പത്തുവര്‍ഷം മുന്‍പ് യുഎഇയുടെ വാണിജ്യ വ്യവസായ രംഗത്തെ ഞെട്ടിച്ച ഒരു പരസ്യ വാചകമുണ്ട്. ”തങ്ങളുടെ ഉല്‍പ്പന്നത്തില്‍ കലര്‍പ്പോ മായമോ കണ്ടെത്തി ബോധിപ്പിച്ചാല്‍ ഉപഭോക്താവിന്റെ കൈവശമുള്ള തങ്ങളുടെ ബ്രാന്‍ഡിന് തുല്യ അളവില്‍ സ്വര്‍ണ്ണം പ്രതിഫലമായി നല്‍കും” എന്നതായിരുന്നു പരസ്യം. ഒരുപാട് പേര് ഈ കമ്പനിയുടെ ഉല്‍പ്പന്നങ്ങളില്‍ വീഴ്ച കണ്ടെത്താന്‍ ശ്രമിച്ചു. എന്നാല്‍ കമ്പനിക്ക് ഒരു ഗ്രാം സ്വര്‍ണ്ണം പോലും നല്‍കേണ്ടി വന്നില്ല. തങ്ങളുടെ ഉത്പന്നങ്ങളില്‍ അത്രയേറെ വിശ്വാസമുള്ള ഓര്ഗാനാ എന്ന ഫുഡ് & സ്പൈസെസ് പ്രോഡക്ട് കമ്പനിയുടേയും അതിന്റെ മാതൃസ്ഥാപനമായ റൊമാന എന്ന കുടിവെള്ള കമ്പനിയുടേതുമായിരുന്നു ആ പരസ്യം.
ഇത്തരം റിസ്കിയായ പരസ്യത്തിലൂടെ ഗള്‍ഫ് വ്യവസായ മേഖലയില്‍ വെന്നിക്കൊടി പാറിച്ചത്തിരുവനന്തപുരത്തുകാരന് പ്രദീപ്കുമാര്‍. പ്രദീപിന്റെ ‘മാതള നാരങ്ങ’ എന്ന അര്‍ത്ഥമുള്ള ‘റൊമാന’ എന്ന അറബി വാക്ക് ഗള്‍ഫിലെ കുടിവെള്ളത്തിന്റെ പര്യായമായി. ഗള്‍ഫിലെ കുടിവെള്ള വിപണിയുടെ 80 ശതമാനവും ‘റൊമാന’ കൈയ്യടക്കി. യുഎഇയില്‍ ശുദ്ധമായ കുടിവെള്ളമെന്നാല്‍ ”റൊമാന” എന്നായി മാറി.
ബിരുദത്തിന് ശേഷം ഗള്‍ഫ് എന്ന സ്വപ്ന ഭൂമിയിലേക്ക് പ്രദീപ് കുമാറും യാത്രയായി. മറ്റ് കമ്പനികളില്‍ ജോലി ചെയ്തെങ്കിലും നേട്ടങ്ങളൊന്നും ഉണ്ടായില്ല. സ്വന്തമായി തുടങ്ങിയ കണ്‍സ്ട്രക്ഷന്‍ കമ്പനി നഷ്ടത്തിലായി. തോറ്റു പിന്മാറാനല്ല വന്നത് എന്ന നിശ്ചയദാര്‍ഢ്യത്തിന്റെ ഊര്‍ജ്ജവുമായി അറബ് നാടിന്റെ ബിസിനസ്സ് ലോകത്തിലേക്ക് ഇറങ്ങി
‘റൊമാന’യുടെ പിറവി
1997 ലാണ് ‘റൊമാന’ എന്ന സംരംഭത്തിന്റെ തുടക്കം. ‘റൊമാന’ തുടങ്ങിവച്ചത് മറ്റ് മൂന്നുപേര്‍ ചേര്‍ന്നായിന്നു. ഗള്‍ഫ് സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ ഒന്നര മാസത്തെ പ്രവര്‍ത്തനത്തിന് ശേഷം കമ്പനി പൂട്ടി. മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ അവസ്ഥ യറിഞ്ഞ പ്രദീപ് അതുവരെയുള്ള സമ്പാദ്യവും ബാങ്ക് വായ്പയും എടുത്ത് ബാദ്ധ്യതയില്‍ കിടന്ന ‘റൊമാന’ ഏറ്റെടുത്തു. ഗള്‍ഫ് മേഖലയില്‍ കുടിവെള്ളത്തിലെല്ലാം കൃത്രിമ മിനറല്സായിരുന്നു ഉപയോഗിച്ചിരുന്നത്. പ്രകൃതി ദത്ത മിനറല്‍ വാട്ടര്‍ നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കാനെ കഴിയുമായിരുന്നില്ല. ജര്‍മ്മനിയുടെ ‘മര്‍ക്ക്’ കമ്പനിയുടെ മിനറല്‍സ് ‘റൊമാന’ ജലം സമ്പുഷ്ടമാക്കാന്‍ ഉപയോഗിച്ചു. ഗുണനിലവാരത്തില്‍ ലോകോത്തരമായിരുന്ന ‘മര്‍ക്ക്’ ചെലവ് കൂടുതലായിരുന്നിട്ടും വിപണിയിലെ മറ്റ് സാധാരണ കുപ്പിവെള്ളത്തിന്റെ വിലയില്‍ ‘റൊമാന’ നല്കി. കമ്പനിക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാനായില്ല. ഗുണനിലവാരമുള്ള ‘റൊമാന’ക്ക് ആവശ്യക്കാരേറി. ആവശ്യമനുസരിച്ച് നിര്‍മ്മിച്ചു നല്കാന് കമ്പനിക്കായില്ല. തുടര്‍ന്ന് അബുദാബിയില്‍ തുടങ്ങി. എന്നിട്ടും ആവശ്യത്തിന് സാധനം വിപണിയിലെത്തിക്കാന്‍ കഴിഞ്ഞില്ല. ലാഭം കുറവും ഉല്പാദനം കൂട്ടാന്‍ കഴിയാത്തതും കമ്പനിയെ പ്രതിസന്ധിയിലാക്കി. കൂടുതല്‍ മികച്ച ഉല്പന്നങ്ങള് ഉണ്ടാക്കാനുള്ള യന്ത്രങ്ങളെക്കുറിച്ചും ഉല്പന്നങ്ങള് ചിലവുകുറച്ച് ലാഭകരമാക്കുന്നതിലെക്കുറിച്ചുമുള്ള അന്വേഷണവും പഠനവുമായിരുന്നു പിന്നീട്.
ജനവിശ്വാസം നല്കിയ ആത്മവിശ്വാസം
‘റൊമാന’യുടെ വിജയത്തുടക്കം ദുബായില്‍ 58,000 ചതുരശ്രയടിയില്‍ തുടങ്ങിയ മൂന്നാമത്തെ പ്ലാന്റോടുകൂടിയാണ്. ടര്‍ക്കിയില്‍ പോയി സ്വന്തം ആശയത്തില്‍ നിര്‍മ്മിച്ച പാക്കിംഗ് മെഷീന് എത്തിച്ചതോടെ വിപ്ലവകരമായ മാറ്റമാണ് ‘റൊമാന’ കൈവരിച്ചത്. ബോട്ടിലിംഗ് നിര്‍മ്മാണ രംഗത്ത് 26 തവണ വാഷിംഗ് നടത്തുന്ന ലോകത്തെ ആദ്യ കമ്പനിയായി ‘റൊമാന’ മാറി. 316 എല്‍ ഗ്രേഡ് സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ഉപയോഗിച്ചാണ് യന്ത്രഭാഗങ്ങള്‍ നിര്‍മ്മിച്ചത്. ഇതോടെ ഉല്പാദനം മുതല്‍ പാക്കിംഗ് വരെ പൂര്‍ണ്ണമായും യന്ത്രവല്‍കൃതമായി. ഇതിനിടയില്‍ എംബിഎയും പ്രദീപ് സ്വന്തമാക്കി.
2012 ല്‍ ഉദ്ഘാടനം കഴിഞ്ഞ മൂന്നാം പ്ലാന്റില്‍ അഞ്ച് വര്‍ഷത്തിനുശേഷം അടുത്ത മെഷീന് സ്ഥാപിച്ച് ഉല്പാദനം കൂട്ടുക എന്നതായിരുന്നു ഉദ്ദേശ്യം. എന്നാല്‍ 2013 ല്‍ തന്നെ അടുത്ത പ്ലാന്റ് സ്ഥാപിച്ചു. അത്ര വേഗത്തിലായിരുന്നു ‘റൊമാന’ ഗള്‍ഫ് മേഖലയില്‍ വിശ്വാസം നേടിയെടുത്തത്. ‘റൊമാന’സ്വന്തമാക്കാന്‍ വന്‍കിട ബിസിനസ്സ് ഭീമന്മാര് കമ്പനിയെ വട്ടമിട്ടു. അവിശ്വസനീയമായ മോഹവില വാഗ്ദാനം ചെയ്തപ്പോള്‍ പ്രദീപ് ഗള്‍ഫിലെ ‘റൊമാന’ അമേരിക്കന്‍ കമ്പനിക്ക് കൈമാറി
ജലവിപണിയുടെ വിജയത്തിനുശേഷം സുഗന്ധവ്യഞ്ജന രംഗത്തും പ്രദീപ് വിജയക്കൊടി പാറിച്ചു. തുടര്‍ന്ന് ഭക്ഷ്യരംഗത്തും. ഗള്‍ഫിലുടനീളം സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകള്‍ തുടങ്ങി വന്‍ വ്യവസായരംഗത്തിന്റെ അധിപനായി. അറബ് നാട്ടില്‍ വ്യവസായങ്ങള്‍ വിജയിച്ചപ്പോഴും പ്രദീപ് സ്വന്തം നാടിനെ മറന്നില്ല. കേരളത്തില്‍ കിട്ടുന്ന കുടിവെള്ളത്തില്‍ 70ശതമാനവും വൃത്തിഹീനവും രോഗവാഹകവും ആണെന്ന കണ്ടെത്തല്‍ വേദനയായി. ലോകപ്രശസ്ത എഴുത്തുകാരന് പൗലോ കൊയ്ലായുടെ ”ദ അല്‍ക്കമിസ്റ്റ്” എന്ന വിഖ്യാത നോവലിലെ ആട്ടിടയന്റെ സ്വപ്നം പോലെ താന്‍ തിരക്കിനടന്ന നിധി, സ്വന്തം നാട്ടില്‍ താനിരുന്ന് സ്വപ്നം കണ്ട മരച്ചുവട്ടിലുണ്ടെന്ന് മനസ്സിലാക്കിയതു പോലെയായി പ്രദീപും. കൃത്രിമം അല്ലാത്ത യഥാര്‍ത്ഥ മിനറല്‍ വാട്ടര്‍ തേടിയലഞ്ഞു. അന്വേഷണം ചെന്നെത്തിയത് തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ ‘വല്ലിയൂരില്’. അമൃതജലം കണ്ടെത്തി ”റൊമാനോ പ്രദീപ്” നാടിനുവേണ്ടി ആദ്യ പ്ലാന്റ് വല്ലിയൂരില് സ്ഥാപിച്ചു. ഇവിടെനിന്നുള്ള കുടിവെള്ളം മലയാളക്കരയുടെ വിപണി കീഴടക്കുകയാണിന്ന്. ഗള്‍ഫിലേതുപോലെ ഉപഭോക്താക്കാളോട് കമ്പനി ഉല്പന്നത്തെക്കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ എന്തെങ്കിലും തെറ്റാണെന്ന് തെളിയിക്കാമോ എന്ന വെല്ലുവിളി.
ജലശേഖരണം മുതല്‍ പാക്കിംഗ് വരെ കരസ്പര്‍ശമേല്‍ക്കാതെ പൂര്‍ണ്ണമായി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബോട്ടിലിംഗ് സംവിധാനമാണ്. ദുബായിലുപയോഗിച്ച ടര്‍ക്കി മെഷീന് സംവിധാനം തന്നെയാണ് ഇവിടെയും ഉപയോഗിച്ചത്. അള്‍ട്രാഫില്‍ട്രേഷന്‍ സിസ്റ്റം ഉപയോഗിച്ച് ശരീരത്തിന് ആവശ്യമായ പ്രകൃതിദത്ത മിനറല്‍സ് നഷ്ടപ്പെടുത്താതെ വെള്ളം സംസ്കരിക്കാനുള്ള അമേരിക്കന്‍ സാങ്കേതിക വിദ്യയും ‘റൊമാന’ യുടെ പ്രത്യേകതയാണ്. മൈക്രോ ബയോളജി ലാബും, കെമിക്കല്‍ അനലൈസ്ഡ് ലാബും പ്ലാന്റില്‍ തുടങ്ങി ഗുണമേന്മ ഉറപ്പുവരുത്തിയശേഷമാണ് പ്ലാന്റില്‍ നിന്നും ഓരോ കുപ്പിയും പുറത്തുവിടുന്നത്.
വിതരണത്തിന്നു ജലം കൊണ്ടുപോകുമ്പോള്‍, വെയിലേറ്റ് കെമിക്കല്‍ റിയാക്ഷന് വരുന്നത് തടയാന്‍ ‘റൊമാന’ തുറന്ന വാഹനത്തില്‍ വിതരണം നടത്തുവാന്‍ ഡീലര്‍മാരെ അനുവദിക്കില്ല. കടയില്‍ വെയിലത്തു കുകുപ്പികള് സൂക്ഷിച്ചാല്‍ ഏജന്‍സി റദ്ദാക്കും. ബോട്ടിലുകള്‍ വിപണിയിലെത്തിക്കുക മാത്രമല്ല ഉപയോഗിച്ച ശേഷം ബോട്ടില്‍ പ്രകൃതിക്ക് ഹാനികരമാകാതെ നശിപ്പിക്കുന്നതു വരെ നീളുംന്നു കമ്പനിയുടെ ഉത്തരവാദിത്തം. വെള്ളക്കുപ്പികള്‍ ശേഖരിച്ച് റീസൈക്കിളിംഗിന് കൊടുക്കാന്‍ 40,000 ബിന്നുകള്‍ കമ്പനി സ്ഥാപിച്ചിണ്ട്.
ഭക്ഷ്യരംഗത്തും വമ്പന്‍ പദ്ധതികള്‍ ഉടന്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ് പ്രദീപ്. സുഗന്ധവ്യഞ്ജന രംഗത്ത് ഇന്ത്യയില്‍ വിളവെടുക്കുന്ന മികച്ച ഉല്പന്നങ്ങല് വിദേശത്തേക്ക് കടത്തിവിടാതെ അതു ശേഖരിച്ച് മലയാളികള്‍ക്ക് വിതരണം ചെയ്യുന്ന വിപണന ശൃംഖലയാണ് ലക്ഷ്യം.
ആറ്റിങ്ങല്‍ ഊരുപൊയ്കയില്‍ പത്മനാഭന്റെയും രത്നമ്മയുടെയും മകനായ പ്രദീപിന്റെ എല്ലാ സംരംഭങ്ങള്‍ക്കും തിരിതെളിച്ചത് അമ്മയാണ്. അമ്മയുടെ അനുഗ്രഹവും തൊഴിലാളികളുടെ ഉറച്ച പിന്തുണയുമാണ് തന്റെ നേട്ടത്തിനു പിന്നിലെന്ന വിശ്വാസത്തിലാണ് പ്രദീപ്. ഭാര്യയും രണ്ട് പെണ്മക്കളുമായി ദുബായിലാണ് താമസം. കേരളത്തിലെ ബിസിനസ്സിന് മേല്‍നോട്ടം നല്കാന് സഹോദരന് സതീഷും കൂടെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: