വ്യക്തികളുടെ ആന്തരിക സംഘര്‍ഷങ്ങളിലേക്കൊരു യാത്ര, ബന്ധങ്ങളുടെ ആഴവും പരപ്പും ക്ഷണികതയും പ്രേക്ഷകമനസ്സില്‍ പതിപ്പിക്കുന്ന കഥാപാത്രങ്ങള്‍. ശ്യാമപ്രസാദ് എന്ന സംവിധായകന് മലയാളികളെ എന്നും വിസ്മയിപ്പിക്കുന്നത് അങ്ങനെയാണ്. മൂന്നു ദേശീയ അവാര്‍ഡുകള്‍, ഏഴ് സംസ്ഥാന അവാര്‍ഡുകള്‍. സിനിമകള്‍ താരമൂല്യം കൊണ്ട് ചര്‍ച്ച ചെയ്യപ്പെടുന്ന മലയാള സിനിമ വ്യവസായത്തിലെ വേറിട്ട മുഖമാണ് ശ്യാമപ്രസാദ്. ഈ സംവിധായകന്റെ സിനിമകള്‍ കാത്തിരിക്കുന്ന ഒരു പ്രേക്ഷക സമൂഹമുണ്ട്. ‘ഹേയ് ജൂഡ്’ എന്ന പുതിയ ചിത്രത്തിലും ശ്യാമപ്രസാദ് ആരാധകരുടെ പ്രതീക്ഷകള്‍ തെറ്റിച്ചില്ല. ഒരു നല്ല കുടുംബചിത്രമായി ‘ഹേയ് ജൂഡ്’ തീയേറ്ററുകള്‍ കീഴടക്കുന്നു. ജൂഡിന്റെ വിശേഷങ്ങളുമായി ശ്യാമപ്രസാദ്.
ജൂഡിനെ കണ്ടെത്തുന്നത്
കോവളം ഹവ്വാബീച്ചിലെ ബീറ്റില്‍സ് കഫേയിലായിരുന്നു തുടക്കം. ബീറ്റില്‍ ഗാനങ്ങള്‍ മാത്രമുള്ള ഇവിടെയെത്തിയപ്പോള്‍ കണ്ട രണ്ട് ചെറുപ്പക്കാരെ ശ്രദ്ധിച്ചതില്‍ നിന്നാണ് ജൂഡ് എന്ന കഥാപാത്രം മനസ്സില്‍ വരുന്നത്. ‘ഹേയ് ജൂഡ്’ എന്നത് പ്രസിദ്ധമായ ഒരു ബീറ്റില്‍ ഗാനവുമാണ്. അന്തര്‍മുഖനും ഏകാകിയുമായ ഒരു യുവാവില്‍നിന്നുള്ള അനേ്വഷണമാണ് ‘ഹേയ് ജൂഡ്’.
നിവിന്‍പോളി ജൂഡാകുന്നത്
കുറേക്കാലമായി അറിയുന്ന, സ്വന്തമെന്നു തോന്നുന്ന പയ്യനാണ് നിവിന്‍. പുതിയ കാര്യങ്ങള്‍ ചെയ്യണം, തന്റെ കഴിവിന്റെ ബൗണ്ടറി വ്യാപിപ്പിക്കണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ചെറുപ്പക്കാരന്. അതിനുവേണ്ടി പ്രയത്നിക്കുകയും ചെയ്യും. സ്വാഭാവികമായ അഭിനയശുദ്ധിയുണ്ട്. പുതുതലമുറ അഭിനേതാക്കള്‍ ഗ്ലാമറിന്റെ പച്ചയില്‍ പിടിച്ചുനില്ക്കുന്നവരല്ല.
എന്റെ ‘ഇംഗ്ലീഷ്’, ‘ഇവിടെ’ എന്നീ സിനിമകളില്‍ നിവിനുണ്ടായിരുന്നു. ആ സിനിമകളില്‍ നിവിന്‍ അര്‍ഹമായ ഇടം നല്കാന് കഴിഞ്ഞിരുന്നില്ല. ജൂഡിന്റെ ഇന്‍പുട്ട് ഒന്നരവര്‍ഷം മുമ്പാണ് ലഭിക്കുന്നത്. അപ്പോള്‍തന്നെ നിവിനുമായി സംസാരിച്ചു. പിന്നീട് ജൂഡ് എങ്ങനെയാവണം എന്നതിനെക്കുറിച്ചുള്ള ചിന്തകളും പഠനങ്ങളുമാണ് ‘അസ്പെര്‍ജര്‍ സിന്‍ഡ്രോം’ എന്ന മാനസികാവസ്ഥയെക്കുറിച്ച് പഠിക്കാനിടയാക്കിയത്. ഇത്തരം അവസ്ഥയിലുള്ള ഒരു യുവാവിന്റെ ഗുണങ്ങള്‍, ദോഷങ്ങള്‍, അയാളുടെ വസ്ത്രധാരണരീതി, പെരുമാറ്റം ഇതേക്കുറിച്ചെല്ലാം ഗഹനമായി ചിന്തിച്ചിരുന്നു. ഈ പശ്ചാത്തലം അനുസരിച്ചാണ് നിര്‍മ്മല്‍ സഹദേവും ജോര്‍ജ് കനാട്ടും തിരക്കഥ രചിക്കുന്നത്.
തൃഷയുടെ ഭാഷ പ്രശ്നമായോ
എന്റെ സിനിമകളില്‍ ഡബ്ബിങ് പ്രോത്സാഹിപ്പിക്കാറില്ല. കഥാപാത്രങ്ങള്‍ അഭിനയത്തിനിടെ നല്കുന്ന സ്വാഭാവിക സംഭാഷണങ്ങളാണ് ഉപയോഗപ്പെടുത്താറുള്ളത്. തൃഷയ്ക്ക് മലയാളം വശമില്ലാത്തതിനാല്‍ ഡബ്ബിങ് വേണ്ടിവന്നു. പതിവ് ശൈലിയിലുള്ള ഒരു ഡബ്ബിങ് വേണ്ട എന്നു തോന്നിയതുകൊണ്ടാണ് ഗായിക സയനോരയെ കണ്ടെത്തിയത്. ക്രിസ്റ്റല്‍, പാട്ടുപാടുകയും പ്രാക്ടീസ് ചെയ്യുകയും ഒക്കെ ചെയ്യുന്ന കഥാപാത്രമാണ്. ആ കഥാപാത്രത്തിനുവേണ്ടി ഡബ്ബ് ചെയ്യാന്‍ അനുയോജ്യ സയനോരയാണെന്നു തോന്നി. അവര്‍ അത് ഭംഗിയാക്കി ചെയ്തു. പക്ഷേ ചില അഭിനയമുഹൂര്ത്തങ്ങളില് ഡബ്ബിംഗിന്റെ അസ്വാഭാവികത പ്രകടമാവുന്നുണ്ട്.
ഡൊമിനിക്കായി സിദ്ദിഖ്
സിദ്ദിഖ് എന്ന നടന്റെ അഭിനയ മികവിനെക്കുറിച്ച് പ്രേക്ഷകരെ ബോധ്യപ്പെടുത്തേണ്ടതില്ല. പക്ഷേ ‘ഹേയ് ജൂഡില്‍’ സിദ്ദിഖ് തന്റെ സ്വാഭാവിക അഭിനയത്തില്‍ വളരെയേറെ മുന്നോട്ടുപോയി. മകന്റെ ഭാവിയില്‍ ആധിയുള്ള അച്ഛനായും സമ്പത്തിനോട് ആര്‍ത്തിയുള്ള മനുഷ്യനായും സ്വാഭാവിക അഭിനയത്തിലൂടെ സിദ്ദിഖ്, ഡൊമിനിക്കിനെ മികവുറ്റതാക്കി.
പതിവ് ശൈലിയില്‍നിന്നും വ്യത്യസ്തമായി നര്‍മ്മത്തിന് പ്രാധാന്യം
ജൂഡിനും ക്രിസ്റ്റലിനും ഒരു ഇരുണ്ട വശമുണ്ട്. നമുക്കുചുറ്റും കാണുന്ന ഓരോരുത്തരിലും അത്തരമൊരു വശം ഉണ്ടാവാം. സിനിമ അതാണ് പറയുന്നത്. ജൂഡിന്റെയും ക്രിസ്റ്റലിന്റെയും കഥ വളരെ ദീനമായ രീതിയില്‍ പറയാം. അങ്ങനെ പറഞ്ഞാല്‍ അതൊരു അനിവാര്യ വിധിയായി പ്രേക്ഷകര്‍ കരുതും. ഒരു ക്ലീഷേ ചിത്രമായി ‘ഹേയ് ജൂഡ് മാറും. അതുകൊണ്ട് തന്നെയാണ് ഒരു വ്യത്യസ്ത ടോണില്‍ ചിത്രം ചെയ്യണമെന്ന് നിശ്ചയിച്ചത്. ലളിതവും സുഖപ്രദവുമായ രീതിയില്‍ പ്രസന്ന മധുരമായി ജൂഡിന്റെ കഥ പറയുക. അതിനാലാണ് സ്വാഭാവിക നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ കടന്നുവന്നത്.
ഷൂട്ടിങ്ങിനിടയിലെ സാഹസം
മംഗലാപുരത്തിനു സമീപമുള്ള ബീച്ചില്‍നിന്ന് ഷൂട്ടിങ്ങിനായി ഉള്‍ക്കടലില്‍ പോയിരുന്നു. വെള്ളത്തിനടിയിലെ ഷൂട്ടിങ് രംഗങ്ങള്‍ക്കായി നിവിനും തൃഷയും സ്കൂബ ഡൈവിങ് പഠിച്ചിരുന്നു. ബോട്ടില്‍ നിവിനും തൃഷയും ഞാനും ക്യാമറാമാനും ബോട്ട് ജീവനക്കാര
നും മാത്രം. എട്ടുകിലോമീറ്റര്‍ ഉള്ളിലെത്തിയപ്പോഴാണ് എല്ലാവരും ഒരുകാര്യം ശ്രദ്ധിച്ചത്. ബോട്ടില്‍ ലൈഫ് ജാക്കറ്റോ മറ്റ് രക്ഷാഉപാധികളോ ഇല്ല. സഹായത്തിനായി മറ്റൊരു ബോട്ടുപോലുമില്ല. ഇറങ്ങി പുറപ്പെട്ടതിനു
പിന്നില്‍ ഒരു റിസ്ക് ഉണ്ടായിരുന്നുവെന്ന് അപ്പോഴാണ് മനസിലായത്.
‘ഹേയ് ജൂഡ്’ നല്കുന്ന സന്ദേശം
സിനിമകള്‍ സന്ദേശം നല്‍കണം എന്നതിനോടൊന്നും യോജിക്കുന്നില്ല. എന്തെങ്കിലും സന്ദേശം കൊടുക്കാനല്ല ഞാന്‍ സിനിമയെടുക്കുന്നതും. മനുഷ്യരുടെ ജീവിത ചിത്രം പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കുന്നു. അത് സത്യസന്ധമാണെങ്കില്‍ പ്രേക്ഷകര്‍ ഏറ്റെടുക്കും. ‘പഥേര്‍ പാഞ്ചാലി’യുടെ സന്ദേശമെന്താണെന്ന് വാക്കുകളില്‍ പറയാനാവുമോ. ജീവിതത്തിലെ ദാരിദ്ര്യവും മരണവും ആ സിനിമയില്‍ വളരെ ആഴത്തില്‍ പ്രതി
പാദിക്കുന്നു. സിനിമയായാലും മറ്റുള്ള കലകളായാലും ലക്ഷ്യം മനുഷ്യരില്‍ സഹഭാവമുണ്ടാക്കുക എന്നതാവണം. തെറ്റുകളില്‍ കുടുങ്ങാതെ മനുഷ്യരെ ജീവിക്കാന്‍ പ്രേരിപ്പിക്കണം. സിനിമകളിലൂടെ അതിനായി പരിശ്രമിക്കാം.
എല്ലാ സിനിമകളിലും വ്യക്തികളുടെ ആന്തരിക സംഘര്‍ഷങ്ങളും ബന്ധങ്ങളും പ്രതിപാദിക്കപ്പെടുന്നു
എന്റെ ടേസ്റ്റ് അതാണ്. ഞാന്‍ വളര്‍ന്ന ജീവിതസാഹചര്യമാവാം, വായിച്ച പുസ്തകങ്ങളാവാം, സിനിമകളില്‍ അത്തരം പ്രമേയം കടന്നുവരുന്നതിന് പിന്നില്‍. ബന്ധങ്ങള്‍ക്ക് ജീവിതത്തില്‍ പ്രധാന പങ്കുണ്ട്. സന്തോഷവും ദുഃഖവും മനുഷ്യമനസുകളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മനുഷ്യന്റെ സ്വഭാവ സവിശേഷതകള്‍ അവന്റെ സാമൂഹികബന്ധത്തെ സ്വാധീനിക്കുന്നുണ്ട്. മനുഷ്യമനസ്സിനെ അറിയുക എന്നതാണ് ഒരു കലാകാരന്റെ ഉത്തരവാദിത്തം.
‘അഗ്നിസാക്ഷി’ മുതല്‍ ‘ഹേയ് ജൂഡ്’ വരെ. സിനിമാരംഗത്ത് കണ്ട മാറ്റം
സിനിമകള്‍ കൂടുതല്‍ ‘റിയലിസ്റ്റിക്’ ആവുന്നു. 80കളിലും 90കളിലും കണ്ട സിനിമകളുടെ മാതൃകകള്‍ അനുകരിച്ചാല്‍ ഇന്ന് പ്രേക്ഷകര്‍ കൂവും. ഈ മാറ്റം
പൂര്‍ണമായും ആഴത്തില്‍ ഉള്ളതെന്ന് പറയുന്നില്ല. ഉപരിപ്ലവമായി നടക്കുന്ന മാറ്റം. സിനിമയുടെ സൗന്ദര്യാത്മകതയിലും സംവേദനാത്മകതയിലും വ്യത്യാസമുണ്ടായിട്ടുണ്ട്. പണ്ടത്തെപോലെ ‘ടിപ്പിക്കല്‍ ആര്‍ട്ട്’ സിനിമകള്‍ ഇന്നില്ല. വാണിജ്യ സിനിമകള്‍ തന്നെ യാഥാര്‍ത്ഥ്യബോധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കപ്പെടുന്നു. പ്രേക്ഷകര്‍ അത് ഉള്‍ക്കൊള്ളുന്നു. ‘മഹേഷിന്റെ പ്രതികാരവും’ ‘തൊണ്ടിമുതലും ദൃക്സാക്ഷി’യുമൊക്കെ വിജയകരമായതു സൂചിപ്പിക്കുന്നതും അതാണ്.
സംവിധായകന് എന്നനിലയില്‍
എന്റെ സിനിമകളുടെ കേന്ദ്ര ആശയം എന്നില്‍ നിന്നുതന്നെയാവും. ഒരു സിനിമയുടെ മുഴുവന്‍ തീരുമാനവും സംവിധായകന് എന്ന നിലയില്‍ ഞാന്‍ തന്നെയാണ് എടുക്കുക. ആരെങ്കിലും പേപ്പറില്‍ എഴുതി തരുന്നത് അതുപോലെ സിനിമയാക്കാന്‍ എന്നെക്കൊണ്ടാവില്ല. തിരക്കഥാ രചനയില്‍ പൂര്‍ണമായി പങ്കെടുത്തുമാത്രമേ സിനിമകള്‍ ഒരുക്കാറുള്ളൂ. ഏതുതരം കഥ, കഥാവികാസം, കഥാപാത്രങ്ങള്‍, കഥാഗതി ഈ ഘട്ടങ്ങളില്‍ എല്ലാം സംവിധായകന് എന്ന നിലയില്‍ സജീവമായ സംഭാവനയുണ്ടാകും. എന്റെ സിനിമകളില്‍ എഴുത്തുകാരന്റെ ഭാഗം സംവിധായകന്റെ സങ്കല്പത്തിന് സാക്ഷാത്കാരമൊരുക്കുക എന്നതാണ്.
പുതുതലമുറ സംവിധായകര്‍
ഇന്നത്തെ യുവതലമുറ വ്യത്യസ്തമായി ചിന്തിക്കുന്നവരാണ്. ഫിലിംമേക്കിങ് സമ്പ്രദായം മാറി. യഥാര്‍ത്ഥ കഴിവുള്ളവര്‍ക്ക് ഇന്ന് അവസരങ്ങള്‍ ഏറെയാണ്. ഫിലിം മേക്കിങ് പഠിക്കാന്‍ വെറും മൂന്നുമണിക്കൂര്‍ മതി. നല്ലരീതിയില്‍ ചിന്തിക്കാനും അത് ഭംഗിയായി ‘കമ്മ്യൂണിക്കേറ്റ്’ ചെയ്യാനുമുള്ള കഴിവുണ്ടെങ്കില്‍ അവര്‍ക്ക് സിനിമയെടുക്കാം. പുതുമുഖ സംവിധായകര്‍ക്ക് ഇന്ന് പ്രതിസന്ധികള്‍ കുറവാണ്. വാതിലുകള്‍ തുറന്നുകിടപ്പുണ്ട്. ധൈര്യവും കഴിവുമുള്ള ആര്‍ക്കും മുന്നോട്ടുപോകാം. യുട്യൂബിലൂടെ തങ്ങളുടെ സൃഷ്ടിയുടെ കരുത്ത് മറ്റുള്ളവരിലെത്തിക്കാം.
അച്ഛന് രാഷ്ട്രീയരംഗത്തെ പ്രമുഖന് (ഒ. രാജഗോപാല്‍ എംഎല്‍എ). മകനും രാഷ്ട്രീയവും
പൊതുപ്രവര്‍ത്തകനായ അച്ഛന്റെ ജീവിതരീതി, പ്രവര്‍ത്തനരീതി, ഇടപെടലുകള്‍ ഇതൊക്കെ കണ്ടാണ് വളര്‍ന്നത്. അതൊക്കെ ജീവിതത്തിലെ പാഠങ്ങളാണ്. രാഷ്ട്രീയത്തോട് താല്പര്യമുണ്ട്. എന്നാല്‍ കക്ഷിരാഷ്ട്രീയത്തോട് മമതയില്ല. അധികാരത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ പല പാര്‍ട്ടികള്‍ക്കും സത്യസന്ധതയില്‍നിന്നും ആദര്‍ശത്തില്‍നിന്നും മാറിനില്‍ക്കേണ്ടിവരുന്നു. ഇത് നിര്‍ഭാഗ്യകരമാണ്. എല്ലാ പാര്‍ട്ടികളിലും സത്യസന്ധരും കളങ്കിതരും സ്വയം പരാജിതപ്പെടുന്നവരുമുണ്ട്.
എന്റെ സിനിമകളില്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ രാഷ്ട്രീയമുണ്ട്. സാമൂഹിക ജീവിതത്തില്‍ ഒരു വ്യക്തി നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അതും രാഷ്ട്രീയമാണ്. ‘ഒരേ കടലിലും’ ‘ആര്‍ട്ടിസ്റ്റി’ലുമെല്ലാം ഇത്തരം രാഷ്ട്രീയമുണ്ട്. മനുഷ്യന്റെ ഉള്ളിലെ മനോഭാവത്തില്‍ മാറ്റം കൊണ്ടുവരേണ്ട രാഷ്ട്രീയം. ആ രാഷ്ട്രീയത്തോടാണ് എനിക്ക് താല്പര്യം.
അച്ഛനില്‍ നിന്നും പകര്‍ന്നു കിട്ടിയ ഗുണം
നിസ്വാര്‍ത്ഥത. ബുദ്ധിമുട്ടാനുള്ള തയ്യാറെടുപ്പ്. ജനസംഘം ഭാരതത്തില്‍ എന്തെങ്കിലും ആവുമെന്ന് ആര്‍ക്കും ഒരുറപ്പുമില്ലാത്ത കാലത്ത് ആ പ്രസ്ഥാനത്തിനായി സര്‍വ്വവും വെടിഞ്ഞുള്ള സമര്‍പ്പണം. എല്ലാം സഹിച്ചുള്ള നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനം, വിശാലമായ കാഴ്ചപ്പാടുകള്‍, 25 വര്‍ഷം കഴിഞ്ഞുള്ള ഒരു സമൂഹത്തെക്കുറിച്ച് ചിന്തിക്കുന്ന വീക്ഷണം. ആഴത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന ആത്മീയത. ഇതൊക്കെ അച്ഛനെ വ്യത്യസ്തനാക്കുന്നു.
അവാര്‍ഡുകളെക്കുറിച്ച്
അവാര്‍ഡുകള്‍ നിരവധി കിട്ടിയിട്ടുണ്ട്. അവാര്‍ഡ് ബാധ്യതയായി മാറിയ ഒരു കലാകാരനാണ് ഞാന്‍. കാരണം അവാര്‍ഡ് ഫിലിം മേക്കര്‍ എന്ന രീതിയില്‍ പ്രേക്ഷകര്‍ വിലയിരുത്തിയ സമയമുണ്ട്. അവാര്‍ഡുകളെ എതിര്ത്തുപറയുകയല്ല. അതുകൊണ്ടുമാത്രം നമുക്ക് ഒന്നിനേയും ഡിസൈന്‍ ചെയ്യാനാവില്ല. അവാര്‍ഡുകള്‍ക്ക് മാത്രമായി സംവിധായകര്‍ ശ്രദ്ധകൊടുക്കേണ്ട കാര്യമില്ല. കിട്ടിയാല്‍ നല്ലത് എന്ന് കരുതുക. ഇന്ന് പലതരത്തിലുള്ള അവാര്‍ഡുകളുണ്ട്. ചാനലുകളും മറ്റും നല്കുന്ന വാണിജ്യതാല്പര്യം മുന്‍നിര്‍ത്തി നല്കുന്ന അവാര്‍ഡുകളുണ്ട്. ചില അവാര്‍ഡ് നിര്‍ണ്ണയ ജ്യൂറിയിലുള്ളവര്ക്ക് എന്ത് മാത്രം യോഗ്യതയുണ്ട് എന്ന് തോന്നിയ സന്ദര്‍ഭങ്ങളുണ്ട്. ശരി-തെറ്റുകളിലേക്ക് ഫോക്കസ് ചെയ്യുന്നില്ല. യുവ സംവിധായകര്‍ അവാര്‍ഡ് ഭാരം ആഗ്രഹിക്കാതെ മുന്നോട്ടുപോകട്ടെ.
സ്വപ്ന സിനിമ
എന്റെ എല്ലാ സിനിമകളും എന്റെ ഡ്രീം പ്രോജക്ടാണ്. ഒരു സിനിമയുടെ ‘സീഡ്’ അവസ്ഥ മുതല്‍ അത് പ്രേക്ഷക മനസിലേക്കെത്തുന്നതുവരെ എന്റെ മനസ് അതിനുപുറകെയാണ്.
കുടുംബം
ഭാര്യ ഷീബ. എസ്ബിഐയില്‍ ഉദേ്യാഗസ്ഥയാണ്. മക്കള്‍ വിഷ്ണുവും ശിവകാമിയും. വിഷ്ണു സിനിമയുടെ പുറകെയാണ്. വിഷ്ണു മുബൈയില്‍ ലക്കൂണ എന്ന ഫിലിം പ്രൊഡക്ഷന്‍ സ്ഥാപനം നടത്തുന്നു. പരസ്യചിത്രങ്ങള്‍ ചെയ്യുന്നുണ്ട്. എന്റെ സിനിമാ സംരംഭങ്ങളില്‍ ഒന്നും അവന് വന്നിട്ടില്ല. മകള്‍ ശിവകാമി മനഃശാസ്ത്രവും സംഗീതവും പഠിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: