അയിത്തത്തിനെതിരെ പൊരുതിക്കൊണ്ട് ശ്രീനാരായണ ഗുരുവിന് മുമ്പേ നടന്ന ധീരന് – ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. ഗുരു അരുവിപ്പുറത്ത് ഈഴവ ശിവനെ പ്രതിഷ്ഠിക്കുന്നതിന് മൂന്ന് പതിറ്റാണ്ട് മുമ്പ് ആറാട്ടുപുഴ ഗ്രാമത്തില്‍ പണിക്കര്‍ പ്രതിഷ്ഠ നടത്തിയത് ചരിത്രം. ആ ധീരത പക്ഷെ പിന്തലമുറ വേണ്ടപോ
ലെ അറിഞ്ഞില്ല. സത്യത്തിനും നീതിക്കും വേണ്ടി പോരാടിയ യുവത്വത്തിന്റെ നെഞ്ചില്‍ കഠാരയിറക്കിയത് നീതിന്യായ രംഗത്തെ തീര്‍പ്പ് കല്‍പ്പിക്കാത്ത അദ്ധ്യായമായി ഇന്നും അവശേഷിക്കുന്നു. 49 വര്‍ഷത്തെ ജീവിതം കൊണ്ട് സാമൂഹ്യ വിപ്ലവം സൃഷ്ടിച്ച ആ മഹാന് വിടപറഞ്ഞിട്ട് 144 വര്‍ഷം.
ആറാട്ടുപുഴയിലെ മംഗലം ഇടയ്ക്കാട്ട് ജ്ഞാനേശ്വര ശിവക്ഷേത്രം നിര്‍മ്മിച്ചത് വേലായുധപ്പണിക്കരായിരുന്നു. 1851ല്‍ മുമ്പ് നിര്‍മ്മിച്ച ക്ഷേത്രം ഇന്ന് പുനരുദ്ധാരണത്തിന്റെ വഴിയില്‍ നില്ക്കുമ്പോള് സമീപത്ത് പണിക്കരുടെ തറവാടായ കല്ലശ്ശേരി വീട് അനാഥമാണ്. സാമൂഹ്യ വിപ്ലവത്തിന് തുടക്കമിട്ട അദ്ദേഹത്തിന്റെ ജന്മഗൃഹത്തിന്റെ പത്തായപ്പുര ഇപ്പോള്‍ സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമാണ്. അവര്‍ണ്ണര്‍ക്കായി മംഗലത്ത് ശിവക്ഷേത്രം നിര്‍മ്മിക്കാന്‍ പണിക്കര്‍ മുന്നൊരുക്കം നടത്തിയിരുന്നു. ബ്രാഹ്മണ വേഷത്തില്‍ വൈക്കം ക്ഷേത്രത്തിലെത്തിയ പണിക്കര്‍ അവിടെ താമസിച്ച് ക്ഷേത്രനി
ര്‍മ്മാണവും ആചാരങ്ങളും പൂജകളും പഠിച്ചു. പഠനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുംമുമ്പ് ക്ഷേത്രം അധികാരിയോട് പണിക്കര്‍ ആരാഞ്ഞു. അയിത്തക്കാരന് ക്ഷേത്രത്തില്‍ താമസിച്ച് പൂജാവിധികള്‍ പഠിച്ചാല്‍ അങ്ങ് എന്തു ചെയ്യും? പരിഹാരം പറഞ്ഞ അധികാരിക്ക് നൂറ് രൂപയും സ്വര്‍ണ്ണവും കൊടുത്ത് വേണ്ടത് ചെയ്യാന്‍ പറഞ്ഞ് പണിക്കര്‍ മടങ്ങി.
ശിവക്ഷേത്രത്തിനായി ശിലയിട്ടതാവട്ടെ ശിവരാത്രി നാളിലും. വിവരമറിഞ്ഞ മേല്ജാതിക്കാര് ചെമ്പകശ്ശേരി രാജാവിനോട് പരാതി പറഞ്ഞു. ഞാന്‍ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണെന്ന് രാജാവിന്റെ മുഖത്തുനോക്കി പറഞ്ഞ് പണിക്കര്‍ തിരിഞ്ഞു നടന്നു.
ആദ്യ കര്‍ഷക സമര നായകന്
കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് 1866 ല്‍ വേലായുധപ്പണിക്കര്‍ നടത്തിയ പണിമുടക്കാണ് കേരളത്തിലെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരം. ജന്മികള്‍ക്കുവേണ്ടി പണിയെടുക്കുന്ന കീഴാളരെ സംഘടിപ്പിച്ച് കൃഷിപ്പണിയും മറ്റ് തൊഴിലുകളും ബഹിഷ്ക്കരിക്കാന്‍ പണിക്കര്‍ ആഹ്വാനം ചെയ്തു. പണി മുടങ്ങിയതോടെ ജന്മിമാരുടെ സ്വാമ്പത്തികനില പരുങ്ങലിലായി തൊഴിലാളികളുടെ വയര്‍ നിറയ്ക്കാന്‍ പണിക്കര്‍ സ്വന്തം മടിശീല തുറന്നു. ആ നിസ്സഹകരണ സമരത്തിലേക്ക് പണിക്കരെ നയിച്ച സംഭവം ഇങ്ങനെ.
ഈഴവ സ്ത്രീകള്‍ മുണ്ടുടുക്കുമ്പോള്‍ മുട്ടിന് താഴെ ഇറങ്ങിക്കിടക്കുന്നത് ജന്മിമാര് കുറ്റമായി കണ്ട കാലം. കായംകുളത്തിന് വടക്ക് പത്തിയൂരില്‍, കരയുള്ള മുണ്ട് ഇറക്കിയുടുത്ത് വയല്‍വരമ്പിലൂടെ നടന്ന സ്ത്രീയെ പ്രമാണിമാര്‍ അധിക്ഷേപിച്ചു. വിവരമറിഞ്ഞ പണിക്കര്‍ പ്രമാണിമാര്‍ക്കെതിരെ തിരിഞ്ഞു. സ്വന്തം കൃഷിയിടങ്ങളില്‍ പണിയെടുക്കാന്‍ ആളെ കിട്ടാതെ വന്നപ്പോള്‍, അവഹേളിക്കപ്പെട്ട സ്ത്രീയോട് മാപ്പ് പറഞ്ഞ് പുതിയ മുണ്ട് വാങ്ങിക്കൊടുക്കാനുള്ള പണിക്കരുടെ കല്‍പ്പന പ്രമാണിമാര്‍ അനുസരിച്ചു.
മൂക്കൂത്തി വിപ്ലവം
പണിക്കരുടെ മൂക്കൂത്തി സമരവും അറിയപ്പെടാതെ പോയ ചരിത്രത്തിലെ തിളങ്ങി നില്‍ക്കുന്നൊരേടാണ്. അന്ന് മൂക്കൂത്തി ധരിക്കാനുള്ള അവകാശം താഴ്ന്ന ജാതിയിലെ സ്ത്രീകള്‍ക്കില്ലായിരുന്നു. പന്തളത്തിനടുത്ത് ഒരു സ്ത്രീയുടെ മൂക്കൂത്തി പറിച്ച് ആക്ഷേപിച്ച വിവരമറിഞ്ഞ പണിക്കര്‍ സ്വര്‍ണ്ണപ്പണിക്കാരെ വിളിച്ച് ആയിരം മൂക്കൂത്തി നിര്‍മ്മിച്ചു. മൂക്കൂത്തിയുമായി പന്തളത്തെത്തി വഴിയില്‍ കണ്ട കീഴ്ജാതിക്കാരായ സ്ത്രീകളുടെ മൂക്ക് കുത്തിച്ച് പ്രമാണിമാര്‍ക്കെതിരെ വെല്ലുവിളി ഉയര്‍ത്തി. മൂക്കു കുത്തിയ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാനായി പണിക്കര്‍ കുറെ നാള് പന്തളത്ത് തങ്ങുകയുമുണ്ടായി. 1860 ലായിരുന്നു മൂക്കൂത്തി വിപ്ലവം.
മേല്‍മുണ്ട് ധരിച്ചവര്‍
സ്ത്രീകള്‍ മേല്‍മുണ്ട് ധരിക്കുന്നത് കുറ്റമായി കണ്ട പ്രമാണിമാരുടെ മേല്‍ക്കോയ്മയ്ക്കെതിരെയും പണിക്കര്‍ ആഞ്ഞടിച്ചു. 1859 ലാണിത്. കായംകുളത്തിനടുത്ത് മേല്‍മുണ്ട് ധരിച്ച് വഴി നടന്ന അവര്‍ണ്ണ സ്ത്രീയുടെ മേല്‍മുണ്ട് വലിച്ചുകീറി അവരുടെ മേല്‍ മച്ചിങ്ങാത്തൊണ്ട് പിടിപ്പിച്ച് പ്രമാണിമാര്‍ കൂവിവിട്ടു. സംഭവമറിഞ്ഞ് പണിക്കര്‍ ആറാട്ടുപുഴയില്‍ നിന്ന് വള്ളത്തില്‍ കുറെ മുണ്ടുകളുമായി കായംകുളത്തെത്തി. മേല്‍മുണ്ട് ധരിക്കാന്‍ അവകാശമില്ലാതിരുന്ന സ്ത്രീകള്‍ക്ക് വിതരണം ചെയ്തു. തുണിയുടുപ്പ് സമരമായിട്ടാണ് ഇത് അറിയപ്പെട്ടത്.
ഒടുവില്‍ കൊലപ്പെടുത്തി
അവര്‍ണ്ണരുടെ കലാവൈഭവത്തെ പ്രോത്സാഹിപ്പിക്കാനും വേലായുധപ്പണിക്കര്‍ മുന്നിട്ടിറങ്ങി. 1861ല്‍ ഈഴവ സമുദായാംഗങ്ങളെ ചേര്‍ത്ത് പണിക്കര്‍ കഥകളി യോഗം സ്ഥാപിച്ചു. ഇത് സംബന്ധിച്ച് പരാതി കിട്ടിയ അന്നത്തെ ദിവാന് ടി.മാധവറാവു പണിക്കരെയും പരാതിക്കാരെയും വിളിപ്പിച്ചു. വാദം കേട്ട ദിവാന് അവര്‍ക്ക് കഥകളി പഠിക്കാനും അവതരിപ്പിക്കാനും അനുവാദം നല്കി. പണിക്കര്‍ കഥകളി പഠിച്ച് 1862ല്‍ അരങ്ങത്ത് അവതരിപ്പിച്ചു. അവര്‍ണ്ണര്‍ക്കെതിരെ അക്രമം നടത്തുന്ന സ്ഥലങ്ങളില്‍ കഥകളി നടത്താനാണ് പണിക്കര്‍ പ്രധാനമായും ശ്രമിച്ചത്.
കീഴാളരുടെ പശു പെറ്റാല്‍ ഗുണ്ടകളെ വിട്ട് പശുവിനെയും കിടാവിനെയും പിടിച്ചുകൊണ്ടുവരുന്നത് പതിവാക്കിയ കുട്ടനാട് മാമ്പുഴക്കരിക്കാരന്‍ പ്രമാണിയെ വാളുമായി ചെന്ന് പണിക്കര്‍ ഒതുക്കിയതും ചരിത്രത്തിന്റെ ഭാഗം. അവര്‍ണ്ണരെ ഹോയ് വിളിച്ച് അകലെ നിര്‍ത്തിയിരുന്ന വ്യവസ്ഥയ്ക്കും പണിക്കര്‍ കടിഞ്ഞാണിട്ടു. ഒരു ദിവസം പണിക്കരും കൂട്ടരും വഴിയിലൂടെ നടക്കുമ്പോള്‍ അപ്പുറത്തു നിന്നും ഹോയ് വിളി മുഴങ്ങി. ഇടപ്പള്ളി രാജാവിന്റെ മകന് രാമന് മേനോന്റെ എഴുന്നള്ളത്താണ്. മറുവശത്തുനിന്നും വന്നതിനേക്കാള്‍ ഉച്ചത്തില്‍ ഹോയ് വിളിക്കാന്‍ പണിക്കര്‍ കൂട്ടാളികള്‍ക്ക് നിര്‍ദ്ദേശം നല്കി. പണിക്കരുടെ കാല് തല്ലിയൊടിക്കാന്‍ രാജകുമാരന്റെ കല്‍പ്പന വന്നു. എന്നാല്‍ കുമാരനും കൂട്ടരും അടികൊണ്ട് തിരിഞ്ഞോടി. അവര്‍ണ്ണര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നല്‍കിക്കൊണ്ട് കേസ് തീര്‍പ്പുമായി.
ആറാട്ടുപുഴ കാവിന്റെ കിഴക്കതില്‍ പെരുമാള്‍ ചേകവന്റെ മൂത്തമകളുടെ മകനാണ് വേലായുധപ്പണിക്കര്‍. കായംകുളത്ത് എരുവ കുറ്റിത്തറയില്‍ ഗോവിന്ദപ്പണിക്കരാണ് അച്ഛന്. കൊല്ലവര്‍ഷം 1000-ാമാണ്ട് ധനു 27 പുണര്‍തം നാളിലായിരുന്നു വേലായുധന്റെ ജനനം. പതിമൂന്നാം നാള് അമ്മ മരിച്ചു. മുത്തച്ഛന്റെയും, മുത്തശ്ശിയുടെയും സംരക്ഷണയിലാണ് പണിക്കര്‍ വളര്‍ന്നതും പഠിച്ചതും. 20-ാം വയസ്സില്‍ പുതുപ്പള്ളി വാരണപ്പള്ളി തറവാട്ടിലെ വെളുമ്പിയെ വിവാഹം കഴിച്ചു. ഏഴ് മക്കളും ഉണ്ടായി.
അവര്‍ണ്ണര്‍ക്ക് കുഞ്ഞ് ചേര്‍ത്ത് വിളിപ്പേര് പാടില്ലാത്ത അക്കാലത്ത് മക്കള്‍ക്കെല്ലാം കുഞ്ഞ് ചേര്‍ത്തി പേരുണ്ടാക്കി വിളിച്ച് ആ വ്യവസ്ഥിതിയുടെയും മുന ഒടിച്ചു പണിക്കര്‍. കുഞ്ഞച്ചന്, കുഞ്ഞന്‍, കുഞ്ഞുപണിക്കന്‍, കുഞ്ഞുപിള്ള, കുഞ്ഞുകുഞ്ഞ്, കുഞ്ഞിക്കൃഷ്ണന്, വെളുത്തകുഞ്ഞ് എന്നിങ്ങനെ ആയിരുന്നു മക്കളുടെ പേരുകള്‍.
സമൂഹ്യമാറ്റത്തിന് തിരികൊളുത്തിയ പണിക്കര്‍ 49-ാമത്തെ വയസ്സില്‍ കൊലക്കത്തിക്ക് ഇരയായി. 1874 ജനുവരി മൂന്നിന് രാത്രി വള്ളത്തില്‍ കായംകുളത്തുനിന്ന് കൊല്ലത്തേക്ക് പോകുമ്പോഴാണ് സംഭവം. നേരത്തെ സുഹൃത്തായിരുന്ന കിട്ടന് (തൊപ്പിയിട്ട കിട്ടന്. മതപരിവര്‍ത്തനത്തിലൂടെ മുസ്ലിമായി) എന്നയാള്‍ സംഘവുമായി കേവുവള്ളത്തില്‍ പിന്തുടര്ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന പണിക്കരുടെ നെഞ്ചില്‍ കഠാര കുത്തിയിറക്കി. നെഞ്ചില്‍ തറഞ്ഞ കഠാരയുമായി എഴുന്നേറ്റ പണിക്കരെ കണ്ട് കിട്ടനും സംഘവും കായലില്‍ ചാടി രക്ഷപ്പെട്ടു. പണിക്കര്‍ വള്ളത്തില്‍ തന്നെ പിടഞ്ഞുവീണ് മരിച്ചു. അക്രമികള്‍ കപ്പലില്‍ രാജ്യം വിട്ടതായി പറയപ്പെടുന്നു. കൊല്ലം ഡിവിഷന് പേഷ്ക്കാര്‍ രാമന് നായര്‍ കേസ് വിചാരണ നടത്തിയെങ്കിലും ആരെയും ശിക്ഷിച്ചില്ല.
വേലായുധപ്പണിക്കരുടെ സമരവീര്യത്തിന് ചരിത്രത്തില്‍ വലിയ അടയാളപ്പെടുത്തലുകള്‍ ഉണ്ടായില്ല. എന്നാല്‍ പണിക്കരുടെ ലക്ഷ്യബോധത്തെ ഒരാള്‍ തിരിച്ചറിഞ്ഞു. ശ്രീനാരായണ ഗുരു. സഹപാഠിയുടെ പിതാവായിരുന്ന പണിക്കരെ കാണാന്‍ ഗുരു ഒരിക്കല്‍ ആറാട്ടുപുഴയിലെത്തി. എന്നാല്‍ വിപ്ലവത്തിന്റെ ജ്വാലയുമായി പണിക്കര്‍ മറ്റൊരിടത്തായിരുന്നു. ഗുരുമടങ്ങി. വേലായുധപ്പണിക്കരുടെ മരണശേഷം പലതവണ ഗുരു മംഗലം ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. പണിക്കരുടെ തറവാട്ടിലും പോയിട്ടാണ് മടങ്ങിയിരുന്നത്. പണിക്കരുടെ ആത്മാവിനെ തൊട്ടറിഞ്ഞ മഹാനായിരുന്നു നാരായണ ഗുരു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: