ആശയങ്ങളുടെ ചെറുപ്പവും വാക്കുകളുടെ കൗമാരവുമായി പഴുത്ത മാമ്പഴംപോലെ പരിപാകത്തിന്റെ തുഞ്ചെത്തെത്തുമ്പോഴും പ്രായമാകാത്ത കാവ്യമുത്തശി. എണ്‍പത്തിനാലിന്റെ ചെറുപ്പത്തില്‍ കവയിത്രി സുഗതകുമാരി ശതാഭിഷിക്തയാകുമ്പോഴും മലയാളിയുടെ ഉള്ളുണര്‍ത്തുന്ന ആ കവിതയ്‌ക്ക് നവയൗവനം. മാനുഷികതയുടെ സമസ്ത വികാരങ്ങളുടേയും സാഗരം നീന്തിക്കേറുന്ന സുഗതക്കവിതകളുടെ മുന്നില്‍ നമിച്ച് കേരളം നേടുന്നത് സാരസ്വതങ്ങളുടെ ആത്മസംതൃപ്തി.
ഇന്നു മലയാളത്തിനു കവിക്കൂട്ടപ്പെരുക്കം വലുതാണെങ്കിലും മലയാളിയുടെ മാനസസരോവരമാകാന്‍ കഴിയുന്ന അപൂര്‍വം കവികളില്‍ ഒരാള്‍ സുഗതകുമാരിയാണ്. ഗദ്യ കവിതയുടെ ആധുനിക വായനാസൗന്ദര്യത്തിനും മീതെയാണ് ഛന്ദസിന്റെ ലാവണ്യവും ലവണമുദ്രയുമുള്ള സുഗതകുമാരിക്കവിതകള്‍. കുമാരനാശാന്‍ കവിതക്കാലത്തിന്റെ അനുഭവമിയന്നതും എന്നാല്‍ കുറേക്കൂടി ലളിതസുഭഗകവുമായൊരു രചനാരീതിയിലൂടെ കവിതയിലെ ഗദ്യപ്രദേശങ്ങിലെ നിലാവെട്ടത്തിനുപകരം കാവ്യോന്മീലനത്തിന്റെ സൂര്യശോഭ തരുന്നുണ്ട് സുഗതക്കവിതകള്‍. കാടുംമേടും കടലും ആകാശവും പുഴയും കാറ്റും പൂവും പൂമ്പാറ്റയും കിളിയും മൃഗവും മഞ്ഞും മഴയും വെയിലുമൊക്കയായി മനുഷ്യനും പ്രകൃതിയും പ്രപഞ്ചവുമൊക്കെ ചേരുന്ന സ്‌നേഹ രാശികള്‍ ആര്‍ക്കും ബോധ്യപ്പെടുംപോലെ വരികളില്‍ ഈടുവെക്കുന്നതിനാലാവണം ഈ കവിതകള്‍ കൂടുതല്‍ മലയാളികളുടേതായിത്തീരുന്നത്.
കവിതയിലൂടെ മനുഷ്യ സഹജമായ കരുണയും അനുതാപവും നീതിയോടുള്ള ആദരവും അവകാശലംഘനങ്ങളോടുള്ള പ്രതിഷേധവുമൊക്കെയായി സമൂഹത്തില്‍ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കെ തന്നെയാണ് പ്രത്യക്ഷത്തില്‍ ഒരു ആക്റ്റിവിസ്റ്റിന്റ നേരിട്ടുള്ള പോര്‍മുഖവും സുഗതകുമാരി തുറന്നിട്ടുള്ളത്. ആനകളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്നും സമനില തെറ്റിയവര്‍ക്ക്്് പതിന്നാലു ജില്ലകളിലും അഭയ കേന്ദ്രങ്ങള്‍ തുറക്കണമെന്നും ഈ ജന്മദിനത്തില്‍അവര്‍ വിളിച്ചു പറയുന്നത്് ഇത്തരം അഭയ വാതിലുകളോടുള്ള തുറവികൊണ്ടാണ്. പരിസ്ഥിതി നന്മകളുടെ ജീവജാല മസൃണമായ നൈസര്‍ഗികതയാലാണ് സൈലന്റ് വാലി നിലനിര്‍ത്തുന്നതിനുള്ള പോരാട്ട കൂട്ടായ്മയിലേക്കു സുഗതകുമാരി എന്ന കവയിത്രിയും ഒപ്പമായത്. കവിത എഴുതി മാറിനില്‍ക്കാതെ സൈലന്റ് വാലി സമരങ്ങളോട് ഹൃദയം ചേര്‍ക്കുകയായിരുന്നു അവര്‍. ഇന്ദിരാഗാന്ധി സൈലന്റ് വാലി നിലനിര്‍ത്തുമെന്ന് ഉറപ്പുനല്‍കി അതു ചരിത്രമാകുമ്പോള്‍ ഒരു പെണ്‍ ശബ്ദവുംകൂടി അതില്‍ തിരിച്ചറിഞ്ഞതുംകൊണ്ടുകൂടിയാണെന്ന് നമുക്കു പറയാം. അച്ഛന്‍ ബോധേശ്വരന്റെ സാമൂഹ്യ ദേശീയ ബോധ്യങ്ങളിലൂന്നിയ നിലപാടുകളാണ് സുഗതയേയും ഇത്തരം തിരിച്ചറിവുകളിലേക്കു നയിച്ചത്.
രാഷ്‌ട്രീയത്തിന്റെ കൊടിപിടിച്ച ആദര്‍ശങ്ങള്‍ക്കു പകരം മൂല്യവത്തായ മനുഷ്യവികാരങ്ങളില്‍ മഷിമുക്കി എഴുതിയവയാണ് സുഗതകുമാരിയുടെ കവിതകള്‍. അഭയത്തിന്റെയും അഭയ സങ്കേതത്തിന്റേയും കവിതകള്‍ കൂടിയാണ് സുഗതയുടേത്. 1961ല്‍ ആദ്യ കവിതാസമാഹാരം മുത്തുച്ചിപ്പി പുറത്തുവന്നു. പാവം മാനവ ഹൃദയം, പാതിരാപ്പൂക്കള്‍, പ്രണാമം, ഇരുള്‍ച്ചിറകുകള്‍, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍ തുടങ്ങി വായനയെ അനുഗ്രഹിച്ച നിരവധി കവിതകള്‍ മലയാള ഭാവനയെ ഇന്നും തുടര്‍ വായനയിലൂടെ പ്രസാദമാകുകയാണ്. കവിതകളുടെ തലക്കെട്ടുകളില്‍ തന്നെയുണ്ട് സുഗതക്കവിതകളുടെ മനുഷ്യക്കമ്പം.ഇന്നത്തെ ആസുരകാലത്തിനിടയില്‍ പാവം മാനവഹൃദയത്തെ സ്‌നേഹത്തിന്റെ രാത്രമഴകൊണ്ട് നനച്ച് ഉള്ളുണര്‍ത്തുന്ന അമ്പലമണികളായി തീരുകയാണ് സുഗതകുമാരിയുടെ കവിതകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: