Categories: Kerala

കേസുകള്‍ പലത്; ശ്രീജിത്ത് മുങ്ങി

Published by

കൊല്ലം: ദുബായ്‌ക്ക് പിന്നാലെ നാട്ടിലും കേസുകളായതോടെ ചവറ എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് മുങ്ങി. 10 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് ശ്രീജിത്തിനെതിരെ കേസ്. 

മാവേലിക്കര ഇടപ്പോണ്‍ ഐരാണിക്കുടി അശ്വതി ഭവനത്തില്‍ രാഹുല്‍കൃഷ്ണയുടെ പരാതിയില്‍  ദുബായിക്ക് പുറമെ മാവേലിക്കര, ചവറ കോടതികളിലും ചവറ പോലീസ് സ്റ്റേഷനിലും കേസുണ്ട്. ദുബായ് കോടതിയുടെ ശിക്ഷ ഭയന്ന് നാട്ടിലെത്തിയ ശ്രീജിത്ത് ഒരു വര്‍ഷമായി എറണാകുളത്തായിരുന്നു താമസം. കേസ് സജീവമായതോടെ ഒളിവില്‍ പോയി.  

ജാസ് ടൂറിസം കമ്പനിയില്‍ പാര്‍ട്ണറായിരുന്ന രാഹുല്‍ കൃഷ്ണന്റെ ഇടനിലയിലാണ് ബിനോയ് കോടിയേരിക്കു പുറമെ ശ്രീജിത്തിനും പണം ഏര്‍പ്പാടാക്കിയത്. 

ദുബായിയില്‍ ഹോട്ടല്‍ ബിസിനസ്സിനൊപ്പം ബീറ്റ്‌സ് ഫെസിലിറ്റീസ് മാനേജ്‌മെന്റ് കമ്പനിയില്‍ മാന്‍ പവര്‍ സപ്ലയര്‍ കൂടിയായിരുന്നു ശ്രീജിത്ത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് വേതനം നല്‍കാനാണ് പണമെന്നാണ് ശ്രീജിത്ത് രാഹുല്‍കൃഷ്ണയെ വിശ്വസിപ്പിച്ചിരുന്നത്. 

2013 മുതല്‍ പലപ്പോഴായി ദുബായിയിലും ചവറയിലെ വീട്ടില്‍ വച്ചുമാണ് ശ്രീജിത്ത് രാഹുല്‍ കൃഷ്ണയില്‍ നിന്ന് പത്ത് കോടി  വാങ്ങിയത്. 2015 ജൂണിനു മുന്‍പു തിരിച്ചു നല്‍കാമെന്നായിരുന്നു ഉറപ്പ്. 

തിരിച്ചടവില്‍ വീഴ്ചവന്നതോടെ ദുബായിലെ യുണൈറ്റഡ് അറബ് ബാങ്കിന്റെ പേരില്‍ 60 ലക്ഷം ദിര്‍ഹം (പത്തുകോടിയിലധികം) ചെക്ക് ശ്രീജിത്ത് നല്‍കി. പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങി. ഇതോടെ ദുബായിയില്‍ രാഹുല്‍ കൃഷ്ണ പരാതി നല്‍കി. ദുബായ് കോടതി 2017 മെയില്‍ ശ്രീജിത്തിനെ രണ്ടു വര്‍ഷം തടവിനു ശിക്ഷിച്ചെങ്കിലും വിധി വരും മുന്‍പേ ഇയാള്‍ നാട്ടിലേക്ക് കടന്നു. 

സമാന തുകയ്‌ക്ക് ആക്‌സിസ് ബാങ്ക് കൊല്ലം ശാഖയുടെ ചെക്ക് 2016 ഏപ്രില്‍ മാസം ശ്രീജിത്ത് രാഹുല്‍ കൃഷ്ണയ്‌ക്ക് നല്‍കി. ഇതും പണമില്ലാതെ മടങ്ങി. ഇതോടെ മാവേലിക്കര, ചവറ കോടതികളില്‍ പരാതി നല്‍കി. ചവറ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ചവറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

2007 മെയ് 20ന് എസ്‌ഐ ജയകുമാറാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് കേസന്വേഷണം മരവിപ്പിച്ചു. ഇപ്പോള്‍ സംഭവം വിവാദമായതോടെ കേസില്‍ തുടരന്വേഷണം നടത്താന്‍ നിയമോപദേശം തേടിയിരിക്കുകയാണ് പോലീസ്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് രാഹുല്‍ കൃഷ്ണയും ബന്ധുക്കളും എന്‍. വിജയന്‍പിള്ളയെ കണ്ടപ്പോള്‍ ഇടപാട് ഉടന്‍ തീര്‍ക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതിന് ശേഷം 17 തവണ ചവറയിലെ വീട്ടിലെത്തി വിജയന്‍പിള്ളയെ കണ്ടെങ്കിലും പരിഹരിക്കാമെന്ന ഉറപ്പ് മാത്രമാണ് രാഹുല്‍ കൃഷ്ണയ്‌ക്ക് ലഭിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

സൗഹൃദം മുതലെടുത്ത് ബിനോയിയും ശ്രീജിത്തും കോടികള്‍ കബളിപ്പിച്ചതോടെ ബിസിനസ്സില്‍ പ്രതിസന്ധി നേരിട്ടെന്ന് രാഹുല്‍കൃഷ്ണ നാട്ടിലെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ പരാതി നല്‍കിയാലുണ്ടാകുന്ന തിരിച്ചടി ഭയന്നാണ് ബിനോയ്‌ക്കെതിരെ പരാതി നല്‍കാതിരുന്നത്. 

രാഹുല്‍ കൃഷ്ണയും കൊട്ടാരക്കരയിലെ ഹോട്ടല്‍ വ്യവസായ പ്രമുഖനുമായ ഭാര്യാ പിതാവും കോടിയേരി ബാലകൃഷ്ണനെ കണ്ട് പരാതി പറഞ്ഞെങ്കിലും ഇവരെ അവഗണിക്കുകയാണ് കോടിയേരി ചെയ്തത്. ഫോണ്‍ നമ്പര്‍ പോലും നല്‍കാന്‍ തയ്യാറായില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by