ഭിക്ഷാടന മാഫിയയുടെ ക്രൂരതയെക്കുറിച്ചും അതിനെതിരെ ശബ്മുയര്ത്തിയുമുള്ള വന്‍ ഹിറ്റായ ഒരു തമിഴ് ചിത്രമുണ്ട്. ബാല സംവിധാനം ചെയ്ത നാന് കടവുള്‍. ഭിക്ഷാടന മാഫിയയെ നേരിടുന്ന ശിവ ഭക്തനായ സന്യാസിയായ നായകനായി ആര്യയാണ് വേഷമിട്ടത്. കുട്ടികളെ തട്ടിക്കൊണ്ടുവന്നും മുതിര്‍ന്നവരെ ഭിഷണിപ്പെടുത്തിയും ആയിരക്കണക്കിനുപേരെ നിര്‍ബന്ധിത ഭിക്ഷാടനത്തിനിരുത്തി കോടികള്‍ കൊയ്യുന്ന മാഫിയയെക്കുറിച്ചും മറ്റുമുള്ളത് യാഥാര്‍ഥ്യമാണെന്ന് സംവിധായകന് ബാല അന്നു പറഞ്ഞിരുന്നു.
കുട്ടികളുടെ കൈയും കാലും തല്ലിയൊടിച്ചും കണ്ണുകുത്തിപ്പൊട്ടിച്ചും അംഗവൈകല്യമുള്ളവരാക്കി അവരെ ഭിക്ഷക്കിരുത്തുകയാണ് ഈ മാഫിയ. ഇതിനു സമാനമായ ദുരവസ്ഥയല്ലെങ്കിലും മറ്റൊരു തരത്തില്‍ അതിനെ ഓര്‍മപ്പെടുത്തുന്ന ആശങ്കയിലാണ് ഇപ്പോള്‍ കേരളം. സഹതാപത്തിന്റെ പേരില്‍ ഭിക്ഷ നല്കി അപകടത്തിലാവുകയാണോ നമ്മള്.
ഭിക്ഷാടന മാഫിയ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് പതിറ്റാണ്ടുകളായി കേരളത്തിലും സംഭവിക്കുന്നതാണ്. ഇത്തരം മാഫിയയില്‍നിന്നും രക്ഷിച്ച നിരവധി കുട്ടികള്‍ ജോസ് മാവേലിയുടെ നേതൃത്വത്തിലുള്ള ജനസേവാ ശിശുഭവനിലുണ്ട്. അന്നും ഇന്നും സര്‍ക്കാരും പോലീസും ഇക്കാര്യത്തില്‍ അലസരാണ്. അടുത്തകാലത്തായി കാണാതാവുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ്. എവിടെപ്പോകുന്നു ഈ കുട്ടികള്‍. ഈ കാണാതാകലും ഭിക്ഷാടന മാഫിയയുമായി ബന്ധമുണ്ടെന്ന കഥകള്‍ തന്നെയാണ് ഇപ്പോഴും പരക്കുന്നത്. കഴിഞ്ഞ ദിവസമാണ് കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ച ചിന്നപ്പെയന്ന തമിഴനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഇത്തരം സംഭവങ്ങള്‍ ഇടക്കും തലക്കും ഉണ്ടാവുന്നുണ്ട്.
കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ ഒന്നര വയസുകാരിയെ അമ്മയുടെ കൈയില്‍നിന്നും തട്ടിയെടുക്കാന്‍ ഒരാള്‍ ശ്രമിച്ചെന്ന പരാതി ഉണ്ടായി. അമ്മ തടയാന്‍ ശ്രമിച്ചപ്പോള്‍ അവരെ തള്ളിയിട്ട് ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. സംശയകരമായ സാഹചര്യത്തില്‍ മൂവാറ്റുപുഴയില്‍ വീടുകള്‍ കയറിയിറങ്ങിയ ഒരാളെ പോലീസ് ചോദ്യംചെയ്യുകയാണ്. വരാപ്പുഴയിലും തട്ടിക്കൊണ്ടുപോകല്‍ ശ്രമം നടന്നതായി വാര്‍ത്തയുണ്ട്. ഹയര്‍ സെക്കന്ററിയില്‍ പഠിക്കുന്ന കുട്ടിയെയാണ് ബൈക്കില്‍ വലിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചത്.
കുട്ടികളെയോര്‍ത്ത് ആശങ്കയിലാണ് വീട്ടുകാര്‍. സ്ക്കൂളില്‍ പോയും മറ്റും വീട്ടില്‍ മടങ്ങിയെത്തുംവരെ കണ്ണിലെണ്ണയൊഴിച്ചെന്നപോലെ കാത്തിരിക്കുകയാണ് കുടുംബം. ഇത്തരമൊരവസ്ഥ മുന്‍പ് കേരളത്തിലുണ്ടായിട്ടില്ല. മൂവാറ്റുപുഴയില്‍ തന്നെ തങ്ങളുടെ ഉല്‍ക്കണ്ഠ അറിയിക്കാന്‍ ജനം നിരത്തിലിറങ്ങി വണ്ടി തടഞ്ഞു പ്രതിഷേധിക്കുകയുണ്ടായി.എന്നിട്ടും പോലീസും സര്‍ക്കാരും പറയുന്നത് ഇതൊക്കെ കെട്ടുകഥയാണെന്നാണ്.
ഇത്തരം കെട്ടുകഥകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവരെ അറസ്റ്റു ചെയ്യുമെന്നുവരെ ഒരു പോലീസ് മേധാവി കഴിഞ്ഞ ദിവസം പറയുകയുണ്ടായി.കാര്യങ്ങളുടെ നിജസ്ഥിതിയറിയാതെ അറസ്റ്റു ഭീഷണി മുഴക്കുന്നത് കഷ്ടമാണ്. ഭിക്ഷാടനം കേരളത്തില്‍ ക്രിമിനല്‍ പ്രവര്‍ത്തനംവരെ ആയിട്ടുണ്ട്. കൈയില്‍ പിടിച്ചും ദേഹത്തു തൊട്ടുമൊക്കെയാണ് പലരും പണം ചോദിക്കുന്നത്.
കൊടുത്തില്ലെങ്കില്‍ ശകാരവും ഭീഷണിയും വേറെ. എല്ലുമുറിയെ എട്ടുമണിക്കൂര്‍ ഒരു കൂലിവേലക്കാരന് പണിയെടുത്താല്‍ ദിവസം കിട്ടുന്നത് എഴുന്നൂറും എണ്ണൂറും രൂപയാണ്. വെറുതെ കൈ നീട്ടി രണ്ടായിരവും മൂവായിരവുമാണ് ഒരു ഭിക്ഷക്കാരന് ദിവസവും സംമ്പാദിക്കുന്നത്. മലയാളിയുടെ സഹജീവി സ്നേഹത്തെയാണ് ഭിക്ഷാടന മാഫിയ ചൂഷണം ചെയ്യുന്നത്. സംസ്ഥാനത്തു ഭിക്ഷാടനം നിരോധിക്കേണ്ട സമയം അതിക്രമിച്ചു. പണ്ട് കൊച്ചിയില്‍ ഭിക്ഷാടനം നിരോധിച്ചിരുന്നു. മൂവാറ്റുപുഴ നഗരസഭ ഭിക്ഷാടനം നിരോധിക്കാനുള്ള ശ്രമത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: