അറുപത്, അറുപത്തിയഞ്ചു പേര് ഒന്നിച്ചു കഴിഞ്ഞ ഒരു വലിയ കൂട്ടുകുടുംബം. അതിഥികളും, ജോലിക്കാരുമുള്‍പ്പെടെ നൂറോളം പേര്‍ക്ക് ദിവസവും അന്നം വിളമ്പിയ വീട്. ആലപ്പുഴയിലെ ഏറ്റവും പഴക്കം ചെന്നതും, പൈതൃക കെട്ടിടമായി ജില്ലാ അധികാരികള്‍ കണ്ടെത്തിയതുമായ പൈങ്ങാമഠം തറവാട്. ഒരുകാലത്തെ ചരിത്രമുറങ്ങുന്ന ആ തറവാടിന്ന് സംരക്ഷിച്ചുനിര്‍ത്താനുള്ള തത്രപ്പാടിലാണ് വീട്ടുകാര്‍
ആലപ്പുഴ നഗരത്തില്‍ സ്ഥിതിചെയ്യുന്ന 200 വര്‍ഷത്തിലേറെ പഴക്കമുള്ള പൈങ്ങാമഠം, ഗുജറാത്തി സ്കൂള്‍, കടപ്പുറത്തെ ശിവപാര്‍വ്വതി ക്ഷേത്രം, രത്ന വിലാസം പണ്ടകശാല, കച്ച്മേമന്‍ നൂറാനി ജുമാ മസ്ജിദ്, യാഫി കുടുംബവീട് ഇവയൊക്കെ കാലത്തെ അതിജീവിച്ച് ഇന്നും നിലനില്ക്കുന്നു. വൈവിദ്ധ്യ സംസ്കാരങ്ങളുടെ കേന്ദ്രമായിരുന്ന ആലപ്പുഴയ്ക്ക് അന്നൊരു തിളക്കമുണ്ടായിരുന്നു.
കൊല്ലം ജില്ലയുടെ കീഴിലായിരുന്നു അന്ന് ആലപ്പുഴ. കടലും, കായലും,ആറുമെല്ലാം ചേര്‍ന്ന ജലസമൃദ്ധമായ, കാട് നിറഞ്ഞ, കുറുനരികള്‍ വസിച്ച ജനവാസമില്ലാത്ത പ്രദേശം. അവിടം വ്യാപാര കേന്ദ്രമാക്കാന്‍ രാജാ കേശവദാസ് തീരുമാനിച്ചു. കിഴക്ക് കായലും, പടിഞ്ഞാറ് കടലും ചേര്‍ന്ന പ്രദേശം തുറമുഖമാക്കാന്‍ അനുയോജ്യമാണെന്ന തിരിച്ചറിവാണ് കായലിനെയും കടലിനെയും ബന്ധിപ്പിക്കുന്ന കനാല്‍ കുഴിപ്പിക്കാന്‍ കേശവദാസിനെ പ്രേരിപ്പിച്ചത്. അതാണ് നഗരത്തിലെ കച്ചവട കനാല്‍.
വ്യവസായത്തിന്റെ പ്രാധാന്യം കേശവദാസ് മനസ്സിലാക്കിയിരുന്നു. ഗുജറാത്തികള്‍, പാഴ്സികള്‍, കച്ച്മേമന്മാര് എന്നിവരെ കുടുംബത്തോടെ ആലപ്പുഴയിലേക്ക് രാജാ കേശവദാസ് ക്ഷണിച്ചുവരുത്തി. കച്ചവടത്തിനായി കെട്ടിടങ്ങളും വീടുകളും പണിയാന്‍ സഹായം നല്കി. ഗുജറാത്തി സ്ട്രീറ്റും അനുബന്ധകെട്ടിടങ്ങളും, കടപ്പുറത്തെ ശിവപാര്‍വ്വതി ക്ഷേത്രം, കച്ച്മേമന്‍ പള്ളിയും, ഇന്നും തല ഉയര്‍ത്തി നില്ക്കുന്നു. അന്നത്തെ കച്ചവടക്കാരും, ഭരണാധികാരികളും ചേര്‍ന്ന് പടുത്തുയര്‍ത്തിയതാണ് കിഴക്കിന്റെ വെനീസ് എന്ന ആലപ്പുഴ പട്ടണം. എന്നാല്‍ കാലപ്പഴക്കത്താല്‍ ഭൂരിഭാഗം കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു എന്നതും മറ്റൊരു വസ്തുതയാണ്. അതിലൊന്നാണ് പൈങ്ങാമഠം.
നിര്‍മ്മിതിയിലെ സവിശേഷത
തേക്കിന് തടിയാണ് വീട് നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. വീടിന്റെ അടിത്തറയും തടികൊണ്ട് പണിതിരിക്കുന്നുവെന്നതാണ് പ്രത്യേകത. ഭിത്തി നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത് ചുണ്ണാമ്പും സുര്‍ക്കിയുമാണ്. മുകളിലത്തെ നിലയില്‍ പ്രത്യേകതരം കല്ലും, സുര്‍ക്കിയും ഉപയോഗിച്ചാണ് തറ കെട്ടിയിരിക്കുന്നത്. ഇന്നും ഇതിനൊന്നും യാതൊരു കേടുപാടുമുണ്ടായിട്ടില്ല.
പൈങ്ങാമഠത്തില്‍ വലിയ പന്ത്രണ്ട് മുറികളും, രണ്ട് സല്‍ക്കാര മുറികളും (അകത്തെ മുല്ലാപുറവും പുറത്തെ മുല്ലാപുറവും),വലിയ കോലായി, മുകളിലും, താഴെയുമായി രണ്ട് ഹാളുമാണുള്ളത്.
പൈങ്ങാമഠത്തിന്റെ കുപ്പപ്പുറത്തുള്ള ഏക്കറുകണക്കിന് സ്ഥലവും കെട്ടിടവും വാങ്ങിയത് മനോരമ കുടുംബമാണെന്ന് ‘മലയാള മനോരമ’ മുന്‍ ചീഫ് എഡിറ്റര്‍ കെ.എം. മാത്യു തന്റെ ആത്മകഥയായ എട്ടാമത്തെ മോതിരത്തില്‍ പറയുന്നുണ്ട്.
പ്രൗഢിയുടെ നെറുകയില്‍
രാജാകേശവദാസിന്റെ ക്ഷണമനുസരിച്ച് മലബാറിലെ വളപട്ടണത്ത് നിന്നും ആലപ്പുഴയിലെത്തിയതാണ് താഴകത്ത്വലിയവീട്ടില് അഹായിവടക്കനും കുടുബവും. കച്ചവടം നടത്തുന്നതിന് വേണ്ടിയാണ് ഇവരെ ക്ഷണിച്ചത്. അവര്‍ക്ക് വേണ്ട എല്ലാ സഹായവും അധികാരികള്‍ നല്‍കിയിരുന്നു. കൊപ്ര, മലചരക്ക് വ്യാപാരമായിരുന്നു പ്രധാനം, കൃഷിയുമുണ്ടായിരുന്നു. അക്കാലത്ത് വടക്കന്‍ പണികഴിപ്പിച്ച മാളികയാണ് പൈങ്ങാമഠം. ആലപ്പുഴ പഴയങ്ങാടി കമ്പോളം ഉണ്ടാക്കിയതും വടക്കനായിരുന്നു.
അഹായിവടക്കന്റെ മകന് ചെക്കുട്ടി വടക്കന്റെ മകള്‍ അസ്യാ ഉമ്മയ്ക്ക് വീതം കിട്ടിയ വീടാണ് പൈങ്ങാമഠം. ഒരേക്കര്‍ എണ്‍പത്തിയേഴ് സെന്റിലായിരുന്നു വീട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വാമൊഴി ചരിത്രങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പറ്റിയവര്‍ ഇന്ന് ചുരുക്കം. പൈങ്ങാമഠം എന്ന പേര് നല്‍കിയത് ധര്‍മ്മരാജാവാണ്. വീടിന്റെ ഗൃഹപ്രവേശത്തിന് എത്തിയ ധര്‍മ്മരാജാവ് കാര്‍ത്തിക തിരുനാള്‍ ബാലരാമ വര്‍മ്മയ്ക്ക്, സ്വര്‍ണ പൈങ്ങാക്കുലയാണ് വടക്കന്‍ കാഴ്ച വച്ചത്. ആ സന്ദര്‍ഭത്തില്‍ രാജാവ് പറഞ്ഞു ഈ വീടിന്റെ പേര് പൈങ്ങാമഠമെന്ന്. അങ്ങനെ പൈങ്ങാമഠം പ്രസിദ്ധമായതായി ആ കുടുംബത്തിലെ ഇന്നത്തെ തലമുതിര്‍ന്ന അംഗമായ മാഹീന് പറയുന്നു.
ആളൊഴിയാത്ത വീട്
എപ്പോഴും ആളും അനക്കവുമായി ഉത്സവത്തിമിര്പ്പിലായിരുന്ന ഒരു കാലമുണ്ട് പൈങ്ങാമഠത്തിന്. ഉമ്മുമ്മമാരും, ഉപ്പുപ്പമാരും കൈമാറിത്തന്ന കുടുംബ ചരിത്രം മാഹിന്റെ ഓര്‍മ്മകളില്‍ അത്തരത്തിലുള്ളതാണ്. എന്നും സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു. വിരുന്നുകാര്‍ക്കും, പുരുഷന്മാര്ക്കും, ജോലിക്കാര്‍ക്കും വിളമ്പിക്കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് ഭക്ഷണം കിട്ടിയാല്‍ കിട്ടി, കഴിച്ചാല്‍ കഴിച്ചു. ആര്‍ക്കും ഒരു പരിഭവവുമില്ല. ആരും ഒട്ടും അറിയുകയുമില്ലായെന്ന് ഉമ്മുമ്മ പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്- മാഹിന്‍ പറയുന്നു.
പെരുന്നാളിന് ആഴ്ചകള്‍ മുമ്പേ പൈങ്ങാമഠത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങം. അരിപൊടിക്കലും, മുളക്പൊടിക്കലുമൊക്കെയായി ആകെ ബഹളം. പെരുന്നാളിന് എല്ലാ മതത്തില്‍പ്പെട്ടവരും പൈങ്ങാമഠത്തിന്റെ അതിഥികളാണ്. ഒരേസമയം നൂറോളം പേര്‍ക്ക് ഒന്നിച്ചിരിക്കാവുന്ന ഊട്ടുപുരയിലാണ് ഊണ്. മുപ്പതോളം പേര്‍ക്ക് ഒരേസമയം പെരുമാറാവുന്ന അടുക്കളയും പൈങ്ങാമഠത്തിന്റെ പ്രത്യേകതയാണ്. സാധാരണ ദിവസങ്ങളില്‍ വലിയ കുട്ടകത്തില്‍ വയ്ക്കുന്ന കറികള്‍ അത്താഴത്തിന് പലപ്പോഴും തികയാറില്ലെന്ന് പറഞ്ഞു കേട്ടിട്ടുള്ളതായി മാഹിന്‍ ഓര്‍മ്മിക്കുന്നു.
അഞ്ച് അടുപ്പാകുന്നു
നൂറ്റിരണ്ട് വര്‍ഷം മുമ്പ് അതായത് മലയാള മാസം 1091 ല്‍ നടന്ന വസ്തു വീതംവയ്ക്കലോടെ ആ സന്തോഷം നഷ്ടമായതായി ഉപ്പുപ്പ (അച്ഛന്റെ അച്ഛന്) പറഞ്ഞത് ഇന്നും മാഹിന്റെ ഒര്മ്മയിലുണ്ട്. പിന്നീട് അവിടെ അഞ്ചു കുടുംബങ്ങളായി. വലിയ അടുക്കളയില്‍ അഞ്ച് അടുപ്പുകളായി. അംഗങ്ങളുടെ എണ്ണം കുറഞ്ഞു. ഇന്ന് നാലു കുടുംബങ്ങളിലായി പതിനാറില്‍ താഴെ അംഗങ്ങള്‍ മാത്രമാണുള്ളത്. വീട്ടുകാര്‍ക്ക് പ്രാര്‍ത്ഥിക്കാനായി സ്വന്തം പള്ളിയും ഉണ്ടായിരുന്നു. മുത്തവല്ലി(കാരണവരുടെ) ഭരണമായിരുന്നു. 1972 ല്‍ മഹല്ലായി രുപംകൊണ്ടു, അതാണ് നെല്‍പ്പുര മഹല്‍. പൈങ്ങാമഠത്തിന്റെ നെല്ല് സുക്ഷിച്ചിരുന്ന പുര ആയതിനാലാണ് നെല്‍പ്പുര എന്ന പേര് വന്നത്.
തലമുറകള്‍ പലതും പിന്നിട്ടെങ്കിലും ആതിഥ്യ മര്യാദയില്‍ ഇന്നും ഇവര്‍ മുന്നിലാണ്. മലബാര്‍ ശൈലിയിലാണ് ഭക്ഷണരീതി. വടക്കന്‍ വിഭവങ്ങളാണ് ഇവര്‍ക്ക് പഥ്യം. പൈങ്ങാമഠത്തിന്റെ തായ്പ്പുര ഇന്നും വീതംവച്ചിട്ടില്ല. അസ്യാ ഉമ്മയുടെ ഇന്നത്തെ തലമുറയ്ക്ക് എല്ലാം ഇതില്‍ അവകാശമുണ്ട്. തിരുവിതാംകൂര്‍- കൊച്ചി ഐക്യമന്ത്രിസഭയിലെ മന്ത്രിയായിരുന്നു ടി.എ.അബ്ദുള്ളയും ഇതേ കുടുംബാംഗമാണ്.
സംരക്ഷിക്കണം പൈതൃക ചിഹ്നങ്ങളെ
ആലപ്പുഴയെ കിഴക്കിന്റെ വെനീസാക്കാന് കോഴിക്കോട്ടു നിന്നും കോയമാര്‍ക്കും കേയിമാര്ക്കുമൊപ്പം എത്തിയവരാണ് ഗുജറാത്തിലെ കച്ചവടക്കാര്‍. ഗുജറാത്തി സ്കൂള്‍, രത്നവിലാസം പണ്ടകശാല, ഗുജറാത്തി ഗ്രാമത്തിലെ പല വീടുകള്‍ എന്നിവയ്ക്ക് ഇരുന്നൂറു വര്‍ഷത്തിലേറെ പഴക്കമുണ്ട്. വാഗ്ജി ജയ് രാജായിരുന്നു അന്ന് എത്തിയവരിലെ വ്യവസായ പ്രമുഖന്. സുഗന്ധവ്യഞ്ജന വ്യാപാരിയായിരുന്നു അദ്ദേഹം. ആലപ്പുഴയുടെ വികസനത്തിന് ഗുജറാത്തി സമൂഹം നല്കിയ സംഭാവന വിലമതിക്കാനാവാത്തതാണ്.
നഗരത്തിലെ ഫാക്ടറികള്‍, വീടുകള്‍, ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍-മുസ്ലീം പള്ളികള്‍ ഉള്‍പ്പടെ 142 കെട്ടിടങ്ങളെ പൈതൃക കെട്ടിടങ്ങളായി കണ്ടെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കമ്മറ്റിയുടേതായിരുന്നു ഈ കണ്ടെത്തല്‍. ആറന്മുള്ള വാസ്തുവിദ്യാഗുരുകുലം ഡയറക്ടറായിരുന്ന പി.എന്‍. സുരേഷും സംഘവുമാണ് ഇതിന് നേതൃത്വം നല്‍കിയത്. പുരാവസ്തു വകുപ്പും, ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ്, കേന്ദ്ര ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാനായിരുന്നു തീരുമാനം.
പുരാതനവും നാശോന്മുഖവുമായ കെട്ടിടങ്ങള്‍ കണ്ടെത്തി സംരക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. കണ്ടെത്തിയ കെട്ടിടങ്ങളില്‍ നാല്പ്പത്തഞ്ചു ശതമാനം കെട്ടിടങ്ങളും നല്ലനിലയില്‍ തന്നെയാണെന്ന് കണ്ടെത്തിയിരുന്നു. ബാക്കി കെട്ടിടങ്ങളുടെ കേടുപാടുകള്‍ മാറ്റി നിലനിര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ കണക്കെടുപ്പില്‍ കാര്യങ്ങള്‍ അവസാനിച്ചു.
കാലത്തെ അതിജീവിച്ച പൈതൃക കെട്ടിടങ്ങള്‍ക്ക് നിലനില്ക്കണമെങ്കില് കൈത്താങ്ങ് ആവശ്യമാണ്. അവശേഷിക്കുന്ന പൈതൃക ചിഹ്നങ്ങള്‍ സംരക്ഷിക്കാന്‍ യാതൊരുനടപടിയും സര്‍ക്കാര്‍ ഭാഗത്തുനിന്ന് പിന്നീട് ഉണ്ടായിട്ടില്ല. ഈ അനാസ്ഥ തുടര്‍ന്നാല്‍ ഒരു കാലത്ത് കിഴക്കിന്റെ വെനീസായി ആലപ്പുഴയെ ലോകത്തിന്റെ നെറുകയിലെത്തിക്കാന്‍ വിയര്‍പ്പൊഴുക്കിയ പൂര്‍വ്വികരോട് കാട്ടുന്ന വഞ്ചനയായിരിക്കും, ഒപ്പം പുതുതലമുറയോടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: