മണിരത്നത്തിനും വടൂക്കര ‘വീണ’ക്കും തമ്മിലെന്താണ് ബന്ധമെന്നു ചോദിച്ചാല്‍ പ്രത്യക്ഷത്തില്‍ ഒന്നുമില്ലെന്നുത്തരം. പക്ഷേ, നമ്മുടെ സിനിമാനുശീലനങ്ങളില്‍ കൊട്ടകകള്‍ സജീവമായി നിലകൊണ്ടിരുന്ന 90 കളില്‍, ഇതുപോലെ ചുട്ടുപൊള്ളുന്ന ഒരു മകരവെയിലിലാണ് ഞാനും സുഹൃത്ത് കണ്ണനും വടൂക്കര വീണയെന്ന ബിക്ലാസ് തീയറ്റേറിലേക്ക് (ഇന്ന് അങ്ങനെയൊരു തീയറ്റര്‍ ഇല്ല) ദളപതി കാണാന്‍ നടന്നുപോകുന്നത്. ഒരു സൈക്കിള്‍ പോലും സ്വന്തമായില്ലാത്ത അന്ന് പത്തോളം കിലോമീറ്റര്‍ ആ പൊരിവെയിലില്‍ ഞങ്ങള്‍ സിനിമാഭ്രാന്തിന്റെ പേരില്‍ നടന്നുതീര്‍ത്തു.
മഹാഭാരതത്തെ അവലംബിച്ച് കര്ണ്ണന് നായകനാകുന്ന ദളപതി അതിനകം മാധ്യമങ്ങളില്‍ വലിയൊരു വാര്‍ത്തയായിരുന്നു. രജനീകാന്ത് കര്‍ണ്ണനും മമ്മൂട്ടി ദുര്യോധനനും അരവിന്ദ് സ്വാമി അര്‍ജ്ജുനനും ശ്രീവിദ്യ കുന്തിയുമായി അരങ്ങുതകര്‍ത്ത ദളപതിയിലെ ഒരോ സീനും അതിമനോഹരമായ അനുഭൂതിയായിരുന്നു. മരിക്കാത്ത കര്‍ണ്ണന്റെ കഥയും കണ്ട് ഞങ്ങള്‍ നടന്ന വഴിയത്രയും തിരിച്ചുനടന്നു. അതൊരു കാലം.
പിന്നെയും കുറെ കാലം കഴിഞ്ഞ് റോജ കാണുമ്പോഴാണ് മണിരത്നം എന്ന മാരകസംവിധായകന്‍ എല്ലാം കൊണ്ടും അമ്പരപ്പിക്കുന്നത്. ഛായഗ്രഹണം മുതല്‍ ചിത്രസംയോജനം വരെയുള്ള സിനിമയുടെ ഓരോ അണുവിലും തന്റെ സൂക്ഷ്മസ്പര്‍ശം അനുഭവിപ്പിക്കുന്ന ശരിക്കുമൊരു മാരകപ്രതിഭ. തന്റെ സിനിമകളിലെ സംഗീതം മാത്രമല്ല വരികളുടെ സൗന്ദര്യവും ഈ സംവിധായകന് തന്റെ മുദ്രകള്‍ പതിഞ്ഞതായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് പുറകോട്ടുപോയി നായകനും അഞ്ജലിയും ഗീതാഞ്ജലിയും കാണുന്നത്.
ഇപ്പോള്‍ മണിരത്നത്തെ കുറിച്ച് പറയാന്‍ കാരണം ബരദ്വാജ് രംഗന്റെ കോണ്‍വര്‍സേഷന്‍ വിത് മണിരത്നം എന്ന പുസ്തകമാണ്. മണിരത്നം സിനിമകളിലൂടെ ഒരു നിരൂപകന് കൂടിയായ രംഗന് നടത്തിയ അന്വേഷണവും മണിരത്നത്തിന് പറയാനുള്ളതുമെല്ലാം കൂടിച്ചേരുന്നതാണ് ഇതിന്റെ ഉള്ളടക്കം. ഓരോ സിനിമയെയും സൂക്ഷ്മമായി സമീപിക്കുന്ന രംഗനോട് അതിന്റെ പുറകിലെ അനുഭവതലങ്ങള്‍ മണിരത്നം പങ്കുവെയ്ക്കുമ്പോള്‍ ഒരു അതുല്യസംവിധായകന്റെ സമഗ്രമായ ജീവചരിത്രം കൂടിയായിത്തീരുകയാണ് പുസ്തകം.
സിനിമാനിര്‍മ്മാതക്കളായിരുന്നു കുടുംബമെങ്കിലും വേണ്ടത്ര സംവിധാനപരിചയമില്ലാതെയാണ് മണിരത്നത്തിന്റെ ആദ്യ സിനിമ. അതും തനിക്ക് ഒട്ടും പരിചയമില്ലാത്ത കന്നഡയിലും. അവിടെ നിന്നും ആ സംവിധായകന്റെ വളര്‍ച്ചയും അനുഭവസമ്പത്തുമാണ് ഈ പുസ്തകത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. പല ചോദ്യങ്ങള്‍ക്കും എത്ര നിസ്സംഗമായും നിര്‍മ്മമായുമാണ് അദ്ദേഹം മറുപടി പറയുന്നത്. തന്റെ പരിമിതികളെ ഏറ്റുപറയാന്‍ ഒട്ടും മടിയില്ലതാനും. എപ്പോഴും നൂതനമായ അഭിരുചികളെ മുറുകെപ്പിടിക്കുകയും ആത്മാര്‍ത്ഥമായി അവ ആവിഷ്ക്കരിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു സംവിധായകന്റെ ലോകം മാത്രമായിരുന്നു മണിരത്നം സിനിമകള്‍.
സിനിമയുടെ ഭാഷ സംവിധായകന്റെ ആവിഷ്കാരശൈലിയാണെന്ന് ഉറച്ചുവിശ്വസിക്കുമ്പോളും തിരക്കഥയുടെ പ്രാധാന്യം കൂടി അദ്ദേഹം മനസ്സിലാക്കിയിരുന്നു. എംടി വാസുദേവന്‍ നായരെ പോലുള്ള തിരക്കഥാകാരന്മാരുടെ പങ്കാളിത്തം തന്റെ സിനിമക്കുണ്ടാകണമെന്ന പ്രേരണയുടെ പിന്നില്‍ ഇതൊക്കെയായിരിക്കാം. ബോംബെ എന്ന സിനിമയുടെ തിരക്കഥ എംടിയെ കൊണ്ട് ചെയ്യിക്കാന്‍ ആഗ്രഹിച്ച് മുന്നോട്ടുപോയതിനെ കുറിച്ചും പിന്നീട് ഇരുവര്‍ എന്ന സിനിമയുടെ ത്രെഡ് എംടിയില്‍ നിന്നും ലഭിച്ചതാണെന്നുമെല്ലാം ഈ സംഭാഷണങ്ങളില്‍ അദ്ദേഹം ഓര്‍ക്കുന്നുണ്ട്. അവര്‍ തമ്മില്‍ ഒരുമിക്കാതെ പോയത് സിനിമാചരിത്രത്തിലെ നിര്‍ഭാഗ്യങ്ങളിലൊന്നായി കരുതാം. രംഗന്റെ ഈ പുസ്തകം സിനിമാകുതുകികള്‍ക്കും ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്കും ഒരു പാഠപുസ്തകം കൂടിയാണ്. ഒരു കാലഘട്ടത്തിന്റെ നിഴല്‍ വീണുകിടക്കുന്ന ഈ പുസ്തകത്തില്‍ അന്നത്തെ സിനിമസാങ്കല്പത്തിന്റെ , സാങ്കേതിക തലങ്ങളുടെ, ആവിഷ്കാരത്തിന്റെ വ്യക്തമായ ചില ദൃശ്യങ്ങള്‍ കൃത്യമായി ലഭിക്കുന്നതാണ്. കാരണം മണിരത്നം വേറിട്ടൊരു സിനിമാസങ്കല്പത്തിന്റെ നിര്‍വചനം കൂടിയാണ്, വിവിധ കാലങ്ങളിലുടെ അതെന്നും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
അന്ന് ദളപതി കാണാന്‍ നടന്നുപോകുമ്പോഴുണ്ടായിരുന്ന അതേ ആവേശത്തോടെയാണ് ഈ പുസ്തകവും വായിച്ചവസനാപ്പിക്കുന്നത്…..
പ്രതികരിക്കാൻ ഇവിടെ എഴുതുക: