ന്യൂദൽഹി: പാക്കിസ്ഥാൻ-ചൈന സംയുക്തമായി നിർമ്മിക്കുന്ന ഗദ്വാറിലെ സാമ്പത്തിക ഇടനാഴി അപകട ഭീഷണിയുടെ വക്കിലാണെന്ന് വിദഗ്‌ദ്ധർ. ഗദ്വാറിൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതിക്ക് ഭൂകമ്പം മറ്റും ഉണ്ടായാൽ ഏത് നിമിഷവും അപകടം സംഭവിച്ചേക്കാമെന്ന് വിദഗ്‌ദ്ധർ വിലയിരുത്തുന്നുണ്ട്.
ചൈനയിൽ നിന്നും ഏഷ്യ, ആഫ്രിക്ക വഴി യൂറോപ്പിലേക്ക് സാമ്പത്തിക നടത്തിപ്പിനുവേണ്ടിയുള്ള പ്രധാന മാർഗമായിട്ടാണ് ഈ ഇടനാഴി മുൻകൈ എടുത്ത് ചൈന നിർമ്മിക്കുന്നത്. എന്നാൽ ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വിദഗ്‌ദ്ധരുടെ റിപ്പോർട്ട് ചൈനയെ ഏറെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. മർക്കാൻ ട്രഞ്ചിനോട് ചേർന്ന് നിൽക്കുന്ന ഭാഗമാണ് ഗദ്വാർ. ഇവിടെ 1945ൽ റിക്ടർ സ്കെയിലിൽ 8.1 രേഖപ്പെടുത്തിയ ഭുകമ്പം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ഇറാൻ, പാക്കിസ്ഥാൻ, ഒമാൻ, ഇന്ത്യ എന്നിവിടങ്ങളിൽ രൂപപ്പെട്ട സുനാമിയിൽ നാലായിരത്തോളം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
ഭൂമിയുടെ അന്തർഭാഗത്തുള്ള രണ്ട് തിട്ടകൾ സംയോജിക്കുന്ന പ്രദേശമാണ് മർക്കാൻ ട്രെഞ്ച്. അതിനാൽ ഇവിടെ ഉണ്ടാകുന്ന ഭൂകമ്പം വളരെയധികം ശക്തമായിരിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇടനാഴി നിർമ്മിക്കുന്നതിന് ഭുകമ്പം വിലങ്ങ് തടിയാകുമോ എന്ന സംശയത്തിൽ ചൈനയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള 40 ഗവേഷകർ മൂന്ന് കപ്പലുകളിൽ ട്രഞ്ചിൽ ഭൂമിശാസ്ത്രപരമായ ഗവേഷണം നടത്തിയിരുന്നു. എന്നാൽ കൂടുതലായിട്ടൊന്നും ഇവർക്ക് മനസിലാക്കാൻ സാധിച്ചില്ല.
40 വർഷത്തേക്ക് ചൈനയ്‌ക്ക് പാട്ടത്തിന് നൽകിയിരിക്കുകയാണ് ഗദ്വാർ ഇടനാഴി. ഇടനാഴിയെ ഇന്ത്യ ആക്രമിക്കുമെന്ന ഭയവും ചൈനയ്‌ക്കും പാക്കിസ്ഥാനുമുണ്ട്. ഇതിനെക്കുറിച്ച് പാക്ക് പത്രമായ ഡോൺ കഴിഞ്ഞ ദിവസം ലേഖനം എഴുതിയിരുന്നു. ഗദ്വാർ ഇടനാഴിയുടെ ആരംഭം മുതൽക്കെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വാദങ്ങളിൽ മുറുകിയിരുന്നു. ഇന്ത്യ ഗദ്വാർ മേഖലയിൽ ആക്രമണം നടത്തുന്നതിനായി 400ഓളം മുസ്ലീം യുവാക്കളെ അഫ്ഗാനിസ്ഥാൻ പരിശീലനത്തിന് അയച്ചിട്ടുണ്ടെന്നും ആരോപണം നടത്തിയിരുന്നു.
ഇപ്പോൾ ഭൂമിശാസ്ത്രപരമായും ഗദ്വാർ ഇടനാഴിക്ക് ഏറെ ഭീഷണി വർധിച്ചത് പാക്കിസ്ഥാനെയും ചൈനയേയും ഏറെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്.
















