ഇന്ത്യയിലെ അംഗീകൃത മെഡിക്കല്‍, ഡന്റല്‍ കോളജുകളില്‍ ഇക്കൊല്ലം ആരംഭിക്കുന്ന എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിലേക്കുള്ള നാഷണല്‍ എലിജിബിലിറ്റി-കം-എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്-യുജി-2018) മേയ് 6 ഞായറാഴ്ച കേരളം ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നടക്കും. സിബിഎസ്ഇ നടത്തുന്ന ഈ പരീക്ഷയില്‍ പങ്കെടുക്കുന്നതിന് www.cbseneet.nic.in ല്‍ ഓണ്‍ലൈനായി നിര്‍ദ്ദേശാനുസരണം ഇപ്പോള്‍ അപേക്ഷിക്കാം. മാര്‍ച്ച് 9 വരെ അപേക്ഷ സ്വീകരിക്കും. ഒറ്റ അപേക്ഷ സമര്‍പ്പിച്ചാല്‍ മതി.
അപേക്ഷാ ഫീസ് ജനറല്‍/ഒബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 1400 രൂപ. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 750 രൂപ മതി. ഡബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് മുഖാന്തിരമോ നെറ്റ് ബാങ്കിങ്ങിലൂടെയോ ഫീസ് അടയ്ക്കാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്.
യോഗ്യത: ഭാരത പൗരന്മാര്ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും വിദേശ വിദ്യാര്‍ത്ഥികള്‍ക്കും നീറ്റ്-യുജി 2018 ന് അപേക്ഷിക്കാം. 2018 ഡിസംബര്‍ 31 ന് പ്രായം 17 വയസ്സ് തികയണം. ഉയര്‍ന്ന പ്രായപരിധി 25 വയസ്സ്. എസ്സി/എസ്ടി/ഒബിസി/പിഎച്ച് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 30 വയസ്സുവരെയാകാം.
ജനറല്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 1993 മേയ് 7 നും 2002 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. എസ്സി/എസ്ടി/ഒബിസി/പിഎച്ച് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 1998 മേയ് 7 നും 2002 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരായാലും അപേക്ഷിക്കാം.
ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി വിഷയങ്ങള്‍ക്ക് മൊത്തം 50% മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം. ഇംഗ്ലീഷ് ഉള്‍പ്പെടെ ഈ വിഷയങ്ങള്‍ പ്രത്യേകം പാസ്സായിരിക്കണം.
എസ്സി/എസ്ടി/ഒബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 40% മാര്‍ക്ക് മതി. എന്നാല്‍ ഭിന്നശേഷിക്കാര്‍ക്ക് (പിഎച്ച്) ഈ വിഷയങ്ങള്‍ക്ക് മൊത്തം 45% മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണമെന്നുണ്ട്.
ഓപ്പണ്‍ സ്കൂളില്‍ നിന്നോ പ്രൈവറ്റായി പഠിച്ചോ പ്ലസ്ടു യോഗ്യത നേടിയിട്ടുള്ളവരെ പരിഗണിക്കില്ല. പ്ലസ്ടുവിന് ബയോളജി ബയോടെക്നോളജി അഡീഷണല്‍ വിഷയമായി പഠിച്ച് യോഗ്യത നേടിയവരേയും പരിഗണിക്കില്ല.
2018 ല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലുള്ളവര്‍ക്കും ഇക്കൊല്ലം അപേക്ഷിക്കാമെങ്കിലും 15% അഖിലേന്ത്യാ ക്വാട്ടാ സീറ്റുകളിലെ പ്രവേശനത്തിന് മാത്രമേ പരിഗണിക്കുകയുള്ളൂ.
നീറ്റ്-യുജി 2018 ന് അപേക്ഷിക്കുന്നതിന് ജമ്മുകശ്മീര്‍, ആസ്സാം, മേഘാലയ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലുള്ളവര്‍ക്കും ആധാര്‍ വേണം. ആധാര്‍കാര്‍ഡില്‍ പേരും ജനനത്തീയതിയുമൊക്കെ സ്കൂള്‍ റിക്കാര്‍ഡു പ്രകാരമുള്ളതാവണം. പ്രവാസി ഇന്ത്യക്കാര്‍ക്ക് ആധാറോ പാസ്പോര്‍ട്ടോ മതി. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പാസ്പോര്‍ട്ട് നമ്പര്‍ മതി. അഡ്മിറ്റ് കാര്‍ഡ് ഏപ്രില്‍ രണ്ടാംവാരം വെബ്സൈറ്റില്‍ അപ്ലോഡു ചെയ്യും.
പരീക്ഷ: മേയ് 6 ഞായറാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് നീറ്റ്-യുജി പരീക്ഷ. പേനയും പേപ്പറും ഉപയോഗിച്ചുള്ള ഓഫ്ലൈന് ടെസ്റ്റാണിത്. പ്രത്യേകം ഡിസൈന്‍ ചെയ്ത മെഷ്യന് ഗ്രേഡബിള്‍ ഷീറ്റില്‍ ബോള്‍പോയിന്റ് പേനകൊണ്ട് മള്‍ട്ടിപ്പിള്‍ ചോയിസില്നിന്നും ശരിയുത്തരം കണ്ടെത്തി മാര്‍ക്ക് ചെയ്യണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി ആന്റ് സുവോളജി) വിഷയങ്ങളില്‍ ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ 180 ചോദ്യങ്ങളുണ്ടാവും.
ഇക്കൊല്ലം ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ക്ക് പുറമെ തമിഴ്, കന്നട, തെലുങ്ക്, ഉറുദു, ആസാമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, ഒറിയ ഭാഷകളിലും ചോദ്യപേപ്പറുകള്‍ ലഭ്യമാകും. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണ സമയത്ത് ഏത് ഭാഷയിലുള്ള ചോദ്യപേപ്പറാണ് വേണ്ടതെന്ന് വ്യക്തമാക്കണം.
കേരളത്തില്‍ ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം എന്നിവയും ലക്ഷദ്വീപില്‍ കവരത്തിയും പരീക്ഷാകേന്ദ്രങ്ങളാണ്. ഇന്ത്യയിലെ മുഴുവന്‍ പരീക്ഷാകേന്ദ്രങ്ങളുടെയും ലിസ്റ്റ് വെബ്സൈറ്റില്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. രാവിലെ 7.30 മണി മുതല്‍ പരീക്ഷാഹാളില്‍ പ്രവേശനമുണ്ടാവും. 9.30 നുശേഷം വരുന്ന പരീക്ഷാര്‍ത്ഥികളെ പ്രവേശിപ്പിക്കില്ല. നീറ്റ്-യുജി അഭിമുഖീകരിക്കുന്നതിന് തവണ വ്യവസ്ഥകളില്ല.
പരീക്ഷാ മൂല്യനിര്‍ണയത്തിന് നെഗറ്റീവ് മാര്‍ക്കിങ് രീതിയുണ്ട്. ഓരോ ശരി ഉത്തരത്തിനും നാല് മാര്‍ക്ക് ലഭിക്കും. ഉത്തരം തെറ്റിയാല്‍ സ്കോര്‍ ചെയ്തതില്‍നിന്നും ഓരോ മാര്‍ക്ക് വീതം കുറയും.
ജൂണ്‍ 5 ന് വെബ്സൈറ്റില്‍ ഫലപ്രഖ്യാപനമുണ്ടാവും. നീറ്റ്-യുജി 2018 സ്കോറിന് 2018-19 വര്‍ഷത്തെ പ്രവേശനത്തിന് മാത്രമാണ് പ്രാബല്യമുള്ളത്. എയിംസിനും ജിപ്മെറിനും പ്രത്യേകം പ്രവേശന പരീക്ഷയുള്ളതിനാല്‍ ഈ രണ്ട് സ്ഥാപനങ്ങളും നീറ്റ്-യുജിയുടെ പരിധിയില്‍ വരില്ല.
നീറ്റ്-യുജി-2018 ലെ റാങ്ക് പരിഗണിച്ച് ഓള് ഇന്ത്യ ക്വാട്ടാ സീറ്റുകള്‍, സ്റ്റേറ്റ് ഗവണ്മെന്റ് ക്വാട്ടാ സീറ്റുകള്‍, പൂനെ സായുധ സേനാ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍/വാഴ്സിറ്റികള്‍/കല്പിത സര്‍വകലാശാലകള്‍, സ്വകാര്യ മെഡിക്കല്‍/ഡന്റല്‍ കോളജുകളിലെ സ്റ്റേറ്റ്/ മാനേജ്മെന്റ്/എന്‍ആര്‍ഐ ക്വാട്ടാ സീറ്റുകള്‍, സെന്‍ട്രല്‍ പൂള് ക്വാട്ടാ സീറ്റുകള്‍ എന്നിവയിലാണ് അഡ്മിഷന് നടത്തുക. രാജ്യത്തൊട്ടാകെ 479 മെഡിക്കല്‍ കോളജുകളിലായി ആകെ 60995 സീറ്റുകളാണ് എംബിബിഎസ് കോഴ്സിനുള്ളത്. www.mciindia.org ല്‍ ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എംബിബിഎസ്/ബിഡിഎസ് കോഴ്സുകളില്‍ 15% അഖിലേന്ത്യാ ക്വാട്ടാ സീറ്റുകളില്‍ ഭാരതിയാര്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും വിദേശ വിദ്യാര്‍ത്ഥികള്‍ക്കുമൊക്കെ നീറ്റ്-യുജി 2018ല്‍ റാങ്ക് നേടി അഡ്മിഷന് കരസ്ഥമാക്കാം.
സിബിഎസ്ഇയ്ക്ക് പ്രവേശന പരീക്ഷ നടത്തി ഓള്‍ഇന്ത്യ റാങ്ക് ലിസ്റ്റ് തയ്യാറാക്കി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലെ ഡിജിഎച്ച്എസ് ന് കൈമാറുകയെന്ന ദൗത്യമേയുള്ളൂ. എംബിബിഎസ്/ബിഡിഎസ് കോഴ്സുകളില്‍ 15% അഖിലേന്ത്യാ ക്വാട്ടാ സീറ്റുകളിലും മറ്റും കൗണ്‍സലിങ് നടത്തി സീറ്റ് അലോട്ട്മെന്റ് നടത്തുന്നത് കേന്ദ്ര ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ ആഭിമുഖ്യത്തിലുള്ള യുജി മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റിയാണ്.
സംസ്ഥാനതലത്തിലുള്ള മെഡിക്കല്‍ പ്രവേശനത്തിന് റാങ്ക്/മെരിറ്റ് ലിസ്റ്റ് കൈമാറുന്നതും സിബിഎസ്ഇ തന്നെയാണ്. നീറ്റ്-യുജി ഓള് ഇന്ത്യ മെരിറ്റ് ലിസ്റ്റില്‍ നിന്നും അപേക്ഷകരുടെ റാങ്ക് നില പരിഗണിച്ച് പ്രത്യേക റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാവും സംസ്ഥാനതല മെഡിക്കല്‍ പ്രവേശനം. കേരളത്തില്‍ പ്രവേശന പരീക്ഷാ കമ്മീഷണറാണ് സീറ്റ് അലോട്ട്മെന്റ് നടപടികള്‍ കൈക്കൊള്ളുന്നത്.
നീറ്റ് യുജി 2018 ല്‍ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കുന്ന മിടുക്കര്‍ക്കു അഖിലേന്ത്യാ ക്വാട്ടാ സീറ്റുകളിലും സര്‍ക്കാര്‍ മെഡിക്കല്‍ ഡന്റല്‍ കോളജുകളിലും വളരെച്ചുരുങ്ങിയ ഫീസ് നിരക്കില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനാവും.
നീറ്റ്-യുജി 2018 ന്റെ സമഗ്ര വിവരങ്ങളടങ്ങിയ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന് www.cbseneet. nic.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: