ഫെബ്രുവരി 6 ബോബ് മാര്ലിയുടേയും കൂടിയാണ്.ഇന്നും ലോകം ആവേശത്തോടെ കേള്‍ക്കുന്ന ജമൈക്കന്‍ പാട്ടുകാരന്.റെഗൈ ഗായകനെന്നു പരക്കെ അറിയപ്പെടുന്ന ബോബ് മാര്‍ലി 37 വര്‍ഷങ്ങള്‍ക്കു മുന്‍പ് 36ാം വയസില്‍ ക്യാന്‍സര്‍ ബാധിതനായി മരിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ പുതിയ ഭാഷ്യങ്ങള്‍ പാട്ടിലൂടെ നല്കിയ ആ ചെറുപ്പക്കാരനെയോര്‍ത്ത് ലോകം തേങ്ങി.ഇന്നും ലോകം മുഴുവനും നമ്മുടെ കൊച്ചിപോലും സ്മരിക്കാറുണ്ട് ബോബ് മാര്‍ലിയെ.
ലോകത്തിന്റെ ഹൃദയമിടിപ്പായിത്തീര്ന്ന ബോബ് മാര്‍ലിയുടെ തുടക്കം ദ വെയ്ലേഴ്സ് എന്ന ബാന്റില്‍ നിന്നായിരുന്നു.പ്രശസ്തരായ ചില പാട്ടുകാരുടെ ആ സംഘം സിമ്മര്‍ ഡൗണ്‍,റൂഡ് ബോയ്,സോള്‍ റെവല്യൂഷന്, ക്യാച്ച് ദ ഫയര്‍ തുടങ്ങിയ തീ പാറുന്ന പാട്ടുകളിലൂടെ അക്കാലത്ത് ഒരു കാലം തന്നെ ഉണ്ടാക്കി.പിന്നീട് അവര്‍ ഓരോരുത്തരായി ഓരോ വഴിക്കു തിരിയുന്നിടത്തുനിന്നാണ് ബോബ് മാര്‍ലി എന്ന ഗായക നക്ഷത്രം പാട്ടിന്റെ ആകാശത്ത് തെളിയുന്നത്.തന്റെ സംഘത്തിലേക്കു പറ്റിയ ഓരോരുത്തരേയും ബോബ് മാര്‍ലി കണ്ടെത്തുകയായിരുന്നു.പിന്നീട് തുടര്‍ച്ചയായി ബോബ് മാര്‍ലി ആന്റ് ദ വെയ്ലേഴ്സ് പോലുള്ള സംഗീത ആല്‍ബങ്ങള്‍ ഇറക്കിത്തുടങ്ങി.ലൈവ്,റസ്റ്റമന് വൈബ്രേഷന്‍,കയ,എക്സോഡസ്,ബാബിലോണ്‍ ബൈ ബസ് തുടങ്ങിയ ഹൃദയംചേര്ത്തപോലുള്ള പാട്ടുകളുടെ ഒരു നിരതന്നെയുണ്ടായി.അതില്‍ റെസ്റ്റമന് വൈബ്രേഷന്‍ എല്ലാവിധ സംഗീത ആല്‍ബങ്ങളുടേയും മുന്‍കാല റെക്കോര്‍ഡുകള്‍ തകര്‍ക്കുകയായിരുന്നു.
നിങ്ങള്‍ മറ്റൊരാള്‍ക്കു നേരെ വിരല്‍ചൂണ്ടും മുന്‍പ് നിങ്ങളുടെ കൈകള്‍ ശുദ്ധമാണോ എന്നുറപ്പിച്ചിരിക്കണമെന്നു പറഞ്ഞ് ജീവിതത്തിലും പാട്ടിലും വ്യത്യസ്തനായിരുന്നു ബോബ് മാര്‍ലി.പാട്ടിലൂടെ മാത്രമല്ല കേള്‍വിക്കാരെ ത്രസിപ്പിച്ചത്.ആ പാട്ടുകളുടെ ഓരോ വരികള്‍ക്കും വാക്കുകള്‍ക്കുമുണ്ടായിരുന്നു ഹൃദയം തുളച്ചുകേറിയിരിക്കുന്ന പ്രതിഷ്ഠാന സ്വഭാവം.പാരമ്പര്യത്തെ കുത്തിമറിച്ചും അവയിലെ കാതലുകളെ സ്വീകരിച്ചും പുതിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പുതിയ ആശയമായി മാറിയ ഈ പാട്ടുകാരന് ചെല്ലുന്നിടത്തെല്ലാം ജനം ഇളകിമറിഞ്ഞു.പാട്ടുകേട്ട് ജനസാഗരം ഇരമ്പി.അദ്ദേഹം ലഹരി മരുന്നുപയോഗിക്കുന്നവെന്ന ദുഷിപ്പ് നിലനില്‍ക്കുമ്പോഴും അതിനെയെല്ലാം അതിജീവിച്ച് ലോകത്തിന്റെ പാട്ടുകാരനായി നെഞ്ചില്‍ കുടിയിരുത്തുകയായിരുന്ന ബോബിനെ ആരാധകര്‍.
ലോകത്തെ മികച്ച ബഹുമതികളെല്ലാം ബോബ് മാര്‍ലിയെ തേടിയെത്തി. യുണൈറ്റഡ് നേഷന്‍സിന്റെ പീസ് മെഡല്‍ ഓഫ് ദ തേഡ് വേള്‍ഡ്,ജമൈക്കന്‍ ഓര്‍ഡര്‍ ഓഫ് മെരിറ്റ്,ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് എന്നിവ ചിലതു മാത്രം. 1945 ഫെബ്രുവരി 6ന് നോര്‍വല്‍ മാര്ലിയുടേയും സെഡല്ല മാര്ലിയുടേയും മകനായി ജനിച്ച ബോബ് മാര്‍ലി 81 മെയ് 11ന് മിയാമിയില്‍വെച്ച് രോഗത്തിനു കീഴടങ്ങി.പക്ഷേ ലോകം വിട്ടില്ല,പാട്ടിലൂടെ അദ്ദേഹത്തെ വീണ്ടെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: