ജീവിതത്തിലെ നിര്‍ണായക നിമിഷത്തില്‍ മാത്തന് അപ്പുവിനോട് പറയുന്ന ഒരു വാക്കുണ്ട്. അപ്പു നീ ഒരു പോരാളിയാണ്… മായാനദിയിലെ അപര്‍ണയെ (അപ്പുവിനെ) പ്രേക്ഷക മനസ്സില്‍ ഊട്ടിയുറപ്പിച്ച ഐശ്വര്യ ലക്ഷ്മിയെന്ന അഭിനേത്രിയും ജീവിതത്തില്‍ ഒരു പോരാളിയാണ്. മായാനദിയിലെ അപ്പു പ്രതിസന്ധികള്‍ക്കിടയിലും അഭിനയം എന്ന പ്രൊഫഷനുവേണ്ടി പോരാടിയപ്പോള്‍ ഐശ്വര്യ ഒരു നടിയാവാനല്ല പോരാടിയത്. കുട്ടിക്കാലം മുതല്‍ മനസ്സില്‍ സ്വപ്നം കണ്ട ഡോക്ടറാവുക എന്ന ലക്ഷ്യം ഐശ്വര്യ നിശ്ചയദാര്‍ഢ്യത്തിലൂടെ നേടിയെടുത്തു. പക്ഷേ വിധി മറ്റൊന്നുകൂടി ഐശ്വര്യയ്ക്ക് കാത്തുവച്ചിരുന്നു. അഭ്രപാളിയില്‍ മിന്നിത്തിളങ്ങുന്ന നായികാ പദവി. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള’യിലൂടെ യാദൃച്ഛികമായി അഭിനയരംഗത്തെത്തിയ ഐശ്വര്യ ലക്ഷ്മി ‘മായാനദി’യിലെ ‘അപ്പുവി’ലൂടെ മലയാള സിനിമയുടെ പ്രതീക്ഷയാവുകയാണ്.
തിരുവനന്തപുരം കണ്ണമൂലയിലെ ശ്രീശ്രീയില്‍ സര്‍ക്കാരുദ്യോഗസ്ഥരായ ഉണ്ണികൃഷ്ണന്റെയും വിമലകുമാരിയുടെയും ഏക മകള്‍. തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് സ്കൂളിലായിരുന്നു പത്തുവരെയുള്ള പഠനം. തുടര്‍ന്ന് പ്ലസ്ടുവിന് എറണാകുളം സേക്രട്ട് ഹാര്ട്ടിലെത്തി. ഒപ്പം എന്‍ട്രന്‍സ് പരീശീലനവും. ആ പോരാട്ടം പാഴായില്ല. എറണാകുളം ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എംബിബിഎസിന് പ്രവേശനം. ഡോക്ടറാവാനെത്തിയ താന്‍ അഭിനേത്രിയായതിന്റെ വിശേഷങ്ങള്‍ ഐശ്വര്യലക്ഷ്മി പങ്കുവയ്ക്കുന്നു.
അഭിനയത്തിലേക്ക്
കലയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. എംബിബിഎസ് പഠനത്തിന് കോളേജില്‍ എത്തുമ്പോള്‍ പോലും സിനിമയോ മോഡലിങ്ങോ മനസ്സിലുണ്ടായിരുന്നില്ല. എന്റെ സുഹൃത്ത് അഖില്‍ ഷെറീഫിന്റെ ഒരു കൗതുകമാണ് വഴിത്തിരിവായത്. അഖിലുമായും കുടുംബവുമായും നല്ല അടുപ്പത്തിലായിരുന്നു. സഹോദരങ്ങളെപ്പോലെയായിരുന്നു ഞങ്ങള്‍. അഖില്‍ ഫോട്ടോഗ്രാഫി തുടങ്ങിയപ്പോള്‍ എന്റെ ചില ഗ്രൂപ്പ് ഫോട്ടോസ് കണ്ടു. ”നീ ഫോട്ടോജനിക് ആണ്. മോഡലായി കുറച്ച് ഫോട്ടോകള്‍ എടുക്കട്ടെ” എന്ന് ചോദിച്ചു. എനിക്ക് താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍ അഖിലിന്റെ അമ്മയും അനിയത്തിയുമൊക്കെ പ്രോത്സാഹിപ്പിച്ചു.
അങ്ങനെ അഖില്‍ എടുത്ത ഫോട്ടോകളാണ് എന്നെ മോഡലിങ് രംഗത്തേക്കെത്തിക്കുന്നത്. അഖിലിന്റെ ഫോട്ടോ കണ്ട് വനിതയുടെ ഒരു ഫോട്ടോഗ്രാഫര്‍ പരിചയപ്പെടുകയും വനിതയുടെ ഫാഷന്‍ പേജില്‍ എന്റെ ചിത്രം വരികയും ചെയ്തു. പിന്നീടാണ് പല പരസ്യചിത്രങ്ങളും തേടിയെത്തിയത്. ചെന്നൈയിലെ ഒരു ടെക്സ്റ്റൈയില്‍സിന്റെ പരസ്യമായിരുന്നു ആദ്യം. പിന്നീട് ധാത്രി, ചെമ്മണ്ണൂര്‍, കല്യാണ്‍ സില്‍ക്സ്, ജോണ്‍സ് കുട, ബട്ടര്‍ഫ്ളൈ തുടങ്ങി പല പരസ്യ ചിത്രങ്ങളിലും അവസരം ലഭിച്ചു. പരസ്യ ചിത്രങ്ങളില്‍ അവസരം ലഭിച്ചതോടെ സിനിമകളില്‍ നിന്നും ഓഫറുകള്‍ വന്നു. പരസ്യചിത്രങ്ങള്‍ പോലെയല്ല സിനിമ. പഠനം മുടങ്ങും. അതുകൊണ്ടുതന്നെ സിനിമയെ മറന്നു.
അവസാന വര്‍ഷ ഫലം വന്ന ശേഷം ഒരു ക്രിസ്തുമസിന് തലേദിവസം എറണാകുളത്തെ കഫേ 17 എന്ന ഷോപ്പില്‍ സുഹൃത്തുമൊത്ത് ഭക്ഷണം കഴിക്കാനെത്തുമ്പോഴാണ് അല്‍ത്താഫ് സംവിധാനം ചെയ്യുന്ന, നിവിന്‍ പോളിയുടെ ചിത്രത്തില്‍ നായികയായും സഹോദരിയുടെ വേഷത്തിലും പുതുമുഖ താരങ്ങളെ ആവശ്യമുണ്ടെന്നത് കാണുന്നത്. ഒരു വര്‍ഷം മുന്‍പ് എന്റെ സുഹൃത്ത് രഞ്ജിനിയുമൊത്ത് ‘പ്രേമം’ സിനിമ കാണാന്‍ പോയപ്പോള്‍ രഞ്ജിനി പറഞ്ഞത് ഓര്‍മ്മ വന്നു. അല്‍ത്താഫ് നല്ല കഴിവുള്ള പയ്യനാണ്. രഞ്ജിനിയില്‍ നിന്നും ഫോണ്‍ നമ്പര്‍ വാങ്ങി അല്‍ത്താഫിനെ ബന്ധപ്പെട്ടു. ഫോട്ടോ അയച്ചുകൊടുത്തു. പിറ്റേന്ന് ക്രിസ്തുമസ് ദിനത്തില്‍ അല്‍ത്താഫ് നേരിട്ടുകണ്ടു. തിരക്കഥ പറഞ്ഞു. സ്ക്രീന്‍ ടെസ്റ്റ് കൂടി കഴിഞ്ഞതോടെ ടെന്‍ഷന്‍ മാറി.
മായാനദിയിലേക്ക്
‘മായാനദി’യിലും ഓഡിഷനിലൂടെ തന്നെയാണ് വരുന്നത്. ആഷിക് അബുവിന്റെ ചിത്രത്തില്‍ കാസ്റ്റിങ് കോള്‍ കണ്ട് ബന്ധപ്പെടുകയായിരുന്നു.
‘മായാനദി’യില്‍ അപ്പു ഓഡിഷന് പോകുമ്പോള്‍ അനുഭവിക്കുന്ന ടെന്‍ഷന്‍, സ്വന്തം ജീവിതത്തില്‍
ഒരുപക്ഷേ അത്രയും ടെന്‍ഷന്‍ അടിച്ചത് ‘മായാനദി’യുടെ രണ്ടാം ഓഡിഷനിലാണ്. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’യുടെ ഓഡിഷന് സമയത്ത് ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം മാത്രമായിരുന്നു. നിവിന്‍ പോളിയുടെ നായികയാവുക എന്നത് വലിയ കാര്യമാണ്. പക്ഷേ സിനിമയെ അത്ര സീരിയസായി എടുക്കാതിരുന്നതുകൊണ്ടാണോ എന്നറിയില്ല അത്ര ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. അല്‍ത്താഫുമായി നല്ല സൗഹൃദമുണ്ടായശേഷമാണ് ആ പ്രോജക്ടിലേക്കെത്തുന്നതും.
എന്നാല്‍ ‘മായാനദി’യില്‍ ആഷിക് അബുവിനെപ്പോലൊരു സംവിധായകന്, ദേശീയ അവാര്‍ഡ് നേടിയ ശ്യാം പുഷ്കര്‍, ദിലീഷ് നായര്‍ ടീം. ശരിക്കും എനിക്ക് ആത്മവിശ്വാസം കുറവായിരുന്നു. ആദ്യ ഓഡിഷനില്‍ ആഷിക് അബുവും ശ്യാംസാറുമൊന്നുമില്ലായിരുന്നു. രണ്ടാമത്തെ ഓഡിഷനിലാണ് ഇവര്‍ ഉണ്ടായിരുന്നത്. കിട്ടുമോ എന്ന് ശരിക്കും ടെന്‍ഷനുണ്ടായിരുന്നു.
‘മായാനദി’യിലെ അപ്പുവും മാത്തനുമായുള്ള കെമിസ്ട്രി
സ്വാഭാവികമായും ഉണ്ടായതാണ്. സംവിധായകനും തിരക്കഥാകൃത്തും പറഞ്ഞുതന്നത് അതുപോലെ മനസ്സിലാക്കാന്‍ ശ്രമിച്ചു. അവര്‍ പറയുന്നതുപോലെ ചെയ്തു. അത്രമാത്രം. ആ കഥാപാത്രത്തിന്റെ വിജയം അവര്‍ക്കവകാശപ്പെട്ടതാണ്.
‘അപ്പു’വുമായുള്ള പരിചയം
അപ്പുവിനെപ്പോലെ ജീവിതസാഹചര്യങ്ങളുള്ള നിരവധി പെണ്‍കുട്ടികള്‍ നമുക്കിടയിലുണ്ട്. സിനിമയില്‍ ഇടം നേടാന്‍ പോരാടുന്ന പെണ്‍കുട്ടികള്‍ എന്ന നിലയിലല്ല. ജീവിതത്തില്‍ തിരിച്ചടികള്‍ നേരിടുമ്പോഴും പതറാതെ മുന്നോട്ടു പോകാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികളെ കണ്ടിട്ടുണ്ട്.
അപ്പുവും ഐശ്വര്യയും
സാമ്യങ്ങളുണ്ട്. എന്നാല്‍ ഐശ്വര്യ കുറച്ചുകൂടി ഇമോഷണലാണ്. ‘അപ്പു’വിനെപ്പോലെ പ്രതിസന്ധികളെ നേരിടാനാവുമോ എന്നറിയില്ല. പലപ്പോഴും ഡൗണ്‍ ആയിപ്പോവും. എങ്കിലും അത്തരം ഘട്ടങ്ങളില്‍ കരകയറാനുള്ള ശക്തിയുണ്ടാവുമെന്നാണ് പ്രതീക്ഷ.
‘മായാനദി’ കണ്ടിറങ്ങിയപ്പോള്‍
‘മായാനദി’ ആദ്യ ഷോ കാണുന്നത് ലുലുമാളിലാണ്. അന്ന് ഉച്ചയ്ക്ക് തന്നെ ശ്രീധര്‍ തിയേറ്ററില്‍ ടീമിനൊപ്പമിരുന്നും സിനിമ കണ്ടു. സന്തോഷം തോന്നി. ഇത്രയും നല്ലൊരു കഥാപാത്രത്തെ മറക്കാനാവില്ല. സിനിമയിലെത്തുമ്പോള്‍ പ്രേക്ഷകര്‍ മറക്കാത്ത ചില കഥാപാത്രങ്ങള്‍ ചെയ്യണമെന്നായിരുന്നു ആഗ്രഹം. രണ്ടാമത്തെ സിനിമയില്‍ തന്നെ ‘അപ്പു’വിനെപ്പോലൊരു കഥാപാത്രം കിട്ടിയത് ഭാഗ്യമാണ്.
അഭിനയവും ആതുരസേവനവും
ഡോക്ടര്‍ പ്രൊഫഷന് ഉപേക്ഷിക്കില്ല. ഉന്നതപഠനം ചെയ്യണം. ഡെര്‍മറ്റോളജിയില്‍ സ്പെഷ്യലൈസ് ചെയ്യണമെന്നാണ് ആഗ്രഹം. നല്ല സിനിമകള്‍ തേടിയെത്തിയാല്‍ അതും ചെയ്യും.
സ്ത്രീപക്ഷ സിനിമകള്‍, സ്ത്രീവിരുദ്ധ സിനിമകള്‍ ഇതു സംബന്ധിച്ച വിവാദങ്ങള്‍
സിനിമ, കല എന്നതിലുപരി വിനോദോപാധി കൂടിയാണ്. ഒരു സംവിധായകന്, തിരക്കഥാകൃത്ത് എന്നിവരുടെ കാഴ്ചപ്പാട് കൂടിയാണ് സിനിമ. അവരുടെ കാഴ്ചപ്പാട് പ്രേക്ഷകര്‍ക്ക് ഇഷ്ടമാവണം. അത് ഇഷ്ടമാവാം ഇഷ്ടപ്പെടാതിരിക്കാം. വിരുദ്ധ അഭിപ്രായമുണ്ടാവാം. ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്ന നമ്മള് സിനിമയെ അങ്ങനെതന്നെ കാണണ്ടേ. എല്ലാത്തരം സിനിമകളും ഉണ്ടാവണം. നല്ല സിനിമയും മോശം സിനിമയും പ്രേക്ഷകര്‍ വിലയിരുത്തട്ടെ.
പുതിയ പ്രോജക്ട്
ഇപ്പോള്‍ ഒന്നുമായിട്ടില്ല. ‘മായാനദി’യുടെ സമയത്ത് തന്നെ ഒരു തെലുങ്ക് ചിത്രത്തിന്റെ ഓഫറുണ്ടായി. ഒരേ സമയമായതിനാല്‍ അത് നടന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: