ന്യൂദല്‍ഹി : സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രം പദ്മാവതിന്റെ റിലീസിങ് വീണ്ടും പ്രതിസന്ധിയിലേക്ക്. ഈ മാസം 25ന് ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ രാജസ്ഥാനിലെ രജപുത്രരുടെ സംഘമായ കര്‍ണി സേന ബന്ദിനും പ്രക്ഷോഭത്തിനും ആഹ്വാനം ചെയ്തതോടെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതി ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിക്കും. ഇതുസംബന്ധിച്ചുള്ള സുപ്രീംകോടതി ഉത്തരവ് രാജസ്ഥാന് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കര്‍ണി സേനയുമായി ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും. ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യുന്നത് ക്രമസമാധാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന കണക്കു കൂട്ടലിലാണ് അപ്പീല്‍ നല്‍കാനൊരുങ്ങുന്നത്. അതിനിടെ ചിത്രത്തിന്റെ റിലീസില്‍ പ്രതിഷേധിച്ച് ഗുജറാത്തില്‍ പ്രക്ഷോഭകര്‍ രണ്ട് ബസുകള്‍ കത്തിച്ചു. സുപ്രീംകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: