കര്‍ണ്ണാടക സംഗീത ത്രിമൂര്‍ത്തികളില്‍ ഒരാളായ ശ്രീ. ത്യാഗരാജസ്വാമികളുടെ സംഗീതോപാസനയുമായി ചേര്‍ന്നാണ് ”ഉഞ്ഛവൃത്തി” എന്ന ചടങ്ങ് ബന്ധപ്പെട്ടിരിക്കുന്നത്. ”ഉഞ്ഛ” എന്നാല്‍ ബാക്കി വരുന്നതെന്നും ”വൃത്തി” എന്നാല്‍ ജീവിതം എന്നുമാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അകമഴിഞ്ഞ ശ്രീരാമഭക്തനായ ശ്രീ. ത്യാഗരാജസ്വാമികളും ശിഷ്യരും തെരുവില്‍ കൂടി ശ്രീരാമസ്തുതികള്‍ പാടി നടക്കുമ്പോള്‍ ആസ്വാദകരും ഭക്തരും നല്കുന്ന ആഹാരം മാത്രമാണ് അവര്‍ ഭക്ഷിച്ചിരുന്നത്. ഈ സമയത്താണ് കര്‍ണ്ണാടക സംഗീതത്തില്‍ ഇന്ന് നാം യുഗങ്ങളായ് മാധുര്യത്തോടെ ആസ്വദിക്കുന്ന അമൂല്യങ്ങളായ അനേകം കീര്‍ത്തനങ്ങള്‍ പിറന്നത്. ഈ ചടങ്ങിനെ അനുസ്മരിച്ച് കൊണ്ട് ഭാരതത്തിന്റെ പല ഭാഗത്തും ഉഞ്ഛവൃത്തി ഇന്ന് നടത്തപ്പെടുന്നു.
ത്യാഗരാജസ്വാമികള്‍ നടത്തിയ ഈ ചടങ്ങുമായി ബന്ധപ്പെടുത്തി ചില സംഭവങ്ങള്‍ കര്‍ണ്ണാടക സംഗീത ചരിത്ര പുസ്തകങ്ങളില്‍ രേഖപ്പെടുത്തി കാണുന്നുണ്ട്. അതില്‍ സുപ്രധാനമായ രണ്ട് കഥകള്‍ ഭക്തരുടെ അറിവിലേക്കായി ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.
ഒരിക്കല്‍ ത്യാഗരാജസ്വാമികളും ശിഷ്യരും ഉഞ്ഛവൃത്തി ചടങ്ങുമായി മുന്നോട്ട് പോകുമ്പോള്‍ ഒരു വീടിനു മുന്നിലെ ആള്‍ക്കൂട്ടത്തിനിടയിലൂടെ കടന്നു പോകേണ്ടി വന്നു. ഭക്തി രസമൂറുന്ന കീര്‍ത്തനാലാപനവുമായി അദ്ദേഹം അവിടം വിട്ട് മുന്നോട്ട് നീങ്ങിയപ്പോള്‍ അതിലൊരു പ്രദേശവാസി അദ്ദേഹത്തിനുപുറകെ ഓടിചെന്ന് അദ്ദേഹത്തോട് ആ ആള്‍ക്കൂട്ടത്തിന്റെ കാരണം വിശദീകരിച്ചു. ആള്‍ക്കൂട്ടം നിന്നതിനടുത്തുള്ള വീട്ടിലെ ചെറുപ്പക്കാരനായ കുടുംബനാഥന്റെ അകാലമൃത്യു അറിഞ്ഞാണ് അവിടെ ആളുകള്‍ എത്തിയത് എന്നായിരുന്നു അയാള്‍ വിശദീകരിച്ചത്. ഒരു നിമിഷം നിശ്ശബ്ദനായ സ്വാമികള്‍ ആ മരണവീട്ടിലേക്ക് തിരിച്ചുനടന്നു.
കുടുംബനാഥന്റെ ചലനമറ്റ ശരീരത്തിനടുത്ത് നിന്ന് അദ്ദേഹം ശ്രീരാമദേവന്റെ സ്തുതിച്ച് കൊണ്ട് പാടി. ”അല്ലയോ ശ്രീരാമദേവാ അങ്ങയുടെ കൃപാകടാക്ഷം ദയവായി അകാലത്തില്‍ അന്തരിച്ച ഈ മനുഷ്യനില്‍ ചൊരിയേണമേ എന്ന അര്‍ത്ഥം വരുന്ന ബിലഹരി രാഗത്തിലുള്ള ‘നാജീവധാര’ എന്ന കീര്‍ത്തനമാണ് ആലപിച്ചത്. കീര്ത്തനാലാപനത്തിലുശേഷം അദ്ദേഹം അവിടം വിട്ട് പോകുകയും ചെയ്തു. അദ്ദേഹവും ശിഷ്യരും ഉഞ്ഛവൃത്തി തുടര്‍ന്നു മുന്നോട്ട് നീങ്ങി. അവര്‍ കുറച്ചുദൂരം പിന്നിട്ടപ്പോള്‍ ആ മരണവീട്ടില്‍ നിന്ന് രണ്ടുപേര്‍ അവര്‍ക്ക് പിറകേ ഓടി വന്ന് അത്ഭുതകരമായ ഒരു വാര്‍ത്ത അവരോട് പറഞ്ഞു. സ്വാമികളുടെ കീര്‍ത്തനാലാപനം കഴിഞ്ഞുടന്‍ മരിച്ചു കിടന്ന വ്യക്തി ഉറങ്ങിയെണീറ്റപോലെ ജീവിതത്തിലേക്ക് തിരിച്ചു വന്നു എന്നതായിരുന്നു വാര്‍ത്ത. കാര്യമായ ഭാവ വ്യാത്യാസമില്ലാതെ ആ വാര്‍ത്ത ശ്രവിച്ച സ്വാമികള്‍ തന്റെ ഉഞ്ഛവൃത്തി തുടര്‍ന്നു. സംഗീതം അമൃതമായി മാറിയ ഒരു നിമിഷമായിരുന്നു അത്.
മറ്റൊരിക്കല്‍ ഉഞ്ഛവൃത്തി ദിവസം സ്വാമികള്‍ക്കും ശിഷ്യര്‍ക്കും ഭക്ഷണമൊന്നും കിട്ടിയില്ല. ക്ഷീണിച്ച് തളര്‍ന്നെങ്കിലും അവര്‍ ശ്രീരാമസ്തുതികള്‍ പാടിക്കൊണ്ടേയിരുന്നു. അന്ന് വൈകുന്നേരം സ്വാമികളുടെ ഭവനത്തില്‍ ശിഷ്യന്മാരുമൊത്ത് സ്വാമികള്‍ ഒത്തുചേര്‍ന്നപ്പോള്‍ സ്വാമികളുടെ അവസ്ഥയില്‍ ദുഖിതയായ ഒരു ശിഷ്യ തന്റെ ആഭരണമായ ‘മൂക്കുത്തി’ സ്വാമികള്‍ക്ക് ഭക്ഷണം വാങ്ങാനായി ദാനം ചെയ്യാന്‍ സന്നദ്ധതയോടെ സ്വാമികളോട് അനുവാദം ചോദിച്ചു. പക്ഷെ സ്വാമികള്‍ അവളോട് തന്റെ ആഭരണം ഒരിക്കലും ഇതിനായി നഷ്ടപ്പെടുത്തരുതെന്ന് ഉപദേശിച്ചു. നമുക്ക് അര്‍ഹതയുണ്ടെങ്കില്‍ ആഹാരം കിട്ടുമെന്നും ദൈവഹിതത്തില്‍ തൃപ്തരാവുകയെന്നതാണ് നമ്മുടെ കടമയെന്നുമാണ് സ്വാമികള്‍ പറഞ്ഞത്.
അവര്‍ സംഗീതാലാപനം തുടര്‍ന്നുകൊണ്ടേയിരുന്നപ്പോള്‍ ഒരു സ്ത്രീ ഉള്‍പ്പെടെ കുറച്ചുപേര്‍ അവിടെയെത്തി അവരുടെ ആലാപനത്തിനൊപ്പം ചേര്‍ന്നു. അതില്‍ ഒന്ന് രണ്ട് പേര് ഭവനത്തിലെ ഭക്ഷണം പാകം ചെയ്യുന്നയിടത്തേക്ക് കയറിപ്പോകുന്നത് സ്വാമിയും ശിഷ്യരും ശ്രദ്ധിച്ചു. കുറച്ചു നേരം കഴിഞ്ഞ് അവര്‍ തിരിച്ച് വന്ന് ‘ഭക്ഷണം തയ്യാറായി’ എന്ന് പറഞ്ഞ് ഏവരേയും ക്ഷണിച്ചു. ഒരു അരിമണിപോലും മിച്ചമില്ലാതെ തന്റെ ഭവനത്തിലെങ്ങനെ ഇത്രയും പേര്‍ക്ക് ഭക്ഷണം തയ്യാറായി എന്നത് സ്വാമികളെ അത്ഭുതപ്പെടുത്തി.
സന്ദര്‍ശകര്‍ക്കൊപ്പം ഭക്ഷണം കഴിച്ച സ്വാമികളും ശിഷ്യരും സംഗീതാലാപനം തുടര്‍ന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ഈ സന്ദര്‍ശകര്‍ അപ്രത്യക്ഷരായത് ഒരു ശിഷ്യന്റെ ശ്രദ്ധയില്‍പ്പെടുകയും സ്വാമികളെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് അവര്‍ ഭക്ഷണം പാകം ചെയ്തയിടത്ത് ചെന്നപ്പോള്‍ അവിടെ അന്നേ ദിവസം ഭക്ഷണം ഉണ്ടാക്കിയതിന്റെ ഒരു ലാഞ്ഛനപോലും കണ്ടില്ല. അവര്‍ അത് സ്വാമികളെ ധരിപ്പിച്ചു. സ്വാമികള്‍ക്ക് ദിവ്യമായ തിരിച്ചറിവാല്‍ മനസ്സിലായി അവിടെയെത്തിയത് മറ്റാരുമല്ല സീതയും ശ്രീരാമനും ലക്ഷമണനും ഹനുമാനുമൊക്കെയാണെന്ന്. വിതുമ്പിയ അദ്ദേഹത്തില്‍ നിന്ന് പുറത്തേയ്ക്കൊഴുകിയ കീര്‍ത്തനമാണ് ‘ശഹാന’ രാഗത്തിലുള്ള ‘ വന്ദനമു രഘുനന്ദന’ എന്നത് ‘ഉഞ്ഛവൃത്തി’ യെന്ന പരിപാവനമായ ഈ ഉപാസനയില്‍ നിന്നാണെന്ന് കര്‍ണ്ണാടക സംഗീത ചരിത്രത്തില്‍ പറയുന്നു.
ശ്രീ. ത്യാഗരാജസ്വാമികള്‍ അര്‍ഹതയും അവസരവുമുണ്ടായിരുന്നിട്ടും എല്ലാം ശ്രീരാമസേവയ്ക്ക് വേണ്ടി മാറ്റി വച്ച ഒരു മഹത്വ്യക്തിയാണ്. അതുകൊണ്ടാണ് ഭക്ഷണം പോലും ശ്രീരാമദേവനുവേണ്ടി ഉപേക്ഷിച്ചത്. ഭക്തര്‍ തരുന്ന ആഹാരം ഭക്ഷിക്കും ഇല്ലെങ്കില്‍ അന്ന് പട്ടിണികിടക്കും. അദ്ദേഹത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ ശരഭോജി അദ്ദേഹത്തെ തന്റെ കൊട്ടാരത്തിലെ ആസ്ഥാന ഗായകനാക്കി പൊന്നും പണവും പ്രശസ്തിയും നല്‍കാമെന്ന് പറഞ്ഞ് അദ്ദേഹത്തെ ഒരിക്കല്‍ ക്ഷണിച്ചു. അതിനു മറുപടിയായി സ്വാമികള്‍ ‘നിധിചാല സുകുമ’ എന്ന കല്ല്യാണി രാഗത്തിലുള്ള കീര്ത്തനാമാണ് പാടിയത്.
നിധിയും പൊന്നും പണവുമൊന്നുമല്ല മറിച്ച് ശ്രീരാമസേവമാത്രമാണ് ശാശ്വത സുഖം തരുന്നതെന്ന സത്യമാണ് അദ്ദേഹം അതില്‍ കൂടി പകര്‍ന്ന് തന്നത്. ഭാരതത്തില്‍ പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍ ഈ ചടങ്ങ് ത്യാഗരാജസ്വാമികളുടെ സ്മരണകളുണര്‍ത്തി ത്യാഗരാജോത്സത്തോടൊപ്പം ആഘോഷിക്കാറുണ്ട്. കോയമ്പത്തൂര്‍, തിരുവയ്യാര്‍, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ ഇവ നടത്താറുണ്ട് എന്ന് കേട്ടിട്ടുണ്ട്. എനിക്കും വ്യക്തിപരമായി ഒരു വര്‍ഷം ഇതില്‍ പങ്കെടുക്കുവാന്‍ സാധിച്ചത് ഇന്നും ഒരു ദൈവനിയോഗമായി ഞാന്‍ കരുതുന്നു. കോയമ്പത്തൂര്‍ വച്ചായിരുന്നു അത്. എന്റെ ഗുരുനാഥനായ ശ്രീ. എം. ചന്ദ്രശേഖരനൊപ്പം ഭാരതത്തില്‍ പലയിടത്തും സംഗീത കച്ചേരികളില്‍ സംബന്ധിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്.
വര്‍ഷം കൃത്യമായി ഓര്‍ക്കുന്നില്ലെങ്കിലും ഒരു 30 വര്‍ഷമെങ്കിലും മുമ്പാണ് കോയമ്പത്തൂരില്‍ വച്ച് ഉഞ്ഛവൃത്തിയില്‍ പങ്കെടുക്കാനായത്. മഹാരഥ•ാരായ ശ്രീ. ബി. വി. രാമന്, ബി. വി. ലക്ഷമണന്, തൃശ്ശൂര്‍ രാമചന്ദ്രന്, എം. ചന്ദ്രശേഖരന്, ഡോ. ടി. കെ. മൂര്‍ത്തി, ഈ റോഡ് ഗുരുരാജന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു അത്. ഗായകര്‍ക്കൊപ്പം മൃദംഗം കഴുത്തില്‍ കെട്ടിതൂക്കി (മദ്ദളം കഴുത്തില്‍ സ്ഥാപിക്കുന്നതുപോലെ) യാണ് ടി. കെ. മൂര്‍ത്തി ഈറോഡ് ഗുരുരാജന്‍ എന്നിവര്‍ നടന്നുകൊണ്ട് വായിച്ച് നീങ്ങിയത്. ജീവിതത്തിലെ ഏറ്റവും നല്ല അനുഭവങ്ങളില്‍ ഒന്നായി ഞാന്‍ അത് കരുതുന്നു. ഏറ്റവും മഹത്തരമായ ചടങ്ങ് നടക്കുന്നു എന്ന് പറയുന്നത് ത്യാഗരാജസ്വാമി കളുടെ ജന്മസ്ഥലമായ തഞ്ചാവൂര്‍ ജില്ലയിലെ തിരുവയ്യാറിലാണ്.
ആലുവ ശിവരാത്രി സംഗീതോത്സവുമായി ബന്ധപ്പെട്ട് ഈ ആശയം എനിക്ക് തോന്നിയത് ഏകദ്ദേശം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ശിവരാത്രി സംഗീതോത്സവത്തിന്റെ ആരംഭം അന്നേ ദിവസം വിശിഷ്ട ചൈതന്യ മൂര്‍ത്തിയായി ശോഭിക്കുന്ന ആലുവ മഹാദേവരെ നമസ്ക്കരിച്ചാവാം എന്നായിരുന്നു എന്റെ മനസ്സില്‍. പിന്നീടാണ് ഐശ്വര്യമൂര്‍ത്തികളായ പെരുമ്പിള്ളി ദേവിയേയും മോഹനരൂപനായ ആലുവ ശ്രീകൃഷ്ണനേയും ഒപ്പം നമസ്കരിക്കാം എന്ന വിപുലമായ ആശയം രൂപപ്പെട്ടത്. സംഗീത പ്രേമികളുടേയും ശിഷ്യരുടേയും വിശിഷ്യാ ബാലസംസ്കാരകേന്ദ്രത്തിന്റെയും ബാലഗോകുലത്തിന്റെയും ശിവരാത്രി ആഘോഷ ഭാരവാഹികളുടേയും സമ്പൂര്‍ണ്ണ സഹകരണ ത്താലാണ് ഇത് ഇന്ന് കാണുന്ന രീതിയില്‍ വിപുലമായത്.
ശിവരാത്രി സംഗീതോത്സവ ദിനത്തില്‍ വെളുപ്പിന് 5 മണിക്ക് സംഗീതാസ്വാദകരും വിദ്യാര്‍ത്ഥി കളും ശിവരാത്രി സംഗീതോത്സവ ഭാരവാഹികളും ചേര്‍ന്ന് സംഗീതോത്സവവേദിയായ ‘കേശവസ്മൃതി’ ഹാളില്‍ നിന്ന് പുറപ്പെട്ട് ആലുവാപ്പുഴ കടന്ന് ശിവരാത്രി മണപ്പുറത്ത് ആലുവ മഹാദേവരുടെ തിരുസന്നിധിയിലെത്തുന്നു. അവിടെ ദേവനു മുന്നില്‍ കൊളുത്തി വച്ച ദീപത്തില്‍ നിന്ന് ദീപം ഉഞ്ഛവൃത്തി സംഘത്തിന്റെ വിളക്കില്‍ കൊളുത്തുന്നു. തുടര്‍ന്ന് അഖണ്ഡ കീര്‍ത്ത നാലാപനങ്ങളോടെ (വാദ്യമേളങ്ങള്‍ക്കൊപ്പം) അവിടെ നിന്ന് തിരികെ കേശവസ്മൃതി ഹാളിനു മുന്നിലൂടെ കടന്ന് ആലുവ ടാസ് ഹാളിനടുത്തുള്ള പെരുമ്പള്ളി ദേവിക്ഷേത്രത്തിലെത്തി ദേവിയെ നമസ്കരിച്ച് പുറത്തിറങ്ങി തുടര്‍ന്ന് പടിഞ്ഞാറോട്ട് സഞ്ചരിച്ച് ബാങ്ക് കവല വഴി ആലുവ ശ്രീകൃഷ്ണക്ഷേത്രത്തിലെത്തുന്നു. അവിടെ നിന്ന് ദേവനെ നമസ്കരിച്ച് തിരികെ കേശവസ്മൃതി ഹാളിലെത്തി മൂന്ന് ദേവരുടെ ചൈതന്യം തുളുമ്പുന്ന ഈ ദീപം ശിവരാത്രി സംഗീതോത്സവ വേദിയില്‍ തയ്യാറാക്കി വച്ചിരിക്കുന്ന നിലവിളക്കില്‍ കൊളുത്തുമ്പോള്‍ ശിവരാത്രി സംഗീതോത്സവ ശംഖൊലിയായി. ‘മഹാദേവ ശിവ ശംഭോ’ എന്ന രേവതി രാഗത്തിലുള്ള കീര്‍ത്തനം സംഗീത വിദ്യാര്‍ത്ഥികള്‍ ഉറക്കെ പാടുന്നു. അതോടെ ശിവരാത്രി സംഗീതോത്സവം ആരംഭിക്കുകയായി. ഉഞ്ഛവൃത്തി കടന്നുപോകുന്ന വഴിയില്‍ നിലവിളക്ക് വച്ച് പ്രദേശവാസികള്‍ ദീപത്തെ വരവേല്ക്കാറുണ്ട് എന്നത് ഭക്തിനിര്‍ഭരമായ ഒന്നാണ്.
സഹൃദയരുടേയും വിദ്യാര്‍ത്ഥികളുടേയും ഈ കൂട്ടായ്മ വരും വര്‍ഷങ്ങളിലും തുടരാന്‍ ആലുവ മഹാദേവരുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: