സ്രാവിനെ പേടിക്കാത്തവരില്ല. കടല്പ്പരപ്പില് സ്രാവിന്റെ ചിറക് ഉയര്ന്നുകാണുമ്പോള്ത്തന്നെ സഞ്ചാരികള്‍ ഭയന്നുവിറയ്ക്കും. പക്ഷേ ചുറ്റികത്തലയന്‍ സ്രാവിന് ഭയം മനുഷ്യരെയാണ്. കാരണം ലോകത്തെമ്പാടുമുള്ള ആഡംബര ഹോട്ടലുകളിലെ തീന്മേശയില് വിശിഷ്ട വിഭവമാണ് സ്രാവിന്റെ ചിറകുകള്. രുചിയേറിയ സ്രാവ് ചിറക് സൂപ്പിന് ഏറ്റവും കൂടുതല്‍ രക്തസാക്ഷിയാവുന്നത് പാവം ചുറ്റികത്തലയന്‍ സ്രാവുതന്നെ. ഫലം, ലോകസമുദ്രങ്ങളിലെ സ്രാവുകളുടെ എണ്ണത്തില്‍ 98 ശതമാനവും ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. വംശനാശത്തെ അഭിമുഖീകരിക്കുന്ന സമുദ്രജീവികളുടെ ചെമ്പട്ടികയില്‍ ചുറ്റികത്തലയനും ഇടംപിടിച്ചുകഴിഞ്ഞിരിക്കുന്നു.
സ്രാവിന്റെ ചിറകിനാണ് തീന്മേശയില് പ്രിയം. അതില്‍ ഏറ്റവും വിശിഷ്ടം ചുറ്റികത്തലയന്റെ ചിറകുകള്. കൊളമ്പിയയിലെ മാല്പിലോ ദ്വീപ്, കോസ്റ്റോറിക്കയിലെ കൊക്കോസ് ദ്വീപ്, ഹവായിലെ മൊളോക്കോ, തെക്ക് കിഴക്കന്‍ ആഫ്രിക്ക തുടങ്ങിയ കടല്‍പ്രദേശങ്ങളിലാണ് ചുറ്റികത്തലയന്‍ സ്രാവിന്റെ മുഖ്യ ആവാസകേന്ദ്രങ്ങള്‍. ഈ പ്രദേശങ്ങളില്‍ ഈ സ്രാവിനെ വേട്ടയാടാന്‍ വൈദഗ്ദ്ധ്യം നേടിയവരുണ്ട്. അവര്‍ മീനിനെ കുടുക്കിട്ട് പിടിച്ച് ചിറക് മാത്രം അരിഞ്ഞെടുക്കും. പിന്നെ രക്തം വാര്‍ന്നൊലിക്കുന്ന ആ പാവം ജീവിയെ കടലിലേക്കെറിയും. അവ കടലിന്റെ അഗാധതയിലേക്ക് ചോരയൊലിപ്പിച്ച് മുങ്ങിത്താഴുമ്പോള്‍ ഇതര ഹിംസ്രജന്തുക്കള്‍ ആക്രമിച്ച് കൊന്ന് തിന്നുന്നത് സര്‍വസാധാരണം. അല്ലാത്തവ കടല്‍നിരപ്പിലെത്തി ശ്വാസമെടുക്കാനാവാതെ അത്യഗാധതയില്‍ മുങ്ങിമരിക്കും.
ചുറ്റികത്തലയന്റെ ചിറകിന് ഏറ്റവും പ്രിയം നിലനില്‍ക്കുന്നത് ചൈനയിലാണ്. ഈ ചിറക് വ്യവസായത്തിന്റെ മുഖ്യകേന്ദ്രം ഹോങ്കോങ്. കോടീശ്വരന്മാരുടെ വിവാഹസദ്യയിലും കച്ചവടയോഗങ്ങളിലുമൊക്കെ മേനി നടിക്കാനും മേനി പറയാനും ചുറ്റികത്തലയന്റെ ചിറകുകൊണ്ടുണ്ടാക്കിയ സൂപ്പ് അത്യാവശ്യമാണത്രെ. കിലോഗ്രാമിന് 1000 ഡോളര്‍ വരെയാണ് വില. ഫലം വ്യാപകമായ സ്രാവുവേട്ട. ലോക പൈതൃക ദ്വീപുസമൂഹമായ ഗാലപ്പഗോസിന്റെ ചുറ്റുപാടുകളില്‍ പോലും ചുറ്റികത്തലയന്‍ വേട്ട വ്യാപകമായി നടക്കുന്നു.
പ്രതിവര്‍ഷം ആയിരം ലക്ഷം സ്രാവുകളെങ്കിലും ചിറകിനുവേണ്ടി കൊല്ലപ്പെടുന്നുവെന്നാണ് കണക്ക്. അതില്‍ വളരെക്കുറച്ചുമാത്രമേ ഐക്യരാഷ്ട്രസഭയുടെ വിവിധ ഏജന്‍സികളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുള്ളൂവെന്ന് വേള്‍ഡ് കണ്‍സര്‍വേഷന്‍ യൂണിയനിലെ ഷാര്‍ക്ക് സ്പെഷ്യലിസ്റ്റ് ഡോ. ജൂലിയ ബാം പറയുന്നു. ഇവയുടെ സംരക്ഷണത്തിന് കര്‍ക്കശമായ നിയമങ്ങളൊന്നും നിലവിലില്ലാത്തതിനാല്‍ സംരക്ഷണം കേവലം കടലാസില്‍ ഒതുങ്ങുന്നു. സംഗതി ഇങ്ങനെ പോയാല്‍ ലോകസമുദ്രങ്ങളില്‍ നിന്നും ഈ സ്രാവുകള്‍ പാടെ അപ്രത്യക്ഷമാകുന്ന കാലം വിദൂരമല്ലെന്നാണ് ബാം പറയുന്നത്. ചുറ്റികത്തലയന്‍ സ്രാവിന്റെ വാസകേന്ദ്രമായ കോസ്റ്റോറിക്കയിലെ സര്‍ക്കാരിന്റെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ 15 വര്‍ഷംകൊണ്ട് അവയുടെ ലഭ്യതയിലുണ്ടായ കുറവ് 90 ശതമാനമാണത്രെ. ലോകത്തെ ആറാമത്തെ സ്രാവ് ചിറക് കയറ്റുമതി രാജ്യമാണ് കോസ്റ്റോറിക്ക. അതിശക്തമായ ജനകീയ പ്രക്ഷോഭണത്തിന്റെ പശ്ചാത്തലത്തില്‍ സ്രാവ് വേട്ടയ്ക്ക് കര്‍ക്കശമായ നിയന്ത്രണങ്ങളാണ് അവിടെ നിലവിലുള്ളത്. സമുദ്ര ജീവശാസ്ത്രജ്ഞനായ ‘റന്റല്‍ അറസ്’ നേതൃത്വം നല്കുന്ന സമരപരിപാടികളുടെ പശ്ചാത്തലത്തില്‍ മറ്റൊരു നിയന്ത്രണംകൂടി കോസ്റ്റോറിക്ക കൊണ്ടുവന്നു- ”കടലില്‍ പിടിക്കുന്ന സ്രാവുകളെ ചിറക് കണ്ടിച്ച് കൊലയ്ക്ക് കൊടുക്കരുത്: മറിച്ച് പിടിച്ച സ്രാവുകളെ കരയില്‍ കൊണ്ടുവന്ന് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തിയശേഷം മാത്രമേ ചിറകുകള് മുറിച്ചെടുക്കാവൂ.”
ചുറ്റികത്തലയന്‍ സൂപ്പിന് ഗംഭീര രുചിയാണെന്നാണ് പ്രചരണം. അത് ഓജസ്സും തേജസ്സും വര്‍ധിപ്പിക്കുമെന്നും ലൈംഗിക ശേഷിയും കരുത്തും കൂട്ടുമെന്നും ചിലര്‍ പറയുന്നു. അതുതന്നെയാണ് ഈ പാവം ജലജീവിയുടെ കൂട്ടമരണത്തിന് വഴിയൊരുക്കുന്നത്. പക്ഷേ ചുറ്റികത്തലയന്‍ അടക്കം കടലിലെ മുഖ്യ ഇരപിടിയന്‍ ആയ സ്രാവുകളുടെ വംശനാശം സമുദ്രത്തിലെ ജൈവസന്തുലനം തന്നെ തകര്‍ക്കുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കുന്നു. സ്രാവുകളുടെ അന്തര്‍ധാനം മൂലം മറ്റ് ജീവിവര്‍ഗങ്ങള്‍ അനാരോഗ്യകരമാംവിധം പെറ്റുപെരുകി സമുദ്രത്തിലെ ജൈവസന്തുലനം തകരാറിലാക്കും. മറ്റൊരു പ്രശ്നം കൂടിയുണ്ട്.
ചുറ്റികത്തലയന്‍ സ്രാവിന്റെ പ്രത്യുല്പ്പാദനം മന്ദഗതിയിലാണ് നടക്കുക. ഏതാണ്ട് 20 അടിവരെ നീളം വയ്ക്കുന്ന ചുറ്റികത്തലയന്‍ ശരാശരി 25-30 വര്‍ഷം ജീവിക്കും. ചെറുമത്സ്യങ്ങള്‍, നീരാളി, ഞണ്ട്, ചിറ്റക്കൊഞ്ചന്‍ തുടങ്ങിയവയെ ഭക്ഷിച്ച് ജീവിക്കുന്ന ചുറ്റികത്തലയന്‍ സ്രാവ് മനുഷ്യരെ അധികം ആക്രമിക്കാറില്ല. പക്ഷേ മനുഷ്യന് അങ്ങനെയല്ലല്ലോ. എന്തായാലും ആഗോളവ്യാപകമായി കര്‍ക്കശ നിയമങ്ങള്‍ രൂപംകൊള്ളാത്തിടത്തോളം കാലം ചുറ്റികത്തലയന്‍ അടക്കമുള്ള സമസ്ത സ്രാവുവര്ഗങ്ങളുടെയും വംശനാശം അകലെയല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: