ആര്‍ക്കും സംശയം വേണ്ട. ഇന്ത്യയുടെ ഭാവി വാഹനങ്ങളെല്ലാം ഇലക്ട്രിക് മോഡലായിരിക്കും. ഓട്ടോ എക്സ്പോയും അതാണ് നമുക്ക് കാണിച്ചു തന്നത്. എക്സ്പോയില്‍ പങ്കെടുത്ത ഭൂരിഭാഗം വാഹന നിര്‍മ്മാതാക്കളും ഇ-വെഹിക്കിളുകള്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ മത്സരിക്കുകയായിരുന്നു. ഒപ്പം പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും അവര്‍ മറന്നില്ല. മലിനീകരണം ഇല്ലാതാക്കാനും പെട്രോള്‍ ഡീസല്‍ വിലയില്‍ നിന്ന് രക്ഷനേടാനും ഇലക്ട്രിക് വാഹനങ്ങളേക്കാള്‍ മികച്ച മറ്റൊന്നുമില്ലെന്ന സന്ദേശമാണ് അവര്‍ നല്‍കിയത്. കാറുകള്‍ മാത്രമല്ല, ഇ-ബസ്സുകളും ഇന്ത്യന്‍ നിരത്തുകള്‍ കൈയ്യടക്കുമെന്നത് ഉറപ്പ്. 2030 ഓടെ നിരത്തിലോടുന്ന വാഹനങ്ങള്‍ മുഴുവനും ഇലക്ട്രിക്കാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്ക് ഊര്‍ജ്ജം പകരുന്നതായിരുന്നു എക്സ്പോ.
ഹ്യുണ്ടായ് ഇന്ത്യയിലേക്ക് പരിഗണിക്കുന്ന വൈദ്യുത കാറുകള്‍ ഐണിക്ക് ശ്രേണിയിലുള്ളതാണ്. 118 ബിഎച്ച്പി കരുത്തില്‍ 295 എന്‍എം ടോര്‍ക്കേകുന്നതാണ് എഞ്ചിന്. 10.2 സെക്കന്റുകൊണ്ട് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഇതിന് കഴിയും. 165 കിലോമീറ്ററാണ് പരമാവധി വേഗം. ഇന്ത്യന്‍ വാഹന പ്രേമികളെ കൈയ്യിലെടുക്കാന്‍ പുതിയ കാര്‍ നിര്‍മ്മാതാക്കളും ഇവിടേയ്ക്ക് വരുന്നുണ്ട്. കൊറിയന്‍ കമ്പനിയായ കിയ 16 മോഡലുകള്‍ ഓട്ടോ എക്സ്പോയില്‍ എത്തിച്ചു. ചെറിയ സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍ എസ്പി കണ്‍സെപ്റ്റ് പുറത്തിറക്കി.
മാരുതി സുസുക്കി, ടാറ്റ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവര്‍ വൈദ്യുത വാഹനങ്ങള്‍ക്കും ഹൈബ്രിഡ് വാഹനങ്ങള്‍ക്കും ഏറെ പ്രധാന്യം നല്കി. ഒറ്റച്ചാര്‍ജ്ജിങ്ങില്‍ കൂടുതല്‍ ദൂരം താണ്ടാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കഴിയില്ലെന്ന പേര് ദോഷം മാറ്റിയാണ് പല കമ്പനികളും പുതിയ മോഡലുകള്‍ അവതരിപ്പിച്ചത്. ഒപ്പം കൂടുതല്‍ സുരക്ഷ വാഹനങ്ങള്‍ക്ക് നല്‍കാനും എല്ലാവരും ശ്രദ്ധിച്ചു. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാരുതി സുസുക്കിയും ചുവടുവെയ്ക്കുകയാണെന്ന് കാണിച്ചു തന്നത് കണ്‍സെപ്റ്റ് ഫ്യൂച്ചര്‍ എസ്സിലൂടെയാണ്. ഇസര്‍വൈവര്‍ കണ്‍സെപ്റ്റും മാരുതിയുടേതായി എത്തി.
ഫ്രഞ്ച് മൊഞ്ചിലും ഇന്ത്യന്‍ നിരത്തുകളില്‍ കാറുകള്‍ ഓടും. പൂര്‍ണമായും വൈദ്യുതിയില്‍ ഓടുന്ന സ്പോര്‍ട്സ് കാറാണ് ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോയുടെ പ്രധാന ആകര്‍ഷണം. ട്രേസര്‍ എന്ന് പേരിട്ട ഇതിന്റെ കണ്‍സെപ്റ്റ് അവതരിപ്പിച്ചു. ചെറിയ വൈദ്യുത കാറും റെനോയുടേതായുണ്ടാകും. സോ ഇ-സ്പോര്ട്ടാണത്. മലിനീകരണമില്ലാത്ത നിയോവിയാണ് ഹോണ്ടയുടെ ഇ-വാഹനങ്ങളില്‍ മുഖ്യ ആകര്‍ഷണം. ലുക്കിലും മറ്റു ഇ-വാഹനങ്ങളെ വെല്ലുന്നതാണിത്.
ടാറ്റയുടെ എച്ച് 5 എക്സ്, 45 എക്സ് എന്നീ കണ്‍സെപ്റ്റുകളും ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചു. മൊബിലിറ്റി സെന്റര്‍ എന്ന പേരില്‍ ഭാവിയിലെ വൈദ്യുത വാഹനങ്ങള്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴില് ഒരുക്കുന്ന പദ്ധതിയും ടാറ്റ ആവിഷ്കരിച്ചു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ബിഎംഡബ്ലു ഐ3 എസ് ഇലക്ട്രിക് കാറും ഇന്ത്യയിലെത്തും. പെര്‍ഫോമന്‍സ് കൂടുതല്‍ വര്‍ധിപ്പിച്ചായിരിക്കും ഇത് ഇവിടെ എത്തുക.
ഹോണ്ടയുടെ 11 മോഡലുകള്‍
ഓട്ടോ എക്സ്പോ 2018ന് ഹോണ്ട 11 മോഡലുകള്‍ പുറത്തിറക്കി. ആഗോള തലത്തില്‍ ഹോണ്ട വില്‍ക്കുന്ന ഇരുചക്ര വാഹനങ്ങളില്‍ മൂന്നില്‍ ഒന്നും ഇന്ത്യയിലാണ്. ഇതാണ് കൂടുതല്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കാന്‍ ഹോണ്ടയെ പ്രേരിപ്പിച്ചത്. ഈ സാമ്പത്തികവര്‍ഷം 60 ലക്ഷം വാഹനം വില്‍പ്പന നടത്താനാണ് ലക്ഷ്യം.
മികച്ച രൂപഭംഗിയും സ്പോര്‍ട്ടി ലുക്കുമുള്ള എക്സ് ബ്ലേഡ് ആണ് പുതിയ മോഡലുകളില്‍ പ്രധാനം. ഷാര്‍പ്പ് ഡിസൈനും, ഫുള്‍ എല്‍ഇഡി ലാമ്പും, രൂപ’ഭംഗിയാര്‍ന്ന ടാങ്കും വാഹനത്തെ വേറിട്ട് നിര്‍ത്തുന്നു. അലോയ് വീല്‍സും, ഡുവല്‍ ഔട്ട്ലറ്റ് മഫ്ലര്‍ ആന്‍ഡ് ഡിജിറ്റല്‍ മീറ്ററും വാഹനത്തിലുണ്ട്. സുപ്പീരിയര്‍ എച്ച്ഇടി എഞ്ചിന്, 130 എംഎം റിയര്‍ ടയര്‍, 1347 വീല്‍ബേസ് എന്നിവയാണ് മറ്റ് പ്രത്യേകകള്‍.
അഞ്ചാം തലമുറ ആക്ടീവയാണ് മറ്റൊരു മോഡല്‍. പുതിയ ആക്ടീവ 5ജി ഫുള്‍ എല്‍ഇഡി ഹെഡ്ലാമ്പ്, പൊസിഷന്‍ ലാമ്പ് സഹിതമാണ് എത്തുന്നത്. ഇതാദ്യമായാണ് 110 സിസി ഇരു ചക്ര വാഹനങ്ങളില്‍ ഈ സൗകര്യങ്ങള്‍. രണ്ട് പുതിയ നിറങ്ങളില്‍ കൂടി ആക്ടീവ 5ജി ലഭിക്കും.
ലിവോയുടെ 2018 എഡിഷനാണ് മറ്റൊന്ന്. പുതിയ അനലോഗ് ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോള്‍, ക്ലോക്ക്, കുറഞ്ഞ മെയിന്റനന്‍സുള്ള സീല്‍ ചെയിന്‍ എന്നിവ സഹിതമാണ് ലിവോയുടെ വരവ്. രാജ്യത്ത് ഏററവുമധികം വില്പനയുള്ള എക്സിക്യുട്ടീവ് മോട്ടോര്‍സൈക്കിളായ സിബി ഷൈനിന്റെ 2018 എഡിഷനാണ് മറ്റൊരു മോഡല്‍. പുതിയ ഗ്രാഫിക്സ്, ഫ്രണ്ട് ക്രോം ഗാര്‍ണിഷ് തുടങ്ങിയവയാണ് പ്രധാന ആകര്ഷണങ്ങള്.
സിബി ഹോര്‍ണെറ്റ് 160 ആര് 2018 എഡിഷനും ഓട്ടോ എക്സ്പോയിലെ താരമാകും. പുതിയ കരുത്തേറിയ എല്‍ഇഡി ഹെഡ്ലാമ്പാണ് വാഹനത്തിലുള്ളത്. എബിഎസ് സംവിധാനമുണ്ട്. പുതിയ ഡാസില്‍ യെല്ലോ മെറ്റാലിക് നിറത്തിലും ഇത് ലഭിക്കും.
സിബിആര്‍ 250ആറിന്റെ തിരിച്ചു വരവിന് കൂടി അരങ്ങായി ഓട്ടോ എക്സ്പോ. പുതിയ എല്‍ഇഡി ലാമ്പ്, പുതിയ ഗ്രാഫിക്സ് എന്നിവയോടെയാണ് അവതരണം.
ഷോവാ ഡുവല്‍ ബെന്‍ഡിംഗ് വാല്‍വ് ടൈപ്പ് ഫ്രണ്ട് ഫോര്‍ക്ക്, പുതിയ ഹെഡ്ലാമ്പ്, സഹിതം എത്തുന്ന സിബിആര്‍ 650 എഫ് ആണ് മറ്റൊരു മോഡല്‍.
ആഫ്രിക്ക ട്വിന്‍ 2018 എഡിഷനും ഓട്ടോ എക്സ്പോയിലുണ്ട്. പരിഷ്കരിച്ച ഫൂട്ട് റെസ്റ്റും, പുതിയ ലിഥിയം അയണ്‍ ബാറ്ററിയുമുണ്ട്. 16 കിലോഗ്രാം ‘ഭാരം കുറച്ച് എത്തിയിരിക്കുന്ന സിബിആര്‍ 1000 ആര്‍ആര്‍ ആണ് ഓട്ടോ എക്സ്പോയിലെ മറ്റൊരു താരം. എബിഎസ്, ടോര്‍ക്ക് കണ്ട്രോള്, എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.
ഗോള്വിംഗാണ് ഓട്ടോ എക്സ്പോയിലെ മറ്റൊരു താരം. 1800 സിസി വാഹനമാണ് ഗോള്വിംഗ്. 7 സ്പീഡ് ഡിസിടി സഹിതം എത്തുന്ന വാഹനത്തില്‍ സിക്സ് സിലിണ്ടര്‍ എഞ്ചിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: