ലാഹോര്‍: പാക്കിസ്ഥാനിലെ കസൂർ ഗ്രാമത്തിൽ ഏഴു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കസൂർ സ്വദേശിയായ ഇമ്രാൻ അലിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു.
കുട്ടിയെ താന്‍ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കുട്ടിയുടെ ശരീരത്തില്‍ നിന്നും ശേഖരിച്ച ഡിഎന്‍എ സാമ്പിളും പ്രതിയുടെ ഡിഎന്‍എയും ഒന്നു തന്നെയാണെന്ന് പോലീസ് കണ്ടെത്തി.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പന്ത്രണ്ടോളം കുട്ടികള്‍ ഇതേരീതിയില്‍ കൊല്ലപ്പെട്ടതാണ് ഒരേ കുറ്റവാളി തന്നെയാകാം എല്ലാ കൊലപാതകങ്ങള്‍ക്കും പിന്നില്ലെന്ന് സംശയിക്കപ്പെടാന്‍ കാരണം. കഴിഞ്ഞ ആഴ്ചയാണ് കസൂരില്‍ ഏഴു വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
നാലു ദിവസം മുന്‍പ് കുട്ടിയെ കാണാതായതായി പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതിനെതിരെ നിരവധിപേരാണ് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രതികരിച്ചിരുന്നത്. അന്തർദേശീയ തലത്തിൽ ഈ കൊലപാതകം വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
















