മിടുക്കര്‍ക്ക് ഗുണമേന്മയോടുകൂടിയ മെഡിക്കല്‍ വിദ്യാഭ്യാസം സൗജന്യമായി നേടാന്‍ പൂണെ സായുധസേനാ മെഡിക്കല്‍ കോളേജില്‍ അവസരം ലഭിക്കും. കേന്ദ്ര പ്രതിരോധസേനയുടെ കീഴിലാണ് ഈ സ്ഥാപനം. നീറ്റ്-യുജി 2018 ന്റെ റാങ്ക് പരിഗണിച്ചാണ് ഇവിടെ എംബിബിഎസ് അഡ്മിഷന്. 130 സീറ്റുകളുണ്ട്. 105 ആണ്‍കുട്ടികള്‍ക്കും 25 പെണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിക്കും. പഠനച്ചെലവുകള്‍ കേന്ദ്രസര്‍ക്കാര്‍ വഹിക്കും. വിജയകരമായി പഠനം പൂര്‍ത്തിയാകുമ്പോള്‍ കമ്മീഷന്‍ഡ് ഓഫീസറായി സായുധസേനാ മെഡിക്കല്‍ സര്‍വ്വീസസില്‍ നിയമനവും ഉറപ്പ്. ഇതിനായി പഠിതാവും രക്ഷാകര്‍ത്താവും കരാറില്‍ ഒപ്പുവയ്ക്കണം. പഠന കാലയളവ് നാലര വര്‍ഷം. ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പുമുണ്ട്.
അവിവാഹിതരായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കേ പ്രവേശനമുള്ളൂ. പഠനം പൂര്‍ത്തിയാകുന്നതുവരെ വിവാഹം പാടില്ല.
റഗുലര്‍ വിദ്യാര്‍ത്ഥിയായി പഠിച്ച് ഹയര്‍ സെക്കന്‍ഡറി/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 60 % മാര്‍ക്കില്‍ കുറയാതെയും ഈ ഓരോ വിഷയത്തിനും 50 % മാര്‍ക്കില്‍ കുറയാതെയും ഇംഗ്ലീഷിന് 50 % മാര്‍ക്കില്‍ കുറയാതെയും നേടി ആദ്യതവണ വിജയിച്ചിട്ടുള്ളവരെയാണ് ‘നീറ്റ്-യുജി’ റാങ്ക് പരിഗണിച്ച് അഡ്മിഷന് നല്‍കുന്നത്. മെഡിക്കല്‍ ഫിറ്റ്നസ് ഉള്ളവരാകണം.
സായുധസേന മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പ്രവേശനത്തിന് യഥാസമയം പ്രത്യേകം അപേക്ഷിക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച വിജ്ഞാപനം www.afmc.nic.in- ല്‍ പ്രസിദ്ധപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: