ഔഷധക്കാറ്റേറ്റ് ആലുങ്കല്‍ ഫാംസിലൂടെ
കേരളത്തില്‍ മുന്‍പ് ധാരാളമായി കണ്ടുവന്നിരുന്നതും ഇപ്പോള്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ ഔഷധ സസ്യങ്ങളുടെയും കലവറയാണ് പുരുഷോത്തമ കമ്മത്തിന്റെ ആലുങ്കല്‍ ഫാംസ്. ജന്തുക്കളും പക്ഷികളും ചിത്രശലഭങ്ങളും ഷഡ്പദങ്ങളും തന്റെ വനത്തിന്റെ സമ്പത്താണെന്നും അവരാണിതിന്റെ അവകാശികളെന്നും വിശ്വസിക്കുന്നു ഇദ്ദേഹം.
പാരമ്പര്യമായി കൃഷി ഉണ്ടായിരുന്ന തറവാടായതു കൊണ്ട് തന്നെ മണ്ണിന്റെ മണവും കൃഷിയും ജീവശ്വാസം പോലെയായിരുന്നുവെന്ന് കമ്മത്ത് പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഔഷധ സസ്യങ്ങള്‍ വംശനാശ ഭീക്ഷണിയിലാണെന്ന് അറിഞ്ഞപ്പോള്‍ അപൂര്‍വ്വങ്ങളായ ഔഷധ സസ്യങ്ങള്‍ പലതും ശേഖരിച്ച് സംരക്ഷിക്കുന്നത് വരും തലമുറയ്ക്ക് പ്രയോജനപ്പെടുമെന്ന് കണക്ക് കൂട്ടി. ആദ്യമൊക്കെ ഒരു ഹോബിയെന്ന പോലെ അവ ശേഖരിക്കാന്‍ തുടങ്ങി. കുറച്ചൊക്കെ സംരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അതൊരു വലിയ കാര്യമാകുമല്ലോ എന്ന് ചിന്തിച്ചു. എന്നാല്‍ അതൊരു ജീവിതവ്രതമായി മാറി. ഇതിനായി കാനറ ബാങ്കിലുണ്ടായിരുന്ന ജോലി 1984 ല്‍ രാജിവെച്ചു. നാല്‍പ്പത് വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. ഔഷധ സസ്യങ്ങള്‍ ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തുന്നു. അപൂര്‍വ്വയിനം ഔഷധച്ചെടികള്‍ എവിടെ നിന്ന് ലഭിച്ചാലും ഉടനടി അവ ശേഖരിക്കും. ഇതിനായി ആദിവാസികളും സുഹൃത്തുക്കളും ഇദ്ദേഹത്തെ സഹായിക്കാറുണ്ട്. അപൂര്‍വ്വങ്ങളായ ഈ ഔഷധ സസ്യങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുക്കുവാന്‍ നിരന്തരം യാത്രകളും കഠിനാധ്വാനവും വേണ്ടി വന്നിട്ടുണ്ട്.
രണ്ടായിരത്തിലധികം സ്പീഷിസ് സസ്യങ്ങള്‍ തന്റെ നഗരവനത്തിന് സ്വന്തമാണെന്ന് പുരുഷോത്തമ കമ്മത്ത് പറയുന്നു. ദശപുഷ്പങ്ങളും, ഇരുപത്തിയേഴ് നക്ഷത്ര വൃക്ഷങ്ങളും, ത്രികടുകളും (കുരുമുളക്,തിപ്പല്ലി,ഇഞ്ചി), ത്രിഫലകളും (താന്നിക്ക,കടുക്ക,നെല്ലിക്ക), ത്രിഗന്ധം എന്നറിയപ്പെടുന്ന സസ്യങ്ങളും (പച്ചോലി,കറുവ,ഏലം), നാല്പ്പാമരങ്ങളും(അത്തി,ഇത്തി,അരയാല്‍,പേരാല്‍) പഞ്ചവല്ക്കങ്ങളും (നാല്പാമരങ്ങളുടെ കൂടെ കല്ലാല്‍ ചേര്‍ന്നാല്‍ പഞ്ചവല്‍ക്കമായി) ഇവയിലുള്‍പ്പെടുന്നു.
ഗരുഡക്കൊടി, വിഴാല്‍, പേഴ്, അശോകം, ചുരക്കള്ളി, നോനി, കരിമുതലക്ക്, അയ്യപ്പാന, ചന്ദനവേമ്പ്, മഹാവില്വം, കര്‍പ്പൂരമരം, മലവേപ്പ്, കായാമ്പു, ബോധിവൃക്ഷം, ഗണപതി നാരകം, പുത്രഞ്ചീവ, ചെന്തുരുണി, വെളുത്ത മുസ്ലി, രുദ്രാക്ഷം, തിരുതാളി, ഞരമ്പോടല്‍, ശിംശിപാശ, അശ്വഗന്ധ, ദേവദാരു, മേധ, മഹാമേധ, വള്ളിക്കാഞ്ഞിരം, വള്ളിപ്ലാവ്, വള്ളിമന്ദാരം, ലക്ഷ്മിതരു, അങ്കോലം, ചെറുപുന്ന, മുള്ളുവേങ്ങ, അകില്, യശങ്ക്, കിഴിക്കുല ചെത്തി, ഇലന്ത, മയിലെള്ള്, ഇലുപ്പ, സമുദ്രപ്പച്ച, അണലിവേഗം, ആനത്തൊണ്ടി, ബിരിയാണിക്കൈത, മദനമോഹിനി, മരവുരി, ഏകനായകം, പഴുതാരക്കൊല്ലി, ആനവിരട്ടി, കാട്ടുകര്‍പ്പൂരം, ചുവന്ന കറ്റാര്‍വാഴ, വന്‍കടലാടി, കാര്‍ത്തോട്ടി, വന്നി, മരമഞ്ഞള്‍, ചങ്ങലംപരണ്ട, കിളിഞാവല്‍, മഞ്ഞകാന്തം, ഭൂതക്കരണ്ടിവള്ളി, ഭദ്രാക്ഷം, കരിങ്ങോട്ട, നീലാംബരി, പുഷ്ക്കരമുല്ല, ചോരപ്പയിന്‍, കമണ്ഡലു, കീരിക്കിഴങ്ങ്,കൊടുവേലി, കല്ലൂര്‍വഞ്ചി, ആറ്റുവഞ്ചി എന്നിങ്ങനെ നീളുന്നു പുരുഷോത്തമ കമ്മത്തിന്റെ ഔഷധത്തോട്ടത്തിലെ സസ്യനാമങ്ങള്‍.
അറിയാം ഔഷധ ഗുണങ്ങള്‍
കലോട്രോപ്പിസ് ജൈജാനിയ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന എരുക്ക്, പുഴുപ്പല്ല് മാറുന്നതിനും വിഷശമനത്തിനുമാണ് ഉപയോഗിക്കുന്നത്. പുഴുപ്പല്ല് മാറാന്‍ എരുക്കിന് കറ തേച്ചാല്‍ മതി. പാമ്പു കടിച്ചാല്‍ എരിക്കില പച്ചയ്ക്ക് കഴിച്ചാല്‍ പാമ്പിന് വിഷത്തിന്റെ ശക്തി കുറയും. ത്വക്ക് രോഗങ്ങള്‍ക്കും എരുക്ക് വളരെ ഉപയോഗപ്രദമാണ്. പുരാണ പ്രസിദ്ധമായ അത്തിയ്ക്കുമുണ്ട് ഔഷധ ഗുണങ്ങള്‍. ഫൈക്കസ് ഗ്ലോമാറ്റ എന്നറിയപ്പെടുന്ന അത്തി, വാത-പിത്തങ്ങളെ ശമിപ്പിക്കുകയും വ്രണശുദ്ധി വരുത്തുകയും പ്രമേഹത്തിനും നല്ലതാണ്. മിമുപോസ് ഇലന്‍ജി എന്നാണ് ഇലഞ്ഞിയുടെ ശാസ്ത്രീയ നാമം. അതിസാരം, അര്‍ശ്ശസ്, മോണരോഗങ്ങള്‍, തലവേദന, വായ്പ്പുണ്ണ്, ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുക എന്നിവയ്ക്ക് ഉത്തമമാണ്.
പൂവാം കുറുന്നില പനി, മലമ്പനി, തേള്‍വിഷം, അര്‍ശ്ശസ് എന്നിവയ്ക്കും നേത്രചികിത്സയ്ക്കും ഉപയോഗിക്കുന്നു. ഇതിന്റെ നീരില്‍ പകുതി എണ്ണ ചേര്‍ത്ത് കാച്ചി തേച്ചാല്‍ മൂക്കില്‍ ദശ വളരുന്നത് ശമിക്കും. തലവേദനക്കും നല്ല പ്രതിവിധിയാണ്. ഇന്ത്യന്‍ മള്‍ബറി, ബീച്ച് മള്‍ബറി എന്നെല്ലാം അറിയപ്പെടുന്ന ഔഷധ സസ്യമാണ് നോനി. സര്‍വ്വ രോഗസംഹാരിയെന്ന് ധൈര്യപൂര്‍വ്വം പരിചയപ്പെടുത്താവുന്ന ഔഷധ സസ്യമാണിത്. ഇതിന്റെ എല്ലാ ഭാഗവും പൂര്‍ണ്ണമായും ഉപയോഗപ്രദമാണ്. കാന്‍സറിനെ പ്രതിരോധിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കുവാനും പുകവലി മൂലമുള്ള ദൂഷ്യഫലങ്ങള്‍ ഒഴിവാക്കാനും ഇവയ്ക്ക് കഴിയും. അക്കിരാന്തസ് ആസ്പെര എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന കടലാടി അതിസാരം, നീര്‍വീക്കം, നീര്‍വീഴ്ച തുടങ്ങിയവക്ക് ഫലപ്രദമാണ്. പ്രമേഹം, പേപ്പട്ടി വിഷം തുടങ്ങിയവയ്ക്കും ആരോഗ്യപച്ച എയ്ഡ്സ് രോഗ ചികിത്സയിലും ജരാനരകള്‍ ബാധിക്കാതിരിക്കാനും ഉപയോഗിക്കുന്നു. ക്യാന്‍സര്‍ ചികിത്സയ്ക്കാണ് ലക്ഷ്മിതരു. സമുദ്രപ്പാല സന്താനലബ്ധിക്കും നീര്, ആമവാതം തുടങ്ങിയവയ്ക്കും ഫലപ്രദമാണ്. ചന്ദനവേമ്പ് വ്രണം ശമിപ്പിക്കാനും പുത്രഞ്ചീവ സന്താനലബ്ധിക്കും സമുദ്രപ്പച്ച ബീജവര്‍ദ്ധനവിനും സഹായിക്കുന്നു.
കിളിഞാവല്‍ പ്രമേഹ രോഗ ചികിത്സയ്ക്ക് ഫലപ്രദമാണ്. അമുക്കുരം എന്നറിയപ്പെടുന്ന അശ്വഗന്ധയ്ക്ക് പേര് സൂചിപ്പിക്കുന്ന പോലെ കുതിരയുടെ മണമുണ്ട്. കുഷ്ഠം, ചൊറി, ചിരങ്ങ് തുടങ്ങിയ രോഗങ്ങള്‍ക്ക് ഫലപ്രദമാണിത്. അണലിവേഗം, കീരിക്കിഴങ്ങ് എന്നിവ പാമ്പിന് വിഷത്തിനും ഗരുഡക്കൊടി വിഷചികിത്സയ്ക്കും, ഞരമ്പോടല്‍ ഞരമ്പ് സംബന്ധമായ അസുഖങ്ങള്‍, ചുമ, ആസ്മ, വാതം എന്നിവയ്ക്കും അങ്കോലം പേപ്പട്ടി വിഷത്തിനും വള്ളിമന്ദാരം കുഷ്ഠരോഗ ചികിത്സയ്ക്കും ഉപയോഗിക്കുന്നു. ഏകനായകം രക്തം ശുദ്ധീകരിക്കാന്‍ സഹായകമാണ്. വേദനസംഹാരി കൂടിയാണ്. മരവുരി ശരീരോഷ്മാവ് ക്രമീകരിക്കുകയും ജ്വരം ശമിപ്പിക്കുകയും ചെയ്യുന്നു. വെളുത്ത മുസ്ലി ശരീരശക്തി വര്‍ദ്ധിപ്പിക്കും. ചെന്തുരണിയുടെ കറ ഔഷധ നിര്‍മ്മാണത്തിനും ഉപയോഗിക്കുന്നു.
ഓരോ സസ്യത്തിന്റെയും പേരും ശാസ്ത്രീയ നാമവും എന്തിനാണ് ഉപയോഗിക്കുന്നതെന്നും സസ്യത്തോടൊപ്പമുള്ള ബോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഔഷധസസ്യത്തിന്റെ എല്ലാവിധ കാര്യങ്ങളും സ്വന്തം കൈവെള്ളയിലെ രേഖ പോലെ ഇദ്ദേഹത്തിന് പരിചിതമാണ്. ഗവേഷണ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഇവിടുത്തെ നിത്യസന്ദര്‍ശകരാണ്. പലരും കമ്മത്തിന്റെ ഉപദേശങ്ങള്‍ക്കായും ഇവിടെ എത്താറുണ്ട്. അനുഭവ സമ്പത്തും വായനയുമാണ് കൈമുതല്‍. ഇതിന്റെ വെളിച്ചത്തില്‍ കമ്മത്ത് വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ്സെടുക്കാന്‍ വിവിധ കോളേജുകളിലും പോകാറുണ്ട്.
ജൈവ വൈവിദ്ധ്യമുണ്ടെങ്കില്‍ മാത്രമേ കാടിന് പൂര്‍ണ്ണതയുണ്ടാകൂ എന്നാണ് കമ്മത്തിന്റെ അഭിപ്രായം. എല്ലാ ജന്തുജാലങ്ങളും പ്രകൃതിയുടെ സൃഷ്ടിയാണ്. കാടിന്റെ പ്രതീതി തനതായ രീതിയില്‍ വിട്ടുകൊടുത്തിട്ടാണ് അദ്ദേഹം ഇവയൊക്ക സംരക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ അനാവശ്യമായ വെട്ടിയൊതുക്കലുകളൊന്നും നടത്താറില്ല. കൃത്രിമമായി ഇവയെ പരിപാലിക്കുമ്പോള്‍ ഔഷധ സസ്യങ്ങളുടെ ഗുണം കുറയുമെന്ന പക്ഷക്കാരനാണ് കമ്മത്ത്. അതിനാല്‍ അവയെ സ്വതന്ത്രമായി വളരാന്‍ വിടുക. ഔഷധ സസ്യങ്ങള്‍ക്ക് പുറമെ ജൈവപച്ചക്കറി കൃഷികൂടിയുണ്ട്.
കമ്മത്തിനെക്കുറിച്ച് കേട്ടറിഞ്ഞ് സ്വദേശികളും വിദേശികളുമായി നിരവധി ആളുകളാണ് ഈ കാട്ടുപച്ച തേടിയെത്തുന്നത്. എറണാകുളത്ത് നടക്കുന്ന ഫ്ളവര്‍ ഷോകളിലും കാര്‍ഷിക മേളകളിലും സജീവ സാന്നിദ്ധ്യമാണ് കമ്മത്ത്.
ഭൂമിയെ പച്ച പുതപ്പിക്കാന്‍
നമ്മെ സംരക്ഷിക്കുന്നതും നിലനിര്‍ത്തുന്നതും ഭൂമിയാണ്. അതുകൊണ്ട് നമ്മളാല്‍ കഴിയും വിധം നല്ല കാര്യങ്ങള്‍ ഭൂമിക്ക് തിരിച്ചും സമ്മാനിക്കുക. ഭൂമിയെ മലിനമാക്കുന്ന പ്രവണതയാണ് ഇന്ന് കണ്ടു വരുന്നത്. മണ്ണിലേക്ക് വെള്ളം ഇറങ്ങുന്നില്ല എന്നതാണ് ഇപ്പോഴത്തെ ഗൗരവമായ പ്രശ്നം. ഇത് ഭൂമിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നു. പച്ചപ്പാണ് ഭൂമിക്കാവശ്യം. കഴിയുന്നിടത്തോളം കാലം മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്ത് ജീവിക്കണം. തന്റേതായ കൈയ്യൊപ്പ് ഉണ്ടാകണം. ഇത്തരം ആഗ്രഹങ്ങള്‍ മാത്രമേ പുരുഷോത്തമ കമ്മത്തിനുള്ളൂ.
പുതിയ സസ്യങ്ങള്‍ ശേഖരിക്കാന്‍ എത്രദൂരം യാത്ര ചെയ്യാനും തയ്യാറാണ് കമ്മത്ത്. ആ യാത്രകള്‍ കുടുംബവുമൊത്തുള്ള ഉല്ലാസ യാത്രകളാക്കി മാറ്റുകയാണ് പതിവ്. അച്ഛന്റെ പിന്നാലെ മകനും ഉണ്ട്. ഐ.സി.ഐ.സി.ഐ ബാങ്കിലെ ജോലി രാജിവെച്ചുകൊണ്ടാണ് മകന് ആനന്ദ്.പി.കമ്മത്തും ഒപ്പം കൂടിയത്. തന്നില്‍ മാത്രം അറിവുകളെ പരിമിതപ്പെടുത്താതെ മകനിലേക്കും കൊച്ചുമകന് ശാന്തനുവിലേക്കും പകര്‍ന്ന് കൊടുത്തിട്ടുണ്ട്. ഭാര്യ ആശാലത.പി. കമ്മത്തും മകളും മരുമകളും ഈ യാത്രയില്‍ ഒപ്പമുണ്ട്.കൂടാതെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ ഒരു പുസ്തകം തയ്യാറാക്കാനുള്ള പ്രാരംഭ ഘട്ടത്തിലാണിപ്പോള്‍ പുരുഷോത്തമ കമ്മത്ത്.
അലോപ്പതികൊണ്ട് മാറാത്ത പലവിധ രോഗങ്ങളും, സര്‍ജ്ജറി നിര്‍ദ്ദേശിക്കുന്ന രോഗങ്ങളും ഔഷധ സസ്യങ്ങള്‍ക്കൊണ്ട് ഭേദമാക്കാന്‍ സാധിച്ചിട്ടുണ്ട്. വരുമാനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടു കൂടി ചില രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ തയ്യാറാക്കി വില്ക്കാന് സംരംഭവുമുണ്ട്. മുടികൊഴിച്ചില്‍, ത്വക്രോഗങ്ങള്, അകാലനര, ടെന്നീസ് എല്‍ബോ, സോറിയാസിസ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളാണ് തയ്യാറാക്കുന്നത്. അപൂര്‍വ്വ സസ്യങ്ങളുടെയും ഔഷധ സസ്യങ്ങളുടെയും നഴ്സറിയും ഉണ്ട്. വരുമാനം എന്ന നിലയില്‍ തൈകള്‍ ഉണ്ടാക്കി വില്‍ക്കുന്നുമുണ്ട്. എന്നാലും വരുമാനം മാത്രമല്ല ചിന്ത. മറ്റുള്ളവരിലേക്കും ഈ അറിവ് പകര്‍ന്ന് കൊടുത്ത് ഇവയുടെ സംരക്ഷണം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യം കൂടിയുണ്ട്.
ഔഷധ സസ്യങ്ങള്‍ സംരക്ഷിക്കുന്ന വേറിട്ട സേവനത്തെ മാനിച്ച് നിരവധി പുരസ്കാരങ്ങള്‍ കമ്മത്തിനെ തേടിയെത്തിയിട്ടുണ്ട്. 2013 ലെ കേരള സര്‍ക്കാരിന്റെ ബയോഡൈവേഴ്സിറ്റി അവാര്‍ഡ്, കേരള സര്‍ക്കാരിന്റെ 2015 ലെ വനമിത്ര അവാര്‍ഡ്, ആത്മയുടെ 2016 ലെ നിറകതിര്‍ അവാര്‍ഡ് എന്നിങ്ങനെ നീളുന്നു പുരസ്കാരങ്ങള്‍. 2016 ല്‍ സിപിസിആര്‍ഐ ദേശീയ തലത്തില്‍ ആദരിച്ച നൂറ് കര്‍ഷകരില്‍ ഒരാള്‍ ഇദ്ദേഹമായിരുന്നു.
പ്രകൃതി കനിഞ്ഞ് നല്കിയ ഈ അമൂല്യ സമ്പത്ത് വരും കാലങ്ങളിലേയ്ക്ക് കരുതി വെയ്ക്കുവാന്‍ പുരുഷോത്തമ കമ്മത്തിന്റെ തോട്ടം പോലെ അപൂര്‍വ്വ ചില പച്ചത്തുരുത്തുകള്‍ മാത്രമേ ഇനി ശേഷിക്കുന്നുള്ളു. കാവുപോലെ വളര്‍ന്ന് പന്തലിച്ച് നില്ക്കുന്ന ഈ വൃക്ഷലതാദികളുമായി സല്ലപിച്ച് അവയുടെ തണലിലും തണുപ്പിലും അല്പനേരം ചെലവിടുമ്പോള്‍ ജൈവ സമൃദ്ധിയുടെ പഴയ നല്ല നാളുകള്‍ നാം ഓര്‍ത്ത് പോകും. അതെ, ഇവിടം സ്വര്‍ഗ്ഗമാണ്..!!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: