷ്യനെ പേടിപ്പിക്കുന്നില്ല. കാടിന്റെ നൈതികമായ നിശബ്ദത, ഏകാന്തത, നിശ്ചലത, ഇരുള്‍ച്ച, രാപകലുകളറിയായ്ക എന്നിവ , അത് അപരിചിതമായ മനുഷ്യനെ ഭയാനകതയുടെ ഭീകരതയിലേക്ക് ഏതറ്റംവരേയും കൊണ്ടുപോകാം. അതു തന്നെയാണ് ജംഗിളിലും സംഭവിക്കുന്നത്. ഹിംസ്ര മൃഗങ്ങള്‍, ആദിവാസി ശത്രുത, മാഫിയ, രഹസ്യനിധി തേടല്‍ തുടങ്ങിയ മറ്റു വന സിനിമകളുടെ സ്വഭാവങ്ങള്‍ ഒട്ടും തന്നെയില്ലാതെ കാട് തന്നെ മാനായും മാരീചനായും ചെന്നായയായും മാറുകയാണ്. ഏറ്റവും വലിയ കഥാപാത്രം കാട് തന്നെയാകുന്ന ചിത്രം.
യോസി, കെവിന്, മാര്‍ക്യുസ് എന്നീ മൂന്നു ചെറുപ്പക്കാരും കാള്‍ എന്ന മധ്യവയസ്ക്കനും ചേര്‍ന്നതാണ് നാല്‍വര്‍ സംഘം. കാള്‍ കൂട്ടത്തില്‍ തന്റേടിയും ലോക പരിചയം ഉള്ള ആളുമാണ്. കൊളംബിയായില്വെച്ചാണ് യോസിയും കൂട്ടരും അയാളെ പരിചയപ്പെടുന്നത്. ആമസോണ്‍ മഴക്കാടുകളെക്കുറിച്ചു പറഞ്ഞ് ചെറുപ്പക്കാരെ മോഹിപ്പിച്ചത് കാള്‍ ആണ്. വലിയ മമത തോന്നിയില്ലെങ്കിലും യോസിയുടെ ഇഷ്ടമാണ് കൂടെയുള്ളവരേയും യാത്രയ്ക്കു പ്രേരിപ്പിച്ചത്. അങ്ങനെ വനത്തിലെത്തിയ നാലുപേരും ആദ്യം കൗതുകത്താല്‍ രോമാഞ്ചമണിയുകയും ഓരോ വന യാഥാര്‍ഥ്യങ്ങളിലും ഉള്ളിലെ ഭയം പതുക്കെ മറനീക്കി പുറത്തുവരികയും ചെയ്യുന്നു. എന്നാല്‍ ഇതെല്ലാം എത്രയോ കണ്ടെന്ന ഭാവത്തിലാണ് കാള്‍. തങ്ങളുണ്ടാക്കിയ ചങ്ങാടത്തിലൂടെ യാത്രചെയ്യുമ്പോള്‍ കുത്തൊഴുക്കില്‍ പെട്ട് ഭയാശങ്കകളിലാകുന്ന നാലുപേരും സ്വയം മറന്ന് വലിയ വായില്‍ പലതും പുലമ്പുന്നു. അപ്പോഴാണ് തങ്ങള്‍ വിചാരിച്ചതിലും മുരടനാണ് കാള്‍ എന്ന് മൂന്നുപേരും അറിയുന്നത്.
ഇടയ്ക്ക് മാര്‍ക്യുസും കാളും സ്നേഹത്തോടുകൂടി തന്നെ യോസിയേയും കെവിനേയും വിട്ടുപോകുന്നു. യോസിയും കെവിനും മാത്രമാകുന്നു. പരസ്പരം തുണയാകുന്ന രണ്ടുപേര്‍. പിന്നീട് ഇരുവരും ശരിക്കും കാടറിയുകയാണ്. ഇടയ്ക്ക് നദീയാത്രയില്‍ ഒഴുക്കില്‍പെട്ട് ചങ്ങാടം തകര്‍ന്ന് രണ്ടുപേരും തമ്മിലറിയാതെ എവിടെയൊക്കെയോ ആയിപ്പോകുന്നു. വനത്തിലേക്കു പോകുംമുന്‍പ് പരിചയപ്പെട്ട ഗ്രാമീണരില്‍ രണ്ടുപേര്‍ നദിയിലൂടെ വഞ്ചിയില്‍ സഞ്ചരിക്കുമ്പോള്‍ ബോധമറ്റുകിടക്കുന്ന കെവിനെ രക്ഷപെടുത്തുന്നു. ഉറ്റ ചങ്ങാതിയെത്തേടി പേരുവിളിച്ച് വനത്തിനുള്ളില്‍ പരക്കംപായുകയാണ് യോസി. ബോധം തെളിഞ്ഞ കെവിന് യോസിയെ കണ്ടെത്താനുള്ള ശ്രമത്തിലും. കൂട്ടുകാരനെ കാണാതായതും ഒറ്റപ്പെട്ടതും വനത്തിലെ പ്രതികൂലാവസ്ഥയും യോസിയെ തകര്‍ക്കുന്നു. മഞ്ഞും മഴയും കൊള്ളുന്നു. കുടിക്കാന്‍ ഒരിറ്റു വെള്ളമില്ല. കഴിക്കാന്‍ തരിമ്പ് ഭക്ഷണവുമില്ല. വഴികണ്ടെത്താന്‍ ശ്രമിച്ച് തുടങ്ങിയടുത്തുതന്നെ വീണ്ടും എത്തുന്നു. വീണു മുറിവേല്ക്കുന്നു. ഹതാശനായി അയാള്‍ ഈ പാനപാത്രം തന്നില്‍നിന്നും അകറ്റേണമേയെന്നു തോന്നുംപോലെ വിലപിക്കുന്നു. സ്വയം ശപിക്കുന്നു.
ഇസ്രയേലിയായ യോസി ഇടയ്ക്ക് തന്റെ വീട്ടുകാലം ഓര്‍ക്കുന്നു. തകര്‍ച്ചയിലെ ഇരിറ്റ് ആശ്വാസമാണത്. പറന്നു കൈയില്‍ വന്നിരിക്കുന്ന ശലഭങ്ങള്‍ വല്ലപ്പോഴും ചില പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. അപ്പോള്‍ മാത്രമാണ് അയാള്‍ അറിയാതെ ചിരിക്കുന്നത്. മരണതുല്യനാകുമ്പോഴും യോസിയിലെ കാരുണ്യവും ധാര്‍മികതയും കെട്ടുപോകുന്നില്ല. കാട്ടിനുള്ളില്‍ ഒറ്റപ്പെട്ടൊരു ആദിവാസി പെണ്ണിനെ കണ്ടുമുട്ടുമ്പോള്‍ അവളെ കീഴ്പ്പെടുത്തി തന്റെ ശരീരദാഹം തീര്‍ക്കാനല്ല അയാള്‍ ഒരുമ്പെട്ടത്. തനിക്കുള്ളതെല്ലാം അവള്‍ക്ക് ഉറങ്ങാന്‍ നല്കി അയാള്‍ ഉറങ്ങാതിരിക്കുകയായിരുന്നു. മറ്റൊരിക്കല്‍ അവളെ അയാള്‍ കുഞ്ഞിനെപ്പോലെ തഴുകിയുറക്കുന്നുണ്ട്. വനത്തില്‍നിന്നും രക്ഷപെടാതാകുമ്പോള് വലിയൊരു മുശറിന്കൂടു തന്നിലേക്കു വീഴ്ത്തി അതിന്റെ കടിയില്‍ വലിയൊരു പീഡനം ഏറ്റുവാങ്ങുന്നു. അതും ഒരു രക്ഷയാണപ്പോള് യോസിക്ക്. ആ നിമിഷം അയാളില്‍ യേശുവിന്റെ വിദൂരമല്ലാത്ത മുഖം കണ്ടെത്താനാകും. തീവ്രപീഡനങ്ങളേയും ഭയങ്കര സഹനങ്ങളേയും തേടിനടന്ന സെന്റ് ഫ്രാന്‍സിസിനേയും ചിലപ്പോള്‍ ഓര്‍മവരും. ഒരു രാത്രിയില്‍ കാടിനു മുകളില്‍ മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ നക്ഷത്രാങ്കിതമായ ആകാശം അയാള്‍ കാണുന്നു. ചിരിച്ച് ഇരു കൈകളും വിടര്‍ത്തി പ്രാര്‍ഥിക്കുംപോലെ മുഖമുയര്‍ത്തി ആകാശത്തിലേക്കു നോക്കുമ്പോള്‍ വലിയൊരു പ്രത്യാശയുടെ തെളിച്ചമാണ് അതെന്നു കാണികള്‍ക്കും തോന്നാം.
യോസിയെത്തേടി ഒരു വഞ്ചിക്കാരനൊപ്പം കെവിന് നദിയിലൂടെ വരുന്നു. അയാള്‍ യോസിയെ വലിയ വായില്‍ വിളിക്കുന്നു. ആരു കേള്‍ക്കാന്‍. ഇനി രക്ഷയില്ലെന്ന് വഞ്ചി കരയ്ക്കെത്തുമ്പോള്‍ വഞ്ചിക്കാരന് പറയുന്നു. വഞ്ചി തിരിച്ചുപോകുന്നു. അതില്‍ മരിച്ചവനെപ്പോലെ കെവിനും. അന്നേരമാണ് അവശനായി നദിക്കരയിലെ പാറക്കട്ടങ്ങള്ക്കിടയില്നിന്നും പതുക്കെ യോസി എഴുന്നേല്‍ക്കുന്നത്. കടന്നുപോകുന്ന വഞ്ചി അപ്പോള്‍ അയാള്‍കാണുന്നു. ഹതാശനായി അയാള്‍ നോക്കുന്നു. പൊട്ടെന്നൊരു തിരിഞ്ഞുനോട്ടത്തില്‍ കെവിന് യോസിയെ കാണുന്നു. മൃതപ്രായനായ യോസിയെ വഞ്ചിയില്കിടത്തി കെവിന് കൊണ്ടുപോകുന്നു. കാടു നല്കുന്ന തിരിച്ചറിവുകള്‍ക്കൊപ്പം പ്രാണന് ചേര്‍ത്തുവെക്കുന്ന സൗഹൃദത്തിന്റെ വലിപ്പവും തുറസാകുന്നു.
പെരുത്ത നടനമാണ് യാത്രികരായ നാലുപേരും കാഴ്ചവെക്കുന്നത്. യോസിയായി വേഷമിടുന്ന ഇംഗ്ളീഷ് നടനായ ഡാനിയല്‍ റാഡ്ക്ളിഫാണ്. കൊതിച്ചുപോകും ഈ നടന്റെ(അഭിനയമല്ല)പെരുമാറ്റം. താരം എന്ന അലങ്കാരം ചേരാതെവരുന്നു ഈ നടന്. ഗ്രക് മാക്ലിന്‍ സംവിധാനം ചെയ്ത ഈ ആസ്ട്രേലിയന്‍ സിനിമ കഴിഞ്ഞ വര്‍ഷം അവസാനം അവിടേയും റഷ്യയിലുമാണ് ആദ്യം റിലീസ് ചെയ്തത്. ജംഗിള്‍ യഥാര്‍ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. യോസി ഗിന്ബര്ഗും കൂട്ടരും 1980ല്‍ ആമസോണ്‍ മഴക്കാടിലേക്കു നടത്തിയ സാഹസികയാത്രയാണ് ചിത്രത്തിനാധാരം. അന്ന് പിരിഞ്ഞുപോയ മാര്ക്യുസിനേയും കാളിനേയും പിന്നീടൊരിക്കലും കണ്ടിട്ടില്ല. സിനിമയിലും കാണുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: