എന്നും നമുക്ക് അഭിമാനിക്കാന്‍ അനവധിയുണ്ട് നന്മകള്. അതിലൊന്നാണ് ഇടുക്കി ഡാം. കേരളത്തിനു വെളിച്ച വിപ്ളവംകൊണ്ടുവന്ന ഇടുക്കി ഡാം നാടിനു സമര്‍പ്പിക്കപ്പെട്ടിട്ട് ഈ ഫെബ്രുവരി 12ന് നാല്‍പ്പത്തി രണ്ടു വര്‍ഷം. അന്നത്തെ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയാണ് ഏഷ്യയിലെ ഏറ്റവും വലിയ ഈ ആര്‍ച്ച് ഡാം രാജ്യത്തിനു സമര്‍പ്പിച്ചത്. നാടിന്റെ സ്വപ്നവും നൂറുകണക്കിനു തൊഴിലാളികളുടെ വിയര്‍പ്പും അനുബന്ധരായ നിരവധി എഞ്ചിനിയര്‍മാരുടെ ബുദ്ധിയും കൂടിക്കുഴഞ്ഞുണ്ടായതാണ് ഇടുക്കി ഡാം.
കുറവന്‍ മലയെന്നും കുറത്തി മലയെന്നും പേരുള്ള രണ്ടു മലകള്‍ക്കിടയിലാണ് ഡാം പണിതിട്ടുള്ളത്. ഇടുക്കി ഡാമിനോട് ചേര്‍ന്ന് രണ്ട് ചെറു ഡാമുകള്‍കൂടിയുണ്ട്. ചെറുതോണിയും കുളമാവും. ഈ മൂന്നു ഡാമുകളുംകൂടി 62 കിലോമീറ്ററോളമുള്ള ഒരു കൃത്രിമ തടാകവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ നിര്‍മാണം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിനായിരുന്നു. ഉടമസ്ഥതയും ബോര്‍ഡിനുതന്നെയാണ്.കാനഡ സര്‍ക്കാരിന്റെ വലിയ സഹായം ഡാം നിര്‍മാണത്തിനുണ്ടായിരുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗ്രാന്റും ലോണും അവര്‍ അനുവദിച്ചിരുന്നു.
വൈദ്യുതിക്കായി ഡാം പണിയണമെന്നുള്ള ആശയം മുന്നോട്ടുവെച്ചത് ഇറ്റാലിയന്‍ എഞ്ചിനിയറായ ജേക്കബ് ആയിരുന്നു. അദ്ദേഹം അന്നത്തെ തിരുവിതാംകൂര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അതിന് അനക്കംവെക്കാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവന്നു.
പ്രകൃതി അനുഗ്രഹിച്ച സൗന്ദര്യവും കാടും മലയും പച്ചപ്പും തിങ്ങി നിറഞ്ഞ് അവസാനമില്ലാത്ത ജലപ്പരപ്പിന്റെ കാഴ്ച വലിയ ആകര്‍കമാണ്. ജലസ്വരം കൊണ്ടുമാത്രം മുറിവേല്‍ക്കുന്നതല്ലാതെ ഇവിടത്തെ പ്രശാന്തത ധ്യാന നിരതയായി അനുഭവപ്പെടാം. സന്ദര്‍ശകര്‍ കണ്ണും മനസും നിറക്കാനെത്തുന്ന ഇവിടം മഴക്കാലത്ത് ആരവവും പേമാരിയുംകൊണ്ട് ഭീകര സൗന്ദര്യവും വിതയ്ക്കാം.
വൈദ്യുതി നിലയ്ക്കുമ്പോഴും മഴക്കാലത്തു പ്രത്യേകിച്ചും നാം ഇടുക്കി ഡാമിനെ ഓര്‍ത്തുപോകും. അപ്പോള്‍ ഇടുക്കി ഡാമിലെ ജലനിരപ്പിന്റെ ഉയര്‍ച്ചയും താഴ്ച്ചയും നാം ഹൃദയമിടിപ്പുപോലെയും കേള്‍ക്കാറുണ്ട്. അതുപോലെ ഡാം കെട്ടിപ്പൊക്കാന്‍ ഓരോ നിമിഷവും ഹൃദയമിടിപ്പോടെ ജോലിചെയ്ത നൂറുകണക്കിന് ആളുകളെക്കുറിച്ചും ചിലപ്പോള്‍ നമ്മള് ഓര്‍ക്കാറുണ്ടാവാം.
ഇന്നത്തെപ്പോലെ ദൂരം അരികെ അല്ലാതിരുന്ന അക്കാലത്ത് ഇടുക്കി ഏതോ ഒരു ഭൂഖണ്ഡത്തെപ്പോലെ അകലെയായിരുന്നു അന്നത്തെ പഴമക്കാരായ സാധാരണക്കാര്‍ക്ക്. ചരിത്രത്തിനു മീതെ അനവധി നാടോടിക്കഥകള്‍ പുതച്ച കൗതുകങ്ങള്‍ അവര്‍ അന്നു കേട്ടിരുന്നു. കുറവന്‍ മലയേയും കുറത്തി മലയേയും അവ കണ്ടെത്തിയ പഴമക്കാരനേയുംകുറിച്ചായിരുന്നു കഥകളധികവും. സമീപ ജില്ലകളില്‍നിന്നും പലരും ഡാമിനായി പണിക്കെത്തിയിരുന്നു. ഇവരില്‍ പലരും പിന്നീട് ഇടുക്കിയില്‍ തന്നെ സ്ഥിരതാമസമാക്കുകയായിരുന്നു.
ജോലിയുടെ സൗകര്യത്തിനായോ ജീവന്‍സുരക്ഷയ്ക്കായോ ഇന്നത്തെപ്പോലെ വലിയ ക്രമീകരണങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്ത് ജോലിക്കിടയില്‍ നിരവധിപേര്‍ മരിക്കുകയുണ്ടായി. 80ലധികം ആള്‍ക്കാര്‍ക്കാണ് ജീവന് നഷ്ടമായതെന്നാണ് ഔദ്യോഗിക കണക്കെങ്കിലും അതിലേറെപ്പേര്‍ മരിച്ചെന്നാണ് പറയപ്പെടുന്നത്. അന്ന് എട്ടുമണിക്കൂര്‍ കല്ലും മണ്ണും ചുമന്നാല്‍ കിട്ടിയിരുന്നകൂലി 2 രൂപയായിരുന്നു.അവിടെ സ്ഥിരതാമസമാക്കിയവരില്‍ ഇന്നു ജീവിക്കുന്ന പലരും അവശതയിലും പട്ടിണിയിലുമാണെന്നും കേള്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: