ഇരുപത്തിയാറാം വയസ്സില്‍ സാനിട്ടറി നാപ്കിന് നിര്‍മ്മാണത്തിന് ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ ഈ പെണ്‍കുട്ടിക്ക് ഭ്രാന്തായോ എന്ന് വീട്ടുകാര്‍ പോലും ചിന്തിച്ചിട്ടുണ്ടാകാം. കുത്തകകള്‍ നിയന്ത്രിക്കുന്ന മേഖലയിലേക്ക്, വ്യത്യസ്തമായ ഒരാശയവുമായി ഇറങ്ങിപ്പുറപ്പെട്ടാല്‍ എങ്ങനെയായിരിക്കും അത് സ്വീകരിക്കപ്പെടുകയെന്ന ആശങ്ക അവളുടെ കുടുംബാംഗങ്ങള്‍ക്കുണ്ടായിരുന്നു. ആശങ്കകള്‍ കണ്ടില്ലന്ന് നടിച്ചു. ശുഭാപ്തിവിശ്വാസത്തോടെ തീരുമാനത്തില്‍ ഉറച്ചുനിന്നു. അങ്ങനെ വാണിജ്യാടിസ്ഥാനത്തില്‍ ജൈവസാനിട്ടറി പാഡ് നിര്‍മ്മിച്ചുകൊണ്ട് ദീപാഞ്ജലി ഡാല്‍മിയ ഒരു വ്യവസായ സംരംഭകയായി. ഫോബ്സ് ഇന്ത്യയുടെ മുപ്പത് വയസ്സില്‍ താഴെയുള്ള മുപ്പത് പ്രതിഭകളുടെ പട്ടികയില്‍ ഈ മിടുക്കിയും ഇടം പിടിച്ചിരിക്കുകയാണ്.
ന്യൂയോര്‍ക്കിലെ ഏണസ്റ്റ് ആന്‍ഡ് യങില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് ആയിരുന്നു ദീപാഞ്ജലി. ആ ജോലി ഉപേക്ഷിച്ചാണ് പുതിയൊരു സംരംഭത്തിന് തുടക്കം കുറിക്കാന്‍ തീരുമാനിച്ചത്. ഡിറ്റര്‍ജന്റോ, സോപ്പോ, ഹാന്‍ഡ് വാഷോ അങ്ങനെ എന്തെങ്കിലുമായിരിക്കും നിര്്മ്മിക്കുക എന്നാണ് വീട്ടുകാര്‍ കരുതിയത്. ജൈവ സാനിട്ടറി പാഡാണ് നിര്‍മിക്കാനും വിപണിയില്‍ വിറ്റഴിക്കാനും ആഗ്രഹിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ തനിക്ക് വട്ടായിപ്പോയിട്ടുണ്ടാകാം എന്ന് അവര്‍ കരുതിയിട്ടുണ്ടാകാം എന്ന് ദീപാഞ്ജലി പറയുന്നു.
കുത്തകകള്‍ അരങ്ങുവാഴുന്ന സാനിട്ടറി നാപ്കിന് വിപണിയില്‍ ഒരു തുടക്കക്കാരിക്ക് എങ്ങനെ പിടിച്ചുനില്ക്കാന് കഴിയും എന്ന സംശയം സ്വാഭാവികം. പലരും ദീപാഞ്ജലിയെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചു. ആര്‍ത്തവത്തെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ പെണ്‍കുട്ടികള്‍പ്പോലും മടിക്കുമ്പോള്‍ മകള്‍ക്ക് പാഡ് നിര്‍മ്മാണമാണെന്ന് എങ്ങനെ പറയുമെന്ന ചിന്താകുഴപ്പത്തിലായി ദീപാഞ്ജലിയുടെ അമ്മയുള്‍പ്പടെയുള്ളവര്‍.
തന്റെ ബിസിനസ് ആശയം അച്ഛനോട് അവള് പങ്കുവച്ചു. ദീപാഞ്ജലിയ്ക്ക് എല്ലാ പിന്തുണയും നല്കി കൂടെ നില്ക്കുന്ന ആള്. ആര്‍ത്തവത്തെക്കുറിച്ച് അവള് ആദ്യമായി അച്ഛനോട് തുറന്നുസംസാരിച്ചു. മകളുടേത് ഉറച്ചതീരുമാനമാണെന്നറിഞ്ഞപ്പോള് കൂടെ നിന്നു. അങ്ങനെ ഹെയ്ഡേ എന്ന ജൈവ സാനിട്ടറി പാഡ് പിറവികൊണ്ടു.
ന്യൂദല്‍ഹിയിലെ പെണ്‍കുട്ടികള്‍ക്കായുള്ള കാര്‍മല്‍ കോണ്‍വെന്റ് സ്കൂള്‍, ന്യൂയോര്‍ക്കിലെ ബര്‍ണാഡ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പെണ്‍കുട്ടികള്‍ എത്തരത്തില്‍ ചിന്തിക്കുന്നുവെന്ന് നന്നായറിയാന്‍ ആ പഠനകാലയളവ് ദീപാഞ്ജലിയെ സഹായിച്ചു. സ്ത്രീശാക്തീകരണത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയും അവളില്‍ ഉടലെടുത്തിരുന്നു. ഏണസ്റ്റ് ആന്‍ഡ് യങിലെ ജോലി ഉപേക്ഷിച്ച് സ്വന്തം ബിസിനസ് ആരംഭിക്കുക എന്ന സ്വപ്നത്തിന് പിന്നാലെ ഇറങ്ങിത്തിരിച്ചതും അതുകൊണ്ടുകൂടിയാണ്.
വ്യത്യസ്തമായി ഹെയ്ഡേ
വെറുതെയങ്ങ് സാനിട്ടറി നാപ്കിന് വിപണിയിലേക്ക് ഇറങ്ങുകയായിരുന്നില്ല ദീപാഞ്ജലി. ആരോഗ്യത്തിനും പരിസ്ഥിതിക്കും കോട്ടം തട്ടുന്നതാവരുത് ഹെയ്ഡേ എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. കാശുകൊടുത്ത് ആരോഗ്യത്തിന് ഹാനിവരുത്തുന്ന, പരിസ്ഥിതിയെ ബാധിക്കുന്ന പാഡുകളാണ് ഉപയോഗിക്കുന്നതെന്നതിനെക്കുറിച്ച് പലര്‍ക്കും ധാരണയില്ലെന്ന് ദീപാഞ്ജലി പറയുന്നു.
അതൊരു പ്രധാന പ്രശ്നമാണ്. വിപണിയില്‍ ലഭ്യമായ പാഡുകളില്‍ മിക്കതിലും 90 ശതമാനം പ്ലാസ്റ്റിക്കും കൂടാതെ പോളിമറുകളും രാസവസ്തുക്കളും ബ്ലീച്ചും പെര്‍ഫ്യൂമും മറ്റുമാണ് അടങ്ങിയിട്ടുള്ളത്. ഇവ കാന്‍സറിനുതന്നെ കാരണമായേക്കാവുന്ന വസ്തുക്കളാണ്. അണുബാധ, അലര്‍ജി, ചൊറിച്ചില്‍ എന്നിവയ്ക്കും പാഡുകളുടെ ഉപയോഗം കാരണമാകാം. കോട്ടണ്‍ പാഡ് ഉപയോഗിച്ചാലും, പരുത്തി മരങ്ങളില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ സാന്നിധ്യം അത്തരം പാഡുകളിലും കാണാം. അത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കും വന്ധ്യതയ്ക്കും കാരണമാകാം. ഇക്കാരണങ്ങള്‍ ഒക്കെ പരിഗണിച്ചുകൊണ്ടാണ് ദീപാഞ്ജലി ജൈവ സാനിട്ടറി പാഡ് നിര്‍മ്മിക്കാന്‍ തുടങ്ങിയത്. അതിനായി രണ്ട് വര്‍ഷമാണ് ചിലവിട്ടത്. ഉപഭോക്തൃ സൗഹൃദവും പരിസ്ഥിതി സൗഹൃദവും ആവണം എന്ന് ചിന്തിക്കുകയും അതിനായുള്ള വഴി തേടുകയും ചെയ്തു.
അന്വേഷണം എത്തിയത് മുളയില്‍
സിന്തറ്റിക് പാഡുകള്‍ക്ക് പകരം മരങ്ങളില്‍ നിന്നും പാഡ് ഉത്പാദിപ്പിക്കുകയെന്ന ആശയമായിരുന്നു ദീപാഞ്ജലിക്ക്. ഏറ്റവും കൂടുതല്‍ ആഗിരണ ശേഷിയുള്ള മുളയിലാണ് അന്വേഷണം എത്തിയത്. പക്ഷെ പാഡിന്റെ നിര്‍മ്മാണം നടക്കുന്നത് അങ്ങ് ചൈനയിലും ഫിന്‍ലന്‍ഡിലുമാണ്. അതിന് കാരണവുമുണ്ട്. മണ്ണില്‍ രാസവസ്തുക്കളുടെ സാന്നിധ്യം ഏറ്റവും കുറവ് കണ്ടത് ഈ രാജ്യങ്ങളിലാണ്. ഇരുരാജ്യങ്ങളിലേയും 12 നിര്‍മ്മാണ കേന്ദ്രങ്ങളില്‍ നിന്നായി 448 ദശലക്ഷം ജൈവ പാഡുകളാണ് നിര്‍മ്മിക്കുന്നത്. പാഡ് നിര്‍മ്മാണം ചൈനയിലും കവര്‍ നിര്‍മ്മിക്കുന്നത് ഫിന്‍ലന്‍ഡിലുമാണ്. ഇന്ത്യയിലേക്ക് കയറ്റുമതിചെയ്തശേഷം പാക്കിങ് ഇവിടെ നടക്കുന്നു. പാക്കിങിന് ഉപയോഗിക്കുന്നതാവട്ടെ കട്ടിയുള്ള പേപ്പറും.
ഉത്പാദന ചെലവ് കൂടുതലാണെങ്കിലും വിപണിയില്‍ കിട്ടുന്ന മറ്റ് പാഡുകളുടെ അത്രയും വിലയേ ഹെയ്ഡേയ്ക്കും ഉള്ളൂവെന്ന് ദീപാഞ്ജലി പറയുന്നു. ഉപയോഗശേഷം ആറ് മാസത്തിനുള്ളില്‍ തന്നെ ഇവ ജീര്‍ണ്ണിച്ചു പോകും.
ഹെയ്ഡേ ആദ്യം വിപണിയില്‍ എത്തിച്ചപ്പോള്‍ കുറച്ചൊക്കെ പ്രസായം നേരിട്ടുവെന്നും ദീപാഞ്ജലി പറയുന്നു. എന്നാലിപ്പോള്‍ കടയുടമസ്ഥര്‍ ഹെയ്ഡേ വാങ്ങാന്‍ തയ്യാറാവുന്നു. ആഫ്രിക്ക, ദുബായ്, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുവരെ ഹെയ്ഡേയ്ക്ക് ആവശ്യക്കാരുണ്ട്. കഴിഞ്ഞ സപ്തംബറിലാണ് ഹെയ്ഡേയുടെ വിപണനം ആരംഭിച്ചത്. ഓണ്‍ലൈന്‍ ആയും വിപണനം തുടങ്ങുന്നതിനെക്കുറിച്ചും ആലോചനയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: