കാട്ടില്‍ സാരംഗി മീട്ടും സംഗീതം…. ‘കാര്‍ബണ്‍’ എന്ന ചിത്രത്തിലെ ഒരു ഗാനമാണിത്. സംഗീതം മനസ്സുകളിലുണ്ടാക്കുന്ന വികാരം അവര്‍ണനീയമാണ്. അതുപോലെതന്നെയാണ് കാര്‍ബണ്‍ എന്ന സിനിമയും. ‘കാര്‍ബണി’ലെ നായക കഥാപാത്രം ആരെന്നു ചോദിച്ചാല്‍ കാടാണോ ഫഹദ് ഫാസില്‍ ആണോ എന്നത് വേര്‍തിരിച്ചു പറയാനാവാത്ത അവസ്ഥ. കാര്‍ബണ്‍ എന്ന മൂലകത്തിന് പ്രകൃതി ചാരമായും വജ്രമായും വ്യത്യസ്ത രൂപഭേദങ്ങള്‍ നല്‍കുന്നുണ്ട്. അതുപോലെയാണ് ചില മനുഷ്യമനസ്സുകളും. ചിലരുടെ ലക്ഷ്യങ്ങള്‍ ചാരംപോലെയാവുമ്പോള് ചിലരുടേത് വജ്രംപോലെ മിന്നിത്തിളങ്ങും. പ്രശസ്ത ഛായാഗ്രാഹകന്‍ വേണുവിന്റെ മൂന്നാമത്തെ ചിത്രമായ ‘കാര്‍ബണി’ലും ആ മിന്നിത്തിളക്കമുണ്ട്.
സിബി സെബാസ്റ്റിയന്. ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന നായകകഥാപാത്രം. സുഹൃത്തുക്കളെല്ലാം ജോലിയും കുടുംബജീവിതവുമായി മുന്നോട്ടുപോകുമ്പോഴും സിബി ഉഡായിപ്പുകളുമായി നടക്കുകയാണ്. സിബി സ്വാര്‍ത്ഥനാണ്. ഒരു തൊഴില്‍ നേടി ജീവിതം മുന്നോട്ടു കൊണ്ടുപോകുക എന്ന ലക്ഷ്യമൊന്നുമല്ല സിബിക്കുള്ളത്. ഏതു കുറുക്കുവഴിയില്‍ക്കൂടി സഞ്ചരിച്ചാലും കുഴപ്പമില്ല, പണമുണ്ടാക്കണം. അതാണ് ലക്ഷ്യം. മാണിക്യക്കല്ല് വില്പന, വെള്ളിമൂങ്ങ, ആനക്കച്ചവടം, സൈക്കിള്‍ ഇറക്കുമതി തുടങ്ങി വളഞ്ഞ വഴികളിലൂടെയെല്ലാം സിബി സഞ്ചരിക്കുന്നുണ്ട്. പക്ഷേ ഒന്നുമൊട്ടും ക്ലിക്കാവുന്നുമില്ല. ബ്ലേഡ് പലിശക്കാരനെ പേടിച്ച് നാട്ടില്‍ നില്ക്കാനാവാത്ത അവസ്ഥ വരുന്നതോടെ നാട്ടില്‍നിന്നും മുങ്ങും. പക്ഷേ അപ്പോഴും സിബിയുടെ ഒരു ഫിലോസഫിയുണ്ട്. ”ഒരു കടുവതന്നെ ഇരയെ പിടിക്കുന്നത് 10 പ്രാവശ്യം ശ്രമിച്ചിട്ടാണ്.” ബാലരമയില്നിന്നുള്ള അറിവാണ് സിബിയുടെ ആത്മവിശ്വാസം.
ഫാന്റസിയിലൂടെ സഞ്ചരിക്കുന്ന സിബിക്ക് അതിനും ന്യായീകരണമുണ്ട്. ”ഫാന്റസിയൊക്കെ ഉണ്ടെങ്കിലല്ലേ ഒരു ലൈഫുള്ളൂ…” നാട്ടില്‍ നില്ക്കാനാവാതെ സിബി ചീങ്കണ്ണിപ്പാറ എന്ന സ്ഥലത്തെ കാടുപിടിച്ചു കിടക്കുന്ന എസ്റ്റേറ്റിന്റെ മാനേജരായി എത്തുന്നതോടെ ‘കാര്‍ബണ്‍’ മറ്റൊരു ട്രാക്കിലേക്കു വഴിമാറും. കാടിന്റെ വശ്യതയും നിഗൂഢതയും വന്യതയും പ്രേക്ഷകനെ തേടിയെത്തും. ചീങ്കണ്ണിപ്പാറയിലെ എസ്റ്റേറ്റിലെത്തുന്ന സിബി ഇടയ്ക്ക് മാനേജര്‍ ജോലി ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുന്ന നിഷ്കളങ്കനായി മാറും. എന്നാല്‍ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് കാട്ടിലൊളിപ്പിച്ച നിധി സമീപത്തെ തലക്കാണി എന്ന സ്ഥലത്താണെന്ന കേട്ടുകേള്‍വി സിബിയെ വീണ്ടും ഫാന്റസിയുടെ ലോകത്തെത്തിക്കുന്നു. ആ നിധി തന്റെ തലവരയിലുള്ളതാണെന്ന് സിബി ഉറപ്പിക്കുന്നു. തലക്കാണിയില് പോയവരാരും തിരിച്ചുവരില്ലെന്ന കാണിക്കാരുടെ വിശ്വാസമൊന്നും സിബിയുടെ മനസിനെ ഉലയ്ക്കില്ല.
സിബിയുടെ യാത്രയ്ക്ക് കൂട്ടായി എസ്റ്റേറ്റിലെത്തുന്ന സമീറയും വഴികാട്ടിയായി കാടുകൊണ്ട് ജീവിക്കുന്ന സ്റ്റാലിനും സഹായിയായി കാണിക്കാരന് പയ്യന് കണ്ണനുമെത്തുന്നതോടെ യാത്ര തുടങ്ങുകയാണ്. സമീറയായി മംമ്ത മോഹന്‍ദാസും സ്റ്റാലിനായി മണികണ്ഠന് ആചാരിയും കണ്ണനായി ചേതന്‍ ജയലാലും തങ്ങളുടെ വേഷങ്ങള്‍ മികവുറ്റതാക്കി. ആദ്യപകുതിയിലെ ചെറിയ വിരസതകള്‍ ഒഴിവാക്കി ‘കാര്‍ബണി’ന്റെ രണ്ടാം പകുതി കാട്ടിലേക്കുള്ള യാത്രയാണ്. തലക്കാണിയിലേക്കുള്ള ആ യാത്രയില്‍ അവരെ കാത്തിരിക്കുന്നതെന്ത് എന്ന ആകാംക്ഷ ഓരോ നിമിഷത്തിലും പ്രേക്ഷകനില്‍ എത്തിക്കാന്‍ കഴിയുന്നു എന്നതാണ് സംവിധായകന്റെ വിജയം. കാടിന്റെ വന്യതയും നിഗൂഢതയും ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുമ്പോള്‍ സിബിയോടൊപ്പം പ്രേക്ഷകനും കാട്ടിനുള്ളിലൂടെ സഞ്ചരിച്ചുപോവും. ഒരു കഥാപാത്രത്തോട് എങ്ങനെ നീതി പുലര്‍ത്തണമെന്ന് ഫഹദ് ഒരിക്കല്‍ക്കൂടി പ്രേക്ഷകന് കാട്ടിത്തന്നു.
ഒരു ചെറുകഥയെ എങ്ങനെ ദൃശ്യാവിഷ്കാരംകൊണ്ട് മനോഹരമാക്കാമെന്ന ശ്രമമാണ് വേണു നടത്തിയത്. നൂറോളം സിനിമകളുടെ ഛായാഗ്രാഹകനായ വേണു 1998 ല്‍ ദയയിലൂടെയാണ് സംവിധാനരംഗത്തേക്ക് വരുന്നത്. ആദ്യചിത്രംതന്നെ സംസ്ഥാന-ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടും അടുത്ത ചിത്രത്തിനായി വേണു 16 വര്‍ഷം കാത്തിരുന്നു. 2014 ല്‍ ‘മുന്നറിയിപ്പു’മായെത്തിയ വേണു നാലുവര്‍ഷത്തിനുശേഷമാണ് ‘കാര്‍ബണു’മായി എത്തുന്നത്. വേണുവിന്റെ മനസിലെ ദൃശ്യങ്ങള്‍ ക്യാമറയിലൂടെ ഒപ്പിയെടുത്ത കെ.യു. മോഹനന്റെ ആദ്യ മലയാള ചിത്രമാണ് കാര്‍ബണ്‍. ഡോണ്‍, തലാഷ്, ഫുക്രി, റയിസ്, ജബ് ഹാരി മെറ്റ് സേജല്‍ തുടങ്ങി ഒട്ടനവധി ബോളിവുഡ് സിനിമകളില്‍ ക്യാമറ ചലിപ്പിച്ച മോഹനന് പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തുന്നില്ല. മാച്ചിസിലൂടെ ശ്രദ്ധേയനായ വിശാല്‍ ഭരദ്വാജാണ് ഗാനങ്ങളൊരുക്കിയത്. പശ്ചാത്തലസംഗീതമൊരുക്കിയ ബിജിബാലും എഡിറ്റിംഗ് നിര്‍വഹിച്ച വേണുവിന്റെ ഭാര്യ കൂടിയായ ബീനാപോളും തങ്ങളുടെ ജോലി ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്.
‘കാര്‍ബണ്‍’ എന്ന ചിത്രം വലിയ സംഭവമല്ല. പക്ഷേ സിനിമയുടെ ഒരു ഘട്ടത്തില്‍ പ്രേക്ഷകനെ സിനിമയ്ക്കൊപ്പം കൂട്ടിക്കൊണ്ടുപോകാന്‍ ‘കാര്‍ബണി’ന് കഴിയുന്നുണ്ട്. അതുതന്നെയാണ് ‘കാര്‍ബണി’ന്റെ തിളക്കവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: