ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ഗസിയാബാദില്‍ നിന്നും അഞ്ചുവയസുകാരന്‍ വിഹാനെ പോലീസ് വീണ്ടെടുത്തത് സിനിമയെ വെല്ലുന്ന ക്ലൈമാക്‌സിലൂടെ. ജനുവരി 25ന് മോചനദ്രവ്യം ആവശ്യപ്പെട്ടാണ് രണ്ട് ബൈക്കുകളിലായി എത്തിയ സംഘം സ്‌കൂള്‍ വാന്‍ തടഞ്ഞുനിര്‍ത്തി വിഹാന്‍ ഗുപ്തയെന്ന അഞ്ചുവയസുകാരനെ തട്ടിക്കൊണ്ടുപോയത്.
ഡിസിപി റാം ഗോപാല്‍ നായികിന്റെ നേതൃത്വത്തില്‍ ദല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് ടീമാണ് രക്ഷാദൗത്യത്തിനിറങ്ങിയത്. ഓപ്പറേഷന്‍ സി-റിവര്‍ എന്നാണ് മോചനശ്രമത്തിന് പോലീസ് നല്‍കിയ പേര്. 18 പേരടങ്ങിയ പൊലീസ് സംഘം നാല് കാറിലും നാലു ബൈക്കിലുമായാണ് ദൗത്യത്തിന് പുറപ്പെട്ടത്. കിഴക്കന്‍ ദല്‍ഹിയിലെ ഇടുങ്ങിയ റോഡിലൂടെ 90 മിനിറ്റോളം ഇയാളെ പിന്തുടര്‍ന്നാണ് പോലീസ് ദൗത്യം പൂര്‍ത്തിയാക്കിയത്.
അക്രമികള്‍ മോചന ദ്രവ്യമായി 60 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഫോണ്‍കോളുകള്‍ വിവിധ സ്ഥലങ്ങൡ നിന്നായിരുന്നു. എങ്കിലും ഇവയ്‌ക്ക് കൃത്യമായ പാറ്റേണ്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതില്‍ തട്ടിക്കൊണ്ടുപോയവരില്‍ ചിലര്‍ സഹിബാബാദിലുണ്ടെന്ന് മനസിലായി. മാത്രമല്ല കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തെ സിസിടിവി ക്യാമറകളും പോലീസ് പരിശോധിച്ചു.
കുട്ടിക്ക് ഭക്ഷണം വാങ്ങാന്‍ സംഘത്തിലൊരാള്‍ നഗരത്തിലെത്തിയത് പോലീസിന് സഹായമായി. ഇയാളെ പിന്തുടര്‍ന്നാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. പോലീസ് പിന്തുടരുന്ന വിവരം സംഘത്തിന് മനസിലായാല്‍ കുട്ടിയുടെ ജീവന് ആപത്തുണ്ടാകുമെന്നത് മനസിലാക്കി രഹസ്യമായാണ് പോലീസ് ഇയാളെ പിന്തുടര്‍ന്നത്.
ഇയാളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് ഷാലിമാര്‍ സിറ്റിയിലെ ഫ്‌ളാറ്റിലെ അഞ്ചാംനിലയില്‍ നിന്നാണ് കുട്ടിയെ ഡിസിപി റാം ഗോപാല്‍ നായികിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റുമുട്ടലിനൊടുവില്‍ രക്ഷപ്പെടുത്തിയത്. പോലീസ് എത്തിയതു മനസ്സിലാക്കിയ സംഘം വാതില്‍ തുറക്കുന്നതിനിടെ അക്രമികളില്‍ രണ്ടുപേര്‍ പുറത്തേക്കിറങ്ങി പോലീസിനു നേരെ വെടിയുതിര്‍ത്തതോടെ പോലീസും തിരിച്ച് വെടിയുതിര്‍ത്തെന്ന് എന്‍കൗണ്ടര്‍ ടീം അംഗമായ വിനയ് ത്യാഗി പറഞ്ഞു.
ഒടുവില്‍ ഡിസിപി നായിക് മുറിയുടെ പൂട്ടുപൊളിച്ച് വിഹാന്‍ ഗുപ്തയെ സുരക്ഷിതമായി പുറത്തുകൊണ്ടുവന്നതോടെയാണ് 12 ദിവസം നീണ്ടു നിന്ന തട്ടിക്കൊണ്ടുപോകലിന് വിരാമമായത്.
















